വിശ്വസ്തതയ്ക്കു പ്രതിഫലം
1 ദൈവം “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്ന് എബ്രായർ 11:6 നമ്മോടു പറയുന്നു. ‘അല്പത്തിൽ വിശ്വസ്തരായിരുന്ന’ തന്റെ സമർപ്പിത ദാസന്മാർക്ക് അവൻ പ്രതിഫലം നൽകുന്ന ഒരു വിധം, അവരെ ‘അധികത്തിന്നു വിചാരകരാക്കു’ന്നതാണ്. (മത്താ. 25:23) മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവ മിക്കപ്പോഴും ശുഷ്കാന്തിയോടെയുള്ള വേലയ്ക്കു പ്രതിഫലം നൽകുന്നത് തന്റെ വിശ്വസ്ത സാക്ഷികൾക്കു കൂടുതൽ സേവന പദവികൾ നൽകിക്കൊണ്ടാണ്.
2 അപ്പോസ്തലനായ പൗലൊസിന് തന്റെ വിശ്വസ്തതയ്ക്കു ലഭിച്ച പ്രതിഫലം ശുശ്രൂഷയ്ക്കുള്ള ഒരു പുതിയ നിയമനമായിരുന്നു. അതവനെ യൂറോപ്പിലും ഏഷ്യാമൈനറിലുമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊണ്ടെത്തിച്ചു. (1 തിമൊ. 1:12) ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നതിനു വളരെയേറെ പരിശ്രമം ആവശ്യമായിരുന്നെങ്കിൽക്കൂടി, പൗലൊസ് തനിക്കു ലഭിച്ച പദവിയെ വളരെയേറെ വിലമതിച്ചിരുന്നു. (റോമ. 11:13; കൊലൊ. 1:25) പ്രസംഗിക്കാനുള്ള അവസരങ്ങൾ ആത്മാർഥതയോടെ തേടിക്കൊണ്ട് അവൻ ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കി. തീക്ഷ്ണമായ പ്രവർത്തനത്തിലൂടെ അവൻ തന്റെ വിശ്വാസത്തിനൊത്തു ജീവിക്കുന്നുവെന്നു വ്യക്തമായി തെളിയിച്ചു. നമ്മുടെ സേവനപദവികളെ നിധിപോലെ കരുതാൻ അവന്റെ ദൃഷ്ടാന്തം നമ്മെ പ്രേരിപ്പിക്കുന്നു.
3 യഹോവ നമുക്കൊരു ശുശ്രൂഷ നൽകിയിരിക്കുന്നു: ഈ പ്രത്യേകപദവിയാകുന്ന പ്രതിഫലത്തോടു പൗലൊസ് കാണിച്ച അതേ മനോഭാവം നാം ഏതു വിധത്തിലാണു പ്രകടമാക്കുന്നത്? ശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിക്കാനുള്ള മാർഗങ്ങൾ നാം അന്വേഷിക്കുന്നു. അനൗപചാരിക സാക്ഷീകരണത്തിനും അതുപോലെ വീടുതോറുമുള്ള വേലയ്ക്കും ലഭിക്കുന്ന ഓരോ അവസരവും നാം പ്രയോജനപ്പെടുത്തുന്നു. നാം എല്ലാ ആളില്ലാഭവനങ്ങളും സന്ദർശിക്കുന്നതിനു ക്രമീകരണങ്ങൾ ചെയ്യുകയും താത്പര്യമുള്ള എല്ലാവർക്കും മടക്കസന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്നു. ക്രമീകരിക്കപ്പെട്ട കൃത്യസമയത്ത് നാം ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നു.
4 നമ്മുടെ ശുശ്രൂഷയെക്കുറിച്ച് പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “അതിൽ അടിയന്തിരതയോടെ ഏർപ്പെടുക.” (2 തിമൊ. 4:2, NW) ഒരു അടിയന്തിര സംഗതിക്ക് സത്വര ശ്രദ്ധ നൽകേണ്ടയാവശ്യമുണ്ട്. നാം ശുശ്രൂഷയ്ക്ക് നമ്മുടെ ജീവിതത്തിൽ മുൻഗണന നൽകിക്കൊണ്ട് ഒരു അടിയന്തിരാവശ്യമായിട്ടാണോ അതേറ്റെടുത്തിരിക്കുന്നത്? ഉദാഹരണത്തിന്, വയൽസേവനത്തിൽ ചെലവഴിക്കേണ്ട സമയത്തിൽ കൈകടത്താൻ വാരാന്തങ്ങളിലെ നമ്മുടെ വിനോദ പ്രവർത്തനങ്ങളെയും മറ്റു വ്യക്തിപരമായ അനുധാവനങ്ങളെയും അനുവദിക്കാൻ നാം ആഗ്രഹിക്കുകയില്ല. ഈ വ്യവസ്ഥിതിയുടെ അന്ത്യം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യം നമുക്കുള്ളതിനാൽ രാജ്യ സുവാർത്ത പ്രസംഗിക്കുകയെന്നതാണ് നമുക്കു ചെയ്യാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വേല എന്ന ബോധ്യവും നമുക്കുണ്ട്.
5 ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തത തെളിയിക്കാൻ സാധിക്കുന്നത് അവനോടു സത്യസന്ധതയും വിശ്വസ്തതയും പുലർത്തുന്നതിലൂടെയും അവൻ നമുക്കു നിയമിച്ചുതന്നിരിക്കുന്ന വേലയിൽ തുടർച്ചയായി ഏർപ്പെടുന്നതിലൂടെയുമാണ്. യഹോവ നമ്മുടെ വിശ്വസ്തതയ്ക്കു ധാരാളമായി പ്രതിഫലം നൽകത്തക്കവിധം നമുക്കു നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാം.