ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം—നമ്മുടെ മുഖ്യ ബൈബിളധ്യയന സഹായി
1 “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം പ്രകാശനം ചെയ്തത് നമ്മെ എത്ര പുളകംകൊള്ളിച്ചു! ശനിയാഴ്ചത്തെ പരിപാടിയുടെ അവസാനം ആ പുസ്തകത്തിന്റെ ഒരു പ്രതി ലഭിച്ചതിൽ കൂടിവന്നവർ സന്തോഷിച്ചു. ഈ പുതിയ അധ്യയന സഹായി എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? നമ്മുടെ മുഖ്യ ബൈബിളധ്യയന സഹായി ആയിരിക്കാൻ തക്കവിധമാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ഇത് സാഹിത്യ സമർപ്പണമെന്നനിലയിൽ ആദ്യമായി വിശേഷവത്കരിക്കപ്പെടുന്നത് മാർച്ച് മാസത്തിലാണെങ്കിലും ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനും ഇപ്പോൾത്തന്നെ ഇത് ഉപയോഗിച്ചുതുടങ്ങാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നു.
2 നിലവിലുള്ള ബൈബിളധ്യയനങ്ങൾ: പരിജ്ഞാനം പുസ്തകത്തിൽനിന്നോ ആവശ്യം ലഘുപത്രികയിൽനിന്നോ ബൈബിളധ്യയനം നടത്തുന്ന പ്രസാധകർ അധ്യയനത്തിൽ എപ്പോൾ, എങ്ങനെ പുതിയ പ്രസിദ്ധീകരണം ഉപയോഗിച്ചു തുടങ്ങണം എന്നതു സംബന്ധിച്ചു നല്ല വിവേചന ഉപയോഗിക്കണം. അധ്യയനം അടുത്തകാലത്ത് തുടങ്ങിയതാണെങ്കിൽ നിങ്ങൾക്ക് പുതിയ പുസ്തകത്തിന്റെ ആരംഭം മുതൽ പഠിപ്പിക്കാവുന്നതാണ്. എന്നാൽ പരിജ്ഞാനം പുസ്തകത്തിന്റെ കുറെ ഭാഗം പഠിച്ചു കഴിഞ്ഞെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ അതിനു തുല്യമായ അധ്യായംമുതൽ തുടരാവുന്നതാണ്. ഇനി, പരിജ്ഞാനം പുസ്തകം തീരാറായെങ്കിൽ അതു പൂർത്തിയാക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം.
3 ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ പഠനത്തിൽനിന്നു പ്രയോജനം അനുഭവിച്ചേക്കാവുന്ന അനേകം ആളുകളെ നമുക്കെല്ലാം അറിയാം. അങ്ങനെയുള്ള ഓരോരുത്തർക്കും ബൈബിൾ സത്യങ്ങൾ പടിപടിയായി വിശദീകരിച്ചിരിക്കുന്ന ഈ പുസ്തകം ഉപയോഗിച്ച് ഒരു അധ്യയനം വാഗ്ദാനം ചെയ്യരുതോ? ഉദാഹരണത്തിന്, ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ പഠിച്ചുകഴിഞ്ഞവരും എന്നാൽ സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും പുരോഗമിക്കാത്തവരും ആയവർ ഈ പുതിയ പുസ്തകം ഉപയോഗിച്ച് അധ്യയനം പുനരാരംഭിക്കാൻ ആഗ്രഹിച്ചേക്കാം. ദൈവേഷ്ടം സംബന്ധിച്ച പരിജ്ഞാനം മക്കൾക്കു പകർന്നുകൊടുക്കുന്നതിന് ഈ പ്രസിദ്ധീകരണം ഉപയോഗിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചേക്കാം.—കൊലൊ. 1:9, 10.
4 രണ്ടാമത്തെ പുസ്തകത്തിന്റെ പഠനം: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം പഠിച്ചശേഷം ബൈബിൾ വിദ്യാർഥിയുമൊത്ത് രണ്ടാമതൊരു പുസ്തകം പഠിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടോ? ഉണ്ട്. സാവധാനത്തിലാണെങ്കിലും വിദ്യാർഥി പുരോഗതിവരുത്തുകയും പഠിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കുകയും ചെയ്യുന്നതായി കാണുന്നെങ്കിൽ ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകം ഉപയോഗിച്ച് അധ്യയനം തുടരാനായേക്കും. ശിഷ്യരെ ഉളവാക്കാനുള്ള നമ്മുടെ നിയോഗം നിറവേറ്റുന്നതിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ശക്തമായ ഒരു ഉപകരണമായി വർത്തിക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ട്.—മത്താ. 28:19, 20.