ചോദ്യപ്പെട്ടി
◼ യോഗങ്ങൾക്കു പോകുമ്പോൾ നാം എന്തെല്ലാം കൂടെക്കൊണ്ടുപോകണം?
വാരംതോറും നമുക്കു സഭായോഗങ്ങളിൽനിന്നു പ്രയോജനപ്രദമായ പ്രബോധനവും പ്രോത്സാഹനവും ലഭിക്കുന്നു. (യെശ. 48:17; എബ്രാ. 10:24, 25) എന്നിരുന്നാലും, നമുക്ക് എത്രമാത്രം പ്രയോജനം ലഭിക്കുന്നുവെന്നത് ഏറിയപങ്കും ആശ്രയിച്ചിരിക്കുന്നതു നാം നന്നായി തയ്യാറായിവരുന്നുവോ ഇല്ലയോ എന്നതിലാണ്.
പഠനസാമഗ്രികളും യോഗങ്ങൾക്കാവശ്യമായ മറ്റു സംഗതികളും ഓരോ കുടുംബാഗങ്ങൾക്കും സ്വന്തമായി ഉണ്ടായിരിക്കുന്നതു നന്നായിരിക്കും. ബൈബിൾ, പാട്ടുപുസ്തകം, പഠിക്കുന്ന പ്രസിദ്ധീകരണം(ങ്ങൾ), നോട്ടുബുക്ക്, പേന അല്ലെങ്കിൽ പെൻസിൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനുവേണ്ടി, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കു ആവശ്യമാണ്. നടത്തപ്പെടുന്ന വിദ്യാർഥി പ്രസംഗങ്ങളുടെ വിഷയം മനസ്സിൽ പിടിക്കാനും സ്കൂൾ മേൽവിചാരകൻ ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ ശ്രദ്ധിക്കാനും ഇവ നമ്മെ സഹായിക്കുന്നു. നമ്മുടെതന്നെ പ്രസംഗത്തിനും വയൽസേവന അവതരണങ്ങൾക്കും പുരോഗതി വരുത്താൻ നമുക്കു ബുദ്ധ്യുപദേശവും നിർദേശങ്ങളും വ്യക്തിപരമായി ബാധകമാക്കാനാവും. ജനുവരി മുതൽ ഇംഗ്ലീഷ് ഭാഷാ പട്ടികയിലുളള മിക്ക പ്രബോധന പ്രസംഗങ്ങളും യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുളളതാണ്. കുടുംബാംഗങ്ങളിൽ ഓരോരുത്തരും തങ്ങളുടെ സ്വന്തം പ്രതി കൊണ്ടുവരുക പ്രായോഗികമല്ലായിരിക്കാം; എന്നാൽ കുടുംബത്തിനു നോക്കാൻവേണ്ടി ഒരുപക്ഷേ ഒരു പ്രതി കൊണ്ടുവരാനൊക്കുമല്ലോ. നാട്ടുഭാഷാ പട്ടികകൾ പിൻപറ്റുന്ന സഭകളിൽ, ആ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചർച്ചയ്ക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ, ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്നിവയുടെ സ്വന്തം പ്രതികൾ കൊണ്ടുവരുന്നതു തീർച്ചയായും ഓരോരുത്തർക്കും പ്രയോജനമായിരിക്കും.
സേവനയോഗത്തിന്, അതാതു മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയും ന്യായവാദം പുസ്തകവും നമ്മുടെ പക്കലുണ്ടായിരിക്കണം. പ്രകടനത്തിലെ അവതരണങ്ങളിൽ ഉപയോഗിക്കാനിരിക്കുന്ന സാഹിത്യങ്ങൾപോലുളള, യോഗങ്ങളിൽ പരാമർശിക്കാനിരിക്കുന്ന, പ്രസിദ്ധീകരണങ്ങളും എടുക്കുക. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി മൂപ്പന്മാരുടെ പക്കലുണ്ടായിരിക്കണം.
കുട്ടികൾ അച്ചടക്കമുളളവരായിരുന്ന് സഭായോഗങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രമിക്കണം. അവർ വായിക്കാൻ പഠിക്കുന്നതിനുമുമ്പുപോലും വീക്ഷാഗോപുരത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പ്രതികൾ കൊടുക്കുന്നതിനാൽ, അവയിൽ താത്പര്യമെടുക്കാൻ അത് അവർക്കു പ്രോത്സാഹനമാകും. ദിവ്യാധിപത്യ പ്രസിദ്ധീകരണങ്ങളോട് ആദരവു കാട്ടാനും അവ ഉപയോഗിക്കാനും യുവപ്രായക്കാർ പഠിപ്പിക്കപ്പെടുമ്പോൾ, ആജീവനാന്തം നിലനിൽക്കുന്ന ആരോഗ്യാവഹമായ ആത്മീയ ശീലങ്ങൾ കരുപ്പിടിപ്പിക്കപ്പെടുന്നു.
നാം തികച്ചും സജ്ജരായി വരുമ്പോൾ സഭായോഗങ്ങളിൽനിന്നു നമുക്കു ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വർധിക്കുന്നു. (2 തിമൊ. 3:17) നാം “ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ [ദൈവത്തിന്റെ] ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞു”വരുന്നുവെന്ന് ഉറപ്പാക്കാനുളള ഏറ്റവും മികച്ച മാർഗമാണിത്.—കൊലൊ. 1:10.