യഹോവ നമ്മുടെ സ്രഷ്ടാവ്
1 ജീവൻ സൃഷ്ടിച്ചതു ദൈവമാണെന്നു ദശലക്ഷക്കണക്കിനാളുകൾ വിശ്വസിക്കുന്നു. വേറെ അനേകർ പരിണാമത്തിൽ വിശ്വസിക്കുന്നു. ഇനിയും, എന്തു വിശ്വസിക്കണമെന്നു തിട്ടമില്ലാത്തവരുമുണ്ട്. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം അത്തരക്കാർക്കെല്ലാംവേണ്ടി ഉള്ളതാണ്. ജീവൻ ഇവിടെ എങ്ങനെ വന്നു, അതു നമുക്കു ഭാവിയോടുള്ള ബന്ധത്തിൽ എന്തർഥമാക്കുന്നു എന്നിവ സംബന്ധിച്ചു നടത്തിയ ആഴമായ ഗവേഷണഫലമായുള്ള വിശദീകരണം ഈ പ്രസിദ്ധീകരണം നൽകുന്നു. ജൂണിൽ സാധിക്കുമ്പോഴെല്ലാം നാം ഈ ഉത്തമ ഗ്രന്ഥം വിശേഷവത്കരിക്കുന്നതായിരിക്കും. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത വീട്ടുകാരന് 192 പേജുള്ള പുസ്തകങ്ങളിൽ ഏതെങ്കിലും സമർപ്പിക്കാവുന്നതാണ്.
2 ശാസ്ത്രരംഗത്തുള്ള പ്രമുഖ വ്യക്തികൾപോലും ഈ പുസ്തകത്തിന്റെ വാദഗതി അംഗീകരിച്ചിരിക്കുന്നു. നെതർലൻഡ്സിലുള്ള ഒരു ശാസ്ത്ര ഗവേഷകൻ ഇങ്ങനെ എഴുതി: “ഈ പുസ്തകം വാസ്തവമായും സകല ധാരണകളെയും കടത്തിവെട്ടിയിരിക്കുന്നു. അധ്യായങ്ങളുടെ യുക്തിസഹമായ ക്രമവും അതിലെ ചിത്രീകരണങ്ങളും ശാസ്ത്രീയമായി ഏറ്റവും നവീനമായിരിക്കുന്നു. തൻമൂലം അതിനെതിരെ എന്തെങ്കിലും ചോദ്യമുന്നയിക്കണമെങ്കിൽ ഒരുവൻ ചിന്താശൂന്യനായിരിക്കണം.” ഒരു അറ്റോർണി ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ഈ പുസ്തകം നാലു പ്രാവശ്യം വായിച്ചു കഴിഞ്ഞു. ഈ പുസ്തകത്തിന്റെ നിർമാണത്തിനു പിന്നിലുള്ള ആഴമായ ഗവേഷണവും പാണ്ഡിത്യവും തെളിവുനൽകലും എന്നിൽ തുടർന്നും മതിപ്പുളവാക്കുന്നു.” അതുകൊണ്ട് മറ്റുള്ളവരും ഈ പുസ്തകം വിലമതിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
3 ഇതുപോലൊരു ഹ്രസ്വമായ അവതരണം നിങ്ങൾ തിരഞ്ഞെടുത്തേക്കാം:
◼6-ാം പേജു തുറന്നശേഷം ഇങ്ങനെ പറയുക: “നമ്മുടെ മനോഹരമായ ഭൂമിയും അതിലുള്ള ജീവനും ആകസ്മികമായി ഉണ്ടായതാണെന്ന് അനേകർ വിചാരിക്കുന്നു. ഇതെല്ലാം എങ്ങനെ ഉണ്ടായി എന്നുള്ളതിന് ഒരു ന്യായമായ വിശദീകരണം എന്താണെന്നാണു നിങ്ങൾ ചിന്തിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] അത്യന്തം ശക്തിമാത്രമല്ല വളരെയധികം സ്നേഹവുമുള്ള ഒരു സ്രഷ്ടാവിനെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണത്തെ സ്ഥിരീകരിക്കുന്ന അസംഖ്യം തെളിവുകളുണ്ട്. അവന്റെ പേര് യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു.” സങ്കീർത്തനം 83:18 വായിച്ചിട്ട്, ഈ മുഴു ഭൂമിയെയും ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുന്നത് അവന്റെ ഉദ്ദേശ്യമായിരിക്കുന്നത് എങ്ങനെയെന്നു ഹ്രസ്വമായി വിശദീകരിക്കുക.
