നിങ്ങൾ കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നുവോ?
1 യേശു രാജ്യത്തെ അമൂല്യമായ ഒരു നിധിയോട് ഉപമിച്ചു. (മത്താ. 13:44-46) രാജ്യസുവാർത്ത പ്രചരിപ്പിക്കുന്ന വേലയും അമൂല്യമായ ഒരു നിധിയാണ്. ഈ ശുശ്രൂഷയിൽ പൂർണമായ ഒരു പങ്ക് ഉണ്ടായിരിക്കാൻ ഒരളവോളം ആത്മത്യാഗം ആവശ്യമാണെങ്കിലും, അതിനായിരിക്കണം നമ്മുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം. (മത്താ. 6:19-21) രാജ്യസേവനത്തിൽ കൂടുതൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
2 ഈ അവശ്യ കാര്യങ്ങൾ പരിചിന്തിക്കുക: ശുശ്രൂഷയിലെ നമ്മുടെ വ്യക്തിപരമായ പങ്ക് വർധിപ്പിക്കുന്നതിനു പല സംഗതികൾ ആവശ്യമാണ്: (1) രാജ്യ താത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാൻ ദൃഢചിത്തരായിരിക്കണം (മത്താ. 6:33); (2) വിശ്വാസം പ്രകടമാക്കുകയും യഹോവയിൽ ആശ്രയിക്കുകയും വേണം (2 കൊരി. 4:1, 7); (3) ആത്മാർഥവും നിരന്തരവുമായ പ്രാർഥനയിലൂടെ ദൈവത്തിന്റെ സഹായം തേടണം (ലൂക്കൊ. 11:8-10); (4) പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം.—യാക്കോ. 2:14, 17.
3 നമ്മുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ: ഓരോ മാസവും ക്രമമായി ശുശ്രൂഷയിൽ കുറച്ചു സമയം ചെലവഴിക്കുക എന്ന അടിസ്ഥാന ലക്ഷ്യം നമുക്കെല്ലാം ഉണ്ടായിരിക്കാവുന്നതാണ്. എന്നാൽ അനൗപചാരിക സാക്ഷീകരണത്തിനുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതിനെയും അവതരണങ്ങൾ കൂടുതൽ അർഥവത്താക്കുന്നതിനെയും മടക്കസന്ദർശനങ്ങളുടെ ഫലപ്രദത്വം വർധിപ്പിക്കുന്നതിനെയും പുരോഗമനാത്മകമായ ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ ശ്രമിക്കുന്നതിനെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾക്ക് സഹായ പയനിയറിങ് അല്ലെങ്കിൽ സാധാരണ പയനിയറിങ് നടത്താനോ ആവശ്യം അധികമുള്ളിടത്തു സേവിക്കാനോ കഴിയുമോ? നിങ്ങൾ സ്നാപനമേറ്റ ഒരു സഹോദരനാണെങ്കിൽ ഒരു ശുശ്രൂഷാ ദാസനോ മൂപ്പനോ ആയിത്തീരുന്നതിനുള്ള യോഗ്യതയിൽ എത്തിച്ചേരാനാകുമോ? (1 തിമൊ. 3:1, 10) രാജ്യ ശുശ്രൂഷാ സ്കൂളിൽ പങ്കെടുക്കുന്നതിന് അപേക്ഷിച്ചുകൊണ്ട് നിങ്ങൾക്കു ശുശ്രൂഷ വികസിപ്പിക്കാനാകുമോ?—ലൂക്കൊ. 10:2.
4 സ്പോർട്സിൽ വളരെയധികം സമയം ചെലവഴിച്ചിരുന്ന മുഴുസമയ ജോലിക്കാരനായ ഒരു സഹോദരനെ സാധാരണ പയനിയറിങ് ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുകയുണ്ടായി. അദ്ദേഹം സഹായ പയനിയറിങ് തുടങ്ങി, തുടർന്ന് തന്റെ കാര്യാദികൾ ക്രമീകരിച്ചുകൊണ്ട് മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. അദ്ദേഹം പിന്നീട് രാജ്യ ശുശ്രൂഷാ സ്കൂളിൽ പങ്കെടുത്തു, അത് അദ്ദേഹം ഇപ്പോൾ ആസ്വദിക്കുന്ന സർക്കിട്ട് മേൽവിചാരക നിയമനം ഏറ്റെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. ലഭിച്ച പ്രോത്സാഹനത്തോട് അനുകൂലമായി പ്രതികരിച്ചതിൽ അദ്ദേഹം ഇപ്പോൾ വളരെ സന്തുഷ്ടനാണ്. രാജ്യസേവനത്തിൽ കൂടുതൽ ചെയ്യാനുള്ള തന്റെ തീരുമാനം തന്നെ ഏറെ സന്തുഷ്ടനാക്കിയെന്ന് അദ്ദേഹം പറയുന്നു.
5 തങ്ങളെത്തന്നെ ലഭ്യമാക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു. (യെശ. 6:8) നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിൽനിന്നും തത്ഫലമായി ഉണ്ടാകുന്ന വർധിച്ച സംതൃപ്തിയും നവോന്മേഷവും ആസ്വദിക്കുന്നതിൽനിന്നും യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ.