സ്കൂളിൽ ക്രിസ്തീയ നടത്ത
1 നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ഒരു ക്രിസ്തീയ യുവാവാണെങ്കിൽ നിർമലത കാത്തുസൂക്ഷിക്കുന്നതിനു നിങ്ങൾക്കു ശക്തമായ വിശ്വാസം ഉണ്ടായിരിക്കേണ്ട ആവശ്യമുണ്ട്. നിങ്ങളുടെ വിശ്വാസത്തെ പരിശോധിച്ചേക്കാവുന്ന മോശമായ സഹവാസങ്ങൾക്കും ചുറ്റുപാടുകൾക്കും വിധേയരാണു നിങ്ങൾ. “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു . . . ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം” എന്ന പത്രോസിന്റെ ബുദ്ധ്യുപദേശം നിങ്ങൾ ബാധകമാക്കുന്നതു പ്രധാനമാണ്. (1 പത്രൊ. 2:12) ഈ വെല്ലുവിളിയെ നേരിടുന്നതിനു നിങ്ങൾക്കു ധൈര്യവും നിശ്ചയദാർഢ്യവും ആവശ്യമാണ്.
2 സ്കൂളിനുള്ളിലായാലും വെളിയിലായാലും, വിവാഹപൂർവ ലൈംഗികത, അശ്ലീല ഭാഷ, പുകയില, മയക്കുമരുന്നു ദുരുപയോഗം എന്നിവയുടെ ദുഷിച്ച സ്വാധീനങ്ങൾ നിങ്ങളുടെമേൽ വർഷിച്ചുകൊണ്ടിരിക്കുകയാണ്. ദിനംതോറും നിങ്ങളുടെ നല്ല നടത്തയെ ഭീഷണിപ്പെടുത്തുന്ന പ്രലോഭനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അത്തരം പരിശോധനകൾ സഹിച്ചു നിൽക്കേണ്ടതിനു നിങ്ങൾ മുതിർന്നവരെപ്പോലെ “വിശ്വാസത്തിന്നുവേണ്ടി പോരാടേ”ണം.—യൂദാ 3; 1992 ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ 20-23 പേജുകൾ കാണുക.
3 സ്കൂളിൽ ദേശഭക്തിപരമായ ചടങ്ങുകളും ലൗകിക വിശേഷദിവസങ്ങളുമുണ്ട്. നിങ്ങളുടെ സ്കൂളിൽ ദേശീയവും മതപരവുമായ ഏതു വിശേഷദിവസങ്ങളാണ് ആചരിച്ചുപോരുന്നത് എന്നു നിങ്ങൾക്കറിയാമോ? വെല്ലുവിളി ഉയർത്തുന്ന ഒരു സാഹചര്യം ഉയർന്നുവരുന്നെങ്കിൽ “നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരി”പ്പാൻ നിങ്ങൾക്കു കഴിയുമോ?—1 പത്രൊ. 3:16.
4 സ്കൂളിലെ സ്പോർട്സുകളുടെയോ സാമൂഹിക കൂടിവരവുകളുടെയോ വശീകരണത്താൽ നിങ്ങൾ പ്രലോഭിതരായെന്നു വരാം. സന്തോഷജനകമെന്നു തോന്നിക്കുന്ന ഈ പ്രവർത്തനങ്ങൾ മുഖേന നിങ്ങളുടെ വിശ്വാസത്തിനു വിട്ടുവീഴ്ച വരാൻ കഴിയുമെന്നു തിരിച്ചറിയത്തക്കവണ്ണം നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങൾക്കു ‘പരസ്പര പ്രോത്സാഹനം’ ആസ്വദിക്കാൻ കഴിയുന്ന, ഓരോരുത്തരും മറ്റേയാളുടെ വിശ്വാസത്താൽ കെട്ടുപണിചെയ്യപ്പെടുന്ന, സഹവാസികളെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.—റോമ. 1:12, NW.
5 നിങ്ങൾക്കു സഹിച്ചുനിൽക്കാൻ കഴിയും, യഹോവയുടെ സഹായത്തോടെ: സാത്താൻ നിങ്ങളുടെ വിശ്വാസത്തെ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സഹിക്കേണ്ടി വരുന്ന പരിശോധനകൾ തീവ്രമായിരുന്നേക്കാം, എന്നാൽ അതിന്റെ പ്രതിഫലം എല്ലാത്തിനും തക്കമൂല്യമുള്ളതാണ്. (1 പത്രൊ. 1:6,7) സ്വന്ത കഴിവിനാൽ വിജയപ്രദരാകാൻ നിങ്ങൾക്കു കഴിയുകയില്ല; സഹായത്തിനായി നിങ്ങൾ യഹോവയിലേക്കു നോക്കണം. യേശു തന്റെ ശിഷ്യൻമാർക്ക് ഇങ്ങനെ പ്രചോദനമേകി: “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ.” (മത്താ. 26:41) ശിക്ഷണവും ആത്മനിയന്ത്രണവും ജീവത്പ്രദാനമാണ്.—1 കൊരി. 9:27.
6 നിങ്ങളുടെ നടത്തനിമിത്തം നിങ്ങൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടതാണെന്ന് എല്ലായ്പോഴും ഓർക്കുക. (സഭാ. 11:9) നിങ്ങൾ ചെയ്യുന്നതു മറ്റുള്ളവർ നിരീക്ഷിക്കുന്നില്ലെന്നു വരികിലും നിങ്ങൾ എന്തു ചെയ്യുന്നുവെന്നു യഹോവ അറിയുന്നു, അവൻ ന്യായം വിധിക്കുകയും ചെയ്യും. (എബ്രാ. 4:13) അവനെ സന്തോഷിപ്പിക്കുന്നതിനുള്ള ആത്മാർഥമായ ആഗ്രഹം ‘ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിക്കാൻ’ നിങ്ങളെ പ്രേരിപ്പിക്കണം. (ഫിലി. 2:12) ദൈവവചനം ദിവസേന വായിക്കുന്നത് ഒരു വലിയ സഹായമാണ്. ഉത്തമ ബുദ്ധ്യുപദേശങ്ങളും അനുകരിക്കാൻ പറ്റിയ ദൃഷ്ടാന്തങ്ങളും കൊണ്ട് അതു നിറഞ്ഞിരിക്കുന്നു.—എബ്രാ. 12:1-3.
7 മാതാപിതാക്കളേ, നിങ്ങൾ ജീവത്പ്രധാനമായ ഒരു പങ്കു വഹിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ മേൽനോട്ടം നിങ്ങൾ വഹിക്കുകയും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ബോധവാൻമാരായിരിക്കുകയും ആവശ്യമായ സഹായം പ്രദാനംചെയ്യുകയും വേണം. നിങ്ങൾക്കു നിങ്ങളുടെ കുട്ടികളുമായി ഒരു നല്ല ബന്ധമുണ്ടോ? ദൈവ നിയമങ്ങളെയും തത്ത്വങ്ങളെയുംപറ്റി വിലമതിപ്പുള്ള അറിവ് നിങ്ങൾ അവരിൽ നട്ടുവളർത്തിയിട്ടുണ്ടോ? സമ്മർദങ്ങളെയോ പ്രലോഭനങ്ങളയോ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ നിങ്ങളുടെ കുട്ടികൾ ശക്തരാണോ അതോ അവർ പെട്ടെന്നു തളർന്നു പിൻമാറുമോ? തങ്ങളുടെ സമപ്രായക്കാരിൽനിന്നു വ്യത്യസ്തരാകേണ്ടിയിരിക്കുന്നതിനാൽ അവർ നിരുത്സാഹിതരാണോ? മാതാപിതാക്കളെന്ന നിലയിൽ അവരെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. (ആവ. 6:6,7) നിങ്ങൾ നിങ്ങളുടെ വേല നന്നായി ചെയ്യുന്നപക്ഷം വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വിജയശ്രീലാളിതരാകുന്നതിന് അവരെ നിങ്ങൾക്കു സഹായിക്കാനാവും.—സദൃ. 22:6.