യഹോവയുടെ സദ്ഗുണങ്ങൾ ഘോഷിക്കുക
1. യഹോവയുടെ സദ്ഗുണങ്ങൾ ഘോഷിക്കാൻ നമ്മെ എന്തു പ്രചോദിപ്പിക്കുന്നു?
1 “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ.” (1 ദിന. 29:11) യഹോവയോടുള്ള നമ്മുടെ സ്നേഹവും നന്ദിയും നമ്മെ എങ്ങനെയാണു സ്വാധീനിക്കുന്നത്? “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു . . . വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷി”ക്കാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു. (1 പത്രൊ. 2:9) നമ്മുടെ മഹാദൈവത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാതിരിക്കാൻ നമുക്കാവില്ല. യഹോവയുടെ സദ്ഗുണങ്ങൾ ഘോഷിക്കാൻ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നമുക്ക് വിശിഷ്ട അവസരങ്ങൾ ഉണ്ടായിരിക്കും.
2. സ്മാരകം പരസ്യപ്പെടുത്താൻ എന്തു പ്രത്യേക പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നു, അതിൽ ആർക്കു പങ്കുചേരാം?
2 സ്മാരകം പരസ്യപ്പെടുത്താനുള്ള പ്രത്യേക പ്രസ്ഥാനം: ഏപ്രിൽ 2-ാം തീയതി തിങ്കളാഴ്ച കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ അനുസ്മരണം ആചരിച്ചുകൊണ്ട് നാം യഹോവയുടെ സദ്ഗുണങ്ങൾ പ്രദീപ്തമാക്കും. ഈ സുപ്രധാന പരിപാടിയിൽ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക ക്ഷണക്കുറിപ്പ് മാർച്ച് 17 മുതൽ ഏപ്രിൽ 2 വരെ ഭൂവ്യാപകമായി വിതരണം ചെയ്യപ്പെടും. അതിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. യോഗ്യത സമ്പാദിക്കുന്നപക്ഷം പുതിയവർക്ക് സുവാർത്താ പ്രസംഗം ആരംഭിക്കാനുള്ള ഒരു വിശിഷ്ട അവസരമാണിത്. അങ്ങനെയുള്ള ബൈബിൾ വിദ്യാർഥികളോ മക്കളോ നിങ്ങൾക്കുണ്ടെങ്കിൽ അക്കാര്യത്തെക്കുറിച്ചു മൂപ്പന്മാരോടു സംസാരിക്കാൻ മുൻകയ്യെടുക്കുക.
3. ആളുകളെ സ്മാരകത്തിനു ക്ഷണിക്കാൻ നമുക്ക് എന്തു പറയാവുന്നതാണ്?
3 “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷനോടുള്ള ബന്ധത്തിൽ ചെയ്തതിനു സമാനമായ ഒന്നാണ് ഈ പ്രത്യേക പ്രസ്ഥാനം. പ്രസാധകർക്ക് 50-ഉം പയനിയർമാർക്ക് 150-ഉം കോപ്പികൾ വീതം ലഭിക്കത്തക്കവിധം ആവശ്യത്തിനു ക്ഷണക്കുറിപ്പുകൾ സഭകൾക്ക് അയയ്ക്കുന്നതായിരിക്കും. നിങ്ങളുടെ അവതരണം ഹ്രസ്വമായിരിക്കട്ടെ. ഒരുപക്ഷേ ഇങ്ങനെ പറയാനാകും: “അടുത്തെത്തിയിരിക്കുന്ന പ്രധാനപ്പെട്ട ഒരു വാർഷികാചരണത്തിനുള്ള ക്ഷണക്കുറിപ്പാണിത്. അതിൽ പങ്കെടുക്കാൻ നിങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. വിശദവിവരങ്ങൾ ഇതിലുണ്ട്.” വീട്ടുകാരൻ ചോദ്യങ്ങൾ ചോദിക്കുന്നുവെങ്കിൽ മറുപടി കൊടുക്കാൻ സമയമെടുക്കുക. കർത്താവിന്റെ സന്ധ്യാഭക്ഷണം സംബന്ധിച്ച് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 206-8 പേജുകളിലുള്ള വിവരങ്ങൾ സഹായകമായിരുന്നേക്കാം. വാരാന്തങ്ങളിൽ ഈ പ്രത്യേക ക്ഷണക്കുറിപ്പിനൊപ്പം പുതിയ മാസികകൾ നാം സമർപ്പിക്കും. താത്പര്യം പ്രകടമാക്കുന്നവരുടെ രേഖ സൂക്ഷിക്കുകയും മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയും ചെയ്യുക.
4. സ്മാരകത്തിനുള്ള പ്രത്യേക ക്ഷണക്കുറിപ്പ് എങ്ങനെ വിതരണംചെയ്യണം?
4 കഴിയുന്നതും ഓരോ വീട്ടുകാരനെയും നേരിൽക്കണ്ട് ഈ പ്രത്യേക ക്ഷണക്കുറിപ്പു നൽകേണ്ടതാണ്. അതുകൊണ്ടുതന്നെ ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കുകയും മറ്റൊരു സമയത്തു മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയും ചെയ്യുക. എന്നാൽ സ്മാരകത്തിനു തൊട്ടുമുമ്പുള്ള ആഴ്ചയിലും ക്ഷണക്കുറിപ്പുകൾ ധാരാളം കൈവശമുണ്ടെങ്കിൽ എല്ലാ ആളില്ലാഭവനങ്ങളിലും അവ ഇട്ടിട്ടുപോരാവുന്നതാണ്. ബൈബിൾ വിദ്യാർഥികൾ, മടക്കസന്ദർശനത്തിലുള്ളവർ, ബന്ധുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ, മറ്റു പരിചയക്കാർ എന്നിവർക്കും ക്ഷണക്കുറിപ്പു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
5. സഹായ പയനിയറിങ് ചെയ്യാൻ ഇപ്പോൾത്തന്നെ നാം ആസൂത്രണങ്ങൾ ചെയ്തുതുടങ്ങേണ്ടത് എന്തുകൊണ്ട്?
5 സഹായ പയനിയറിങ്: മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്തുകൊണ്ട് യഹോവയുടെ സദ്ഗുണങ്ങൾ പൂർവാധികം ഉത്സാഹത്തോടെ ഘോഷിക്കാൻ നിങ്ങൾക്കാകുമോ? അതിന് നിങ്ങളുടെ ദിനചര്യയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് ആവശ്യമായിരുന്നേക്കാം. (എഫെ. 5:15-17) യഹോവയുടെ സേവനത്തിൽ കൂടുതൽ ഏർപ്പെടാനുള്ള ശ്രമം നിശ്ചയമായും നിങ്ങൾക്കു സന്തോഷവും അനുഗ്രഹവും കൈവരുത്തും. (സദൃ. 10:22) സ്മാരകകാലം അടുത്തുവരുന്നതിനാൽ, ആവശ്യമായ ആസൂത്രണങ്ങൾ ചെയ്തുതുടങ്ങാനുള്ള സമയം ഇപ്പോഴാണ്.—സദൃ. 21:5.
6. കഴിഞ്ഞ വർഷം സഹായ പയനിയറിങ് ചെയ്ത 90 വയസ്സുള്ള സഹോദരിയുടെ അനുഭവത്തിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
6 കഴിഞ്ഞ വർഷം സഹായ പയനിയറിങ് ചെയ്യാൻ സാധിച്ച 90 വയസ്സുള്ള ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “പൂച്ചെടികളും മറ്റും നട്ടുപരിപാലിക്കുന്നത് ഏറെ പ്രിയപ്പെടുന്ന ഞാൻ അവ നടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ശരിയായ മുൻഗണനകൾ വെക്കേണ്ടതുണ്ടെന്ന ചിന്ത അപ്പോൾ എന്റെ മനസ്സിലേക്കുവന്നു. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാനുള്ള ആഗ്രഹത്താൽ മാർച്ചിൽ സഹായ പയനിയറിങ് ചെയ്യാൻ ഞാൻ നിശ്ചയിച്ചു.” സഹോദരിയുടെ പ്രയത്നത്തിനു പ്രതിഫലം ലഭിച്ചോ? “സഭയുമായും അങ്ങനെ യഹോവയുമായും കൂടുതൽ അടുത്ത ബന്ധത്തിൽ വരാൻ എനിക്കു കഴിഞ്ഞിരിക്കുന്നു,” അവർ പറയുന്നു. മുൻഗണനകൾ പരിശോധിച്ചിട്ട് ആവശ്യമെങ്കിൽ സമാനമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നമുക്കാകുമോ?
7. സഹായ പയനിയറായി സേവിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണോ?
