ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ—വീട്ടുവാതിൽക്കൽ നിന്നുകൊണ്ടും ടെലിഫോണിലൂടെയും
1 ആളുകൾ ഇന്നു തിരക്കിലാണ്. എങ്കിലും അനേകരും ആത്മീയ കാര്യങ്ങളിൽ തത്പരരാണ്. ആത്മീയ ആവശ്യം തൃപ്തിപ്പെടുത്താൻ അവരെ സഹായിക്കുന്നതിനു നമുക്ക് എങ്ങനെ കഴിയും? (മത്താ 5:3, NW) അനേകം പ്രസാധകരും, ആളുകളുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ടോ ടെലിഫോണിലൂടെയോ അവരോടൊത്തു ബൈബിൾ പഠിക്കുന്നു. ഈ വിധത്തിൽ ശുശ്രൂഷ വികസിപ്പിക്കാൻ നിങ്ങൾക്കാകുമോ?
2 ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ, അവസരം ലഭിക്കുമ്പോഴെല്ലാം ബൈബിളധ്യയനം പ്രകടിപ്പിച്ചു കാണിക്കാൻ നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്. എങ്ങനെ, എവിടെ അപ്രകാരം ചെയ്യാൻ കഴിയും?
3 വീട്ടുവാതിൽക്കൽ: ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ ഒരുക്കമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ, നിങ്ങൾ മുൻകൂട്ടി തയ്യാറായിട്ടുള്ള ഒരു ഖണ്ഡികയിലേക്ക്—ഉദാഹരണത്തിന്, ആവശ്യം ലഘുപത്രികയുടെ ആദ്യ പാഠത്തിന്റെ ആദ്യത്തെ ഖണ്ഡികയിലേക്ക്—അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക. ഖണ്ഡിക വായിക്കുകയും ചോദ്യം പരിചിന്തിക്കുകയും പരാമർശിച്ചിട്ടുള്ള ഒന്നോ രണ്ടോ തിരുവെഴുത്തുകൾ ചർച്ച ചെയ്യുകയും ചെയ്യുക. മിക്കപ്പോഴും, വാതിൽക്കൽ നിന്നുകൊണ്ടുതന്നെ അഞ്ചോ പത്തോ മിനിട്ടുകൾക്കുള്ളിൽ ഇപ്രകാരം ചെയ്യാവുന്നതാണ്. ചർച്ച വീട്ടുകാരന് ഇഷ്ടമാകുന്നപക്ഷം മറ്റൊരു സമയത്ത് അടുത്ത ഒന്നോ രണ്ടോ ഖണ്ഡികകൾ പരിചിന്തിക്കാൻ ക്രമീകരണം ചെയ്യുക.—നേരിട്ടുള്ള സമീപനത്തിലൂടെ ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ചുള്ള കൂടുതലായ നിർദേശങ്ങൾ 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിൽ കാണാം.
4 മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ സമാനമായ ഒരു സമീപനം കൈക്കൊള്ളാവുന്നതാണ്. ഉദാഹരണത്തിന്, ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തിയശേഷം അതിന്റെ രണ്ടാം പാഠത്തിന്റെ 1-2 ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തിനു സവിശേഷ ശ്രദ്ധ നൽകാൻ നിങ്ങൾക്കു കഴിയും. അടുത്ത സന്ദർശനത്തിങ്കൽ, 3-4 ഖണ്ഡികകളുടെ സഹായത്താൽ യഹോവയുടെ ഗുണങ്ങളെക്കുറിച്ചു ബൈബിൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. തുടർന്നു സന്ദർശിക്കുമ്പോൾ, 5-6 ഖണ്ഡികകളും 5-ാം പേജിലുള്ള ചിത്രവും ഉപയോഗിച്ചുകൊണ്ട് ബൈബിൾ പഠിക്കുന്നത് യഹോവയെ അറിയാൻ നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നു പ്രദീപ്തമാക്കാൻ നിങ്ങൾക്കു കഴിയും. വീട്ടുവാതിൽക്കൽ നിന്നുകൊണ്ടുതന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ഇതെല്ലാം.
5 ടെലിഫോൺ ഉപയോഗിച്ചുകൊണ്ട്: മുഖാമുഖമുള്ള പഠനത്തെക്കാൾ ടെലിഫോണിലൂടെയുള്ള ബൈബിൾ പഠനത്തിൽ ചിലർ കൂടുതൽ തത്പരർ ആയിരുന്നേക്കാം. പിൻവരുന്ന അനുഭവം പരിചിന്തിക്കുക: വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ ഒരു സഹോദരി, തിരക്കേറിയ ഉദ്യോഗസ്ഥയും മാതാവും ആയ ഒരു യുവതിയെ കണ്ടുമുട്ടി. പിന്നീട് അവരെ വീട്ടിൽ കണ്ടെത്താൻ കഴിയാതെവന്നപ്പോൾ സഹോദരി അവർക്കു ഫോൺചെയ്തു. ബൈബിളിനെക്കുറിച്ചു ചർച്ച ചെയ്യാൻ തനിക്കു സമയമില്ലെന്ന് ആ യുവതി വിശദീകരിച്ചു. അപ്പോൾ സഹോദരി ഇപ്രകാരം പറഞ്ഞു: “പത്തോ പതിനഞ്ചോ മിനിട്ടുകൊണ്ട് നിങ്ങൾക്കു പുതിയ ചില കാര്യങ്ങൾ പഠിക്കാനാകും, ടെലിഫോണിലൂടെപോലും.” “ഫോണിലൂടെയാണെങ്കിൽ ഒരു കുഴപ്പവുമില്ല!,” യുവതി മറുപടി പറഞ്ഞു. താമസിയാതെ ടെലിഫോണിലൂടെ ക്രമമായ ഒരു അധ്യയനം ആരംഭിച്ചു.
6 നിങ്ങൾ സന്ദർശനം നടത്തുന്നവരിൽ ചിലർക്കു ടെലിഫോണിലൂടെ പഠിക്കാൻ താത്പര്യം ഉണ്ടായിരിക്കുമോ? നാം ഇപ്പോൾ കണ്ടുകഴിഞ്ഞ സമീപനം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ, “നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ടെലിഫോണിലൂടെ നമുക്കു ബൈബിൾചർച്ച നടത്താൻ കഴിയും. അതു നിങ്ങൾക്ക് ഏറെ സൗകര്യപ്രദം ആയിരിക്കുമോ?” എന്നു ചോദിക്കാവുന്നതാണ്. നമ്മുടെ ബൈബിളധ്യയന പരിപാടിക്ക് മറ്റുള്ളവരുടെ സാഹചര്യങ്ങൾക്കു ചേർച്ചയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിനാൽ ‘ദൈവപരിജ്ഞാനം കണ്ടെത്താൻ’ നമുക്ക് അവരെ സഹായിക്കാൻ കഴിഞ്ഞേക്കും.—സദൃ. 2:5; 1 കൊരി. 9:23.
[അധ്യയന ചോദ്യങ്ങൾ]
1, 2. തിരക്കുള്ളവരെ സഹായിക്കാനായി, ബൈബിളധ്യയനം എടുക്കുന്നതിൽ നമുക്ക് എന്തു പൊരുത്തപ്പെടുത്തൽ വരുത്താൻ സാധിക്കും?
3. ആദ്യസന്ദർശന വേളയിൽ ബൈബിളധ്യയനം പ്രകടിപ്പിച്ചുകാണിക്കേണ്ടത് എന്തുകൊണ്ട്, ഇത് എങ്ങനെ ചെയ്യാനാകും?
4. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ വീട്ടുവാതിൽക്കൽ നിന്നുകൊണ്ട് എങ്ങനെ ബൈബിളധ്യയനം ആരംഭിക്കാനാകും?
5, 6. (എ) ടെലിഫോണിലൂടെ ബൈബിൾ പഠിക്കാൻ ചിലർ കൂടുതൽ താത്പര്യം കാണിച്ചേക്കാവുന്നത് എന്തുകൊണ്ട്? (ബി) ഫോണിലൂടെയുള്ള പഠനത്തെക്കുറിച്ചു പറയാൻ നമുക്ക് എന്തു സമീപനം സ്വീകരിക്കാം?