സുവാർത്ത പങ്കുവെക്കാനുള്ള യോഗ്യത എനിക്കുണ്ടോ?
1. സുവാർത്ത പങ്കുവെക്കാൻ നമുക്കു യോഗ്യതയില്ലെന്നു ചിന്തിക്കരുതാത്തത് എന്തുകൊണ്ട്?
1 നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ട! നമ്മെ ശുശ്രൂഷയ്ക്ക് യോഗ്യരാക്കുന്നത് നമ്മുടെ വിദ്യാഭ്യാസമോ ജന്മസിദ്ധമായ ഏതെങ്കിലും പ്രത്യേക കഴിവുകളോ അല്ല. “പഠിപ്പില്ലാത്തവരും സാധാരണക്കാരും” എന്നാണ് ചില ആദിമ ശിഷ്യന്മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. എങ്കിലും യേശുവിന്റെ മാതൃക പിൻപറ്റിയതിനാൽ അവർ സമർഥരായ സുവാർത്താ ഘോഷകരായിത്തീർന്നു.—പ്രവൃ. 4:13; 1 പത്രോ. 2:21.
2. യേശുവിന്റെ പഠിപ്പിക്കൽരീതിയുടെ ചില പ്രത്യേകതകൾ എന്തായിരുന്നു?
2 യേശു പഠിപ്പിച്ച വിധം: ലളിതവും ഗ്രഹിക്കാൻ എളുപ്പമുള്ളതുമായിരുന്നു യേശുവിന്റെ പഠിപ്പിക്കൽ രീതികൾ. അവൻ പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ കഴിയുന്നതുമായിരുന്നു. യേശു ഉപയോഗിച്ച ചോദ്യങ്ങൾ, ദൃഷ്ടാന്തങ്ങൾ, ലളിതമായ മുഖവുരകൾ എന്നിവയെല്ലാം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. (മത്താ. 6:26) ആളുകളിൽ അവന് ആത്മാർഥ താത്പര്യവുമുണ്ടായിരുന്നു. (മത്താ. 14:14) യേശു ആത്മവിശ്വാസത്തോടും ആധികാരികതയോടും കൂടെയാണു പ്രസംഗിച്ചത്. കാരണം, ആ നിയോഗം തനിക്കു നൽകിയത് യഹോവയാണെന്നും അതു നിറവേറ്റാൻ അവൻ തന്നെ ശക്തനാക്കുമെന്നും യേശുവിന് ഉറപ്പുണ്ടായിരുന്നു.—ലൂക്കോ. 4:18.
3. ശുശ്രൂഷ നിർവഹിക്കാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
3 യഹോവ സഹായമേകുന്നു: ഫലകരമായി സുവാർത്ത പങ്കുവെക്കാൻവേണ്ട പരിശീലനം തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും മഹാപ്രബോധകനായ യഹോവ നമുക്കു നൽകുന്നു. (യെശ. 54:13) യേശുവിന്റെ പഠിപ്പിക്കൽരീതിയെക്കുറിച്ചുള്ള ഒരു രേഖ എഴുതിവെക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നതിനാൽ, നമുക്ക് അതു പരിശോധിക്കാനും ആ രീതികൾ അനുകരിക്കാനും കഴിയും. കൂടാതെ, യഹോവ നമുക്കു പരിശുദ്ധാത്മാവിനെ നൽകുന്നു, സഭായോഗങ്ങളിലൂടെ നമ്മെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. (യോഹ. 14:26) ഇതിനെല്ലാം പുറമേ, പരിചയസമ്പന്നരായ പ്രസാധകരെയും യഹോവ നൽകുന്നു. സുവാർത്താ വേലയിലെ നമ്മുടെ കഴിവു വർധിപ്പിക്കാൻ അവർക്കു നമ്മെ സഹായിക്കാനാകും.
4. മറ്റുള്ളവരോടു സുവാർത്ത അറിയിക്കാൻ നമുക്കു യോഗ്യതയുള്ളത് എന്തുകൊണ്ട്?
4 സുവാർത്ത പ്രസംഗിക്കാൻ നാം യോഗ്യരാണെന്നതിന് തെല്ലും സംശയം വേണ്ട. കാരണം, നമ്മുടെ “യോഗ്യത ദൈവത്തിൽനിന്നാണു വരുന്നത്.” (2 കൊരി. 3:5) യഹോവയിൽ ആശ്രയിക്കുകയും ദിവ്യകരുതലുകൾ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ, നാം ‘സകല സത്പ്രവൃത്തികളും ചെയ്യാൻ പര്യാപ്തരായി തികഞ്ഞവർ ആയിത്തീരും.’—2 തിമൊ. 3:17.