7 സഹായ പയനിയറിങ്ങിനുള്ള 50 മണിക്കൂർ വ്യവസ്ഥയിൽ എത്തുന്നത് ഒരുപക്ഷേ, വിചാരിക്കുന്നതുപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പ്രാർഥനാപൂർവം ദിനചര്യ പരിശോധിച്ചുനോക്കിയശേഷം ഒരു പട്ടികയുണ്ടാക്കുകയും ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കായുള്ള നിങ്ങളുടെ കലണ്ടറിൽ അതു രേഖപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ സാഹചര്യം ഏറ്റവും നന്നായി അറിയാവുന്നതു നിങ്ങൾക്കാണ്. ആരോഗ്യവും ഊർജവും കുറവാണെങ്കിൽ ദിവസവും ഏകദേശം രണ്ടു മണിക്കൂർമാത്രം ശുശ്രൂഷയിൽ ഏർപ്പെടാനായേക്കും. വിദ്യാർഥിയോ മുഴുസമയ ജോലിക്കാരനോ ആണെങ്കിൽ വൈകുന്നേരങ്ങളിലോ വാരാന്തങ്ങളിലോ പ്രവർത്തിച്ചുകൊണ്ട് സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കു സാധിച്ചേക്കും.
8. സഹായ പയനിയറിങ് ചെയ്യാൻ ഒരു ക്രിസ്തീയ ദമ്പതികളെ എന്തു സഹായിച്ചു?
8 കുടുംബസമേതം സഹായ പയനിയറിങ് ചെയ്യാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്. സാഹചര്യം സഹായ പയനിയറിങ്ങിന് അനുകൂലമല്ലെന്നു കരുതിയ ഒരു ദമ്പതികൾ, മുൻ വർഷങ്ങളിലൊന്നും അതിൽ ഏർപ്പെടാൻ ധൈര്യപ്പെട്ടിരുന്നില്ല. ഒടുവിൽ അവർ എന്താണു ചെയ്തത്? “ഏറെക്കാലമായി ഒരുമിച്ചു ചെയ്യാൻ ആഗ്രഹിച്ച കാര്യം നിറവേറ്റാൻ സഹായിക്കണമേയെന്നു ഞങ്ങൾ യഹോവയോട് അപേക്ഷിച്ചു.” ശരിയായ ആസൂത്രണങ്ങളിലൂടെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞ അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്. ഞങ്ങൾക്ക് ഇരുവർക്കും അതു സമൃദ്ധമായ അനുഗ്രഹം കൈവരുത്തി. അതുകൊണ്ട് ശ്രമിച്ചുനോക്കുക. ഞങ്ങൾക്ക് അതിനു കഴിഞ്ഞെങ്കിൽ നിങ്ങൾക്കും കഴിഞ്ഞേക്കും.”
9. വരുംമാസങ്ങളിലെ പ്രത്യേക പ്രവർത്തനത്തിനായി തയ്യാറാകാൻ അടുത്ത കുടുംബാധ്യയനവേളയിൽ നിങ്ങൾക്ക് എന്തു ചെയ്യാവുന്നതാണ്?
9 വരുംമാസങ്ങളിൽ കൂടുതൽ പ്രവർത്തിക്കാൻ എല്ലാവർക്കും എങ്ങനെ കഴിയുമെന്നു പരിചിന്തിക്കാൻ നിങ്ങളുടെ അടുത്ത കുടുംബാധ്യയനവേളയിൽ കുറച്ചു സമയം ചെലവഴിക്കരുതോ? കുടുംബത്തിൽ എല്ലാവർക്കും സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞെന്നുവരില്ലെങ്കിലും കുടുംബാംഗങ്ങളുടെ സഹായത്താലും സഹകരണത്താലും ഒരാൾക്കെങ്കിലും അതിനു സാധിച്ചേക്കും. അല്ലെങ്കിൽ, ഈ പ്രത്യേക മാസങ്ങളിൽ പതിവിലേറെ സമയം ശുശ്രൂഷയിൽ ചെലവഴിക്കുന്നതിനു ലക്ഷ്യംവെക്കാൻ നിങ്ങളുടെ കുടുംബത്തിനു കഴിഞ്ഞേക്കും.
10. ഈ സ്മാരക കാലത്തു സഹായ പയനിയറിങ് ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചു നിങ്ങൾ മറ്റുള്ളവരോടു സംസാരിക്കേണ്ടത് എന്തുകൊണ്ട്?
10 അന്യോന്യം സഹായിക്കുക: ഉത്സാഹം പകർച്ചവ്യാധിപോലെയാണ്. സഹായ പയനിയറിങ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചു സംസാരിക്കുക. പയനിയറിങ്ങിൽ ഏർപ്പെടാൻ ഇതു മറ്റുള്ളവരെയും പ്രോത്സാഹിപ്പിച്ചേക്കാം. കൂടാതെ മുമ്പു പയനിയറിങ് ചെയ്തിട്ടുള്ളവർ, ലക്ഷ്യംകാണാൻ തക്കവണ്ണം കാര്യാദികൾ ക്രമപ്പെടുത്താനും പട്ടികയിൽ പൊരുത്തപ്പെടുത്തൽ വരുത്താനും സഹായകമായ നിർദേശങ്ങൾ നിങ്ങൾക്കു നൽകിയേക്കാം. (സദൃ. 15:22) നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാൻ കഴിയുമെന്നുണ്ടെങ്കിൽ സന്തോഷപ്രദമായ ഈ വേലയിൽ നിങ്ങളോടൊപ്പം ചേരാൻ മറ്റൊരു പ്രസാധകനെ, ഒരുപക്ഷേ സമാന സാഹചര്യത്തിലുള്ള ഒരു വ്യക്തിയെ, ക്ഷണിക്കാൻ കഴിയും.
11. വരുംമാസങ്ങളിൽ സഹായ പയനിയറിങ് ചെയ്യാനായി സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ മൂപ്പന്മാർക്ക് എങ്ങനെ കഴിയും?
11 അനേകം മൂപ്പന്മാരും സേവനത്തിന്റെ ഈ പ്രത്യേക മേഖലയിൽ പങ്കുചേരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാറുണ്ട്. (എബ്രാ. 13:7) ഇതു നിശ്ചയമായും സഭയ്ക്കൊരു പ്രോത്സാഹനമാണ്! മറ്റുള്ളവരുമായുള്ള സംഭാഷണത്തിലൂടെയും മൂപ്പന്മാർ ഉത്സാഹം ജനിപ്പിക്കുന്നു. ദയയോടുകൂടിയതും പ്രോത്സാഹനം പകരുന്നതുമായ ഏതാനും വാക്കുകളോ പ്രായോഗിക നിർദേശങ്ങളോ മതിയാകും ചിലരെ സഹായ പയനിയറിങ്ങിനു പ്രചോദിപ്പിക്കാൻ. ജോലിസ്ഥലത്തുനിന്നോ സ്കൂളിൽനിന്നോ വന്നതിനുശേഷമാണെങ്കിൽപ്പോലും എല്ലാവർക്കും കൂട്ടസാക്ഷീകരണത്തിൽ ഏർപ്പെടാൻ തക്കവണ്ണം സേവന മേൽവിചാരകൻ കൂടുതലായ വയൽസേവന യോഗങ്ങൾ ക്രമീകരിക്കാൻ സാധ്യതയുണ്ട്. അക്കാര്യം സഭയിൽ ക്രമമായി അറിയിക്കണം. എല്ലാവർക്കും ആവശ്യത്തിനു പ്രവർത്തന പ്രദേശവും പ്രസിദ്ധീകരണങ്ങളും ഉണ്ടെന്ന കാര്യവും അദ്ദേഹം ഉറപ്പുവരുത്തും.
12. സഹായ പയനിയറിങ്ങിൽ ഏർപ്പെടാനാകില്ലെങ്കിൽ നിങ്ങൾക്കു മറ്റെന്തു ചെയ്യാനായേക്കും?
12 സഹായ പയനിയറിങ് ചെയ്യാൻ സാഹചര്യം അനുകൂലമല്ലെങ്കിൽപ്പോലും, അതു ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും നിങ്ങൾക്കു കഴിയും. (സദൃ. 25:11; കൊലൊ. 4:12) ആഴ്ചയിൽ മറ്റൊരു ദിവസംകൂടെ സേവനത്തിൽ ഏർപ്പെട്ടുകൊണ്ട് അവരോടൊപ്പം പ്രവർത്തിക്കാനോ സാധാരണയിൽ കൂടുതൽ നേരം വയലിൽ ചെലവഴിക്കാനോ ക്രമീകരണങ്ങൾ ചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
13. ഇന്ത്യയിലെ പ്രസാധകർക്കായി ഏതു ലക്ഷ്യംവെച്ചിരിക്കുന്നു, ഇതിൽ എത്തിച്ചേരാൻ നിങ്ങളുടെ സഭയ്ക്ക് എങ്ങനെ സഹായിക്കാനാകും?
