ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിക്കുമ്പോൾ മഹാനായ അധ്യാപകനെ അനുകരിക്കുക
1. യേശു എങ്ങനെയാണു പഠിപ്പിച്ചത്?
1 കാര്യങ്ങൾ ലളിതവും വ്യക്തവുമായ വിധത്തിൽ വിശദീകരിക്കുന്ന രീതിയായിരുന്നു വലിയ അധ്യാപകനായ യേശുവിന്റേത്. ചിലപ്പോഴൊക്കെ, ശ്രോതാക്കളെ ചിന്തിക്കാൻ സഹായിക്കുന്നതിനായി അവൻ ആദ്യംതന്നെ വീക്ഷണചോദ്യങ്ങൾ ചോദിച്ചിരുന്നു. (മത്താ. 17:24-27) അവൻ ദൈവവചനത്തിലേക്ക് അവരുടെ ശ്രദ്ധതിരിച്ചു. (മത്താ. 26:31; മർക്കൊ. 7:6, 7) ശിഷ്യന്മാർക്കു ധാരാളം വിവരങ്ങൾ ഒന്നിച്ചു പകർന്നുകൊടുക്കാൻ അവൻ ശ്രമിച്ചില്ല, അവർ പഠനം തുടരുമെന്ന് അവനറിയാമായിരുന്നു. (യോഹ. 16:12) താൻ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടോയെന്ന് അറിയാനും യേശു ആഗ്രഹിച്ചിരുന്നു. (മത്താ. 13:51) അവന്റെ ഈ പഠിപ്പിക്കൽരീതി അനുകരിക്കാൻ നമ്മെ സഹായിക്കുംവിധമാണ് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
2. ഓരോ അധ്യായത്തിന്റെയും ആമുഖ ചോദ്യങ്ങൾ ഏതു വിധങ്ങളിൽ ഉപയോഗിക്കാൻ കഴിയും?
2 ആമുഖ ചോദ്യങ്ങൾ: ഒരു അധ്യായം ആരംഭിക്കുമ്പോൾ അതിന്റെ തലക്കെട്ടിനു കീഴിലുള്ള ആമുഖ ചോദ്യങ്ങളിലേക്കു വിദ്യാർഥിയുടെ ശ്രദ്ധക്ഷണിക്കുന്നത് അഭികാമ്യമാണ്. ഉത്തരം പ്രതീക്ഷിക്കാതെ ആ ചോദ്യങ്ങൾ അവതരിപ്പിക്കുകയോ അവയെക്കുറിച്ചു ഹ്രസ്വമായി അഭിപ്രായം പറയാൻ വിദ്യാർഥിയെ അനുവദിക്കുകയോ ചെയ്യുക. വിഷയത്തിൽ താത്പര്യം ഉണർത്താൻ ഇതു സഹായിക്കും. അദ്ദേഹത്തിന്റെ ഉത്തരം വിശദമായി ചർച്ചചെയ്യുകയോ തെറ്റായ ഓരോ പ്രസ്താവനയും തിരുത്തുകയോ ചെയ്യേണ്ടതില്ല. വീക്ഷണങ്ങൾക്കു നന്ദി പറഞ്ഞശേഷം നേരെ അധ്യയനത്തിലേക്കു കടക്കാവുന്നതാണ്. ആമുഖ ചോദ്യങ്ങൾ സംബന്ധിച്ച വിദ്യാർഥിയുടെ അഭിപ്രായങ്ങൾ, പാഠഭാഗത്തെ ഏതെങ്കിലും ആശയങ്ങൾക്കു പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ടോ എന്നറിയാൻ നിങ്ങളെ സഹായിക്കും.
3. ലളിതമായ രീതിയിൽ അധ്യയനം നടത്താൻ എങ്ങനെ കഴിയും?
3 തിരുവെഴുത്തുകൾ: തിരുവെഴുത്തുകളെ കേന്ദ്രീകരിച്ചുവേണം അധ്യയനം നടത്താൻ. (എബ്രാ. 4:12) എന്നിരുന്നാലും പരാമർശിച്ചിട്ടുള്ള എല്ലാ വാക്യങ്ങളും വായിക്കേണ്ടതില്ല. നമ്മുടെ വിശ്വാസങ്ങൾക്ക് ആധാരമായ തിരുവെഴുത്തുകൾക്ക് ഊന്നൽനൽകുക. പശ്ചാത്തല വിവരങ്ങൾ നൽകുന്ന വേദഭാഗങ്ങൾ വായിക്കണമെന്നില്ല. സങ്കീർണമല്ലാത്ത ഒരു വിധത്തിലാണ് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽ സത്യം അവതരിപ്പിച്ചിരിക്കുന്നത്. അധ്യയനവും ലളിതമായിരിക്കട്ടെ. പ്രധാന ആശയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക. വിശദാംശങ്ങളെക്കുറിച്ച് ഏറെ സംസാരിക്കാനോ അനാവശ്യമായി മറ്റു വിവരങ്ങൾ ഉൾപ്പെടുത്താനോ ഉള്ള പ്രവണത ഒഴിവാക്കുക.
4. അനുബന്ധത്തിലെ വിവരങ്ങൾ ചർച്ചചെയ്യാൻ അധ്യയനവേളയിൽ സമയം വിനിയോഗിക്കണമോയെന്നു നിർണയിക്കുന്നത് എന്ത്?
4 അനുബന്ധം: മുഖ്യ പാഠഭാഗത്തോടു ബന്ധപ്പെട്ട 14 വിഷയങ്ങളാണ് ഇതിലുള്ളത്. അധ്യയനവേളയിൽ ഇവ ചർച്ചചെയ്യണമോയെന്ന് അധ്യാപകനു തീരുമാനിക്കാവുന്നതാണ്. ചില വിഷയങ്ങളുടെ കാര്യത്തിൽ, വിശേഷിച്ചും അധ്യയനഭാഗത്തുള്ള വിവരങ്ങൾ വിദ്യാർഥി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവയാണെങ്കിൽ, അനുബന്ധത്തിലെ വിവരങ്ങൾ സ്വന്തമായി വായിച്ചുനോക്കാൻ നിങ്ങൾക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് യേശുവാണ് മിശിഹാ എന്ന് വിദ്യാർഥി വിശ്വസിക്കുന്നുണ്ടെങ്കിൽ “യേശുക്രിസ്തു ആരാണ്?” എന്ന 4-ാം അധ്യായം പഠിക്കുമ്പോൾ അനുബന്ധത്തിലെ “യേശുക്രിസ്തു—വാഗ്ദത്ത മിശിഹാ” എന്ന ഭാഗം പരിചിന്തിക്കേണ്ട ആവശ്യം ഉണ്ടായിരിക്കില്ല. എന്നാൽ മറ്റു സന്ദർഭങ്ങളിൽ, അനുബന്ധത്തിലെ വിവരങ്ങൾ പൂർണമായോ ഭാഗികമായോ ചർച്ചചെയ്യാൻ അധ്യയനവേളയിൽ സമയം വിനിയോഗിക്കുന്നതു പ്രയോജനകരമായിരുന്നേക്കാം.
5. അനുബന്ധത്തിലെ വിവരങ്ങൾ പരിചിന്തിക്കാൻ തീരുമാനിക്കുന്നപക്ഷം അത് എങ്ങനെ ചെയ്യാം?
5 അനുബന്ധത്തിലെ വിവരം ചർച്ചചെയ്യാൻ തീരുമാനിക്കുന്നപക്ഷം മുന്നമേ ചോദ്യങ്ങൾ തയ്യാറാക്കിക്കൊണ്ട്, അധ്യയനഭാഗം ചർച്ചചെയ്യുന്ന അതേ വിധത്തിൽ അതിലെ ഖണ്ഡികകൾ പരിചിന്തിക്കാവുന്നതാണ്. അല്ലെങ്കിൽ വിദ്യാർഥിയുടെ സാഹചര്യത്തിനു ചേർച്ചയിൽ, അധ്യയനത്തിനിടെ ഏതാനും മിനിട്ട് ഉപയോഗിച്ചുകൊണ്ട് അനുബന്ധത്തിലെ വിവരം പുനരവലോകനം ചെയ്യാനാകും. അങ്ങനെ ചെയ്യുന്നത് സ്വന്തമായി വായിച്ച വിവരങ്ങൾ വിദ്യാർഥിക്കു മനസ്സിലായിട്ടുണ്ടോയെന്നു പരിശോധിക്കാൻ നിങ്ങളെ സഹായിക്കും.
6. ഓരോ അധ്യായത്തിന്റെയും ഒടുവിലുള്ള പുനരവലോകന ചതുരം എങ്ങനെ ഉപയോഗിക്കാൻ കഴിയും?
6 പുനരവലോകന ചതുരം: സാധാരണഗതിയിൽ ഓരോ അധ്യായത്തിന്റെയും ഒടുവിലുള്ള ചതുരത്തിലെ പ്രസ്താവനകളിൽ ആമുഖ ചോദ്യങ്ങൾക്കുള്ള ഉത്തരം അടങ്ങിയിരിക്കും. അവ ഉപയോഗിച്ച് അധ്യായത്തിലെ പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യാൻ നിങ്ങൾക്കു കഴിയും. ഓരോ പ്രസ്താവനയും—ഒരുപക്ഷേ ഒപ്പമുള്ള തിരുവെഴുത്തുകളും—വിദ്യാർഥിയോടൊപ്പം വായിച്ചു പരിചിന്തിക്കുന്നതു സഹായകമാണെന്നു ചില പ്രസാധകർ തിരിച്ചറിഞ്ഞിരിക്കുന്നു. തിരുവെഴുത്തുകൾ പ്രസ്താവനകളെ പിന്താങ്ങുന്നത് എങ്ങനെയെന്നു ഹ്രസ്വമായി വിശദീകരിക്കാൻ അവർ വിദ്യാർഥിയോട് ആവശ്യപ്പെടുന്നു. പാഠഭാഗത്തെ പ്രധാന ആശയങ്ങളും ബൈബിൾ അവയെ പിന്താങ്ങുന്ന വിധവും വിദ്യാർഥി വ്യക്തമായി മനസ്സിലാക്കുന്നുണ്ടോയെന്നും അദ്ദേഹം അക്കാര്യങ്ങളോടു യോജിക്കുന്നുണ്ടോയെന്നും മനസ്സിലാക്കാൻ ഇത് അധ്യാപകനെ സഹായിക്കും. ബൈബിൾ ഉപയോഗിച്ച് മറ്റുള്ളവർക്കു സത്യം വിശദീകരിച്ചുകൊടുക്കാൻ ഇതു വിദ്യാർഥിക്ക് ഒരു പരിശീലനമായി ഉതകുകയും ചെയ്യും.
7. നമ്മുടെ നിയമനം നിറവേറ്റാൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
7 ആളുകളെ പഠിപ്പിച്ചു ശിഷ്യരാക്കാനുള്ള നിയമനം നിറവേറ്റാൻ കഴിയുന്ന ഏറ്റവും ഫലകരമായ വിധം യേശുവിന്റെ പഠിപ്പിക്കൽരീതികൾ അനുകരിക്കുന്നതാണ്. (മത്താ. 28:19, 20) അങ്ങനെ ചെയ്യാൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം നമ്മെ സഹായിക്കും. വ്യക്തവും ലളിതവും രസകരവുമായ ഒരു വിധത്തിൽ മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ അതു നന്നായി ഉപയോഗിക്കുക.