നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം വ്യാപിപ്പിക്കൽ
1 യഹോവയാണ് ‘മനുഷ്യർക്കു പരിജ്ഞാനം പഠിപ്പിച്ചുകൊടുക്കുന്നവൻ’ (സങ്കീ. 94:10, NW) സ്വീകാര്യമായ വിധത്തിൽ അവനെ സേവിക്കുന്നതെങ്ങനെയെന്നുള്ള അറിവില്ലാത്തവരിലേക്ക് അവനെക്കുറിച്ചുള്ള ജീവരക്ഷാകരമായ പരിജ്ഞാനം വ്യാപിപ്പിക്കുന്നതിന് അവൻ നമ്മെ ഉപയോഗിക്കുന്നു. പരമാർഥഹൃദയികളായവർക്കു ദൈവവചനമായ ബൈബിളിലൂടെ അവനെക്കുറിച്ചുള്ള ഒരു സൂക്ഷ്മഗ്രാഹ്യം നേടിയെടുക്കാൻ കഴിയുന്നതിനുള്ള ഒരു മികച്ച പഠന ഉപാധിയാണ് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം. (1 തിമൊ. 2:3, 4) പരിജ്ഞാനം പുസ്തകത്തിലെ സത്യത്തിന്റെ വ്യക്തവും ന്യായയുക്തവുമായ വികസിപ്പിക്കൽ, യഹോവ എന്താണു തങ്ങളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നു ഗ്രഹിക്കാൻ ആളുകളെ സഹായിക്കും. അതുകൊണ്ട്, നാം ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ പല ഭാഷകളിലുള്ള പുസ്തകങ്ങളുടെ ഒരു ശേഖരം നമ്മോടൊപ്പം ഉണ്ടാവണം. ഈ മാസം, പുസ്തകം വായിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണത്തിലേർപ്പെടാൻ നാം ആഗ്രഹിക്കുന്നു. ചില നിർദേശങ്ങളിതാ. ഇവ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനുപകരം മുഖ്യാശയങ്ങൾ നിങ്ങളുടെ സ്വന്തം വാക്കുകളിൽ സ്വാഭാവിക സംഭാഷണ രീതിയിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുക.
2 പ്രിയപ്പെട്ട ഒരാളെ മിക്കവർക്കും മരണത്തിൽ നഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ടു നിങ്ങൾക്കു പുനരുത്ഥാന പ്രത്യാശയെ ഒരു സംഭാഷണത്തിലേക്കു കൊണ്ടുവരാൻ കഴിയും, ആദ്യം ഇങ്ങനെ പറഞ്ഞുകൊണ്ട്:
◼“നമ്മിലനേകർക്കും പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരാളെ വീണ്ടും കാണുമോയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മരണം മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. നമ്മുടെ പ്രിയപ്പെട്ടവരെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമെന്നു യേശു തെളിയിച്ചു. [യോഹന്നാൻ 11:11, 25, 44 വായിക്കുക.] ഇതു നൂറ്റാണ്ടുകൾക്കു മുമ്പു സംഭവിച്ചെങ്കിൽപ്പോലും, ദൈവം നമുക്കുവേണ്ടി എന്തുചെയ്യുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നുവെന്ന് ഇതു പ്രകടമാക്കുന്നു. [പരിജ്ഞാനം പുസ്തകത്തിന്റെ 85-ാം പേജിലെ ചിത്രത്തിലേക്കു തുറന്നു ചിത്രക്കുറിപ്പു വായിക്കുക. തുടർന്ന് 86-ാം പേജിലെ ചിത്രം കാണിച്ച് അതിനെക്കുറിച്ച് അഭിപ്രായം പറയുക.] പുനരുത്ഥാനത്തിന്റെ ഈ ആശ്വാസപ്രദമായ പ്രത്യാശയെക്കുറിച്ചു കൂടുതൽ വായിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കു തരുന്നതിന് എനിക്കു സന്തോഷമുണ്ട്.”
3 പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ള പ്രാരംഭ ചർച്ചയ്ക്കുശേഷം, അതേ വ്യക്തിയോടുതന്നെ നിങ്ങൾക്ക് അടുത്ത സംഭാഷണം ഇപ്രകാരം ആരംഭിക്കാവുന്നതാണ്:
◼“മരണം മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ലെന്നു ഞാൻ പറഞ്ഞതു നിങ്ങൾ ഓർമിച്ചേക്കാം. അതു സത്യമാണെങ്കിൽ, നാം വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്? ചില ആമകൾ 100-ലധികം വർഷങ്ങൾ ജീവിച്ചിരിക്കുന്നു, ആയിരക്കണക്കിനു വർഷം പഴക്കമുള്ള വൃക്ഷങ്ങളുണ്ട്. മനുഷ്യർ 70-തോ 80-തോ വർഷം മാത്രം ജീവിച്ചിരിക്കുന്നതെന്തുകൊണ്ട്? [പ്രതികരിക്കാൻ അനുവദിക്കുക.] ആദ്യ മാനുഷജോടി ദൈവത്തോട് അനുസരണക്കേടു കാണിച്ചതിനാൽ നാം മരിക്കുന്നു.” റോമർ 5:12 വായിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 53-ാം പേജിലേക്കുതിരിഞ്ഞ് അധ്യായത്തിന്റെ ശീർഷകം വായിക്കുക. അച്ചടിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യത്തെ മൂന്നു ഖണ്ഡികകൾ പരിചിന്തിക്കുക. അധ്യായത്തിന്റെ ശേഷിച്ച ഭാഗം ചർച്ച ചെയ്യുന്നതിനു പിന്നീട് ഒരു നിശ്ചിതസമയത്തു തിരിച്ചുചെല്ലാമെന്നു പറയുക. അതിനിടയ്ക്കു വായന പൂർത്തിയാക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക.
4 മതപരമായ ചായ്വുള്ള ഒരു വ്യക്തിയോടാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, നിങ്ങൾ ഇപ്രകാരം പറഞ്ഞേക്കാം:
◼“അക്ഷരീയമായി ഇന്നു നൂറുകണക്കിനു വ്യത്യസ്ത മതങ്ങളുണ്ട്. അവ എല്ലാത്തരം വൈരുധ്യാത്മക വിശ്വാസങ്ങളും പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും നല്ലതാണെന്നും നാം എന്തു വിശ്വസിക്കുന്നുവെന്നതു പ്രധാനമല്ലെന്നും ചിലയാളുകൾ പറയുന്നു. നിങ്ങളുടെ അഭിപ്രായമെന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു സത്യമതം ഒന്നേയുള്ളുവെന്നു പറയുകയും അനേക രൂപങ്ങളിലുള്ള ആരാധന ദൈവത്തിന് അസ്വീകാര്യമാണെന്നു വ്യക്തമാക്കുകയും ചെയ്തു. [മത്തായി 7:21-23 വായിക്കുക.] നാം ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ നാം അവനെ ആരാധിക്കണം.” പരിജ്ഞാനം പുസ്തകത്തിന്റെ 5-ാം അധ്യായം തുറന്നു ശീർഷകം വായിക്കുകയും ഉപതലക്കെട്ടുകളിൽ ചിലതു ചൂണ്ടിക്കാണിക്കുകയും ചെയ്യുക. ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്ന വിധത്തെക്കുറിച്ചു പഠിക്കാൻ ഈ വിവരം ഒരുവനെ സഹായിക്കുമെന്നു വിശദീകരിക്കുക. 15 രൂപ സംഭാവനയ്ക്കു പുസ്തകം സമർപ്പിക്കുക.
5 ഒട്ടേറെ മതങ്ങൾനിമിത്തം ആശയക്കുഴപ്പത്തിലായ ആളുകൾ നിങ്ങളുടെ മടക്കസന്ദർശനത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരത്തെ വിലമതിച്ചേക്കാം:
◼“ഒട്ടനവധി വ്യത്യസ്ത മതങ്ങൾ ഇന്നു നിലവിലുള്ളതിനാൽ, ശരിയായത് ഏതാണെന്നു നമുക്കെങ്ങനെ പറയാൻ കഴിയും? ഏതാണു ശരിയായിട്ടുള്ളതെന്നു നിങ്ങൾ എങ്ങനെ തീരുമാനിക്കും? [പ്രതികരിക്കാൻ അനുവദിക്കുക.] തന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയുന്ന വിധത്തെക്കുറിച്ച് യേശു നമ്മോടു പറഞ്ഞു.” യോഹന്നാൻ 13:35 വായിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 5-ാം അധ്യായത്തിലെ 18-ഉം 19-ഉം ഖണ്ഡികകൾ പരിചിന്തിക്കുക. ഈ തിരുവെഴുത്തു മാർഗനിർദേശങ്ങളും നിർധാരണ പ്രക്രിയയും ഉപയോഗിക്കുകവഴി ഒരു വ്യക്തിക്കു സത്യമതത്തെ തിരിച്ചറിയാൻ കഴിയുമെന്നു ചൂണ്ടിക്കാണിക്കുക. യഹോവയുടെ സാക്ഷികൾ തങ്ങളുടെ യഥാർഥ സ്നേഹവും ഉന്നത ധാർമിക നിലവാരങ്ങളും നിമിത്തം ലോകവ്യാപകമായി അറിയപ്പെടുന്ന വിധത്തെക്കുറിച്ചു വിവരിക്കുക. പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബൈബിൾ പഠനം യഹോവ അംഗീകരിക്കുന്ന ആരാധനയുടെ രൂപത്തെ എങ്ങനെ വ്യക്തമായി തിരിച്ചറിയിക്കുമെന്നു വിശദീകരിക്കുക.
6 നിങ്ങൾ ഒരു മാതാവിനെയോ പിതാവിനെയോ കണ്ടുമുട്ടുന്നെങ്കിൽ, ഈ സമീപനം ഫലപ്രദമായിരുന്നേക്കാം:
◼“ധാർമിക മൂല്യങ്ങൾ ഒന്നുംതന്നെ ഇല്ലെന്നുതോന്നത്തക്കവിധത്തിലുള്ള യുവജനങ്ങളുടെ താന്തോന്നിത്ത പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നാം ദിനമ്പ്രതി കേൾക്കുന്നു. തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസം കുട്ടികളെ പഠിപ്പിക്കാത്തതിനു ചില മുതിർന്നവർ സ്കൂൾ സമ്പ്രദായത്തെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഈ പരിശീലനം ആരു നൽകണമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ചോദ്യത്തെപ്പറ്റി ബൈബിൾ എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുക. [എഫെസ്യർ 6:4 വായിക്കുക.] കുട്ടികളിൽ ധാർമിക മൂല്യങ്ങൾ നിവേശിപ്പിക്കേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് അതു നമ്മോടു പറയുന്നു.” പരിജ്ഞാനം പുസ്തകത്തിന്റെ 145-ാം പേജ് തുറന്ന് 16-ാം ഖണ്ഡിക വായിക്കുകയും 147-ാം പേജിലെ ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുക. മുഴുകുടുംബത്തിനും പഠിക്കാവുന്ന രീതിയിലാണു പുസ്തകം സംവിധാനം ചെയ്തിരിക്കുന്നതെന്നു വിശദീകരിക്കുക. 146-ാം പേജിലെ 17-ഉം 18-ഉം ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ടു കുടുംബങ്ങളോടൊത്ത് അത്തരമൊരു അധ്യയനം നടത്തുന്നവിധം പ്രകടിപ്പിച്ചു കാണിക്കാമെന്നു പറയുക.
7 താത്പര്യമുള്ള ഒരു മാതാവിനോടോ പിതാവിനോടോ ഒപ്പം പ്രാരംഭ സന്ദർശനത്തിൽത്തന്നെ നിങ്ങളൊരു അധ്യയനം ആരംഭിച്ചെങ്കിൽ, മടക്കസന്ദർശനത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾ അതു തുടർന്നേക്കാം:
◼“ഇന്നത്തെ ലോകം നമ്മുടെ യുവാക്കളുടെ മുമ്പാകെ അനേകം പ്രലോഭനങ്ങൾ വെക്കുന്നു. അവർ വളർന്നുവരുമ്പോൾ ദൈവഭയമുള്ളവരായിത്തീരുന്നതിന് ഇത് അവർക്കു വളരെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ മുൻ ചർച്ചയിൽ നാം രണ്ടു തത്ത്വങ്ങളെ വേർതിരിച്ചത് ഒരുപക്ഷേ നിങ്ങൾ ഒർമിക്കുന്നുണ്ടാവും. ദൈവഭക്തരായ മാതാപിതാക്കളെന്ന നിലയിൽ, നാം കുട്ടികൾക്കായി മെച്ചമായ ദൃഷ്ടാന്തങ്ങൾ വെക്കേണ്ടയാവശ്യമുണ്ട്, കൂടാതെ അവരോടു നാം നിരന്തരം സ്നേഹപ്രകടനങ്ങൾ നടത്തണം. തങ്ങളുടെ മാതാപിതാക്കളിൽനിന്നു കുട്ടികൾക്കാവശ്യമായ മറ്റൊരു സംഗതിയെക്കുറിച്ചു ബൈബിൾ പറയുന്നു.” സദൃശവാക്യങ്ങൾ 1:8 വായിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 146-ാം പേജിലേക്കു മറിക്കുകയും 19-23 വരെയുള്ള ഖണ്ഡികകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യയനം തുടരുകയും ചെയ്യുക. മുഴുകുടുംബത്തോടൊപ്പം 1-ാം അധ്യായംമുതൽ അധ്യയനമെടുക്കുന്നതിനു വീണ്ടും മടങ്ങിച്ചെല്ലാമെന്നു നിർദേശം വെക്കുക.