ശുശ്രൂഷയിൽ പുരോഗമിക്കുക
1 ദിവ്യപാതയിൽ നടക്കാനും അതിൽ ‘ഇനിയും അധികം വർധിച്ചുവരാനും’ പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (1 തെസ്സ. 4:1) ഇതു നമുക്ക് എന്തർഥമാക്കുന്നു? “ശുശ്രൂഷ നിറപടിയായി നിവർത്തിക്ക” എന്ന ലക്ഷ്യത്തിൽ, ആത്മീയ പ്രവർത്തനങ്ങളിൽ പൂർവാധികം ഏർപ്പെടാൻ നാം വഴികൾ തേടണം.—2 തിമൊ. 4:5.
2 ആന്തരം: സ്രഷ്ടാവിനെ കൂടുതൽ മെച്ചമായി സേവിക്കാനുള്ള ആഗ്രഹമാണ് ശുശ്രൂഷയിൽ പുരോഗമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത്. അതുകൊണ്ട് ആത്മീയമായി വളരാൻ നാം ആഗ്രഹിക്കുന്നു, ശുശ്രൂഷയുടെ ഗുണമേന്മ വർധിപ്പിക്കാനും നാം ശ്രമിക്കുന്നു. ശരിയായ ആന്തരത്തോടെയുള്ള നല്ലൊരു ദിനചര്യ ദിവ്യാധിപത്യ ലാക്കുകളിലെത്താൻ നമ്മെ സഹായിക്കും.—സങ്കീ. 1:1, 2; ഫിലി. 4:6; എബ്രാ. 10:24, 25.
3 ശുശ്രൂഷ വികസിപ്പിക്കാൻ ആത്മത്യാഗത്തോടെയുള്ള കൊടുക്കൽമനോഭാവം നാം വളർത്തിയെടുക്കണം. യേശുവിന്റെ ഉത്തമ മാതൃകയെക്കുറിച്ചു പ്രാർഥനാപൂർവം ധ്യാനിക്കുന്നതിലൂടെ നമുക്കതിനു കഴിയും. (മത്താ. 20:28) തന്റെ ശുശ്രൂഷക്കാലത്തുടനീളം, മറ്റുള്ളവരെ സേവിച്ചതിന്റെ മഹാസന്തോഷം യേശുവിന് ആസ്വദിക്കാനായി. (പ്രവൃ. 20:35) മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം കാണിച്ചുകൊണ്ടും ശുശ്രൂഷയിൽ പുരോഗമിക്കാനുള്ള അവസരങ്ങൾ തത്ക്ഷണം പ്രയോജപ്പെടുത്തിക്കൊണ്ടും നമുക്കവനെ അനുകരിക്കാൻ കഴിയും.—യെശ. 6:8.
4 മാതാപിതാക്കളുടെ പങ്ക്: മറ്റുള്ളവരെ സേവിക്കാനും ശുശ്രൂഷ വികസിപ്പിക്കാനുമുള്ള ആഗ്രഹം ചെറുപ്പത്തിൽത്തന്നെ മക്കളിൽ ഉൾനടാനാകും. കുടുംബാംഗങ്ങളുടെ ഉത്സാഹവും ശുശ്രൂഷ വികസിപ്പിക്കാനുള്ള ആത്മാർഥശ്രമവും കുട്ടികളിൽ പ്രഭാവംചെലുത്തും. വല്യപ്പനോടൊപ്പം ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ ഫലമായി കുഞ്ഞുന്നാളിൽത്തന്നെ ശുശ്രൂഷയിൽ പുരോഗതിവരുത്താൻ ഒരു സഹോദരൻ പ്രേരിതനായി. വല്യപ്പന്റെ ഉത്സാഹവും സന്തോഷവും, സഹോദരങ്ങളെ സേവിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ അവനെ പ്രേരിപ്പിച്ചു. ഇപ്പോൾ അദ്ദേഹമൊരു ശുശ്രൂഷാദാസനാണ്.
5 ഒരു ആഗോള ആവശ്യം: “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു.” (1 തിമൊ. 3:1) യഹോവയുടെ സംഘടനയിൽ കൂടുതലായ സേവനപദവികൾ എത്തിപ്പിടിക്കാൻ ഈ വാക്കുകൾ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. അതിനു പ്രത്യേക വൈദഗ്ധ്യങ്ങളോ അസാധാരണ കഴിവുകളോ ആവശ്യമില്ല. മറിച്ച്, പുരോഗമിക്കാൻ ആഗ്രഹിക്കുന്നവർ, മുമ്പേ രാജ്യം അന്വേഷിക്കുകയും ശുശ്രൂഷയിൽ സതീക്ഷ്ണം ഏർപ്പെടുകയും ചെയ്യും. (മത്താ. 6:33; 2 തിമൊ. 4:5) മറ്റുള്ളവർക്കു നല്ല മാതൃകയായിരിക്കാൻ അവർ ശ്രമിക്കും.
6 യഹോവ തന്റെ ജനത്തിന്റെ കൂട്ടിച്ചേർപ്പ് ത്വരിതപ്പെടുത്തുകയാണ്. (യെശ. 60:22) യേശുവിന്റെ കാൽച്ചുവടു പിൻപറ്റുന്നവരെല്ലാം ശുശ്രൂഷയിൽ പുരോഗമിക്കേണ്ടത് അടിയന്തിരമാണ്. സേവനവർഷം 2006-ൽ 2,48,327 പേർ—ദിവസവും ശരാശരി 680-ലധികം പേർ—സ്നാനമേറ്റതായി നമ്മുടെ ലോകവ്യാപക റിപ്പോർട്ട് കാണിക്കുന്നു! ശുശ്രൂഷയിൽ ഇനിയുമധികം പുരോഗമിക്കാൻ നമുക്കെല്ലാം തുടർന്നും പരിശ്രമിക്കാം.