സത്യം സംസാരിച്ചുകൊണ്ടേയിരിക്കുക
1 അപ്പോസ്തലൻമാർ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.” (പ്രവൃ. 4:20) നാമും ഇന്നു സത്യം സംസാരിച്ചുകൊണ്ടിരിക്കണം. വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വിതരണം, ശ്രദ്ധിക്കുന്നവരെ കണ്ടെത്താനുള്ള ഒരു മാർഗമാണെങ്കിലും താത്പര്യക്കാരെ സത്യത്തെക്കുറിച്ചു കൂടുതൽ പഠിപ്പിക്കണമെങ്കിൽ നാം മടങ്ങിച്ചെല്ലേണ്ടതുണ്ട്.
2 “മേലാൽ യുദ്ധങ്ങൾ ഇല്ലാതാകുമ്പോൾ” എന്ന വിഷയമുൾക്കൊള്ളുന്ന, ഏപ്രിലിലെ പ്രത്യേക “ഉണരുക!“യുടെ സമർപ്പണത്തെ പിന്തുടരുമ്പോൾ ഇങ്ങനെ ചോദിച്ചുകൊണ്ടു നിങ്ങൾക്ക് ഒരു ബൈബിളധ്യയനം ആരംഭിക്കാവുന്നതാണ്:
◼“രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെക്കുറിച്ചും അവയിലുള്ള മതത്തിന്റെ പങ്കിനെക്കുറിച്ചും കഴിഞ്ഞ തവണ നാം സംസാരിക്കുകയുണ്ടായി. അന്ത്യനാളുകൾ എന്നു ബൈബിൾ വിളിക്കുന്ന കാലയളവിലാണു നാം ജീവിക്കുന്നതെന്ന് അത്തരം സംഭവങ്ങൾ വ്യക്തമായി തെളിയിക്കുന്നതായി നിങ്ങൾ മനസ്സിലാക്കിയിരുന്നോ? [പരിജ്ഞാനം പുസ്തകം കാണിക്കുക. 11-ാം അധ്യായത്തിന്റെ ഒന്നാമത്തെ ഖണ്ഡിക വായിക്കുകയും 102-ാം പേജിലെ ചതുരം വിശേഷവത്കരിക്കുകയും ചെയ്യുക.] ഈ പുസ്തകം ഇവിടെ ഉള്ളടക്കത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റു 18 വിഷയങ്ങളോടൊപ്പം ഈ വിഷയം വിശദീകരിക്കുന്നു. [3-ാം പേജ് കാണിക്കുക.] പ്രധാനപ്പെട്ട ഈ ബൈബിൾ വിവരങ്ങളെക്കുറിച്ചു ഗ്രാഹ്യം നേടാൻ ഈ പുസ്തകത്തിനു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു പ്രകടിപ്പിക്കാൻ താത്പര്യമുണ്ട്, ഞാനപ്രകാരം ചെയ്യട്ടെ.” അനുവദിക്കുന്ന പക്ഷം 6-ാം പേജിൽനിന്ന് അധ്യയനം ആരംഭിക്കുക.
3 തിരിച്ചു ചെന്ന് ഇപ്പോൾ ഒരു സുരക്ഷിത ജീവിതം ആസ്വദിക്കാൻ കഴിയുന്ന വിധം വിശദീകരിക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിൽ നിങ്ങൾ ഇപ്രകാരം എന്തെങ്കിലും പറഞ്ഞേക്കാം:
◼“നാം ആദ്യം കണ്ടുമുട്ടിയപ്പോൾ, മനുഷ്യന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കുന്നതിനു കാരണം നൽകുന്ന, ബൈബിളിൽനിന്നുള്ള ഒരു ഭാഗം ഞാൻ നിങ്ങളുമായി പങ്കുവച്ചു. സുരക്ഷിതത്വത്തിന്റെ ഒരു അനുഭൂതി ഇപ്പോൾത്തന്നെ നമുക്കു പ്രദാനം ചെയ്യാൻ കഴിയുന്നത് ആർക്കെന്നു കാണിക്കുന്ന ഒന്നിലേക്ക് ഇന്നു ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു.” സങ്കീർത്തനം 4:8 വായിക്കുക. പരിജ്ഞാനം പുസ്തകം 168-ാം പേജിലേക്കു മറിച്ച് 19-ാം ഖണ്ഡിക വായിക്കുക. എന്നിട്ടു ചോദിക്കുക: “നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ ഇത്തരം സുരക്ഷിതത്വം കണ്ടെത്താൻ കഴിയുന്ന വിധം വ്യക്തമായി കാണിച്ചുതരുന്ന ഒരു സൗജന്യ ബൈബിളധ്യയനം ഉണ്ടായിരിക്കുന്നതു നിങ്ങൾ ആസ്വദിക്കുമോ?” ഉവ്വ് എന്നാണ് ഉത്തരമെങ്കിൽ 1-ാം അധ്യായത്തിലേക്കു തിരിയുക.
4 ജോലിസ്ഥലത്തെ സത്യസന്ധതയുടെ ആവശ്യം തുടക്കത്തിൽ ചർച്ചചെയ്തിട്ടുണ്ടെങ്കിൽ മടക്കസന്ദർശനത്തിൽ നിങ്ങൾക്ക് ഈ സമീപനം പരീക്ഷിക്കാം:
◼“ജോലിസ്ഥലത്തെ സത്യസന്ധതയുടെ പ്രാധാന്യത്തെക്കുറിച്ചു നാം സംസാരിച്ചത് നിങ്ങൾ ഓർമിക്കുന്നുണ്ടായിരിക്കാം. ലൂക്കൊസ് 16:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുക്രിസ്തുവിന്റെ പ്രസ്താവനയ്ക്കും തൊഴിൽ വിപണിയിലെ ഒരുവന്റെ പ്രതീക്ഷകളെ ബാധിക്കാൻ കഴിയും. [തിരുവെഴുത്തു വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക.] മത്തായി 4:4-ൽ കാണുന്ന യേശുവിന്റെ ഈ വാക്കുകൾ ഉൾപ്പെടെ ആധുനിക മനുഷ്യനുള്ള വളരെയധികം പ്രായോഗിക ഉപദേശം ബൈബിൾ ഉൾക്കൊള്ളുന്നു.” വാക്യം വായിക്കുക. ക്രമമായ ബൈബിൾ പഠനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുക. ആദ്യ സന്ദർശനത്തിൽ വരിസംഖ്യ സ്വീകരിച്ചിട്ടില്ലായിരുന്നെങ്കിൽ അതിപ്പോൾ കൊടുക്കുകയോ പരിജ്ഞാനം പുസ്തകത്തിൽനിന്ന് ഒരു ഭവന ബൈബിളധ്യയനം വാഗ്ദാനം ചെയ്യുകയോ ചെയ്യുക.
5 ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങൾക്കു മടക്കസന്ദർശനത്തിൽ ഒരു അധ്യയനം നേരിട്ടു വാഗ്ദാനം ചെയ്യാവുന്നതാണ്:
◼“ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് എല്ലായിടത്തുമുള്ള ആളുകളെ അറിയിക്കുന്നതിനുവേണ്ടി ഞങ്ങൾ ലോകവ്യാപകമായി മാസികകൾ വിതരണം ചെയ്യുന്നു. വ്യക്തികൾ തങ്ങൾ മനസ്സിലാക്കുന്നതു വിലമതിക്കുന്നെങ്കിൽ ഞങ്ങൾ ഒരു സൗജന്യ ബൈബിളധ്യയനം വാഗ്ദാനം ചെയ്യുന്നു. [വീക്ഷാഗോപുരത്തിന്റെ ഒടുവിലത്തെ പേജിലെ ‘നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതം ചെയ്യുമോ?’ എന്ന ചതുരം പരാമർശിക്കുക.] നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ഈ പുസ്തകം ഞങ്ങൾ ഒരു സഹായിയായി ഉപയോഗിക്കുന്നു. ഒരു അധ്യയനം എങ്ങനെയാണു നടത്തുന്നതെന്നു ഞാൻ ഹ്രസ്വമായി നിങ്ങൾക്കു കാണിച്ചുതരട്ടെ.”
6 നാം സത്യം സംസാരിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ ശ്രദ്ധിക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്ന ചിലർ ഉണ്ടായിരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—മർക്കൊ. 4:20.