പുതിയ സേവനവർഷത്തേക്കുള്ള മൂല്യവത്തായ ഒരു ലാക്ക്
1. പുതിയ സേവനവർഷത്തിലേക്കു നമുക്കു വെക്കാനാകുന്ന ഒരു ലാക്ക് എന്താണ്?
1 ആത്മീയ പുരോഗതി വരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ നാം ലാക്കുകൾ വെക്കേണ്ടതുണ്ട്. പുതിയ സേവനവർഷത്തേക്ക് നിങ്ങൾ എന്തെല്ലാം ലാക്കുകളാണു വെച്ചിരിക്കുന്നത്? ഒന്നോ അതിലധികമോ മാസം സഹായ പയനിയറിങ് ചെയ്യുക എന്നതാണ് ഉത്കൃഷ്ടമായ ഒരു ലാക്ക്. ആസ്വാദ്യമായ ഈ വേലയ്ക്ക് മുന്നമേയുള്ള ആസൂത്രണം ആവശ്യമായതിനാൽ അതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങാനുള്ള ഉചിതമായ സമയം ഇപ്പോഴാണ്. സഹായ പയനിയറിങ് ഒരു ലക്ഷ്യമാക്കേണ്ടത് എന്തുകൊണ്ട്?
2. സഹായ പയനിയറിങ് ഒരു ലക്ഷ്യമാക്കേണ്ടത് എന്തുകൊണ്ട്?
2 സഹായ പയനിയറിങ്ങിനുള്ള കാരണങ്ങൾ: ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ട് നമ്മുടെ സ്വർഗീയ പിതാവിനെ “ഇനിയും അധികം” പ്രസാദിപ്പിക്കാൻ സഹായ പയനിയറിങ് നമ്മെ സഹായിക്കും. (1 തെസ്സ. 4:1) യഹോവ നമുക്കായി ചെയ്തിരിക്കുന്ന എല്ലാറ്റിനെക്കുറിച്ചും ചിന്തിക്കുമ്പോൾ അവനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കാൻ നമ്മുടെ ഹൃദയം പ്രേരിതമാകും. (സങ്കീ. 34:1, 2) ശുശ്രൂഷയിൽ കൂടുതൽ ചെയ്യുന്നതിനായി നാം ചെയ്യുന്ന ത്യാഗങ്ങൾ അവൻ നിരീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. (എബ്രാ. 6:10) കഠിനശ്രമം ചെയ്ത് നാം യഹോവയെ പ്രസാദിപ്പിക്കുന്നു എന്ന തിരിച്ചറിവ് നമുക്കു വർധിച്ച സന്തോഷമേകും.—1 ദിന. 29:9.
3, 4. സഹായ പയനിയറിങ് ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
3 സാധാരണഗതിയിൽ ഒരു കാര്യം നിങ്ങൾ എത്ര കൂടുതൽ ചെയ്യുന്നുവോ അത് അത്ര എളുപ്പവും ആസ്വാദ്യവുമായിത്തീരും. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പിരിമുറുക്കം കൂടാതെ വീടുതോറും പ്രസംഗിക്കാൻ നിങ്ങളെ സഹായിക്കും. സംഭാഷണങ്ങൾക്കു തുടക്കമിടുന്നതിലും ബൈബിൾ ഉപയോഗിക്കുന്നതിലും നിങ്ങൾ വിദഗ്ധരാകും. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനനുസരിച്ച് അത് കൂടുതൽ ശക്തമായിത്തീരും. മുമ്പു ബൈബിളധ്യയനം ഇല്ലാതിരുന്ന അനേകർക്കും സഹായ പയനിയറിങ് മൂലം അധ്യയനം തുടങ്ങാനായിട്ടുണ്ട്.
4 ചിലരുടെ കാര്യത്തിൽ, വിരസമായ ആത്മീയചര്യയിൽനിന്നു പുറത്തുവരാൻ സഹായ പയനിയറിങ് ഒരു പ്രോത്സാഹനമായി ഉതകിയേക്കാം. തന്റെ തൊഴിലിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നു തിരിച്ചറിഞ്ഞ ഒരു മുൻ സാധാരണ പയനിയർ ഒരു മാസം സഹായ പയനിയറിങ് ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആ ഒരു മാസംകൊണ്ട് ഞാൻ ആത്മീയമായി എത്രമാത്രം ഉന്മേഷവാനായി എന്നത് എനിക്കു വിശ്വസിക്കാനായില്ല! തുടർച്ചയായി സഹായ പയനിയറിങ് ചെയ്യാൻ ഞാൻ ക്രമീകരണങ്ങൾ ചെയ്തു. വീണ്ടും ഒരു സാധാരണ പയനിയർ ആയിത്തീരാൻ അതെന്നെ സഹായിച്ചു.”
5. പ്രാപ്തി കുറവാണെന്ന തോന്നലിനെ എങ്ങനെ മറികടക്കാനായേക്കും?
5 തടസ്സങ്ങൾ തരണംചെയ്യുക: തങ്ങൾക്കു പ്രസംഗിക്കാനുള്ള കഴിവൊന്നുമില്ലെന്നു കരുതുന്ന ചിലർ സഹായ പയനിയറിങ്ങിന് അപേക്ഷിക്കാൻ മടിച്ചേക്കാം. നിങ്ങളെ തടയുന്നത് അതാണെങ്കിൽ യിരെമ്യാവിന്റെ കാര്യത്തിലെന്നപോലെ നിങ്ങളെയും സഹായിക്കാൻ യഹോവയ്ക്കു കഴിയും. (യിരെ. 1:6-10) മോശെ “വിക്കനും തടിച്ചനാവുള്ളവനും” ആയിരുന്നിട്ടും തന്റെ ഹിതം നിറവേറ്റാൻ യഹോവ അവനെ ഉപയോഗിച്ചു. (പുറ. 4:10-12) നിങ്ങൾക്കു പ്രാപ്തി കുറവാണെന്നു തോന്നുന്നെങ്കിൽ ധൈര്യത്തിനായി യഹോവയോടു യാചിക്കുക.
6. ആരോഗ്യപ്രശ്നങ്ങളോ തിരക്കേറിയ പട്ടികയോ ഉണ്ടെങ്കിലും സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞേക്കാവുന്നത് എങ്ങനെ?
6 ആരോഗ്യപ്രശ്നങ്ങളോ തിരക്കേറിയ പട്ടികയോ നിമിത്തമാണോ നിങ്ങൾ അപേക്ഷിക്കാത്തത്? നിങ്ങൾ ഒരു രോഗിയാണെങ്കിൽ നിങ്ങളുടെ ആരോഗ്യം അനുവദിക്കുന്നതിന് അനുസരിച്ചു പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നപക്ഷം ഒരു സഹായ പയനിയറായി സേവിക്കാനായേക്കും. നിങ്ങൾ വളരെ തിരക്കുള്ള വ്യക്തിയാണെങ്കിൽ അത്ര അത്യാവശ്യമല്ലാത്ത ചില കാര്യങ്ങൾ അടുത്ത മാസത്തേക്കു മാറ്റിവെക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. മുഴുസമയ ജോലിയുള്ള ചിലർക്ക് ഒന്നോ രണ്ടോ ദിവസം അവധിയെടുത്തുകൊണ്ട് സമയം വിലയ്ക്കുവാങ്ങി സഹായ പയനിയറിങ് ചെയ്യാനായിട്ടുണ്ട്.—കൊലൊ. 4:5, NW.
7. സഹായ പയനിയറിങ് ഒരു പ്രാർഥനാ വിഷയമാക്കുന്നതു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
7 അത് എങ്ങനെ ചെയ്യാം: നിങ്ങളുടെ ആഗ്രഹം പ്രാർഥനാ വിഷയമാക്കുക. ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കാനായി യഹോവയോട് അപേക്ഷിക്കുക. (റോമ. 12:11-13) നിങ്ങളുടെ പട്ടികയിൽ എങ്ങനെ പൊരുത്തപ്പെടുത്തൽ വരുത്താം എന്നതു സംബന്ധിച്ച ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ അവനു നിങ്ങളെ സഹായിക്കാനാകും. (യാക്കോ. 1:5) നിങ്ങൾക്കു പയനിയറിങ് ചെയ്യാൻ താത്പര്യം തോന്നുന്നില്ലെങ്കിൽ, പ്രസംഗവേലയിൽ സന്തോഷം കണ്ടെത്തുന്നതിനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക.—ലൂക്കൊ. 10:1, 17.
8. സദൃശവാക്യങ്ങൾ 15:22 ബാധകമാക്കുന്നത് സഹായ പയനിയറിങ് ചെയ്യാൻ നിങ്ങളെ എങ്ങനെ സഹായിച്ചേക്കാം?
8 സഹായ പയനിയറിങ് എന്ന ലാക്കിനെക്കുറിച്ചു കുടുംബം ഒത്തൊരുമിച്ചു ചർച്ച ചെയ്യുക. (സദൃ. 15:22) കുടുംബത്തിലെ മറ്റുള്ളവരുടെ പിന്തുണയോടെ ഒരംഗത്തിനു സഹായ പയനിയറിങ് ചെയ്യാനായേക്കും. പയനിയറിങ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് സഭയിലെ മറ്റുള്ളവരുമായി വിശേഷിച്ചും സമാനമായ സാഹചര്യങ്ങളുള്ളവരുമായി ചർച്ച ചെയ്യുക. ഇത് അതിയായ ഉത്സാഹത്തോടെ സഹായ പയനിയറിങ് ചെയ്യാൻ അവർക്കും ഒരു പ്രചോദനമായേക്കാം.
9. സഹായ പയനിയറിങ്ങിനായി ഏതെല്ലാം മാസങ്ങളായിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുക?
9 പുതിയ സേവനവർഷത്തേക്കുള്ള നിങ്ങളുടെ ദിവ്യാധിപത്യ കലണ്ടർ നോക്കിയാൽ ഏതു മാസമായിരിക്കും നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാൻ കഴിയുക? നിങ്ങൾ മുഴുസമയ ജോലിയുള്ള ഒരാളോ വിദ്യാർഥിയോ ആണെങ്കിൽ അവധി ദിനങ്ങളോ അഞ്ചു ശനിയാഴ്ചയോ ഞായറാഴ്ചയോ ഉള്ള മാസങ്ങൾ നിങ്ങൾ കണക്കിലെടുത്തേക്കാം. ഉദാഹരണത്തിന് സെപ്റ്റംബർ, ഡിസംബർ, മാർച്ച്, ആഗസ്റ്റ് എന്നീ മാസങ്ങൾക്ക് അഞ്ചു പൂർണ വാരാന്തങ്ങളുണ്ട്. മേയിൽ അഞ്ചു ശനിയാഴ്ചയും ജൂണിൽ അഞ്ചു ഞായറാഴ്ചയും ഉണ്ട്. നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ സാധാരണമായി നല്ല കാലാവസ്ഥയുള്ള മാസങ്ങൾ തിരഞ്ഞെടുക്കുക. സഞ്ചാര മേൽവിചാരകൻ സഭ സന്ദർശിക്കുന്ന മാസം പയനിയറിങ്ങിനായി നിങ്ങൾ തിരഞ്ഞെടുത്തേക്കാം. സന്ദർശന വാരത്തിൽ അദ്ദേഹം സാധാരണ പയനിയർമാരുമായി നടത്തുന്ന യോഗത്തിന്റെ ആദ്യ പകുതിയിൽ സംബന്ധിക്കുന്നതിനുള്ള പ്രത്യേക പദവി നിങ്ങൾക്കു ലഭിക്കും. അടുത്ത വർഷത്തെ സ്മാരകം മാർച്ച് 22-ന് ആയതിനാൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ അനുയോജ്യമാണ്. നിങ്ങൾ സഹായ പയനിയറിങ് ചെയ്യാനായി ഒരു മാസമോ ഏതാനും മാസങ്ങളോ തിരഞ്ഞെടുത്തു കഴിഞ്ഞാൽ മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ സഹായിക്കുന്നതരം ഒരു പട്ടിക ഉണ്ടാക്കുക.
10. സഹായ പയനിയറിങ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
10 അടുത്ത സേവനവർഷം സഹായ പയനിയറിങ് ചെയ്യാൻ കഴിയില്ലെന്നു തോന്നുന്നെങ്കിൽ അപ്പോഴും നിങ്ങൾക്കു പയനിയർ ആത്മാവ് നിലനിറുത്താനാകും. നിങ്ങൾക്കുള്ളതിൽ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ അവൻ പ്രസാദിക്കും എന്ന ഉറപ്പോടെ ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി ചെയ്യുന്നതിൽ തുടരുക. (ഗലാ. 6:4) പിന്തുണയേകുന്നവരായിരിക്കുക. സഹായ പയനിയറിങ് ചെയ്യാൻ കഴിയുന്നവരെ പ്രോത്സാഹിപ്പിക്കുക. പയനിയറിങ് ചെയ്യുന്നവരോടൊപ്പം വാരത്തിൽ ഒരു ദിവസംകൂടെ കൂടുതലായി ശുശ്രൂഷയിൽ ഏർപ്പെടാൻ തക്കവണ്ണം നിങ്ങളുടെ പട്ടികയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ നിങ്ങൾക്കായേക്കും.
11. നമുക്ക് അടിയന്തിരതാബോധം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
11 യഹോവയുടെ ജനത്തിന് അടിയന്തിരതാബോധമുണ്ട്. ഒരു വേല പൂർത്തീകരിക്കപ്പെടാനുണ്ട്—സുവാർത്താ പ്രസംഗം. ആളുകളുടെ ജീവനാണ് ഉൾപ്പെട്ടിരിക്കുന്നത്; ശേഷിച്ചിരിക്കുന്ന സമയം പരിമിതവും. (1 കൊരി. 7:29-31) ശുശ്രൂഷയിൽ ആവുന്നതെല്ലാം ചെയ്യാൻ ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കും. ശ്രമവും നല്ല ആസൂത്രണവും ഉണ്ടെങ്കിൽ പുതിയ സേവനവർഷം കുറഞ്ഞത് ഒരു മാസമെങ്കിലും സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കായേക്കും—തികച്ചും മൂല്യവത്തായ ഒരു ലാക്ക്!