13 ഏപ്രിലിലേക്കുള്ള ലക്ഷ്യം 4,500 സഹായ പയനിയർമാർ: 2006 ഏപ്രിലിൽ ഇന്ത്യയിലെ സഹായ പയനിയർമാരുടെ എണ്ണം 3,216 എന്ന സർവകാല അത്യുച്ചത്തിൽ എത്തിച്ചേർന്നു. അതുകൊണ്ട് ഈ ഏപ്രിലിൽ 4,500 സഹായ പയനിയർമാർ എന്ന ലക്ഷ്യം പ്രായോഗികമാണ്. ഓരോ സഭയിലും ശരാശരി അഞ്ചു പ്രസാധകരിൽ ഒരാൾ വീതം സഹായ പയനിയറിങ് ചെയ്താൽ നമുക്ക് ഈ ലക്ഷ്യത്തിലെത്താനാകും. തീർച്ചയായും ചില സഭകളിൽ അതിലും കൂടുതൽ സഹോദരങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാൻ അനുകൂല സാഹചര്യം ഉണ്ടായിരിക്കും. സഭാതലത്തിലുള്ള ഈ ലക്ഷ്യത്തിലെത്താൻ മിക്ക സഭകൾക്കും അനായാസം കഴിയും. അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നത് നിങ്ങളുടെ സഭയിൽ ജനിപ്പിക്കുന്ന ആവേശവും നിങ്ങളുടെ പ്രദേശത്തെ പ്രസംഗ പ്രവർത്തനത്തിന്മേൽ ഉളവാക്കുന്ന ക്രിയാത്മക ഫലവും ഒന്നു സങ്കൽപ്പിച്ചുനോക്കൂ!
14. ഏപ്രിൽ മാസം സഹായ പയനിയറിങ്ങിനു തികച്ചും അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
14 ഏപ്രിൽ മാസം സഹായ പയനിയറിങ്ങിന് തികച്ചും അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്? ഏപ്രിൽ ആരംഭത്തിലാണ് സ്മാരകം. അതുകൊണ്ട് അതിൽ സംബന്ധിക്കുന്നവരെ വീണ്ടും സന്ദർശിക്കാൻ നമുക്കു ധാരാളം അവസരം ഉണ്ടായിരിക്കും. മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിച്ചുകൊണ്ട് ബൈബിളധ്യയനം ആരംഭിക്കാനുള്ള ലക്ഷ്യത്തിൽ നാം മാസികകൾ സമർപ്പിക്കുന്നതായിരിക്കും. അതുകൊണ്ട് ഏപ്രിലിൽ സഹായ പയനിയറിങ് ചെയ്യുന്നത് അധ്യയനങ്ങൾ തുടങ്ങാൻ ധാരാളം അവസരങ്ങൾ തുറന്നുതരും. ഈ സമയത്തു പകലിനു ദൈർഘ്യം കൂടുതലാണ്. വൈകുന്നേരങ്ങളിൽ സാധാരണഗതിയിൽ മഴയോ അമിതമായ ചൂടോ തണുപ്പോ ഉണ്ടായിരിക്കുകയുമില്ല. തന്നെയുമല്ല, ഏപ്രിലിൽ അഞ്ചു ഞായറാഴ്ചകളുണ്ട്, സ്കൂളുകൾക്ക് അവധിയുമായിരിക്കും. അതുകൊണ്ടുതന്നെ സഹായ പയനിയറിങ് ചെയ്യാൻ ജോലിക്കാർക്കും വിദ്യാർഥികൾക്കും എളുപ്പമായിരിക്കും.
15. ഈ സ്മാരകകാലം സമീപിക്കവേ നാം അടിയന്തിരതാബോധത്തോടെ പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
15 ഓരോ സ്മാരകകാലവും കടന്നുപോകുമ്പോൾ ഈ വ്യവസ്ഥിതിയുടെ അന്ത്യത്തോട് നാം ഓരോ വർഷം അടുക്കുകയാണ്, നമ്മുടെ മഹാദൈവത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള സമയം ചുരുങ്ങിയിരിക്കുന്നു. (1 കൊരി. 7:29) ഈ സ്മാരകകാലം കടന്നുപോകുമ്പോൾ നമ്മുടെ സ്വർഗീയ പിതാവിനെ സ്തുതിക്കുന്നതിനുള്ള വിലയേറിയ ഒരു അവസരംകൂടെ എന്നേക്കുമായി പൊയ്പോയിരിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ യഹോവയുടെ സദ്ഗുണങ്ങൾ ഘോഷിക്കാൻ ആവുന്നതെല്ലാം ചെയ്യാൻ നമുക്കിപ്പോൾ തയ്യാറെടുക്കാം!
[4-ാം പേജിലെ ചതുരം]
ഏപ്രിൽ മാസം 4,500 സഹായ പയനിയർമാർ എന്ന ലക്ഷ്യത്തിലെത്താൻ നമുക്കാകുമോ?
◼ മുൻഗണനകൾ വിലയിരുത്തുക
◼ കുടുംബം ഒന്നിച്ചിരുന്ന് ലക്ഷ്യങ്ങൾ ചർച്ചചെയ്യുക
◼ നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുക