വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 34 പേ. 202-പേ. 205 ഖ. 4
  • കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവും
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണം
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സംഭാഷണ ചാതുര്യം എങ്ങനെ മെച്ചപ്പെടുത്താം?
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • കെട്ടുപണിചെയ്യുന്നവരായിരിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 34 പേ. 202-പേ. 205 ഖ. 4

പാഠം 34

കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവും

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

നിഷേധാത്മക കാര്യങ്ങളെ കുറിച്ചു ദീർഘനേരം സംസാരിക്കുന്നതിനു പകരം, ഒരു സാഹചര്യത്തെ മെച്ചപ്പെടുത്തുകയോ ശ്രോതാക്കൾക്ക്‌ ആത്മവിശ്വാസം പകരുകയോ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു സംസാരിക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

സ്‌നേഹശൂന്യമായ ഒരു ലോകത്തിലെ ജീവിതം ആളുകളെ പരിക്ഷീണരാക്കുന്നു. പലരും ഗുരുതരമായ വ്യക്തിഗത പ്രശ്‌നങ്ങൾ ഉള്ളവരാണ്‌. ബൈബിൾ സന്ദേശം ഉചിതമായി അവതരിപ്പിക്കുമ്പോൾ, അത്‌ ആത്മാർഥഹൃദയർക്ക്‌ ശോഭനമായ ഒരു ഭാവി പ്രതീക്ഷ പ്രദാനം ചെയ്യുന്നു.

പ്രസംഗിക്കാനായി നമുക്കു നിയോഗിച്ചു തന്നിരിക്കുന്ന സന്ദേശം സുവിശേഷമാണ്‌. യേശു പറഞ്ഞു: “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.” (മർക്കൊ. 13:10) “ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗി”ച്ചുകൊണ്ട്‌ യേശു തന്നെ മാതൃക വെച്ചു. (ലൂക്കൊ. 4:​43, പി.ഒ.സി. ബൈ.) അപ്പൊസ്‌തലന്മാർ പ്രസംഗിച്ച സംഗതിയെയും “ദൈവത്തിന്റെ സുവിശേഷം” എന്നും “ക്രിസ്‌തുവിന്റെ സുവിശേഷം” എന്നും വിളിച്ചിരിക്കുന്നു. (1 തെസ്സ. 2:2; 2 കൊരി. 2:12) അത്തരമൊരു സന്ദേശം കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവുമാണ്‌.

“ആകാശമദ്ധ്യേ പറക്കുന്ന” ദൂതന്റെ “നിത്യസുവിശേഷ” പ്രഖ്യാപനത്തിനു ചേർച്ചയിൽ നാം ആളുകളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ.” (വെളി. 14:6, 7) എല്ലായിടത്തുമുള്ള ആളുകളോട്‌ നാം സത്യദൈവം, അവന്റെ നാമം, അവന്റെ അത്ഭുത ഗുണങ്ങൾ, വിസ്‌മയ പ്രവൃത്തികൾ, സ്‌നേഹപൂർവകമായ ഉദ്ദേശ്യം, അവനോടു കണക്കു ബോധിപ്പിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വം, അവൻ നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ച്‌ പറയുന്നു. യഹോവയാം ദൈവത്തെ അനാദരിക്കുകയും മറ്റു മനുഷ്യർക്കു ജീവിതം ദുസ്സഹമാക്കിത്തീർക്കുകയും ചെയ്യുന്ന ദുഷ്ടന്മാരെ അവൻ നശിപ്പിക്കുമെന്ന വസ്‌തുത സുവിശേഷത്തിൽ ഉൾപ്പെടുന്നു. എന്നാൽ, നാം സുവിശേഷം അറിയിക്കുന്നവരെ ന്യായം വിധിക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതല്ല. കഴിയുന്നിടത്തോളം ആളുകൾ ബൈബിൾ സന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കണമെന്നും അങ്ങനെ അവരുടെ കാര്യത്തിൽ അത്‌ യഥാർഥമായും ഒരു സുവിശേഷം അഥവാ നല്ല വാർത്ത എന്നു തെളിയണമെന്നുമാണ്‌ നമ്മുടെ ആത്മാർഥമായ ആഗ്രഹം.​—സദൃ. 2:20-22; യോഹ. 5:22.

നിഷേധാത്മക വിവരങ്ങൾ പരിമിതപ്പെടുത്തുക. തീർച്ചയായും, ജീവിതത്തിന്‌ ഇരുണ്ട വശങ്ങളുണ്ട്‌. നാം അവയുടെ നേർക്കു കണ്ണടയ്‌ക്കുന്നില്ല. ഒരു സംഭാഷണം തുടങ്ങുന്നതിന്‌, നിങ്ങൾക്ക്‌ നിങ്ങളുടെ പ്രദേശത്തുള്ളവരുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു പ്രശ്‌നം ഉന്നയിച്ചിട്ട്‌ അതു ഹ്രസ്വമായി ചർച്ച ചെയ്യാവുന്നതാണ്‌. എന്നാൽ അതേക്കുറിച്ച്‌ അധിക സമയം സംസാരിച്ചതുകൊണ്ട്‌ സാധാരണഗതിയിൽ വലിയ പ്രയോജനമൊന്നും ഇല്ല. ദുഃഖിപ്പിക്കുന്ന വാർത്തകളാണ്‌ ആളുകൾ നിരന്തരം കേൾക്കുന്നത്‌. അതുകൊണ്ട്‌ സന്തോഷകരമല്ലാത്ത കാര്യങ്ങളെ കുറിച്ചു സംസാരിക്കുന്നത്‌ വാതിൽ അല്ലെങ്കിൽ കാതുകൾ അടച്ചുകളയാൻ അവരെ പ്രേരിപ്പിച്ചേക്കാം. സംഭാഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ദൈവവചനത്തിലെ നവോന്മേഷപ്രദമായ സത്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുക. (വെളി. 22:17) അങ്ങനെയാകുമ്പോൾ, വ്യക്തി സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, ചിന്തിക്കാൻ തക്കവണ്ണം കെട്ടുപണി ചെയ്യുന്ന എന്തെങ്കിലും നിങ്ങളിൽനിന്ന്‌ അദ്ദേഹത്തിനു ലഭിച്ചിരിക്കും. ഇത്‌ മറ്റൊരു സന്ദർഭത്തിൽ ശ്രദ്ധിക്കുന്നതിന്‌ അദ്ദേഹത്തെ കൂടുതൽ ഒരുക്കമുള്ളവൻ ആക്കിയേക്കാം.

അതുപോലെതന്നെ, നിങ്ങൾക്ക്‌ ഒരു പ്രസംഗം നടത്താൻ ക്ഷണം ലഭിക്കുമ്പോൾ, നിഷേധാത്മക വിവരങ്ങൾക്ക്‌ യാതൊരു ക്ഷാമവുമില്ലെന്ന ഒറ്റക്കാരണത്താൽ അവ യഥേഷ്ടം ഉപയോഗിക്കാമെന്നു വിചാരിക്കരുത്‌. മാനുഷ ഭരണാധികാരികളുടെ പരാജയം, കുറ്റകൃത്യത്തെയും അക്രമത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾ, അധാർമികതയുടെ ഞെട്ടിക്കുന്ന വ്യാപനം ഇവയെ കുറിച്ച്‌ ഒരു പ്രസംഗകൻ വിസ്‌തരിച്ചുകൊണ്ടിരുന്നാൽ ഫലം നിരുത്സാഹജനകം ആയിത്തീരാം. ഒരു വിഷയത്തിന്റെ നിഷേധാത്മക വശങ്ങൾ അവതരിപ്പിക്കുന്നതുകൊണ്ട്‌ ഗുണകരമായ ഒരു ഉദ്ദേശ്യം സാധിക്കുന്നെങ്കിൽ മാത്രമേ അവ ഉപയോഗിക്കാവൂ. അത്തരം വിവരങ്ങൾ പരിമിതമായി ഉപയോഗിക്കുന്നത്‌ നിങ്ങളുടെ പ്രസംഗം എത്ര സന്ദർഭോചിതമാണ്‌ എന്ന്‌ എടുത്തുകാട്ടാനുതകും. അവ ഒരു സാഹചര്യത്തിലേക്കു നയിക്കുന്ന പ്രമുഖ ഘടകങ്ങളെ തിരിച്ചറിയിക്കുകയും ചെയ്‌തേക്കാം. അങ്ങനെ ബൈബിൾ നൽകുന്ന പരിഹാരം പ്രായോഗികമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നു കാണിച്ചുകൊടുക്കാൻ അവ ഉപയോഗിക്കാനാകും. പ്രശ്‌നങ്ങൾ വിസ്‌തരിക്കുന്നതിനു പകരം, വേണ്ടുന്നത്‌ എത്രയോ അത്ര മാത്രം, ഹ്രസ്വമായി അവതരിപ്പിക്കുക.

എല്ലാ നിഷേധാത്മക വിവരങ്ങളും ഒരു പ്രസംഗത്തിൽനിന്നു നീക്കം ചെയ്യുന്നത്‌ സാധാരണഗതിയിൽ അസാധ്യമാണെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നത്‌ അഭികാമ്യവുമല്ല. മൊത്തത്തിൽ ക്രിയാത്മകമായ ഒരു ഫലം ലഭിക്കത്തക്ക വിധത്തിൽ ക്രിയാത്മകവും നിഷേധാത്മകവും ആയ വിവരങ്ങൾ ഇടകലർത്തി അവതരിപ്പിക്കുക എന്നതാണു വെല്ലുവിളി. ഇതു സാധ്യമാകുന്നതിന്‌, എന്ത്‌ ഉൾപ്പെടുത്തണം, എന്ത്‌ ഒഴിവാക്കണം, എവിടെ ഊന്നൽ കൊടുക്കണം എന്നൊക്കെ നിർണയിക്കേണ്ടതുണ്ട്‌. യേശു തന്റെ ഗിരിപ്രഭാഷണത്തിൽ പരീശന്മാരുടെയും ശാസ്‌ത്രിമാരുടെയും സ്വാർഥ രീതികൾ ഒഴിവാക്കാൻ ശ്രോതാക്കളെ ഉദ്‌ബോധിപ്പിക്കുകയും പ്രസ്‌തുത ആശയം വ്യക്തമാക്കുന്നതിന്‌ അതിന്റെ ഏതാനും ഉദാഹരണങ്ങൾ പ്രതിപാദിക്കുകയും ചെയ്‌തു. (മത്താ. 6:1, 2, 5, 16) പക്ഷേ, യേശു ആ മതനേതാക്കന്മാരുടെ മോശമായ മാതൃകകളെ കുറിച്ച്‌ അധിക നേരം ചർച്ച ചെയ്‌തില്ല. പകരം ദൈവത്തിന്റെ ശരിയായ വഴികൾ മനസ്സിലാക്കുകയും അവ അനുസരിച്ച്‌ ജീവിക്കുകയും ചെയ്യണമെന്ന സംഗതിക്ക്‌ അവൻ ഊന്നൽ നൽകി. (മത്താ. 6:3, 4, 6-15, 17-34) അതാകട്ടെ, വളരെയേറെ ക്രിയാത്മകമായ ഫലം ഉളവാക്കുകയും ചെയ്‌തു.

സംസാരരീതിയിൽ ക്രിയാത്മകത നിലനിറുത്തുക. ക്രിസ്‌തീയ പ്രവർത്തനത്തിന്റെ ഏതെങ്കിലും വശത്തെ കുറിച്ചു സഭയിൽ ഒരു പ്രസംഗം നടത്താൻ നിങ്ങൾക്കു നിയമനം ലഭിക്കുന്നെങ്കിൽ, വിമർശനാത്മകമായ രീതിയിൽ സംസാരിക്കുന്നതിനു പകരം കെട്ടുപണി ചെയ്യുന്ന വിധത്തിൽ സംസാരിക്കാൻ ശ്രമിക്കുക. എന്തു ചെയ്യാനാണോ നിങ്ങൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്‌ അതു നിങ്ങൾതന്നെ ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. (റോമ. 2:21, 22; എബ്രാ. 13:​7, NW) ഈർഷ്യയല്ല, പകരം സ്‌നേഹമായിരിക്കട്ടെ നിങ്ങൾ പറയുന്ന കാര്യങ്ങളുടെ പ്രേരകഘടകം. (2 കൊരി. 2:4) യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്‌ നിങ്ങളുടെ സഹവിശ്വാസികൾ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടെങ്കിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ ആ ഉറപ്പിനെ പ്രതിഫലിപ്പിക്കും. ഇത്‌ പ്രയോജനകരമായ ഒരു ഫലം ഉളവാക്കുകയും ചെയ്യും. അപ്പൊസ്‌തലനായ പൗലൊസ്‌ അത്തരം ഉറപ്പു പ്രകടിപ്പിച്ചത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. 1 തെസ്സലൊനീക്യർ 4:1-12; 2 തെസ്സലൊനീക്യർ 3:4, 5; ഫിലേമോൻ 6, 8-14, 21 തുടങ്ങിയ ബൈബിൾ ഭാഗങ്ങളിൽ അതേക്കുറിച്ചു നിങ്ങൾക്കു വായിക്കാൻ കഴിയും.

ചില സമയങ്ങളിൽ, മൂപ്പന്മാർ ജ്ഞാനരഹിതമായ നടത്തയ്‌ക്ക്‌ എതിരെ മുന്നറിയിപ്പു നൽകേണ്ടത്‌ ആവശ്യമാണ്‌. എന്നാൽ, സഹോദരങ്ങളോട്‌ സൗമ്യതയുടെ ആത്മാവിൽ ഇടപെടാൻ താഴ്‌മ അവരെ സഹായിക്കും. (ഗലാ. 6:1) സഭയിലുള്ളവരെ ആദരവോടെ വീക്ഷിക്കുന്നു എന്നു പ്രകടമാക്കുന്ന വിധത്തിൽ വേണം കാര്യങ്ങൾ പറയാൻ. (1 പത്രൊ. 5:2, 3) ഇതേക്കുറിച്ചു പ്രത്യേകിച്ചും ബോധവാന്മാരായിരിക്കാൻ ബൈബിൾ ഇളയ പുരുഷന്മാരെ ബുദ്ധിയുപദേശിക്കുന്നു. (1 തിമൊ. 4:12; 5:1, 2; 1 പത്രൊ. 5:5) ശാസിക്കുകയും ഗുണീകരിക്കുകയും (ശിക്ഷണം നൽകുകയും) നീതിയിൽ അഭ്യസിപ്പിക്കുകയും ചെയ്യേണ്ടി വരുമ്പോൾ, ബൈബിൾ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം അങ്ങനെ ചെയ്യാൻ. (2 തിമൊ. 3:17) പ്രസംഗകന്‌ ഏതെങ്കിലും ഒരു ആശയം വളരെയധികം ഇഷ്ടപ്പെട്ടു എന്നതിന്റെ പേരിൽ അതിനെ പിന്താങ്ങാൻ അദ്ദേഹം ഒരിക്കലും തിരുവെഴുത്തുകൾ വലിച്ചുനീട്ടുകയോ വളച്ചൊടിക്കുകയോ ചെയ്യാൻ പാടില്ല. തിരുത്തൽ ബുദ്ധിയുപദേശം ആവശ്യമായി വരുമ്പോൾ പോലും, തെറ്റായ പ്രവൃത്തിയിൽ അകപ്പെടുന്നത്‌ എങ്ങനെ ഒഴിവാക്കാം, പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം, ബുദ്ധിമുട്ടുകൾ എങ്ങനെ തരണം ചെയ്യാം, തെറ്റായ ഗതി എങ്ങനെ തിരുത്താം, യഹോവയുടെ നിബന്ധനകൾ നമ്മെ എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾക്കു പ്രസംഗത്തിൽ മുഖ്യമായും ഊന്നൽ കൊടുക്കുന്നെങ്കിൽ ക്രിയാത്മകമായ സംസാരരീതി നിലനിറുത്താൻ കഴിയും.​—സങ്കീ. 119:1, 9-16.

പ്രസംഗം തയ്യാറാക്കുമ്പോൾ, ഓരോ മുഖ്യ പോയിന്റും അതുപോലെതന്നെ മുഴു പ്രസംഗവും എങ്ങനെ ഉപസംഹരിക്കും എന്നതിനു വിശേഷ ശ്രദ്ധ നൽകുക. നിങ്ങൾ ഏറ്റവും അവസാനം പറയുന്ന സംഗതിയാണ്‌ പലപ്പോഴും ആളുകൾ ഏറ്റവും കൂടുതൽ കാലം ഓർത്തിരിക്കുക. അത്‌ ക്രിയാത്മകമായ ഒരു കാര്യം ആയിരിക്കുമോ?

സഹവിശ്വാസികളോടു സംസാരിക്കുമ്പോൾ. യഹോവയുടെ ദാസന്മാർ ക്രിസ്‌തീയ യോഗ സ്ഥലത്തെ സഹവാസത്തിനുള്ള അവസരങ്ങൾ അങ്ങേയറ്റം വിലമതിക്കുന്നു. ആത്മീയമായി നവോന്മേഷം പ്രാപിക്കാനുള്ള സന്ദർഭങ്ങളാണ്‌ അവ. ആരാധനാ സ്ഥലങ്ങളിൽ കൂടിവരുമ്പോൾ ‘പരസ്‌പരം പ്രോത്സാഹിപ്പിക്കാൻ’ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രാ. 10:​25, പി.ഒ.സി. ബൈ.) ഈ പ്രോത്സാഹന കൈമാറ്റം നടക്കുന്നത്‌ യോഗസമയത്തെ പ്രസംഗങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും മാത്രമല്ല, പിന്നെയോ യോഗങ്ങൾക്കു മുമ്പും പിമ്പും ഉള്ള സംഭാഷണത്തിലൂടെയുമാണ്‌.

നമ്മുടെ ദൈനംദിന ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ സംസാരിക്കുന്നത്‌ സ്വാഭാവികമാണെങ്കിലും, ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിക്കുന്നത്‌ ആത്മീയ വിവരങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നാണ്‌. വിശുദ്ധ സേവനത്തിൽ നമ്മൾ ആസ്വദിക്കുന്ന അനുഭവങ്ങൾ ഇവയിൽ പെടുന്നു. അന്യോന്യം ആരോഗ്യാവഹമായ താത്‌പര്യം കാണിക്കുന്നതും കെട്ടുപണി ചെയ്യുന്ന ഒരു സംഗതിയാണ്‌.

നമുക്കു ചുറ്റുമുള്ള ലോകത്താൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. എഫെസൊസിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഭോഷ്‌കു ഉപേക്ഷിച്ചു ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.” (എഫെ. 4:25) ഭോഷ്‌കിനു പകരം സത്യം സംസാരിക്കുന്നതിൽ, ലോകം വിഗ്രഹമാക്കി പൂജിക്കുന്ന വസ്‌തുക്കൾക്കും വ്യക്തികൾക്കും മഹത്ത്വം കൊടുക്കാതിരിക്കുന്നത്‌ ഉൾപ്പെടുന്നു. അതുപോലെതന്നെ, “ധനത്തിന്റെ വഞ്ചന”ക്കെതിരെ യേശു മുന്നറിയിപ്പു നൽകി. (മത്താ. 13:22) അതുകൊണ്ട്‌, അന്യോന്യമുള്ള നമ്മുടെ സംസാരത്തിൽ, ഭൗതിക വസ്‌തുക്കളുടെ സമ്പാദനത്തെ പ്രകീർത്തിച്ചുകൊണ്ട്‌ ധനത്തിന്റെ വഞ്ചനയെ ഉന്നമിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം.​—1 തിമൊ. 6:9, 10.

കെട്ടുപണി ചെയ്യേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു ബുദ്ധിയുപദേശിക്കവേ, “വിശ്വാസത്തിൽ ബലഹീനനായ”തു നിമിത്തം അതായത്‌ ക്രിസ്‌തീയ സ്വാതന്ത്ര്യത്തിന്റെ മുഴു വ്യാപ്‌തിയും ഗ്രഹിക്കാത്തതു നിമിത്തം ചില കാര്യങ്ങളിൽനിന്നു വിട്ടുനിന്നേക്കാവുന്ന ഒരു സഹോദരനെ വിധിക്കുകയോ താഴ്‌ത്തിക്കെട്ടുകയോ ചെയ്യാതിരിക്കാൻ അപ്പൊസ്‌തലനായ പൗലൊസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. തീർച്ചയായും നമ്മുടെ സംഭാഷണം മറ്റുള്ളവരെ കെട്ടുപണി ചെയ്യുന്നത്‌ ആയിരിക്കണമെങ്കിൽ അവരുടെ പശ്ചാത്തലവും അവരുടെ ആത്മീയ വളർച്ചയുടെ അളവും നാം കണക്കിലെടുക്കണം. ‘ഒരു സഹോദരന്നു [അല്ലെങ്കിൽ സഹോദരിക്ക്‌] ഇടർച്ചയോ തടങ്ങലോ വെക്കുന്നത്‌’ എത്ര വ്യസനകരമാണ്‌!​—റോമ. 14:1-4, 13, 19.

മാറാരോഗം പോലുള്ള വ്യക്തിപരമായ ഗുരുതര പ്രശ്‌നങ്ങളുമായി മല്ലടിക്കുന്നവർ കെട്ടുപണി ചെയ്യുന്ന സംഭാഷണം വിലമതിക്കുന്നു. അത്തരം ഒരു വ്യക്തി വളരെയേറെ ശ്രമം ചെയ്‌തായിരിക്കാം യോഗങ്ങൾക്കു ഹാജരാകുന്നത്‌. അദ്ദേഹത്തിന്റെ സാഹചര്യത്തെ കുറിച്ച്‌ അറിയാവുന്നവർ “എങ്ങനെ ഉണ്ട്‌?” എന്ന്‌ അദ്ദേഹത്തോടു ചോദിച്ചേക്കാം. അവർ കാണിക്കുന്ന താത്‌പര്യത്തെ അദ്ദേഹം തീർച്ചയായും വിലമതിക്കും. എന്നിരുന്നാലും, അദ്ദേഹം ഏറ്റവും പ്രോത്സാഹജനകമായി കണ്ടെത്തുന്ന സംസാര വിഷയം തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചായിരിക്കാൻ ഇടയില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിനു കൂടുതൽ ഊഷ്‌മളത പകരുന്നത്‌ വിലമതിപ്പിന്റെയും പ്രശംസയുടെയും വാക്കുകൾ ആയിരിക്കാം. ദുഷ്‌കരമായ സാഹചര്യത്തിലും അദ്ദേഹം യഹോവയെ തുടർന്നു സ്‌നേഹിക്കുന്നതിന്റെയും സഹിഷ്‌ണുതയോടെ നിലകൊള്ളുന്നതിന്റെയും തെളിവുകൾ നിങ്ങൾ കാണുന്നുവോ? അദ്ദേഹം യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത്‌ കേൾക്കുമ്പോൾ നിങ്ങൾ പ്രോത്സാഹിതനാകുന്നുവോ? അദ്ദേഹത്തിന്റെ പരിമിതികളെ കുറിച്ചു സംസാരിക്കുന്നതിനു പകരം ക്രിയാത്മക വശങ്ങളെയും സഭയ്‌ക്ക്‌ അദ്ദേഹം ഏതു വിധത്തിൽ സംഭാവന ചെയ്യുന്നു എന്നതിനെയും കുറിച്ച്‌ അദ്ദേഹത്തോടു സംസാരിക്കുന്നത്‌ കൂടുതൽ കെട്ടുപണി ചെയ്യുകയില്ലേ?​—1 തെസ്സ. 5:⁠11, NW.

നമ്മുടെ സംഭാഷണം കെട്ടുപണി ചെയ്യുന്നത്‌ ആയിരിക്കാൻ ചർച്ച ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള യഹോവയുടെ വീക്ഷണം കണക്കിലെടുക്കേണ്ടതു വിശേഷാൽ പ്രധാനമാണ്‌. പുരാതന ഇസ്രായേലിൽ, യഹോവയുടെ പ്രതിനിധികൾക്കെതിരെ സംസാരിക്കുകയും മന്നായെക്കുറിച്ചു പരാതിപ്പെടുകയും ചെയ്‌തവർ ദൈവത്തിന്റെ കടുത്ത അപ്രീതിക്കു പാത്രമായി. (സംഖ്യാ. 12:1-16; 21:5, 6) മൂപ്പന്മാരോട്‌ ആദരവും വിശ്വസ്‌തനും വിവേകിയുമായ അടിമ വർഗം മുഖാന്തരം പ്രദാനം ചെയ്യപ്പെടുന്ന ആത്മീയ ആഹാരത്തോട്‌ വിലമതിപ്പും പ്രകടമാക്കുമ്പോൾ, ആ മാതൃകകളിൽനിന്നു പ്രയോജനം അനുഭവിച്ചിരിക്കുന്നു എന്ന്‌ നാം കാണിക്കുകയാകും ചെയ്യുക.​—1 തിമൊ. 5:⁠17.

നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളോടൊപ്പം ആയിരിക്കുമ്പോൾ സംസാരിക്കാനായി പ്രയോജനകരമായ സംഗതികൾ കണ്ടെത്തുന്നത്‌ സാധാരണഗതിയിൽ ഒരു പ്രശ്‌നമല്ല. എങ്കിലും, ആരുടെയെങ്കിലും അഭിപ്രായങ്ങൾ അമിതമായി വിമർശനാത്മകം ആണെങ്കിൽ കെട്ടുപണി ചെയ്യുന്ന ഒരു ദിശയിൽ സംഭാഷണം തിരിച്ചുവിടാൻ മുൻകൈ എടുക്കുക.

നാം മറ്റുള്ളവരോട്‌ സാക്ഷീകരിക്കുകയാണെങ്കിലും സ്റ്റേജിൽനിന്നു സംസാരിക്കുകയാണെങ്കിലും, ഇനി സഹവിശ്വാസികളുമായി സംസാരിക്കുകയാണെങ്കിലും, നമ്മുടെ ഹൃദയത്തിന്റെ ഭണ്ഡാരത്തിൽനിന്ന്‌ ‘കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്ക്‌’ പുറത്തു വരത്തക്കവണ്ണം നമുക്കു വിവേകം കാണിക്കാം.​—എഫെ. 4:⁠29.

അതു ചെയ്യാവുന്ന വിധം

  • നമ്മുടെ നിയമനം സുവിശേഷം പ്രസംഗിക്കാനാണെന്നു മനസ്സിൽ പിടിക്കുക.

  • വിമർശകർ ആയിരിക്കുന്നതിനു പകരം കെട്ടുപണി ചെയ്യുന്നവർ ആയിരിക്കുക.

  • നിങ്ങൾ ആരോടു സംസാരിക്കുന്നുവോ അവരെ കുറിച്ച്‌ ഒരു ക്രിയാത്മക വീക്ഷണം നട്ടുവളർത്തുക.

  • സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ, നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റേ വ്യക്തിയെ എങ്ങനെ ബാധിച്ചേക്കാമെന്നു ചിന്തിക്കുക.

അഭ്യാസം: അവശ നിലയിൽ ആയിരിക്കുന്ന അല്ലെങ്കിൽ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നിരിക്കുന്ന ആരെയെങ്കിലും സന്ദർശിക്കുക. കെട്ടുപണി ചെയ്യുന്ന ഒരു സംഭാഷണത്തിനു തുടക്കമിടുക. സമാനുഭാവം പ്രകടമാക്കുക. എന്നാൽ ക്രിയാത്മകമായ അഭിപ്രായങ്ങൾ മാത്രം പറയുക. ഇതിനായി മുൻകൂട്ടി ആസൂത്രണം ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക