ശിഷ്യരാക്കൽ എന്ന അടിയന്തിര വേലയോടുള്ള പുരോഗമനാത്മക വീക്ഷണം
1 ഭൂമി വിട്ടുപോകുന്നതിനു മുമ്പ്, യേശു തന്റെ അനുഗാമികൾക്ക് “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന കൽപ്പന കൊടുത്തു. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒരു ഊർജിതമായ പ്രസംഗ-പഠിപ്പിക്കൽ പ്രസ്ഥാനം ഏറ്റെടുത്തു നടത്തേണ്ടതും തങ്ങളുടെ പ്രവർത്തനം മുഴു നിവസിത ഭൂമിയിലും വ്യാപിപ്പിക്കേണ്ടതും ആവശ്യമാക്കിത്തീർത്തു. (മത്താ. 28:19, 20; പ്രവൃ. 1:8) ഈ നിയോഗത്തെ അവർ നിറവേറ്റാൻ വളരെ പ്രയാസമുള്ള ഒരു ഭാരമായി വീക്ഷിച്ചോ? അപ്പൊസ്തലനായ യോഹന്നാന്റെ അഭിപ്രായപ്രകാരം, തീർച്ചയായും ഇല്ല. ശിഷ്യരാക്കൽ വേലയിൽ 65 വർഷം ചെലവിട്ട ശേഷം അദ്ദേഹം എഴുതി: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കലപ്നകൾ ഭാരമുള്ളവയല്ല.”—1 യോഹ. 5:3.
2 ആദിമ ക്രിസ്ത്യാനികളെ കുറിച്ചുള്ള തിരുവെഴുത്തു രേഖകൾ തെളിയിക്കുന്നത് അവർ യേശുക്രിസ്തുവിന്റെ ശിഷ്യരെ ഉളവാക്കുക എന്ന തങ്ങളുടെ നിയമനം അടിയന്തിരതയോടെ നിവർത്തിച്ചു എന്നാണ്. (2 തിമൊ. 4:1, 2) അവർ അതു ചെയ്തത് കേവലം തങ്ങളുടെ കടമയാണല്ലോ എന്ന ചിന്തകൊണ്ടല്ല, പകരം ദൈവത്തെ പ്രസാദിപ്പിക്കാനും രക്ഷയ്ക്കുള്ള പ്രത്യാശ മറ്റുള്ളവർക്കു പകർന്നു കൊടുക്കാനുമുള്ള സ്നേഹപൂർവകമായ ആഗ്രഹം നിമിത്തമാണ്. (പ്രവൃ. 13:47-49) ശിഷ്യരായവർ എല്ലാം പിന്നീട് ശിഷ്യരാക്കുന്നവർ ആയിത്തീർന്നതു നിമിത്തം ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭ അതിവേഗം വളർന്നു.—പ്രവൃ. 5:14; 6:7; 16:5.
3 ശിഷ്യരാക്കൽ വേല ദ്രുതഗതിയിൽ വളരുന്നു: എക്കാലത്തെയും ഏറ്റവും വലിയ ശിഷ്യരാക്കൽ വേല ഈ 20-ാം നൂറ്റാണ്ടിലാണു നിർവഹിക്കപ്പെടുന്നത്! അങ്ങനെ ഇന്നോളം, ദശലക്ഷക്കണക്കിന് ആളുകൾ സുവാർത്ത സ്വീകരിക്കുകയും അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. (ലൂക്കൊ. 8:15) ഈ വ്യവസ്ഥിതിക്ക് ശേഷിച്ചിരിക്കുന്ന സമയം വളരെ പെട്ടെന്നു തീർന്നുകൊണ്ടിരിക്കുന്നതിനാൽ, ആത്മാർഥ ഹൃദയരായ ആളുകൾക്ക് പെട്ടെന്നു സത്യം പഠിച്ചെടുക്കാൻ സാധ്യമാകുന്ന തരത്തിലുള്ള ഉപകരണങ്ങൾ “വിശ്വസ്തനും വിവേകിയുമായ അടിമ” നമുക്കു നൽകിയിരിക്കുന്നു.—മത്താ. 24:45, NW.
4 1995-ൽ നമുക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ലഭിച്ചു. പുറകേ, 1996-ൽ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും. പരിജ്ഞാനം പുസ്തകത്തെ കുറിച്ച് 1996 ജനുവരി 15 വീക്ഷാഗോപുരം അതിന്റെ 14-ാം പേജിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “192 പേജുള്ള ഈ പുസ്തകം താരതമ്യേന ചുരുങ്ങിയ കാലയളവിൽ പഠിച്ചുതീർക്കാനാവും. ‘നിത്യജീവനുവേണ്ടി ശരിയായ മനോനിലയുള്ള’വർ യഹോവക്കു സമർപ്പിച്ചു സ്നാപനമേൽക്കാൻ മതിയായ സംഗതികൾ ഈ പുസ്തകത്തിന്റെ പഠനത്തിലൂടെ മനസ്സിലാക്കാൻ പ്രാപ്തരാകണം.”—പ്രവൃ. 13:48.
5 നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ജൂൺ ലക്കത്തിന്റെ “പരിജ്ഞാനം പുസ്തകം കൊണ്ടു ശിഷ്യരെ ഉളവാക്കാവുന്ന വിധം” എന്ന അനുബന്ധം നമ്മുടെ മുമ്പാകെ ഈ ലക്ഷ്യം വെച്ചു: “വിദ്യാർഥിയുടെ സാഹചര്യങ്ങളെയും പ്രാപ്തിയെയും ആശ്രയിച്ച്, അധ്യായങ്ങൾ മിക്കതും ഒരു മണിക്കൂറോ അത്രത്തോളമോ ഉള്ള ഒരു സെഷനിൽ നിങ്ങൾക്കു തീർക്കാൻ കഴിഞ്ഞേക്കും. അതേസമയം ധൃതികൂട്ടി എടുക്കേണ്ട ആവശ്യവുമില്ല. അധ്യാപകനും വിദ്യാർഥിയും ഓരോ വാരവും തങ്ങളുടെ അധ്യയനത്തിനുള്ള നിർദിഷ്ട സമയം പാലിക്കുമ്പോൾ വിദ്യാർഥികൾ ഏറെനല്ല പുരോഗതി പ്രാപിക്കും.” ആ ലേഖനം ഇങ്ങനെ തുടർന്നു: “ഒരു വ്യക്തിക്കു പരിജ്ഞാനം പുസ്തകത്തിന്റെ അധ്യയനം പൂർത്തിയാകുന്ന സമയംകൊണ്ട് അദ്ദേഹത്തിന്റെ ആത്മാർഥതയും ദൈവത്തെ സേവിക്കുന്നതിലെ ആഴമായ താത്പര്യവും വ്യക്തമായിത്തീർന്നിട്ടുണ്ടാവുമെന്നു പ്രതീക്ഷിക്കണം.” 1996 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി ഇപ്രകാരം വിശദീകരിച്ചു: “യഹോവയെ സേവിക്കുകയെന്ന ബുദ്ധിപൂർവകമായ തീരുമാനമെടുക്കാൻ ആവശ്യമായ അറിവു നേടാൻ ആത്മാർഥഹൃദയനായ ഒരു സാധാരണ വിദ്യാർഥിയെ ചുരുങ്ങിയ കാലംകൊണ്ടു സഹായിക്കുന്നതിന്, കഴിവുള്ള ഒരധ്യാപകനു കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.”
6 പരിജ്ഞാനം പുസ്തകം ഫലപ്രദമെന്നു തെളിയുന്നു: ഒരു യുവതി, സ്നാപനമേറ്റ സന്ദർഭത്തിൽ തനിക്ക് പരിജ്ഞാനം പുസ്തകത്തിന്റെ പഠനം എങ്ങനെ അനുഭവപ്പെട്ടു എന്നു വിവരിച്ചു. കുറെ കാലം അവൾ എന്നേക്കും ജീവിക്കാൻ പുസ്തകം പഠിച്ചിരുന്നു. പരിജ്ഞാനം പുസ്തകം പ്രകാശനം ചെയ്തപ്പോൾ അവൾക്ക് അധ്യയനം എടുക്കുന്ന സഹോദരി പഠനം പുതിയ പുസ്തകത്തിൽനിന്നാക്കി. വളരെ പെട്ടെന്നുതന്നെ താൻ ഒരു തീരുമാനം എടുക്കേണ്ടതാണെന്ന് ആ വിദ്യാർഥിനിക്കു മനസ്സിലായി. ആ സമയം മുതൽ അവൾ ദ്രുതഗതിയിൽ പുരോഗതി വരുത്താൻ പ്രേരിതയായി. ഇപ്പോൾ ഒരു സഹോദരിയായ ആ യുവതി പറയുന്നു: “എന്നേക്കും ജീവിക്കാൻ പുസ്തകം യഹോവയെ സ്നേഹിക്കാൻ എന്നെ സഹായിച്ചു. എന്നാൽ പരിജ്ഞാനം പുസ്തകം അവനെ സേവിക്കാനുള്ള തീരുമാനമെടുക്കാൻ എന്നെ സഹായിച്ചു.”
7 മറ്റൊരു സ്ത്രീ എത്ര വേഗത്തിലാണ് സത്യം പഠിച്ചത് എന്നു പരിചിന്തിക്കുക. രണ്ടാമത്തെ അധ്യയനത്തിനു ശേഷം അവൾ രാജ്യഹാളിൽ ഒരു യോഗത്തിനു ഹാജരായി. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശന സമയത്തായിരുന്നു അത്. ആ ആഴ്ചത്തെ തന്റെ മൂന്നാമത്തെ അധ്യയന വേളയിൽ അവൾ അദ്ദേഹത്തോട് താൻ യഹോവയ്ക്കു സമർപ്പണം നടത്തിയിരുന്നുവെന്നും സ്നാപനമേൽക്കാത്ത പ്രസാധിക ആകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. അവൾ മൂപ്പന്മാരെ ചെന്നു കണ്ടു. അവർ അവളെ ഒരു പ്രസാധികയായി അംഗീകരിക്കുകയും ചെയ്തു. പിറ്റേ ആഴ്ച അവൾ വയൽ സേവനത്തിൽ പങ്കുപറ്റാൻ തുടങ്ങി. ബൈബിൾ പഠനം വളരെയധികം ആസ്വദിച്ചിരുന്നതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പഠിക്കുന്നതിനും കൂടുതൽ സമയം വയൽ സേവനത്തിൽ ചെലവഴിക്കുന്നതിനും വേണ്ടി അവൾ ജോലിയിൽ നിന്നും അവധി വാങ്ങി. ചിലപ്പോഴൊക്കെ, അവർ ഒരു പഠന വേളയിൽത്തന്നെ 3 അധ്യായങ്ങൾവരെ പഠിക്കുമായിരുന്നു. പഠിച്ച കാര്യങ്ങൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ബാധകമാക്കാൻ തുടങ്ങിയ അവൾ നാല് ആഴ്ചകൊണ്ട് പരിജ്ഞാനം പുസ്തകം പഠിച്ചു തീർക്കുകയും സ്നാപനത്തിലേക്കു പുരോഗമിക്കുകയും ചെയ്തു!
8 ഒരു സഹോദരിയുടെ ഭർത്താവ്, താൻ “അവിശ്വാസിയായ ഇണയുടെ ഒരു ശരിയായ പതിപ്പ്” ആയിരുന്നു എന്നു പറയുന്നു. ഒരു ദിവസം ഒരു സഹോദരൻ അദ്ദേഹത്തിന്, ആദ്യത്തെ അധ്യയനത്തിനു ശേഷമോ അതിനു ശേഷം എപ്പോൾ വേണമെങ്കിലുമോ പഠനം അവസാനിപ്പിക്കാം എന്ന വ്യവസ്ഥയിൽ പരിജ്ഞാനം പുസ്തകത്തിൽ നിന്നും ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തു. ചെറുപ്പത്തിൽ പഠനത്തിൽ വളരെ മോശമായിരുന്നിട്ടും കഴിഞ്ഞ 20 വർഷമായി ഒരു തരത്തിലുമുള്ള മതപരമായ സാഹിത്യങ്ങൾ പഠിച്ചിട്ടില്ലാതിരുന്നിട്ടും ആ ഭർത്താവ് ഒന്നു പരീക്ഷിച്ചു നോക്കാൻ തയ്യാറായി. പരിജ്ഞാനം പുസ്തകത്തിന്റെ പഠനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു? അദ്ദേഹം പറഞ്ഞു: “ഈ ബൈബിൾ പഠന സഹായി വളരെ ലളിതമായിട്ടാണ് എഴുതപ്പെട്ടത് എന്നു കണ്ടെത്തിയത് വളരെ സന്തോഷം നൽകി. വിവരങ്ങൾ അത്ര വ്യക്തവും യുക്തിപൂർവകവും ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ പെട്ടെന്നു തന്നെ ഞാൻ അടുത്ത അധ്യയനത്തിനു വേണ്ടി വളരെ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കാൻ തുടങ്ങി. എന്നെ പഠിപ്പിച്ചയാൾ സൊസൈറ്റി വിവരിച്ച ശിഷ്യരാക്കൽ രീതികൾ വിദഗ്ധമായി പിൻപറ്റി. അങ്ങനെ യഹോവയുടെ ആത്മാവിന്റെ സഹായത്താൽ നാലു മാസത്തിനു ശേഷം ഞാൻ സ്നാപനമേറ്റു. ശിഷ്യരെ ഉളവാക്കുന്നതിനോടു നാം പ്രിയം വളർത്തിയെടുക്കുകയും വയൽ ശുശ്രൂഷയിൽ നീതിഹൃദയരായ ആളുകളെ അന്വേഷിക്കുന്നതിൽ തുടരുകയും സൊസൈറ്റി പ്രദാനം ചെയ്യുന്ന പരിജ്ഞാനം പുസ്തകവും മറ്റു ബൈബിൾ പഠന സഹായികളും ഉപയോഗിക്കുകയും, ഏറ്റവും പ്രധാനമായി, യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക് ശിഷ്യരെ ഉളവാക്കാൻ സഹായിക്കുക എന്ന വളരെ വിലയേറിയ പദവി ഉണ്ടായിരിക്കാൻ കഴിയും.” മുകളിൽ പറഞ്ഞവയെല്ലാം തീർച്ചയായും അപൂർവമായ അനുഭവങ്ങളാണ്. നമ്മുടെ വിദ്യാർഥികളിൽ ഭൂരിഭാഗവും അത്രയും വേഗത്തിൽ സത്യത്തിൽ വരാറില്ല.
9 വിദ്യാർഥികളുടെ പുരോഗതി വ്യത്യസ്ത വേഗത്തിൽ: ദൈവവചനം പഠിപ്പിക്കുന്നവരുടെയും പഠിക്കുന്നവരുടെയും കഴിവുകൾ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കും എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ആത്മീയ വളർച്ച സാവധാനത്തിലോ വേഗത്തിലോ ആയിരിക്കാവുന്നതാണ്. ചില വിദ്യാർഥികൾ ഏതാനും മാസങ്ങൾ കൊണ്ടു പുരോഗമിക്കുമ്പോൾ മറ്റു ചിലർക്ക് വളരെ സമയം വേണ്ടി വരുന്നു. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ ബാധിക്കുന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലം, ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പിന്റെ വ്യാപ്തി, യഹോവയോടുള്ള ഭക്തിയുടെ ആഴം എന്നിവയൊക്കെയാണ്. നാം അധ്യയനം എടുക്കുന്ന എല്ലാവർക്കുമൊന്നും വിശ്വാസികൾ ആയിത്തീർന്ന ബെരോവക്കാരെപ്പോലെ തിരുവെഴുത്തുകൾ ദിനംതോറും പഠിക്കാനുള്ള “പൂർണ്ണജാഗ്രത” ഉണ്ടായിരിക്കണമെന്നില്ല.—പ്രവൃ. 17:11, 12.
10 അതുകൊണ്ടാണ് “വേണം—കൂടുതൽ ബൈബിളധ്യയനങ്ങൾ” എന്ന 1998 മേയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം യാഥാർഥ്യ ബോധത്തോടുകൂടിയ ഈ നിർദേശം നൽകുന്നത്: “എല്ലാ ബൈബിൾ വിദ്യാർഥികളും പുരോഗമിക്കുന്നത് ഒരുപോലെ ആയിരിക്കില്ല എന്നതു ശരിതന്നെ. ചിലർ മറ്റുള്ളവരെപ്പോലെ ആത്മീയചായ്വുള്ളവരല്ല, അല്ലെങ്കിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കുന്നവരല്ല. മറ്റു ചിലരുടേത്, തിരക്കുപിടിച്ച ജീവിതമാണ്. ഓരോ വാരത്തിലും ഒരധ്യായം മുഴുവനും പരിചിന്തിക്കുന്നതിനുള്ള സമയം അവർക്കില്ലായിരിക്കാം. അതുകൊണ്ട്, ചിലരുടെ കാര്യത്തിൽ ചില അധ്യായങ്ങൾ പഠിച്ചു തീർക്കുന്നതിന് ഒന്നിലധികം അധ്യയന സെഷനുകൾതന്നെ വേണ്ടിവന്നേക്കാം. അങ്ങനെ, പുസ്തകം പഠിച്ചു തീർക്കുന്നതിന് ഏതാനും മാസങ്ങൾ കൂടുതലായി വേണ്ടിവന്നേക്കാം.”
11 ശിഷ്യരാക്കുന്നവർ ഒരു സന്തുലിത വീക്ഷണം നിലനിർത്തുന്നു: വിദ്യാർഥിയുടെ ചുറ്റുപാടുകളുടെയും നൈസർഗികമായ കഴിവുകളുടെയും അടിസ്ഥാനത്തിൽ അധ്യയനത്തിന്റെ ഗതിവേഗം തിട്ടപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പരിജ്ഞാനം പുസ്തകത്തിലേക്കു കടക്കുന്നതിനു മുമ്പ് ആവശ്യം ലഘുപത്രികയിൽ നിന്ന് അധ്യയനങ്ങൾ ആരംഭിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്ന സ്ഥിതിക്ക് അതിന്റെ പഠനത്തിനുതന്നെ രണ്ടോ മൂന്നോ മാസം വേണ്ടിവന്നേക്കാം. 1996 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ എല്ലാ നിർദേശങ്ങളും നാം പ്രയോജനപ്പെടുത്തുന്നു എങ്കിൽ പരിജ്ഞാനം പുസ്തകം പഠിച്ചുതീർക്കാൻ വീണ്ടുമൊരു ആറു മുതൽ ഒമ്പതു വരെ മാസം കൂടി എടുത്തേക്കാം. വിദ്യാർഥി പരിജ്ഞാനം പുസ്തകത്തിന്റെ പഠനം തുടങ്ങിയിട്ടേയുള്ളുവെങ്കിൽ അടിസ്ഥാന ബൈബിൾ സത്യങ്ങൾ കുറെക്കൂടി വേഗത്തിൽ പഠിക്കാൻ സഹായിക്കുന്നതിന് ചിലർ അധ്യയനം ആവശ്യം ലഘുപത്രികയിലേക്കു മാറ്റിയിട്ടുണ്ട്. പിന്നീട് പരിജ്ഞാനം പുസ്തകത്തിൽ നിന്നും അധ്യയനം പുനരാരംഭിച്ചു. പരിജ്ഞാനം പുസ്തകത്തിൽ നിന്ന് അധ്യയനം ആരംഭിക്കുകയും നന്നായി പുരോഗമിക്കുകയും ചെയ്യുന്നെങ്കിൽ ആ പുസ്തകം പഠിച്ചുതീർന്ന ശേഷം ആവശ്യം ലഘുപത്രിക പഠിക്കുന്നതു പ്രയോജനപ്രദം ആയിരിക്കാം. അപ്രകാരം ദൈവ വചനത്തിലെ അടിസ്ഥാന സത്യങ്ങളുടെ പെട്ടെന്നുള്ള ഒരു പുനരവലോകനം സാധ്യമാകും. എങ്ങനെ ആയാലും വേഗതയെപ്രതി വിദ്യാർഥികളുടെ വ്യക്തമായ ഗ്രാഹ്യത്തെ ബലികഴിക്കാൻ നാം ആഗ്രഹിക്കുന്നില്ല. ദൈവ വചനത്തിലുള്ള തങ്ങളുടെ പുതുതായി കണ്ടെത്തിയ വിശ്വാസത്തിൽ ഓരോ വിദ്യാർഥിക്കും ഉറച്ച അടിസ്ഥാനം ആവശ്യമാണ്.
12 കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെ നിലകൊള്ളുന്നു എന്നതിന്റെ വീക്ഷണത്തിൽ മറ്റുള്ളവരെ സത്യം പഠിക്കാൻ സഹായിക്കുന്നത് എന്നത്തെക്കാളും അടിയന്തിരമാണ്. പുതിയ അധ്യയനങ്ങൾ ലഭിക്കാൻ നിരന്തരം പ്രാർഥിക്കുന്നതിനു പുറമേ, ഇപ്പോൾത്തന്നെ നമ്മോടൊപ്പം പഠിക്കുന്നവർക്കു വേണ്ടിയും നമുക്കു പ്രാർഥിക്കാം. അപ്പോൾ “ലോകാവസാനത്തോളം എല്ലാനാളും” കൂടുതൽ ശിഷ്യരെ സ്നാപനം ഏൽക്കാൻ സഹായിക്കുന്നതിലുള്ള സന്തോഷം നമുക്കുണ്ടായിരിക്കും.—മത്താ. 28:20.