പ്രസംഗിക്കാൻ യോഗ്യൻ ആർ?
1 ശുശ്രൂഷയോടുള്ള ബന്ധത്തിൽ നിങ്ങൾക്കെപ്പോഴെങ്കിലും മോശയെപ്പോലെ തോന്നിയിട്ടുണ്ടോ? അവൻ പറഞ്ഞു: “കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല.” (പുറ. 4:10) അപ്രകാരം തോന്നുന്നപക്ഷം നിങ്ങൾ പിന്മാറിനിൽക്കാനുള്ള പ്രവണത കാട്ടിയേക്കാം. എന്നാൽ യേശു, ‘ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ നമ്മോടു കൽപ്പിച്ചു.’ (പ്രവൃ. 10:42) അതുകൊണ്ട്, നാം എങ്ങനെ സുവാർത്തയുടെ യോഗ്യതയുള്ള പ്രസംഗകരായിത്തീരും?
2 ലൗകിക വിദ്യാഭ്യാസം എത്രത്തോളം ലഭിച്ചു എന്നതല്ല നമ്മെ ശുശ്രൂഷയ്ക്കു യോഗ്യരാക്കുന്നത്. “ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല” എന്നും “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ” എന്നും പൗലോസ് പറഞ്ഞു. (1 കൊരി. 1:26; 3:19) കൂലിവേല ചെയ്തു ജീവിക്കുന്നവരുടെ ഇടയിൽ നിന്നാണ് യേശു തന്റെ അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തത്—കുറഞ്ഞതു നാലു പേരെങ്കിലും മീൻപിടുത്തക്കാരായിരുന്നു. അഹങ്കാരികളായ മതനേതാക്കന്മാർ അവരെ “പഠിപ്പില്ലാത്തവരും സാമാന്യരു”മെന്നനിലയിൽ അവജ്ഞയോടെ വീക്ഷിച്ചു. ലൗകിക നിലവാരപ്രകാരം വിലയിരുത്തിയാൽ അപ്പോസ്തലന്മാർ പ്രസംഗിക്കാൻ അയോഗ്യരായിരുന്നു. എന്നിട്ടും, പെന്തക്കോസ്ത് ദിനത്തിൽ പത്രോസ് നടത്തിയ പ്രഗൽഭമായ പ്രസംഗം, 3,000 ആളുകളെ സ്നാപനമേൽക്കാൻ പ്രേരിപ്പിച്ചു!—പ്രവൃ. 2:14, 37-41; 4:13.
3 പ്രസംഗിക്കാൻ യഹോവ നമ്മെ യോഗ്യരാക്കുന്നു: പൗലോസ് ഇങ്ങനെ പ്രഖ്യാപിച്ചു: “ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.” (2 കൊരി. 3:5) ജ്ഞാനത്തിന്റെ ഉറവിടമായ യഹോവയാം ദൈവം, ദശലക്ഷക്കണക്കിനാളുകളെ രാജ്യസത്യം മറ്റുള്ളവരോടു പറയാൻ പഠിപ്പിച്ചിട്ടുണ്ട്. (യെശ. 54:13) ഈ വേലയുടെ ഫലപ്രദത്വവും സഫലതയും, ജീവിക്കുന്ന “ശ്ലാഘ്യപത്ര”ങ്ങളായ, കഴിഞ്ഞ വർഷം സ്നാപനമേറ്റ 3,38,491 ആളുകളിൽ കാണാവുന്നതാണ്. (2 കൊരി. 3:1-3) യഹോവയിൽനിന്നു പഠിച്ച കാര്യങ്ങൾ ധൈര്യത്തോടെയും ബോധ്യത്തോടെയും പ്രസംഗിക്കാനുള്ള എല്ലാ കാരണവും നമുക്കുണ്ട്.
4 ശുശ്രൂഷകർക്കുവേണ്ടി ദൈവസ്ഥാപനം ഒരു സാർവദേശീയ പരിശീലന പരിപാടി സ്ഥാപിച്ചിട്ടുണ്ട്. പ്രസംഗിക്കാൻ “തികച്ചും യോഗ്യൻ, . . . പൂർണമായി സജ്ജീകൃതൻ ആയിരിക്കേണ്ടതിന്” തിരുവെഴുത്തുകളും വിവിധതരത്തിലുള്ള ബൈബിൾ പഠനസഹായികളും മുഖേന നാം പഠിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നു. (2 തിമൊ. 3:16, 17, NW) സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ കാണപ്പെടുന്ന പാണ്ഡിത്യത്തിൽ അനേകർ മതിപ്പു പ്രകടമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു സ്വീഡിഷ് ആനുകാലിക പ്രസിദ്ധീകരണം ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന വിശ്വാസത്തിനു പിന്നിൽ, അതിശയിപ്പിക്കുന്നവിധത്തിലുള്ള ഉയർന്ന നിലവാരവും അന്താരാഷ്ട്ര വ്യാപ്തിയുള്ള ബൈബിൾ പാണ്ഡിത്യവും ഉണ്ട്.”
5 വാരംതോറുമുള്ള നമ്മുടെ അഞ്ചു യോഗങ്ങൾ, ബൈബിൾ വായനയ്ക്കും അധ്യയനത്തിനുമുള്ള നമ്മുടെ പരിപാടി, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ബുദ്ധ്യുപദേശം, അനുഭവപരിചയമുള്ള മറ്റു ശുശ്രൂഷകരിൽനിന്നുള്ള വ്യക്തിപരമായ സഹായം എന്നിവ മുഖാന്തരം ലഭിക്കുന്ന മാർഗനിർദേശവും എല്ലാറ്റിലുമുപരി യഹോവയുടെ പരിശുദ്ധാത്മാവിന്റെ പിന്തുണയും നിമിത്തം യഹോവ നമ്മെ പ്രസംഗിക്കാൻ തികച്ചും യോഗ്യരായി വീക്ഷിക്കുന്നുവെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാൻ സാധിക്കും. അതേ, നമ്മൾ “നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.”—2 കൊരി. 2:17.
6 ദൈവം തന്റെ സ്ഥാപനത്തിലൂടെ പ്രദാനം ചെയ്യുന്ന ദിവ്യാധിപത്യ പരിശീലനം മുഴുവനായി പ്രയോജനപ്പെടുത്തുന്നുവെങ്കിൽ, പിന്മാറിനിൽക്കാനോ ഭയപ്പെടാനോ ഉള്ള യാതൊരു കാരണവും നമുക്കില്ല. യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്ന ഉറപ്പോടെ സന്തോഷപൂർവം നമുക്കു മറ്റുള്ളവരോടു പ്രസംഗിക്കാൻ സാധിക്കും.—1 കൊരി. 3:6.