4 നിങ്ങൾക്കു പെട്ടെന്നു വിഷയത്തിലേക്കു വരണമെങ്കിൽ ഇങ്ങനെ പറയാവുന്നതാണ്:
◼“നിങ്ങൾ ഈ ചോദ്യത്തെപ്പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” പുസ്തകത്തിന്റെ 7-ാം പേജിലുള്ള ശീർഷകത്തിലേക്കു ശ്രദ്ധതിരിച്ചിട്ട് രണ്ടാം ഖണ്ഡികയിലുള്ള ചോദ്യങ്ങൾ വായിക്കുക. എന്നിട്ട്, ആ പുസ്തകം ബൈബിളിൽനിന്നു തൃപ്തികരമായ ഉത്തരങ്ങൾ പ്രദാനം ചെയ്യുന്നുവെന്നു വിശദീകരിക്കുക.
5 അല്ലെങ്കിൽ നിങ്ങൾ ഇതു ശ്രമിച്ചേക്കാം:
◼“ഭൂമി എങ്ങനെ ഉണ്ടായെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിലുണ്ടായ ഒരു വൻ പൊട്ടിത്തെറിക്കലിന്റെ ഫലമാണ് ഇതെന്ന് അനേകർ വിശ്വസിക്കുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഭൂമിയെ നമ്മുടെ നിത്യഭവനമായി ദൈവം നിർമിച്ചുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. അതു നമ്മുടെ സൗരയൂഥത്തിലുള്ള മറ്റു ഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമാണ്. നമുക്കുള്ള അറിവിന്റെ അടിസ്ഥാനത്തിൽ, ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ സകല സങ്കീർണ ഘടകങ്ങളുമുള്ള പ്രപഞ്ചത്തിലെ ഏക ഗ്രഹമാണത്.” 130-ാം പേജിലെ 5-ാം ഖണ്ഡികയിലേക്കു തിരിയുക, ഭൂമി ഒരു വിദഗ്ധ രൂപസംവിധായകന്റെ വേലയായിരിക്കണമെന്നതിനു കാരണമെന്തെന്നു വിശദീകരിക്കുക.
6 ഇതിനു സമാനമായ മറ്റൊരു സമീപനം:
◼“നാം ആൾക്കുരങ്ങിൽനിന്നു പരിണമിച്ചതാണെന്നു ചിലർ ചിന്തിക്കുന്നു. നമ്മുടെ പൂർവികർ ഇതുപോലിരുന്നെന്ന് അവർ അവകാശപ്പെടുന്നു. [89-ാം പേജിലുള്ള ചിത്രം കാണിക്കുക.] ഇതു സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു?” പ്രതികരിക്കാൻ അനുവദിക്കുക. 20-ാം ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുത ചൂണ്ടിക്കാട്ടുക. അതിനുശേഷം, യഹോവയെ നമ്മുടെ സ്രഷ്ടാവും ജീവദാതാവുമായി തിരിച്ചറിയിച്ചിരിക്കുന്ന പ്രവൃത്തികൾ 4:24 വായിക്കുക. “ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നതിനോടുള്ള ബന്ധത്തിൽ പരിണാമം സംബന്ധിച്ച മുഴു സിദ്ധാന്തത്തെയും ഈ പുസ്തകം പരിശോധിക്കുന്നു.” 5-ാം പേജിലുള്ള ഉള്ളടക്കം പരാമർശിക്കുക. 1, 7, 15, 19 എന്നീ അധ്യായങ്ങളുടേതുപോലുള്ള ചില ശീർഷകങ്ങൾ ചൂണ്ടിക്കാട്ടുക.
7 യഹോവയിലോ അവന്റെ വചനത്തിലോ വിശ്വാസമില്ലാത്തവരാൽ വഞ്ചിക്കപ്പെട്ടിരിക്കുന്ന ആത്മാർഥരായ ആളുകൾക്ക് ഈ പുസ്തകം ഒരു അനുഗ്രഹമായേക്കാം. നമുക്കായി സ്നേഹപൂർവം കരുതുന്ന നമ്മുടെ സ്രഷ്ടാവിനെപ്പറ്റിയുള്ള വിലമതിപ്പിൽ വളരാൻ സൃഷ്ടി പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന യഥാർഥ വിവരങ്ങൾക്ക് അത്തരം ആളുകളെ സഹായിക്കാൻ കഴിയും.