പുതിയ രാജ്യഹാൾ ലൈബ്രറി ക്രമീകരണം
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ലൈബ്രറി എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യഹാൾ ലൈബ്രറിയുടെ ഉപയോഗത്തിൽനിന്ന് ലോകവ്യാപകമായുള്ള സഭകൾ വർഷങ്ങളായി പ്രയോജനം നേടിയിട്ടുണ്ട്. മുമ്പ് ഓരോ സഭയ്ക്കും സ്വന്തം ലൈബ്രറി ഉണ്ടായിരിക്കണമായിരുന്നു. എന്നിരുന്നാലും, ഇന്ന് പല രാജ്യഹാളുകളിലും ഒന്നിലധികം സഭകൾ കൂടിവരുന്നു. അവയിൽ ചിലത് വ്യത്യസ്ത ഭാഷകളിലുള്ള സഭകളാണ്. ഈ സാഹചര്യത്തിൽ, ഒരു രാജ്യഹാളിൽ കൂടിവരുന്ന ഒരേ ഭാഷ സംസാരിക്കുന്ന ആളുകൾക്കെല്ലാംകൂടി, നന്നായി സജ്ജീകരിച്ച കാലാനുസൃതമായി പുതുക്കിയ, ഒരു രാജ്യഹാൾ ലൈബ്രറി മാത്രം ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം. ഒന്നിലധികം ഓഡിറ്റോറിയങ്ങളുള്ള രാജ്യഹാളുകളിൽ, ഓരോ ഓഡിറ്റോറിയത്തിലും അവിടെ കൂടിവരുന്ന ഓരോ ഭാഷാ കൂട്ടത്തിനും ഒരു ലൈബ്രറി ഉണ്ടായിരിക്കേണ്ടതാണ്.
ഈ ക്രമീകരണം മുഖാന്തരം സ്ഥലവും ചെലവും ലാഭിക്കാൻ കഴിയും. കൂടാതെ, ഒരേ ഭാഷ ഉപയോഗിക്കുന്ന രണ്ടോ അതിലധികമോ സഭകളുടെ ലൈബ്രറികൾ ഒന്നിച്ചാക്കുമ്പോൾ സാധ്യതയനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട ലൈബ്രറികൾ രൂപീകൃതമാകുകയും ചെയ്യും. ലൈബ്രറികൾ ഇപ്രകാരം ഒന്നിപ്പിക്കുമ്പോൾ പുസ്തകങ്ങളുടെ കൂടുതൽ വരുന്ന പ്രതികൾ സൂക്ഷിച്ചുവെച്ചിട്ട് പുതിയ രാജ്യഹാളുകൾ പണിയുമ്പോൾ അവിടെ ഉപയോഗിക്കാവുന്നതാണ്. രാജ്യഹാളിൽ ഒരു കമ്പ്യൂട്ടറും അതിൽ സിഡി-റോമിലുള്ള വാച്ച്ടവർ ലൈബ്രറിയും ഉണ്ടെങ്കിൽ, ഈ ഗവേഷണോപകരണത്തിൽനിന്ന് പലരും പ്രയോജനം നേടിയേക്കാം.
ഓരോ രാജ്യഹാൾ ലൈബ്രറിയിലും, ഒരു സഹോദരൻ ലൈബ്രേറിയനായി സേവിക്കും, അത് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകന്മാരിൽ ഒരാളായിരിക്കുന്നതാണ് ഏറ്റവും നല്ലത്. അദ്ദേഹം അനുയോജ്യമായ പ്രസിദ്ധീകരണങ്ങൾ ക്രമാനുഗതമായി ഗ്രന്ഥശേഖരത്തോടു ചേർക്കുകയും ഓരോന്നിന്റെയും പുറംചട്ടയ്ക്കകത്തുള്ള താളിൽ രാജ്യഹാൾ ലൈബ്രറിയുടെ പ്രതിയാണ് അതെന്ന് വൃത്തിയായി അടയാളപ്പെടുത്തുകയും വേണം. പ്രസിദ്ധീകരണങ്ങൾ ഒന്നും കാണാതായിട്ടില്ല എന്നും അവയെല്ലാം നല്ല അവസ്ഥയിൽത്തന്നെ സൂക്ഷിക്കപ്പെടുന്നുണ്ടെന്നും വർഷത്തിൽ ഒരിക്കൽ എങ്കിലും അദ്ദേഹം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ ലൈബ്രറികളിലുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും രാജ്യഹാളിൽനിന്ന് എടുത്തുകൊണ്ടുപോകാൻ പാടുള്ളതല്ല.
സഭയുമായി സഹവസിക്കുന്ന എല്ലാവരും രാജ്യഹാൾ ലൈബ്രറി ക്രമീകരണത്തോട് തുടർന്നും വിലമതിപ്പുള്ളവരായിരിക്കും. ഈ ഗ്രന്ഥശേഖരം നന്നായി സൂക്ഷിച്ചുകൊണ്ടും “ദൈവപരിജ്ഞാനം” അന്വേഷിച്ചു കണ്ടെത്തുന്നതിന് അത് ഉപയോഗിച്ചുകൊണ്ടും നാം വ്യക്തിപരമായി ഈ കരുതലിനെ വിലമതിക്കുന്നു എന്ന് നമുക്കു തെളിയിക്കാം.—സദൃ. 2:5.