“ആരെങ്കിലും വിശദീകരിച്ചു തരാതെ . . . എങ്ങനെ ഗ്രഹിക്കും?”
1 സുവിശേഷകനായ ഫിലിപ്പൊസ് എത്യോപ്യൻ ഷണ്ഡനോട്, ദൈവവചനത്തിൽനിന്നു വായിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മനസ്സിലാകുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: “ആരെങ്കിലും വിശദീകരിച്ചു തരാതെ ഞാൻ എങ്ങനെ ഗ്രഹിക്കും?” യേശുവിനെ സംബന്ധിച്ച സുവിശേഷം മനസ്സിലാക്കുന്നതിന് ഫിലിപ്പൊസ് അയാളെ സന്തോഷപൂർവം സഹായിച്ചു. തത്ഫലമായി ആ മനുഷ്യൻ ഉടൻതന്നെ സ്നാപനമേറ്റു. (പ്രവൃത്തികൾ 8:26-38, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) ഇവിടെ ഫിലിപ്പൊസ്, ‘സ്നാനം കഴിപ്പിച്ചും പഠിപ്പിച്ചുംകൊണ്ട് സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കുന്നതിന്’ യേശു നൽകിയ നിയോഗം അനുസരിക്കുകയായിരുന്നു.—മത്തായി 28:19, 20, NW.
2 ഫിലിപ്പൊസിനെപ്പോലെതന്നെ നാമും ശിഷ്യരെ ഉളവാക്കാനുള്ള നിയോഗം അനുസരിക്കണം. എന്നിരുന്നാലും, നമ്മുടെ ബൈബിൾ വിദ്യാർഥികൾ എത്യോപ്യൻ ഷണ്ഡനെപ്പോലെ അത്ര പെട്ടെന്നൊന്നും ആത്മീയ പുരോഗതി കൈവരുത്തിയെന്നു വരില്ല. യഹൂദ മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്ന ആ മനുഷ്യന് തിരുവെഴുത്തുകൾ സംബന്ധിച്ച് നല്ല അറിവും സ്വീകാര്യക്ഷമതയുള്ള ഒരു ഹൃദയവും ഉണ്ടായിരുന്നു. അതുകൊണ്ട്, അയാൾ യേശുവിനെ വാഗ്ദത്ത മിശിഹയായി സ്വീകരിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ അധ്യയനത്തിലുള്ളവർക്കു ബൈബിളിനെ സംബന്ധിച്ച് യാതൊന്നും അറിയില്ലെങ്കിൽ വ്യാജമത പഠിപ്പിക്കലുകളാൽ അവർ വഴിതെറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ വ്യക്തിപരമായ പലപല പ്രശ്നങ്ങളാൽ അവർ ഭാരപ്പെടുന്നെങ്കിൽ ഒരു മാറ്റം വരുത്തുക എന്നത് വലിയ വെല്ലുവിളിതന്നെയായിരിക്കും. ബൈബിൾ വിദ്യാർഥികളെ സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും നയിക്കുന്നതിൽ നമുക്കെങ്ങനെ വിജയിക്കാൻ കഴിയും?
3 ബൈബിൾ വിദ്യാർഥിയുടെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിയുക: 1998 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ, ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും ഉപയോഗിച്ചു നടത്തുന്ന അധ്യയനത്തിന്റെ ദൈർഘ്യത്തെ കുറിച്ചു ചർച്ച ചെയ്തിരുന്നു. അതിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്: “വിദ്യാർഥിയുടെ ചുറ്റുപാടുകളുടെയും നൈസർഗികമായ കഴിവുകളുടെയും അടിസ്ഥാനത്തിൽ അധ്യയനത്തിന്റെ ഗതിവേഗം തിട്ടപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. . . . വേഗതയെപ്രതി വിദ്യാർഥികളുടെ വ്യക്തമായ ഗ്രാഹ്യത്തെ ബലികഴിക്കാൻ നാം ആഗ്രഹിക്കുന്നില്ല. ദൈവ വചനത്തിലുള്ള തങ്ങളുടെ പുതുതായി കണ്ടെത്തിയ വിശ്വാസത്തിൽ ഓരോ വിദ്യാർഥിക്കും ഉറച്ച അടിസ്ഥാനം ആവശ്യമാണ്.” ആയതിനാൽ, ആറു മാസംകൊണ്ട് അധ്യയനം തീർക്കണമല്ലോ എന്നു വിചാരിച്ചുകൊണ്ട് പരിജ്ഞാനം പുസ്തകത്തിലെ വിവരങ്ങൾ തിരക്കുകൂട്ടി പഠിപ്പിച്ചുതീർക്കുന്നത് ഉചിതമായിരിക്കില്ല. ഒരു വ്യക്തിയെ സ്നാപനത്തിലേക്കു നയിക്കാൻ ചിലപ്പോൾ ആറു മാസത്തിലും വളരെ കൂടുതൽ സമയം വേണ്ടിവന്നേക്കാം. വാരന്തോറും അധ്യയനം നടത്തുമ്പോൾ ദൈവവചനത്തിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിനും സ്വീകരിക്കുന്നതിനും വിദ്യാർഥിയെ സഹായിക്കുന്നതിന് ആവശ്യമായിരിക്കുന്നത്ര സമയം എടുക്കുക. ചിലരുടെ കാര്യത്തിൽ പരിജ്ഞാനം പുസ്തകത്തിലെ ഒരു അധ്യായം പഠിക്കുന്നതിനുതന്നെ രണ്ടോ മൂന്നോ ആഴ്ചകൾ വേണ്ടിവന്നേക്കാം. അങ്ങനെയാകുമ്പോൾ, പരാമർശിച്ചിരിക്കുന്ന മിക്ക തിരുവെഴുത്തുകളും വായിച്ചു വിശദമായി ചർച്ചചെയ്യാൻ സാധിക്കും.—റോമ. 12:2.
4 എന്നിരുന്നാലും, പരിജ്ഞാനം പുസ്തകത്തിന്റെ പഠനം തീർന്നിട്ടും വിദ്യാർഥി സത്യത്തെ കുറിച്ചുള്ള പൂർണ ഗ്രാഹ്യം നേടുകയോ സത്യത്തിനുവേണ്ടി ഒരു നിലപാട് എടുക്കാനും തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കാനും വേണ്ടത്ര പ്രേരിതനാകുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? (1 കൊരി. 14:20) ജീവനിലേക്കു നയിക്കുന്ന പാതയിൽ എത്തിച്ചേരാൻ അയാളെ സഹായിക്കുന്നതിനു നിങ്ങൾക്കു കൂടുതലായി എന്തു ചെയ്യാൻ കഴിയും?—മത്താ. 7:14.
5 ബൈബിൾ വിദ്യാർഥിയുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുക: സാവധാനം ആണെങ്കിൽപ്പോലും, ഒരുവൻ പുരോഗതി വരുത്തുകയും പഠിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കുകയും ചെയ്യുന്നെങ്കിൽ, ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും പഠിച്ചതിനു ശേഷം മറ്റൊരു പുസ്തകത്തിൽനിന്ന് അധ്യയനം തുടരുക. എല്ലായ്പോഴും ഇങ്ങനെ ചെയ്യേണ്ടതില്ല. എന്നാൽ, ആവശ്യമായിരിക്കുന്ന പക്ഷം, യഥാർഥ സമാധാനം പുസ്തകത്തിൽനിന്നോ ആരാധനയിൽ ഏകീകൃതർ പുസ്തകത്തിൽനിന്നോ ദൈവത്തിന്റെ വചനം (ഇംഗ്ലീഷ്) പുസ്തകത്തിൽനിന്നോ അധ്യയനം തുടരുക. സഭയിൽ ഈ പുസ്തകം സ്റ്റോക്ക് ഇല്ലെങ്കിൽപ്പോലും മിക്ക പ്രസാധകർക്കും ഇവയുടെ വ്യക്തിപരമായ പ്രതികൾ ഉണ്ട്. എന്നാൽ എല്ലായ്പോഴും ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവുമാണ് ആദ്യം പഠിക്കേണ്ടത്. രണ്ടാമത്തെ പുസ്തകം പഠിച്ചു തീരുന്നതിനു മുമ്പുതന്നെ വിദ്യാർഥി സ്നാപനമേൽക്കുന്നെങ്കിലും അധ്യയനം തുടരുന്നിടത്തോളം കാലം അതിനുവേണ്ടി ചെലവഴിക്കുന്ന സമയവും, മടക്കസന്ദർശനവും ബൈബിൾ അധ്യയനവും റിപ്പോർട്ടു ചെയ്യേണ്ടതാണ്.
6 അതിന്റെ അർഥം, ഒരു പുസ്തകം മാത്രം പഠിച്ച് അടുത്തകാലത്തു സ്നാപനമേറ്റവരെ മറ്റൊരു പുസ്തകവും കൂടി പഠിപ്പിച്ചുകൊണ്ടു കൂടുതലായി സഹായിക്കണം എന്നാണോ? അതിന്റെ ആവശ്യമില്ല. എന്നാൽ, അവർ ഒരുപക്ഷേ നിഷ്ക്രിയരായിത്തീരുകയോ സത്യത്തിൽ പുരോഗതി വരുത്താതിരിക്കുകയോ ചെയ്തിട്ടുണ്ടായിരിക്കാം. ജീവിതത്തിൽ സത്യം കൂടുതലായി ബാധകമാക്കുന്നതിന് തങ്ങൾക്ക് വ്യക്തിപരമായ സഹായം ആവശ്യമാണെന്ന് അവർ വിചാരിക്കുന്നുണ്ടാകാം. സ്നാപനമേറ്റ ഒരാളുമായി അധ്യയനം പുനഃരാരംഭിക്കുന്നതിനു മുമ്പ് സേവനമേൽവിചാരകനുമായി ആലോചിക്കുക. എന്നാൽ, മുമ്പ് പരിജ്ഞാനം പുസ്തകം പഠിച്ചിട്ടും സമർപ്പണത്തിലേക്കോ സ്നാപനത്തിലേക്കോ പുരോഗമിക്കാഞ്ഞ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ ബൈബിൾ അധ്യയനം പുനഃരാരംഭിക്കാൻ അവർക്ക് ആഗ്രഹമുണ്ടോ എന്നു കണ്ടുപിടിക്കുന്നതിനു നിങ്ങൾക്കുതന്നെ മുൻകൈ എടുക്കാവുന്നതാണ്.
7 നമ്മുടെ ഓരോ ബൈബിൾ വിദ്യാർഥിക്കും വ്യക്തിപരമായ ശ്രദ്ധ കൊടുക്കുന്നതു ക്രിസ്തീയ സ്നേഹത്തിന്റെ തെളിവാണ്. ദൈവവചനത്തിലെ സത്യം സംബന്ധിച്ചു കൂടുതൽ ഉൾക്കാഴ്ച നേടാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. അപ്പോൾ ആ വ്യക്തിക്ക് സത്യത്തിനുവേണ്ടി വ്യക്തമായ, പരിജ്ഞാനപ്രകാരമുള്ള ഒരു നിലപാട് എടുക്കുന്നതിനും തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു ജലസ്നാപനം ഏൽക്കുന്നതിനും സാധിക്കും.—സങ്കീ. 40:8; എഫെ. 3:17-19.
8 സ്നാപനശേഷം എത്യോപ്യൻ ഷണ്ഡന് എന്തു സംഭവിച്ചു എന്നു നിങ്ങൾക്കറിയാമോ? ക്രിസ്തുവിന്റെ ഒരു പുതിയ ശിഷ്യൻ എന്ന നിലയിൽ “അവൻ സന്തോഷിച്ചുംകൊണ്ടു തന്റെ വഴിക്കു പോയി” എന്ന് ബൈബിൾ പറയുന്നു. (പ്രവൃ. 8:39, 40) നാമും സത്യത്തിന്റെ പാതയിലേക്കു നാം നയിക്കുന്നവരും ഇന്നും എന്നെന്നേക്കും യഹോവയാം ദൈവത്തെ സേവിക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തുമാറാകട്ടെ!