അവരുടെ വിശ്വാസം അനുകരിക്കുക
1 അപ്പോസ്തലനായ പൗലോസ് വിശ്വാസത്തെ “ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും” എന്നു നിർവചിച്ചു. “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല” എന്ന് അവൻ കൂട്ടിച്ചേർത്തു. (എബ്രാ. 11:1, 6) വിശ്വാസം പ്രകടമാക്കുന്നതിനും അതിൽ കവിഞ്ഞൊഴുകുന്നതിനും അതിനെ അനുധാവനം ചെയ്യുന്നതിനും പൗലോസ് നമ്മെ ഉദ്ബോധിപ്പിച്ചു.—2 കൊരി. 4:13; കൊലൊ. 2:7; 2 തിമൊ. 2:22.
2 ബൈബിളിൽ വിശദമായി വിവരിച്ചിരിക്കുന്ന, വിശ്വാസത്തിന്റെ അനേകം മുന്തിയ ദൃഷ്ടാന്തങ്ങളുണ്ട്. എബ്രായർ 11-ാം അധ്യായത്തിൽ, അഭഞ്ജമായ വിശ്വാസം പ്രകടമാക്കിയ സാക്ഷികളുടെ ഒരു നീണ്ട പട്ടിക പൗലോസ് നൽകുന്നു. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വംവരിച്ച ആദ്യത്തെ വ്യക്തിയായ ഹാബേൽ ഈ പട്ടികയിൽ ഉൾപ്പെടുന്നു. നോഹയും പട്ടികയിൽപെടുന്നു, കാരണം വിശ്വാസം നിമിത്തം അവൻ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനാവശ്യമായ ദൈവികഭയം പ്രകടമാക്കി. അബ്രഹാം തന്റെ വിശ്വാസവും അനുസരണവും നിമിത്തം പ്രശംസിക്കപ്പെടുന്നു. വിശ്വാസത്താൽ മോശെ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനിൽക്കുക നിമിത്തം ശ്ലാഘിക്കപ്പെടുന്നു. ദൃഷ്ടാന്തങ്ങളുടെ പട്ടിക വളരെ നീണ്ടതായിരുന്നതിനാൽ അവരെയെല്ലാവരെയുംകുറിച്ചു വിവരിപ്പാൻ സമയം പോരാ എന്നു പൗലോസ് പറഞ്ഞു. അവരുടെ “വിശുദ്ധജീവനവും ഭക്തിയും” പുനരവലോകനംചെയ്യുകവഴി നമുക്കു നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കാൻ കഴിയുമെന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—2 പത്രൊ. 3:11.
3 ഒന്നാം നൂറ്റാണ്ടിൽ യേശു ഈ ചോദ്യം ഉന്നയിച്ചു: ‘മനുഷ്യപുത്രൻ വന്നെത്തുമ്പോൾ അവൻ ഭൂമിയിൽ യഥാർഥത്തിൽ വിശ്വാസം കണ്ടെത്തുമോ?’ (ലൂക്കൊ. 18:8, NW) കൊള്ളാം, അപ്പോൾ ഇന്നു നമുക്കു നമ്മുടെയിടയിൽ വിശ്വാസത്തിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളുണ്ടോ? ബൈബിൾ കാലങ്ങളിലെ ദൈവജനത്തിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെ, യഹോവയിൽ അചഞ്ചലമായ വിശ്വാസം പ്രകടമാക്കുന്ന യുവജനങ്ങളും പ്രായമുള്ളവരുമായ സ്ത്രീപുരുഷന്മാരെ നാം കാണുന്നുവോ?
4 വിശ്വാസത്തിന്റെ ആധുനിക നാളിലെ ദൃഷ്ടാന്തങ്ങൾ: വിശ്വാസത്തിന്റെ മുന്തിയ ദൃഷ്ടാന്തങ്ങൾ നമുക്കുചുറ്റും കാണേണ്ടതാണ്! നമ്മുടെയിടയിൽ നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാരുടെ വിശ്വാസം അനുകരിക്കാൻതക്ക മൂല്യമുള്ളതാണ്. (എബ്രാ. 13:7) എന്നാൽ ഇവർ മാത്രമല്ല വിശ്വാസത്തിൽ മാതൃകായോഗ്യരായവർ. ഓരോ സഭയോടൊത്തും സഹവസിച്ചിരിക്കുന്ന വിശ്വസ്തരായവർ യഹോവക്കുള്ള വിശ്വസ്തസേവനത്തിന്റെ നീണ്ട രേഖയുള്ളവരാണ്, പലപ്പോഴും വളരെ വിഷമകരമായ സാഹചര്യങ്ങളിൽപോലും അവർ പറ്റിനിന്നിരിക്കുന്നു.
5 എതിർക്കുന്ന ഭർത്താക്കന്മാരിൽനിന്നു വർഷങ്ങളോളം എതിർപ്പു സഹിച്ച നമ്മുടെ വിശ്വസ്തരായ സഹോദരിമാരെയും നാം ആദരിക്കണം. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ളവർക്ക് ഒറ്റയ്ക്കു കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ വെല്ലുവിളിയെ നേരിടേണ്ടിയിരുന്നിട്ടുണ്ട്. നമ്മുടെയിടയിൽ പ്രായമേറിയ വിധവമാരുണ്ട്. തങ്ങളെ പ്രോത്സാഹിപ്പിക്കാൻ കുടുംബാംഗങ്ങൾ ഇല്ലായിരുന്നേക്കാമെങ്കിൽപ്പോലും അവർ സഭാപ്രവർത്തനങ്ങളിൽ മുടക്കം വരുത്തുന്നതേയില്ല. (ലൂക്കൊസ് 2:37 താരതമ്യം ചെയ്യുക.) വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ വിശ്വാസത്തിൽ നാം അതിശയിക്കുന്നു. സേവനത്തിന്റെ കൂടുതലായ പദവികളിൽ നിയമിക്കപ്പെടുന്നതിൽനിന്നു തടയുന്ന പരിമിതികളുണ്ടെങ്കിൽപോലും അനേകർ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുന്നു. സ്കൂളിലെ എതിർപ്പ് ഉണ്ടായിരുന്നിട്ടും ധൈര്യപൂർവം വിശ്വാസം പ്രകടമാക്കിയിരിക്കുന്ന യുവസാക്ഷികളുണ്ട്. വർഷംതോറും എണ്ണമറ്റ പ്രശ്നങ്ങളുടെ മുമ്പിൽ ഉറച്ചുനിൽക്കുന്ന വിശ്വസ്തരായ പയണിയർമാരെ നാം നിരീക്ഷിക്കുന്നതു നമ്മുടെ ദൈവികഭക്തി വർധിപ്പിക്കുന്നു. പൗലോസിനെപ്പോലെ, രാജ്യസേവനത്തിലെ മുഴു അനുഭവങ്ങളും ഈ സഹോദരീസഹോദരന്മാർ പ്രകടമാക്കിയ വിശ്വാസത്തിന്റെ പ്രവൃത്തികളും വിവരിക്കാൻ നാം ശ്രമിച്ചിരുന്നെങ്കിൽ സമയം തികയുമായിരുന്നില്ല!
6 വിശ്വസ്തരുടെ ഈ ദൃഷ്ടാന്തങ്ങൾ നമുക്ക് ആശ്വാസവും പ്രോത്സാഹനവും നൽകുന്നു. (1 തെസ്സ. 3:7, 8) അവരുടെ വിശ്വാസത്തെ അനുകരിക്കുന്നതിനായി പ്രവർത്തിക്കുന്നതു പ്രയോജനപ്രദമാണ്, കാരണം ‘വിശ്വസ്തത കാണിക്കുന്നവരിൽ [യഹോവ] പ്രസാദിക്കുന്നു.’—സദൃ. 12:22, NW.