ചോദ്യപ്പെട്ടി
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറിയിൽ ഏതു പ്രസിദ്ധീകരണങ്ങൾ വയ്ക്കണം?
ദൈവജനത്തിന്റെ പ്രയോജനത്തിനായി ധാരാളം ആത്മീയ പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. നിരവധി പ്രസാധകർക്ക് ഇവയെല്ലാം വ്യക്തിപരമായി കൈവശമില്ലാത്തതിനാൽ, രാജ്യഹാളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറി മറ്റു വിധങ്ങളിൽ ലഭ്യമല്ലാതിരുന്നേക്കാവുന്ന പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്താനുള്ള മാർഗം പ്രദാനം ചെയ്യുന്നു. അതുകൊണ്ട്, നിരവധി വ്യത്യസ്ത ബൈബിൾ ഭാഷാന്തരങ്ങൾ, സൊസൈറ്റിയുടെ നിലവിലുള്ള പ്രസിദ്ധീകരണങ്ങൾ, നമ്മുടെ രാജ്യ ശുശ്രൂഷയുടെ പ്രതികൾ, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയൻറിട്ട വാല്യങ്ങൾ, വീക്ഷാഗോപുര പ്രസിദ്ധീകരണങ്ങളുടെ സൂചികകൾ തുടങ്ങിയവയാൽ അതു നന്നായി സജ്ജീകൃതമായിരിക്കണം. അതിനുപുറമേ, ഒരു നല്ല ആധുനിക നിഘണ്ടുവും ഉണ്ടായിരിക്കണം. ലഭ്യമാണെങ്കിൽ, വിശ്വവിജ്ഞാനകോശങ്ങൾ, ഭൂപടങ്ങൾ, വ്യാകരണത്തിന്റെയും ചരിത്രത്തിന്റെയും പരാമർശ ഗ്രന്ഥങ്ങൾ എന്നിവയും ഉപയോഗപ്രദമായിരിക്കാം. എന്നിരുന്നാലും, നാം പ്രഥമ പരിഗണന നൽകേണ്ടത് “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കായിരിക്കണം.—മത്താ. 24:45.
ചില കേസുകളിൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറിയിൽ ചോദ്യംചെയ്യത്തക്ക സ്വഭാവമുള്ള പുസ്തകങ്ങൾ വെച്ചിട്ടുള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കൽപ്പിത സാഹിത്യങ്ങൾ, അമിതകൃത്തിപ്പിനെ വിശേഷവത്കരിക്കുന്ന ബൈബിൾ ഭാഷ്യങ്ങൾ, തത്ത്വശാസ്ത്രത്തെയോ ആത്മവിദ്യയെയോ സംബന്ധിച്ച പുസ്തകങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുകയില്ല. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറിയിൽ, അത് ഉപയോഗിക്കുന്നവരെ തുടർച്ചയായ ആത്മീയ പുരോഗതി വരുത്താൻ പ്രാപ്തമാക്കുന്ന വിഷയങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ.—1 തിമൊ. 4:15.
സ്കൂൾ മേൽവിചാരകനാണ് ലൈബ്രറിയുടെ ഉത്തരവാദിത്വം. അതിൽ ശ്രദ്ധിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാൻ മറ്റൊരു സഹോദരനെ നിയമിക്കാവുന്നതാണ്. പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുന്ന ഉടനെ അവ ഉൾപ്പെടുത്തിക്കൊണ്ട് ലൈബ്രറി കാലികമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. ഓരോ പുസ്തകത്തിന്റെയും അകത്തെ താളിൽ അത് ഏതു സഭയുടേതാണോ അതിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഏതെങ്കിലും പുസ്തകം കേടുപോക്കുകയോ പ്രതിസ്ഥാപിക്കുകയോ ചെയ്യേണ്ടതുണ്ടോയെന്ന് ഉറപ്പുവരുത്താൻ അവ വർഷംതോറും പരിശോധിക്കണം.
ലൈബ്രറിക്കാര്യം ശ്രദ്ധിക്കുന്നതിൽ എല്ലാവർക്കും സഹകരിക്കാൻ കഴിയും. പുസ്തകങ്ങൾ കൈകാര്യംചെയ്യുന്നതും ഉപയോഗിക്കുന്നതും ശ്രദ്ധാപൂർവമായിരിക്കണം. അവകൊണ്ടു കളിക്കാൻ കുട്ടികളെ അനുവദിക്കുകയോ ആരെങ്കിലും അതിൽ അടയാളപ്പെടുത്തുകയോ ചെയ്യരുത്. പുസ്തകങ്ങൾ രാജ്യഹാളിൽനിന്ന് എടുത്തുകൊണ്ടു പോകാനുള്ളവയല്ലെന്ന് ഓർമപ്പെടുത്താൻ ലളിതമായ കുറിപ്പോടുകൂടിയ ഒരു ബോർഡ് പ്രദർശിപ്പിക്കാവുന്നതാണ്.
പുതിയ സഭകൾ തുടർച്ചയായി രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ സാധ്യതയനുസരിച്ച് മിക്ക ലൈബ്രറികളും ചെറുതാണ്. നമ്മുടെ പഴയ പ്രസിദ്ധീകരണങ്ങൾ കൈവശമുള്ള പ്രസാധകർക്ക് അവ സഭയ്ക്കു സംഭാവനചെയ്യുന്നതിനെക്കുറിച്ചു പര്യാലോചിക്കാവുന്നതാണ്. വീക്ഷാഗോപുരത്തിന്റെ ബയൻറിട്ട വാല്യങ്ങളുടെ, സൊസൈറ്റിയുടെ പുനഃമുദ്രണങ്ങൾ ലഭ്യമാണെങ്കിൽ, അല്ലെങ്കിൽ ലഭ്യമാകുമ്പോൾ അവ ഓർഡർ ചെയ്യാൻ മൂപ്പൻമാർ ആഗ്രഹിച്ചേക്കാം. ഈ വിധങ്ങളിൽ, അറിവും ജ്ഞാനവും വിവേകവും നൽകുന്ന ദൈവവചനത്തിലെ മറഞ്ഞിരിക്കുന്ന നിധികൾ അനാവരണം ചെയ്യാൻ എല്ലാവരെയും സഹായിക്കുന്നതിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറി വളരെ പ്രയോജനപ്രദമാണെന്ന് തെളിയും.—സദൃ. 2:4-6.