കെട്ടുപണിചെയ്യുന്നവരായിരിക്കുക
1 “ഇടപെടാൻ പ്രയാസമായ ദുർഘടസമയ”ങ്ങളിൽ ജീവിക്കുന്നതിനാൽ നമുക്കെല്ലാം പ്രോത്സാഹനം ആവശ്യമാണ്. (2 തിമോ. 3:1, NW) പൗലോസ് തന്റെ നാളിൽപ്പോലും ഈ ആവശ്യം സംബന്ധിച്ച് വളരെ ബോധവാനായിരുന്നതിനാൽ “പരസ്പര പ്രോത്സാഹന കൈമാറ്റ”ത്തിനുള്ള അവസരങ്ങളെന്ന നിലയിൽ സഹോദരങ്ങളുമായുള്ള സഹവാസത്തെ ഉപയോഗിക്കാൻ അവൻ ആകാംക്ഷയുള്ളവനായിരുന്നു. “അന്യോന്യം ആത്മികവർദ്ധനെക്കു . . . ശ്രമിച്ചുകൊൾക” എന്ന് അവൻ തന്റെ സഹോദരൻമാരെ ഉദ്ബോധിപ്പിച്ചു. (റോമ. 1:11, 12, NW; 14:19) ഈ ശ്രമങ്ങൾ ‘വിശ്വാസത്തിൽ നിലനിൽക്കുന്നതിനു ശിഷ്യൻമാരുടെ മനസ്സ് ഉറപ്പി’ക്കുന്നതിൽ കലാശിച്ചു. (പ്രവൃ. 14:22) ഇന്നു നമുക്ക് അത്തരം പ്രോത്സാഹനം അധികമായി ആവശ്യമാണ്.
2 നാം പറയുന്ന കാര്യങ്ങളാൽ നമുക്കു മറ്റുള്ളവരെ കെട്ടുപണിചെയ്യാൻ കഴിയും. ഉചിതമായി ഉപയോഗിക്കുമ്പോൾ നമ്മുടെ വാക്കുകൾക്ക് “വെള്ളിത്താലത്തിൽ പൊൻനാരങ്ങപോലെ” ആയിരിക്കാൻ കഴിയും. (സദൃ. 25:11) മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിനാൽ നാം “അന്യോന്യം പ്രോത്സാഹിപ്പി”ക്കുകയാണ്. (എബ്രാ. 10:25, NW) അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴോ, പ്രശംസിക്കുമ്പോഴോ, ആത്മീയകാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴോ നമ്മുടെ നാവ് ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയും. നാവിന്റെ അത്തരം ഗുണകരമായ ഉപയോഗം ‘കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആത്മീകവർദ്ധനെക്ക്’ ഉതകുന്നു.—എഫെ. 4:29.
3 കെട്ടുപണിചെയ്യുന്ന കാര്യങ്ങളെക്കൂറിച്ചു സംസാരിക്കുക: നമ്മുടെ സംസാരത്തിനുള്ള സഹായകമായ മാർഗനിർദേശങ്ങൾ ഫിലിപ്യർ 4:8-ൽ (NW) പൗലോസ് പ്രദാനം ചെയ്തു. സത്യവും ഗൗരവാവഹവും നീതിനിഷ്ഠവും നിർമലവും പ്രിയങ്കരവും പ്രശംസനീയവും സൽഗുണവും പുകഴ്ചയുമായ കാര്യങ്ങൾ നാം പരിചിന്തിക്കണമെന്ന് അവൻ പറഞ്ഞു. നാം പറയുന്ന കാര്യങ്ങൾ ദൈവവചനത്തിലധിഷ്ഠിതമാണെങ്കിൽ അതു സത്യവും പ്രയോജനകരവുമായിരിക്കുമെന്നു നമുക്ക് എല്ലായ്പോഴും ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യോഹ. 17:17) നമ്മുടെ ക്രിസ്തീയ സമർപ്പണം, സഭായോഗങ്ങളിൽ നാം പഠിക്കുന്ന കാര്യങ്ങൾ, നാം നമ്മുടെ ശുശ്രൂഷ പൂർണമായി നിറവേറ്റുന്ന വിധം, ഇതും ഇതുപോലുള്ള മറ്റു കാര്യങ്ങളുമാണ് ഗൗരവാവഹമായ കാര്യങ്ങൾ. ദൈവവചനത്തിലെ നിലവാരങ്ങളും തത്ത്വങ്ങളും സംബന്ധിച്ച കെട്ടുപണിചെയ്യുന്ന സംഭാഷണങ്ങൾ നമ്മെ “രക്ഷെക്കു ജ്ഞാനിയാക്കുവാൻ” തീർച്ചയായും സഹായിക്കും. (2 തിമൊ. 3:15) യഹോവയുടെ ശുദ്ധിയുള്ള സ്ഥാപനത്തിലുള്ളവരുടെ നിർമലമായ നടത്ത സംബന്ധിച്ച നമ്മുടെ വിലമതിപ്പു നമുക്കു പ്രകടിപ്പിക്കാം. നമ്മുടെ സഹോദരങ്ങളുടെ പ്രിയങ്കരമായപ്രവൃത്തികളെ നമുക്കു പുകഴ്ത്താൻ കഴിയും. (യോഹ. 13:34, 35) പ്രശംസനീയമായ കാര്യങ്ങളിൽ, നാം നമ്മുടെ സഹോദരങ്ങളിൽ നിരീക്ഷിക്കുന്ന വിശ്വാസം, സന്തോഷം, സമാധാനം, ദീർഘക്ഷമ തുടങ്ങിയ ആരോഗ്യാവഹമായ ക്രിസ്തീയ ഗുണങ്ങൾ ഉൾപ്പെടുന്നു. സദ്ഗുണവും സ്തുത്യർഹവുമായ കാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണം മറ്റുള്ളവരെ ‘കെട്ടുപണി ചെയ്യാൻ നല്ലതാണ്.’—റോമ. 15:2, NW.
4 ലോകത്തിന്റെ നിരുത്സാഹപ്പെടുത്തുന്ന ഉത്കണ്ഠകളെ നാം അനുദിനം അഭിമുഖീകരിക്കുന്നു. അവയെ മാറ്റിവച്ചിട്ട് നമ്മുടെ സഹോദരങ്ങളോടൊത്തു സ്നേഹപൂർവകമായ സഹവാസം പങ്കിടുന്നത് എത്ര നവോൻമേഷദായകമാണ്! ഒത്തൊരുമിച്ചു ചെലവഴിക്കാൻ കഴിയുന്ന വിലയേറിയ സമയം കാത്തുപരിപാലിക്കേണ്ട ഒരു നിധിയാണ്. നാം എല്ലായ്പോഴും പ്രോത്സാഹിപ്പിക്കുന്നവരും കെട്ടുപണി ചെയ്യുന്നവരും ആണെങ്കിൽ മറ്റുള്ളവർ നമ്മെക്കുറിച്ച് സത്യമായും ഇങ്ങനെ പറയും: ‘അവർ എന്റെ മനസ്സു തണുപ്പിച്ചു.’—1 കൊരി. 16:18.