‘വിശ്വാസം കേൾവിയാൽ വരുന്നു’
1 “നിത്യജീവനു വേണ്ടി ശരിയായി നിയോഗിക്കപ്പെട്ട” ആരെയെങ്കിലും നാം കണ്ടുമുട്ടുമ്പോൾ, താൻ കേട്ട കാര്യത്തിലുള്ള ആ വ്യക്തിയുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നത് അനിവാര്യമാണ്. (പ്രവൃ. 13:48; റോമ. 10:17) ആ ഉദ്ദേശ്യത്തിൽ, കൂടുതൽ സംഭാഷണം നടത്താൻ മടങ്ങിച്ചെന്നുകൊണ്ട് മാസികാ-വരിസംഖ്യാ സമർപ്പണങ്ങളെ നാം പിന്തുടരണം. പ്രഥമ സന്ദർശനത്തിൽ മാസികകൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂവെങ്കിൽ, മടക്കസന്ദർശനം നടത്തുമ്പോൾ ഒരു വരിസംഖ്യ കൊടുക്കാവുന്നതാണ്. എന്നിരുന്നാലും, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് അധ്യയനം തുടങ്ങുകയെന്ന ലക്ഷ്യം മനസ്സിൽ പിടിക്കുക. സഹായകമായിരുന്നേക്കാവുന്ന ചില നിർദേശങ്ങൾ ഇതാ:
2 “നിത്യതയുടെ രാജാവിനെ സ്തുതിക്കുക” എന്ന ലേഖനത്തെക്കുറിച്ചു ചർച്ച ചെയ്തിടത്തു മടക്കസന്ദർശനം നടത്തുമ്പോൾ, നിങ്ങൾക്ക് ഇപ്രകാരം തുടങ്ങാവുന്നതാണ്:
◼“കഴിഞ്ഞ വാരത്തിൽ നാം സംസാരിച്ചപ്പോൾ, സർവശക്തനായ ദൈവമുണ്ടെന്നു തെളിയിക്കുന്ന ശക്തമായ തെളിവുകളിൽ ചിലതു നാം അവലോകനം ചെയ്തിരുന്നു. എന്നാൽ, അവന്റെ അസ്തിത്വത്തെക്കുറിച്ച് അറിയുന്നതു മാത്രം മതിയാകുന്നില്ല. നാം അവന്റെ നാമം അറിയേണ്ടതുണ്ട്. ദൈവത്തെ ഏതു നാമത്തിലാണു നിങ്ങൾ വിളിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] പല ആളുകളും അവനെ കേവലം ‘കർത്താവ്’ അല്ലെങ്കിൽ ‘ദൈവം’ എന്നു വിളിക്കുന്നു. അവ നിർവ്യക്തിക പേരുകളാണ്. മറ്റു ചിലർ നാനാതരം പേരുകൾ ഉപയോഗിക്കുന്നു. ബൈബിളിൽ അവൻ തനിക്കുതന്നെ നൽകിയിരിക്കുന്ന നാമം എന്താണെന്നു ശ്രദ്ധിക്കൂ. [സങ്കീർത്തനം 83:18 വായിക്കുക.] ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, യഹോവയാം ദൈവത്തെക്കുറിച്ചു ബൈബിൾ ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്.” പരിജ്ഞാനം പുസ്തകത്തിന്റെ 29-ാം പേജിലുള്ള ചിത്രം കാണിക്കുക, എന്നിട്ട് ചിത്രക്കുറിപ്പു വായിക്കുക. 3-ാം അധ്യായത്തിലെ ആദ്യത്തെ മൂന്നു ഖണ്ഡികകൾ ചർച്ചചെയ്തുകഴിയുമ്പോൾ നിങ്ങൾ ഒരു അധ്യയനം തുടങ്ങിക്കഴിഞ്ഞിരിക്കും!
3 “ലോകമതം അവസാനിക്കാൻ പോകുന്നതിന്റെ കാരണം” എന്ന ലേഖനം നിങ്ങൾ പരിചിന്തിച്ചവരുടെ കാര്യത്തിൽ, ഇങ്ങനെ പറഞ്ഞുകൊണ്ടു താത്പര്യത്തെ പിന്തുടരാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“ഈ ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ, എല്ലാ മതങ്ങളെയും ഒരേപോലെ നമുക്കു വീക്ഷിക്കാൻ സാധിക്കില്ല എന്ന വസ്തുത നിങ്ങളിൽ മതിപ്പുളവാക്കിയിരിക്കാം. എന്നാൽ, സത്യമതവും വ്യാജമതവും നിലവിലുണ്ട്, ഇതു യുക്തിസഹമായ ഒരു ചോദ്യം ഉയർത്തുന്നു, ആരുടെ ആരാധനയാണു ദൈവം അംഗീകരിക്കുന്നത്? അതിനുള്ള ഉത്തരം യേശു പ്രദാനം ചെയ്തു, അത് ഈ പുസ്തകത്തിൽ എടുത്തുകാണിച്ചിരിക്കുന്നു.” പരിജ്ഞാനം പുസ്തകത്തിന്റെ 5-ാം അധ്യായത്തിലേക്കു മറിക്കുക, എന്നിട്ട് യോഹന്നാൻ 4:23, 24 ഉൾപ്പെടെ 4-ാം ഖണ്ഡിക വായിക്കുക. അതിനുശേഷം, “ഒരു സൗജന്യ ഭവന ബൈബിളധ്യയനം സ്വീകരിക്കാൻ നിങ്ങൾ ഒരുക്കമാണോ?” എന്നു ചോദിക്കുക. പ്രതികരണം ക്രിയാത്മകമാണെങ്കിൽ, ഒന്നാം അധ്യായത്തിലേക്കു തിരിഞ്ഞ് അധ്യയനം ആരംഭിക്കുക.
4 ഏപ്രിൽ 22 ലക്കം “ഉണരുക!”യിൽ താത്പര്യം കാട്ടിയപക്ഷം, നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ “പരിജ്ഞാനം” പുസ്തകം ഉപയോഗിച്ച് ഒരു അധ്യയനം തുടങ്ങുന്നതിനു നിങ്ങൾക്ക് ഈ സമീപനം ഉപയോഗിച്ചുനോക്കാവുന്നതാണ്:
◼“യുദ്ധമില്ലാത്ത ഒരു ലോകം കാണാനുള്ള നമ്മുടെ പ്രതീക്ഷ സംബന്ധിച്ചു സംഭാഷണം നടത്തിയത് ഒരുപക്ഷേ നിങ്ങൾ ഓർക്കുന്നുണ്ടാകും. അത് വാസ്തവത്തിൽ എപ്രകാരമായിരിക്കുമെന്നു സങ്കൽപ്പിക്കുക പ്രയാസമാണ്. ഇതാ, ഒരു ചിത്രകാരന്റെ ഭാവന. [പരിജ്ഞാനം പുസ്തകത്തിന്റെ 188-9 പേജുകളിലുള്ള ചിത്രം കാട്ടിക്കൊടുക്കുക.] ഈ ചുറ്റുപാടുകൾ ആസ്വദിക്കാൻ കഴിയുന്നത് ആനന്ദദായകമായിരിക്കില്ലേ? [4-5 പേജുകളിലേക്കു തിരിഞ്ഞ് ചിത്രം കാണിക്കുകയും ചതുരം വായിക്കുകയും ചെയ്യുക.] ഈ പുസ്തകത്തിന്റെ ശീർഷകം യോഹന്നാൻ 17:3-ലെ യേശുവിന്റെ വാക്കുകളോടു സമാനമാണ്. [വായിക്കുക.] അനുവദിക്കാമെങ്കിൽ, ജീവരക്ഷാകരമായ പരിജ്ഞാനം കണ്ടെത്താൻ ഈ പുസ്തകം എങ്ങനെ ഉപയോഗിക്കാമെന്നു ഞാൻ കാട്ടിത്തരാം.” വീട്ടുകാരനു സമ്മതമാണെങ്കിൽ, ഒന്നാമത്തെ അധ്യായത്തിൽനിന്നു പഠനം ആരംഭിക്കുക.
5 ആദ്യം സന്ദർശിച്ച അവസരത്തിൽ തിരക്കിലായിരുന്ന ഒരു വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടിയെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ഇതു പറയാവുന്നതാണ്:
◼“ഞാൻ അടുത്തകാലത്തു നിങ്ങളെ സന്ദർശിച്ച് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ തന്നിട്ടുപോയിരുന്നു. ആ പത്രികകൾ ജീവദായകമായ പരിജ്ഞാനം പ്രദാനം ചെയ്യുന്നു, അതുകൊണ്ടു നിങ്ങൾക്ക് അവ പതിവായി ലഭിക്കാൻ ഞാനാഗ്രഹിക്കുന്നു.” എന്നിട്ട് ഒരു വരിസംഖ്യ കൊടുക്കുക. അല്ലെങ്കിൽ, “എല്ലാവരും ബൈബിൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നു ഞാൻ കരുതുന്നു. അതുകൊണ്ട്, അതു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു സംഗതി കാട്ടിത്തരാൻ ഞാൻ മടങ്ങിവന്നിരിക്കുകയാണ്.” പരിജ്ഞാനം പുസ്തകം കാണിക്കുകയും 3-ാം പേജിലെ ഉള്ളടക്കം ചൂണ്ടിക്കാണിക്കുകയും ചെയ്യുക. ഏറ്റവും താത്പര്യജനകമായി തോന്നുന്നത് ഏത് അധ്യായമാണെന്നു ചോദിക്കുക, എന്നിട്ട് അതിലേക്കു മറിച്ച് അധ്യയനം തുടങ്ങുക.
6 നിത്യജീവനിലേക്കു നയിക്കുന്ന “വിശ്വാസത്തിന്റെ വാതിൽ തുറന്നു”കൊടുക്കാൻ നമുക്കു കഴിഞ്ഞാൽ നമ്മുടെ സന്തോഷം വലുതായിരിക്കും.—പ്രവൃ. 14:27; യോഹ. 17:3.