പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 1: എന്താണ് ഒരു ബൈബിളധ്യയനം?
1 ദൈവജനം ലോകവ്യാപകമായി ഓരോ മാസവും ഏകദേശം 60 ലക്ഷം ബൈബിളധ്യയനങ്ങൾ നടത്തുന്നു. ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ അവലംബിക്കുന്നതിലൂടെ, സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും പുരോഗമിക്കാനും അങ്ങനെ “മററുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ,” മതിയായ യോഗ്യതയുള്ള വ്യക്തികളായിത്തീരാനും ഈ ബൈബിൾ വിദ്യാർഥികളെ നമുക്കു സഹായിക്കാനാകും. (2 തിമൊ. 2:2) അത്തരം പുരോഗതി വരുത്തുന്നതിന് നിങ്ങളുടെ വിദ്യാർഥികളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാന സംഗതികൾ വിശദീകരിക്കുന്ന ഒരു ലേഖന പരമ്പര ഈ ലക്കം മുതൽ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
2 ഒരു ബൈബിളധ്യയനം റിപ്പോർട്ടു ചെയ്യേണ്ടത് എപ്പോൾ? ഹ്രസ്വമെങ്കിലും ക്രമമായും ക്രമീകൃതമായും ഏതെങ്കിലും നിർദിഷ്ട പ്രസിദ്ധീകരണം ഉപയോഗിച്ച് ബൈബിൾ ചർച്ച നടത്തുമ്പോൾ നിങ്ങൾ ഒരു ബൈബിളധ്യയനം നടത്തുകയാണ്. വീട്ടുവാതിൽക്കൽ നിന്നുകൊണ്ടോ ടെലിഫോണിലൂടെയോ ആയാലും ഇതു സത്യമാണ്. ബൈബിളധ്യയന ക്രമീകരണം പ്രകടിപ്പിച്ചു കാണിച്ച ശേഷം രണ്ടുതവണ അധ്യയനം നടത്തുകയും അതു തുടരാൻ കഴിയുമെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ അധ്യയനം റിപ്പോർട്ടു ചെയ്യാവുന്നതാണ്.
3 ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും ആണ് മിക്കപ്പോഴുംതന്നെ ബൈബിളധ്യയനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങൾ. അവ പൂർത്തിയായ ശേഷം ഒരു വ്യക്തി, സാവധാനമാണെങ്കിലും പുരോഗതി വരുത്തുന്നതായും പഠിക്കുന്ന കാര്യങ്ങളോടു വിലമതിപ്പു വളർത്തുന്നതായും കാണുന്നെങ്കിൽ ദൈവത്തെ ആരാധിക്കുക പുസ്തകത്തിൽനിന്ന് അധ്യയനം തുടരാവുന്നതാണ്.
4 ദശലക്ഷങ്ങളെ യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരാൻ സഹായിക്കുന്നതിൽ ബൈബിളധ്യയന ക്രമീകരണം ഇന്നോളം ഫലപ്രദമായിരുന്നിട്ടുണ്ട്. (മത്താ. 28:19, 20) ഈ പരമ്പരയിൽ വരാനിരിക്കുന്ന ലേഖനങ്ങളിലെ നിർദേശങ്ങൾ പിൻപറ്റുന്നതു വഴി നിങ്ങൾക്ക് പുരോഗമനാത്മകമായ ഒരു ബൈബിളധ്യയനം നടത്താൻ സാധിക്കും.