ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ പഠനം ആസ്വദിക്കുക
1 ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ പ്രകാശനം “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഹാജരായ എല്ലാവരെയും ആവേശഭരിതരാക്കി. താമസിയാതെ നാം അത് വയൽശുശ്രൂഷയിൽ കൂടുതലായി ഉപയോഗിക്കും, പ്രത്യേകിച്ച് ഭവന ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ. അതുകൊണ്ട് ഈ പുതിയ പ്രസിദ്ധീകരണവുമായി നാം നന്നായി പരിചിതരാകേണ്ടതുണ്ട്. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, കാരണം 2006 ഏപ്രിൽ 17-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്തകാധ്യയനത്തിൽ നാം ഈ പുസ്തകമായിരിക്കും പഠിക്കുന്നത്.
2 ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിലേക്ക് പുസ്തകാധ്യയന മേൽവിചാരകൻ ശ്രദ്ധ തിരിക്കും. തുടർന്ന്, ഓരോ പേജിന്റെയും അവസാനം കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് അധ്യയനം നടത്തും. മുഖ്യതിരുവെഴുത്തുകൾ വായിച്ച് ചർച്ചചെയ്യുന്നതായിരിക്കും. ഓരോ അധ്യായത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന “ബൈബിൾ പഠിപ്പിക്കുന്നത്” എന്ന ചതുരം വിവരങ്ങൾ പുനരവലോകനം ചെയ്യാൻ സഹായിക്കും, കാരണം അധ്യായത്തിന്റെ തുടക്കത്തിലെ ചോദ്യങ്ങൾക്കുള്ള തിരുവെഴുത്തുപരമായ ഉത്തരങ്ങളാണ് ചതുരത്തിൽ കൊടുത്തിരിക്കുന്നത്. ഈ പുസ്തകത്തിൽ വിവരങ്ങൾ വ്യക്തവും ലളിതവും രസകരവുമായി അവതരിപ്പിച്ചിരിക്കുന്നതിനാൽ അഭിപ്രായം പറയുന്നത് നിങ്ങൾ ആസ്വദിക്കും.
3 ഈ പുസ്തകത്തിന്റെ അനുബന്ധത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിരിക്കുന്നു. ബൈബിൾ വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയത്തെക്കുറിച്ചു കൂടുതലായ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ നമുക്ക് ഇത് ഉപയോഗിക്കാനാകും. സഭാ പുസ്തകാധ്യയന വേളയിൽ അനുബന്ധത്തിന്റെ ഭാഗങ്ങളും ചില അവസരങ്ങളിൽ ചർച്ചചെയ്യുന്നതായിരിക്കും. ഓരോ വിഷയത്തെക്കുറിച്ചുമുള്ള അനുബന്ധ വിവരങ്ങൾ മുഴുവനും അധ്യയനത്തിനു വായിക്കുന്ന വ്യക്തി വായിക്കും. വലിയ ലേഖനങ്ങൾ പല ഭാഗങ്ങളായി തിരിച്ച് ചർച്ചചെയ്യാവുന്നതാണ്. അനുബന്ധത്തിന് അധ്യയന ചോദ്യങ്ങൾ ഇല്ല. എന്നാൽ മുഖ്യ ആശയങ്ങൾ വിശേഷവത്കരിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മേൽവിചാരകന് ഹാജരായിരിക്കുന്നവരെക്കൊണ്ട് അഭിപ്രായങ്ങൾ പറയിക്കാവുന്നതാണ്.
4 സഭാ പുസ്തകാധ്യയനത്തിൽ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ പഠനം വേഗത്തിലായിരിക്കും. എന്നാൽ മറ്റുള്ളവർക്ക് അധ്യയനം എടുക്കുമ്പോൾ അത്ര വേഗത്തിൽ പഠിച്ചുപോകാൻ പ്രതീക്ഷിക്കുന്നില്ല, പ്രത്യേകിച്ച് അവർക്കു ബൈബിളിനെക്കുറിച്ച് കാര്യമായ അല്ലെങ്കിൽ ഒട്ടുംതന്നെ അറിവില്ലാത്ത സാഹചര്യത്തിൽ. (പ്രവൃ. 26:28, 29) ഭവന ബൈബിളധ്യയനം നടത്തുമ്പോൾ തിരുവെഴുത്തുകൾ ഏറെ വിശദമായി ചർച്ചചെയ്യുകയും ചിത്രങ്ങൾ, ദൃഷ്ടാന്തങ്ങൾ ഇവയെക്കുറിച്ചു വിശദീകരണം നൽകുകയും മറ്റും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ വാരത്തിലും പുസ്തകാധ്യയനത്തിനു ഹാജരാകാനും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പുസ്തകത്തിന്റെ പഠനത്തിൽ പൂർണമായി പങ്കുപറ്റാനും ലക്ഷ്യംവെക്കുക.