വീട്ടുവാതിൽക്കൽവെച്ചും ടെലിഫോണിലൂടെയും നടത്തുന്ന അധ്യയനങ്ങൾ പുരോഗമിക്കുന്നുവോ?
1. എന്തു ലക്ഷ്യത്തിലാണ് നാം ബൈബിളധ്യയനങ്ങൾ നടത്തുന്നത്?
1 ഒരു ബൈബിളധ്യയനം തുടങ്ങാൻ കഴിയുന്നത് എത്ര സന്തോഷകരമായ സംഗതിയാണ്! എന്നാൽ ബൈബിൾ പഠിക്കാൻ താത്പര്യമുള്ള ആരെയെങ്കിലും കണ്ടുമുട്ടുന്നത് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. കാരണം, ക്രിസ്തുവിന്റെ യഥാർഥ ശിഷ്യനായിത്തീരാൻ ആ വ്യക്തിയെ സഹായിക്കുക എന്നതാണ് അധ്യയനത്തിന്റെ ലക്ഷ്യം. (മത്താ. 28:19, 20) ആ ലക്ഷ്യം നേടാൻ നമ്മെ എന്തു സഹായിക്കും?
2. വീട്ടുവാതിൽക്കൽവെച്ചോ ടെലിഫോണിലൂടെയോ നടത്തുന്ന അധ്യയനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്, അവ ഫലപ്രദമാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
2 തിരക്കുള്ള ആളുകൾ: ഇന്ന് ആളുകൾ എന്നത്തെക്കാളും തിരക്കുള്ളവരാണ്. ചില സ്ഥലങ്ങളിൽ, ബൈബിൾ പഠിക്കുന്നതിനായി തുടക്കത്തിൽ ഒരു മണിക്കൂർ നീക്കിവെക്കാൻ മിക്കവർക്കും സമയമില്ല. അങ്ങനെയുള്ളവരുടെ കാര്യത്തിൽ വാതിൽക്കൽവെച്ചോ ടെലിഫോൺ മുഖേനയോ അധ്യയനം തുടങ്ങാനും തുടർന്നു നടത്താനും നമ്മെ പ്രോത്സാഹിപ്പിച്ചിരുന്നു. ആദ്യമൊക്കെ അവ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകംപോലുള്ള ഒരു പ്രസിദ്ധീകരണത്തിലെ ഒന്നോ രണ്ടോ ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട് ഏതാനും ബൈബിൾ വാക്യങ്ങൾ മാത്രം പരിചിന്തിക്കുന്ന താരതമ്യേന ഹ്രസ്വമായ അധ്യയനങ്ങളായിരിക്കും. അനേകം പ്രസാധകരും വീട്ടുവാതിൽക്കൽവെച്ചോ ടെലിഫോണിലൂടെയോ ഈ രീതിയിൽ അധ്യയനങ്ങൾ നടത്തുന്നുണ്ട് എന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
3. വീട്ടുവാതിൽക്കൽവെച്ച് ഹ്രസ്വമായ ഒരു അധ്യയനം തുടരുന്നതുകൊണ്ടു നാം തൃപ്തിപ്പെടരുതാത്തത് എന്തുകൊണ്ട്?
3 എന്നാൽ വാതിൽക്കൽവെച്ച് ഒരു അധ്യയനം തുടരുന്നതുകൊണ്ടുമാത്രം നാം തൃപ്തിപ്പെടരുത്. പുതുതായി തുടങ്ങുന്ന ഒരു അധ്യയനത്തിന്റെ കാര്യത്തിൽ വളരെയേറെ സമയമെടുക്കാതിരിക്കുന്നതാണു ബുദ്ധിയെങ്കിലും 1990 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “ഒരിക്കൽ അധ്യയനം സ്ഥാപിക്കുകയും വീട്ടുകാരന്റെ താൽപര്യം വികസിക്കുകയും ചെയ്തുകഴിഞ്ഞാൽ അധ്യയനത്തിന് കൂടുതൽ ദീർഘമായ സമയം ഉപയോഗിക്കാമായിരിക്കും.” ഇതു വളരെ പ്രധാനമാണ്. പട്ടിണിയാൽ വലഞ്ഞിരിക്കുന്ന ഒരു കുട്ടിയുടെ കാര്യം ഉദാഹരണമായെടുക്കുക. ഭക്ഷണത്തോടുള്ള ആഗ്രഹം വീണ്ടെടുക്കുന്നതുവരെ അവന് അൽപ്പാൽപ്പമായിട്ടായിരിക്കും ഭക്ഷണം കൊടുക്കുക, എന്നാൽ നല്ല ആരോഗ്യത്തോടെ വളരണമെങ്കിൽ എന്നും അതേ അളവിൽ ഭക്ഷണം കൊടുത്താൽ പോരാ. സമാനമായി, യഹോവയുടെ ഒരു പക്വതയുള്ള ദാസനായിത്തീരുന്നതിന് ബൈബിൾ വിദ്യാർഥിക്ക് ക്രമമായി നടത്തുന്ന, കുറെക്കൂടെ ഔപചാരികമായ ഒരു അധ്യയനം ആവശ്യമാണ്.—എബ്രാ. 5:13, 14.
4. വീടിനകത്തുവെച്ച് അധ്യയനം നടത്തുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
4 വീടിനകത്തുവെച്ചുള്ള അധ്യയനങ്ങൾ: മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്തുവെച്ച് ഒരു അധ്യയനം നടത്തുന്നതിനെക്കാൾ നല്ലത് അൽപ്പം സ്വകാര്യതയുള്ളിടത്തുവെച്ച് അതു നടത്തുന്നതാണ്—അതായത് വീടിനകത്തോ അനുയോജ്യമായ മറ്റൊരിടത്തോവെച്ച്. അത്, മെച്ചമായി പഠിക്കുന്നതിനും ദൈവവചനത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതിനും വിദ്യാർഥിയെ സഹായിക്കും. (മത്താ. 13:23) കൂടാതെ, വിദ്യാർഥിക്കു യോജിക്കുംവിധം പഠനഭാഗം ചർച്ചചെയ്യാൻ അത് അധ്യയന നിർവാഹകനെ കൂടുതൽ പ്രാപ്തനാക്കും. മാത്രവുമല്ല, അധ്യയനത്തിന്റെ ദൈർഘ്യം കൂട്ടുന്നത് വിശ്വാസം ബലിഷ്ഠമാക്കുംവിധം നന്നായി ദൈവവചനത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിന് അവസരമൊരുക്കും.—റോമ. 10:17.
5. വീട്ടുവാതിൽക്കൽവച്ചു നടത്തുന്ന ഒരു അധ്യയനം വീടിനുള്ളിലേക്കു മാറ്റാൻ നമുക്കെന്തു ചെയ്യാനാകും?
5 വീട്ടുവാതിൽക്കൽവെച്ചു നടത്തുന്ന ഒരു അധ്യയനം വീടിനുള്ളിലേക്കു മാറ്റാനായി എന്തു ചെയ്യാനാകും? ഹ്രസ്വമായ ഏതാനും അധ്യയനങ്ങൾക്കുശേഷം, അധ്യയനത്തിന്റെ സമയം കൂട്ടുന്ന കാര്യം നിങ്ങൾക്കു നേരിട്ടു പറയാനാകും; എന്നിട്ട് അധ്യയനം എത്ര സമയം നടത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു സൂചിപ്പിക്കുക. അല്ലെങ്കിൽ നേരിട്ടു പറയുന്നതിനു പകരം, “അൽപ്പനേരം ഇരുന്ന് ചർച്ചചെയ്യാൻ ഇന്നു സാധിക്കുമോ?” എന്നോ “ഇന്ന് ഈ വിഷയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ നമുക്ക് എത്ര സമയം എടുക്കാനാകും?” എന്നോ ചോദിക്കാനാകും. ശ്രമം വിജയിക്കുന്നില്ലെങ്കിൽ നടത്തിക്കൊണ്ടിരിക്കുന്ന അധ്യയനം അതേപടി തുടരുക. ഉചിതമെന്നു തോന്നുന്ന മറ്റൊരു സമയത്ത് അധ്യയനം വീടിനുള്ളിലേക്കു മാറ്റാൻ വീണ്ടും ശ്രമിക്കാവുന്നതാണ്.
6. ശുശ്രൂഷ നിർവഹിക്കുമ്പോൾ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം, ഈ ലേഖനത്തിലെ നിർദേശങ്ങൾ ആ ലക്ഷ്യം കൈവരിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
6 അർഹതയുള്ളവരെ കണ്ടുമുട്ടാനുള്ള ശ്രമത്തിൽ തുടരവേ ബൈബിളധ്യയനങ്ങൾ തുടങ്ങുകയും തുടരുകയും ചെയ്യുന്നതിന്റെ പിന്നിലെ നമ്മുടെ ലക്ഷ്യം നമുക്കു മറക്കാതിരിക്കാം. സമർപ്പിച്ചു സ്നാപനമേറ്റ് യഹോവയുടെ ദാസന്മാരായിത്തീരാൻ ഹൃദയപരമാർഥതയുള്ളവരെ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ നാം നമ്മുടെ ശുശ്രൂഷ നിർവഹിക്കവേ യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.—2 തിമൊ. 4:5.