നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ
1 നാൽപ്പതിലധികം വർഷം മുമ്പ്, “നിങ്ങൾ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുന്നുണ്ടോ?” എന്ന ശീർഷകത്തിൽ ഒരു ലേഖനം 1955 ജനുവരി 15, വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) പ്രത്യക്ഷപ്പെട്ടു. രാജ്യവേല വർധിപ്പിക്കാൻ കഴിയത്തക്കവിധം ശുശ്രൂഷയിലെ തങ്ങളുടെ വ്യക്തിഗത ശ്രമങ്ങൾ മെച്ചപ്പെടുത്താൻ യഹോവയുടെ ജനത്തിന് എങ്ങനെ സാധ്യമായേക്കാം എന്ന് അതു സ്നേഹപുരസ്സരം ചൂണ്ടിക്കാട്ടി. നാം കൂടുതൽ അഭിവൃദ്ധി വരുത്തുന്നതിൽ തുടരവേ ആ നല്ല ഉപദേശം ഇന്നും ബാധകമാണ്.
2 നമ്മുടെ എല്ലാ സേവനത്തിന്റെയും പ്രേരകഘടകം ആയിരിക്കേണ്ടത് ഈ ഏറ്റവും വലിയ കൽപ്പനയാണ്: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” (മർക്കൊ. 12:30) രാജ്യവേലയെ ഉന്നമിപ്പിക്കാൻ ലഭ്യമായ എല്ലാ അവസരങ്ങളും പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് യഹോവയോടു സമ്പൂർണ സ്നേഹം നാം പ്രകടമാക്കുന്നു. നിങ്ങളുടെ ശുശ്രൂഷയെ വികസിപ്പിച്ചേക്കാവുന്ന താഴെ പറയുന്ന വിധങ്ങൾ പരിചിന്തിക്കുക.
3 നിങ്ങളുടെ ഉത്തരവാദിത്വമേൽക്കുക: സമർപ്പിത സഹോദരന്മാർക്കു ശുശ്രൂഷാദാസന്മാരായി യോഗ്യത പ്രാപിക്കുന്നതിനും പിന്നീടു മൂപ്പന്മാരായി സേവിക്കുന്നതിനു പുരോഗതി വരുത്തുന്നതിനും പരിശ്രമിക്കാവുന്നതാണ്. 1991 മെയ് 1 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾ എത്തിപ്പിടിക്കുന്നുവോ?,” “നിങ്ങൾ സേവിക്കാൻ യോഗ്യനോ?” എന്നീ ലേഖനങ്ങൾ സഭാ ഉത്തരവാദിത്വങ്ങൾക്കു തങ്ങളെത്തന്നെ ലഭ്യരാക്കാൻ അനേകം സഹോദരന്മാരെ പ്രേരിപ്പിച്ചിട്ടുണ്ട്. എത്തിപ്പിടിക്കാനും യോഗ്യത നേടാനും ഉള്ള പ്രത്യേക നിർദേശങ്ങൾക്കായി നിങ്ങൾക്കു നിങ്ങളുടെ സഭയിലെ മൂപ്പന്മാരോടു ചോദിക്കാവുന്നതാണ്.
4 ഏകാകികളായ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ശുശ്രൂഷാ പരിശീലന സ്കൂളിന് അപേക്ഷിക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. 1986-1995, 1996, 1997 എന്നീ വർഷങ്ങളിലെ വാച്ച്ടവർ പ്രസിദ്ധീകരണ സൂചികകളിൽ (ഇംഗ്ലീഷ്) “ശുശ്രൂഷാ പരിശീലനസ്കൂൾ എന്നതിൻ കീഴിലെ പരാമർശങ്ങൾ വായിച്ചുകൊണ്ട് നിങ്ങൾക്ക് ഈ സ്കൂളിനോടു ബന്ധപ്പെട്ട വിവരങ്ങളുമായി പരിചിതരാകാവുന്നതാണ്. മുമ്പിൽ തുറന്നുകിടക്കുന്ന പ്രവർത്തനത്തിന്റെ ‘വലിയ വാതിൽ’ നിങ്ങൾ കാണുന്നുവോ? (1 കൊരി. 16:9എ) പ്രവർത്തനത്തിന്റെ ഈ വലിയ വാതിൽ കടന്നെത്തിയ പല സഹോദരന്മാരും ഇപ്പോൾ ആസ്വദിക്കുന്ന സേവനപദവികൾ എല്ലാമൊന്നും തങ്ങൾക്കു ലഭിക്കുമെന്നു ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. ഇന്ന് അവർ ബെഥേലിൽ സേവിക്കുന്നു, അല്ലെങ്കിൽ പ്രത്യേക പയനിയർമാരായോ മിഷനറിമാരായോ സഞ്ചാര മേൽവിചാരകന്മാരായോ വയലിൽ സേവിക്കുന്നു.
5 മുഴുസമയ സേവനം എത്തിപ്പിടിക്കുക: ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ചെറുപ്പക്കാർ, വീട്ടമ്മമാർ, ലൗകിക തൊഴിലിൽ നിന്നു വിരമിച്ചവർ എന്നിവർ പയനിയറിങ്ങിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. 1998 ജൂലൈയിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം പുനരവലോകനം ചെയ്യുക. എന്നിട്ട് നിങ്ങളുടേതിനു സമാനമായ ജീവിത സാഹചര്യങ്ങളുണ്ടായിരുന്ന പയനിയർമാരോടു സംസാരിക്കുക. അവരെപ്പോലെ പയനിയറിങ് ചെയ്തുകൊണ്ട് നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ നിങ്ങൾക്കു പ്രചോദനം ലഭിച്ചേക്കാം. (1 കൊരി. 11:1) നിങ്ങളുടെ പ്രവർത്തനം ഒരു മാസം 70 മണിക്കൂറായി വർധിപ്പിച്ചുകൊണ്ട് ഒരു സാധാരണ പയനിയർ ആയി സേവിക്കാൻ നിങ്ങൾക്കാകുമോ?
6 17,000-ത്തിൽ അധികം സഹോദരങ്ങൾ ലോകത്തിനു ചുറ്റുമുള്ള ബ്രാഞ്ച് ഓഫീസുകളിലും ബെഥേൽ ഭവനങ്ങളിലുമായി ഇപ്പോൾ സേവിക്കുന്നുണ്ട്. അത്തരം സേവനത്തിന് അപേക്ഷിക്കാൻ ആവശ്യമായിരിക്കുന്നത് എന്തെന്ന് 1995 നവംബറിലെ നമ്മുടെ രാജ്യശുശ്രൂഷ ചർച്ച ചെയ്തിട്ടുണ്ട്. ബെഥേൽ സേവനമെന്ന അതുല്യ പദവിക്കു യോഗ്യത നേടിയേക്കാവുന്ന ഒരുവനാണോ നിങ്ങളെന്നു തീരുമാനിക്കാൻ ആ അനുബന്ധം വായിക്കരുതോ?
7 ആവശ്യം അധികമുള്ളിടത്തു സേവിക്കുക: കൂടെക്കൂടെ പ്രവർത്തിക്കുന്ന സ്ഥലത്തോ വേലയിൽ വളരെയധികം സഹോദരങ്ങൾ പങ്കുപറ്റുന്ന സ്ഥലത്തോ ആണോ നിങ്ങൾ താമസിക്കുന്നത്? ആവശ്യം അധികമുള്ളിടത്തേക്കു മാറിപ്പാർത്തുകൊണ്ട് ശുശ്രൂഷ വികസിപ്പിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോൾ മാറ്റം കൂടുതൽ വേലക്കാരെ ആവശ്യമുള്ള ഒരു സമീപ ഗ്രാമപ്രദേശത്തേക്ക് ആയിരിക്കാവുന്നതാണ്. (മത്താ. 9:37, 38) ധൃതി കൂട്ടി അങ്ങനെ ചെയ്യരുത്. പ്രാർഥനാപൂർവകമായ പരിഗണന അതിനു കൊടുക്കണം. (ലൂക്കൊ. 14:28-30) നിങ്ങളുടെ സാഹചര്യം മൂപ്പന്മാരും സഞ്ചാര മേൽവിചാരകന്മാരും ആയി ചർച്ച ചെയ്യുക. ഇപ്പോൾ അത്തരം ഒരു മാറ്റം ബുദ്ധിപൂർവകമാണോ അതോ ഭാവിയിൽ അങ്ങനെ ചെയ്യാൻ ആസൂത്രണം ചെയ്യുന്നതാണോ മെച്ചമെന്നു കാണാൻ അവർ നിങ്ങളെ സഹായിക്കും. എങ്ങോട്ടു പോകാൻ കഴിയും എന്നതു സംബന്ധിച്ച നിർദേശത്തിനായി സൊസൈറ്റിക്ക് എഴുതാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ കത്തിന്റെ കൂടെ സഭാ സേവനക്കമ്മിറ്റി ഒപ്പിട്ട ഒരു കത്തും ഉണ്ടായിരിക്കണം.
8 നിങ്ങളുടെ സേവനത്തിന്റെ ഗുണം മെച്ചപ്പെടുത്തുക: വയൽസേവനത്തിന്റെ ഗുണം മെച്ചപ്പെടുത്തിക്കൊണ്ട് നമുക്കെല്ലാവർക്കും കൂടുതൽ തികവോടെ ശുശ്രൂഷയിൽ പങ്കുപറ്റാൻ സാധിക്കും. വീടുതോറുമുള്ള വേല, അനൗപചാരിക സാക്ഷീകരണം, മടക്കസന്ദർശനം, ബൈബിളധ്യയനം എന്നിങ്ങനെ വേലയുടെ എല്ലാ വശങ്ങളിലും നിങ്ങൾ പങ്കുപറ്റുന്നുണ്ടോ? നിങ്ങൾ ഒരു ബൈബിളധ്യയനം നടത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ പഠിപ്പിക്കൽ കല മെച്ചപ്പെടുത്താൻ സാധിക്കുമോ? സമർപ്പണവും സ്നാപനവും എന്ന ഘട്ടത്തോളം എത്താൻ നിങ്ങളുടെ അധ്യേതാവിനെ പ്രചോദിപ്പിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിർദേശങ്ങൾക്കായി 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം പുനരവലോകനം ചെയ്യുന്നതു നന്നായിരിക്കും.
9 നമ്മുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിനും അഭിവൃദ്ധി വരുത്തുന്നതിനും ഉള്ള വിധങ്ങളെ സംബന്ധിച്ച കൂടുതൽ വിശദമായ ഒരു ചർച്ച നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽ കാണാവുന്നതാണ്. തീർച്ചയായും, ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ നാമെല്ലാവരും ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങൾക്ക് എന്തുകൊണ്ട് ഗൗരവമായ പരിഗണന കൊടുത്തുകൂടാ? 1 തിമൊഥെയൊസ് 4:15-ലെ ഉദ്ബോധനം അനുസരിക്കുക: “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.”