അധ്യയനങ്ങൾ തുടങ്ങാൻ നിങ്ങൾ ആവശ്യം ലഘുപത്രിക ഉപയോഗിക്കുന്നുണ്ടോ?
1 അധ്യയനത്തിനായി നിർദേശിച്ചിരിക്കുന്ന ഏതെങ്കിലും പ്രസിദ്ധീകരണത്തിലെ വിവരങ്ങൾ ഉപയോഗിച്ച് താത്പര്യമുള്ള ഒരു വ്യക്തിയുമായി, ഹ്രസ്വമായാണെങ്കിലും, ക്രമമായും ചിട്ടയോടെയും ബൈബിൾ ചർച്ചകൾ നടത്തുന്നത് ഒരു ബൈബിൾ അധ്യയനമാണെന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയിരുന്നോ? അതേ, വാതിൽക്കൽ നിന്നുകൊണ്ടോ ടെലിഫോണിലൂടെയോ ആയാലും അതു സത്യമാണ്. ആവശ്യം ലഘുപത്രിക ഉപയോഗിച്ച് മേയിലും ജൂണിലും അത്തരമൊരു അധ്യയനം തുടങ്ങാൻ നിങ്ങൾക്കു പ്രത്യേക ശ്രമം ചെയ്യരുതോ?
2 തയ്യാറാകൽ വിജയത്തിന്റെ താക്കോൽ: ആവശ്യം ലഘുപത്രിക സമർപ്പിക്കുമ്പോൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന ആശയം നിങ്ങളുടെ മനസ്സിൽ വ്യക്തമായി ഉണ്ടായിരിക്കണം. ഒരു മടക്കസന്ദർശനമാണ് നടത്തുന്നതെങ്കിൽ ആദ്യ സന്ദർശനത്തിലെ സംഭാഷണത്തെ കുറിച്ചു ചിന്തിക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ചർച്ച പുരോഗമിപ്പിച്ച് അതിനെ ഒരു ബൈബിൾ അധ്യയനമാക്കി മാറ്റാൻ ഈ ലഘുപത്രികയിലെ ഏതു ഖണ്ഡികകളാണ് എനിക്ക് ഉപയോഗിക്കാൻ സാധിക്കുക?’ നിങ്ങൾ വീടുതോറുമുള്ള വേലയിൽ ആണെങ്കിൽ, ഒരു യുവവ്യക്തി, പ്രായംചെന്ന ആൾ, പുരുഷൻ, സ്ത്രീ എന്നിവർക്ക് ആകർഷകമായിരുന്നേക്കാവുന്ന വിഷയങ്ങളെ കുറിച്ചു ചിന്തിക്കുക. ലഘുപത്രികയിലെ വിഷയ സൂചിക നോക്കി താത്പര്യം ജനിപ്പിച്ചേക്കാവുന്ന ഒരു വിഷയം തിരഞ്ഞെടുക്കുക. ഏതു സമീപനരീതി ഉപയോഗിക്കണമെന്നു തീരുമാനിച്ചശേഷം അതു പലയാവർത്തി പരിശീലിക്കുക. വിജയത്തിലേക്കു നയിക്കുന്ന അടിസ്ഥാന സംഗതികളിൽ ഒന്നാണ് ഇത്.
3 നമ്മുടെ രാജ്യ ശുശ്രൂഷയുടെ 2002 ജനുവരി ലക്കത്തിലെ അനുബന്ധം ‘ആവശ്യം ലഘുപത്രിക സമർപ്പിക്കുന്നതിനുള്ള എട്ടു നിർദേശങ്ങൾ’ നൽകുന്നുണ്ട്. “നേരിട്ടുള്ള സമീപനം” എന്ന ചതുരം അധ്യയനങ്ങൾ ആരംഭിക്കാൻ ഈ ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം എന്നു കാണിച്ചുതരുന്നു. ആദ്യത്തെ നിർദേശം നിങ്ങൾക്ക് പിൻവരുന്ന വിധം പൊരുത്തപ്പെടുത്തി ഉപയോഗിക്കാവുന്നതാണ്:
◼ “ഏതാനും നിമിഷങ്ങൾകൊണ്ട് ഒരു പ്രധാന ബൈബിൾ ചോദ്യത്തിന് ഉത്തരം കണ്ടെത്താമെന്ന കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ? ഉദാഹരണത്തിന്, ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന ധാരാളം മതങ്ങൾ ഉള്ളതെന്തുകൊണ്ട്? അതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” വ്യക്തിയുടെ മറുപടിക്കുശേഷം 13-ാം പാഠത്തിലേക്കു മറിച്ച് ആദ്യത്തെ രണ്ടു ഖണ്ഡികകൾ ചർച്ച ചെയ്യുക. സമയം അനുവദിക്കുന്നതനുസരിച്ച്, ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിച്ചു ചർച്ച ചെയ്യുക. എന്നിട്ട്, പേജിനു മുകളിലുള്ള അവസാന ചോദ്യം വായിച്ചിട്ട് ഇങ്ങനെ പറയുക: “ഈ പാഠത്തിന്റെ ബാക്കി ഭാഗം സത്യക്രിസ്ത്യാനികളെ തിരിച്ചറിയാൻ സഹായിക്കുന്ന അഞ്ച് അടയാളങ്ങൾ വ്യക്തമാക്കുന്നുണ്ട്. വീണ്ടും വന്ന് ഈ കാര്യങ്ങൾ താങ്കളുമായി പങ്കുവെക്കാൻ എനിക്കു സന്തോഷമേയുള്ളൂ.”
4 സ്ഥിരോത്സാഹം കാട്ടുക: ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിൾ അധ്യയനം പ്രകടിപ്പിച്ചു കാണിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുക. യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുക. (മത്താ. 21:22) നിങ്ങളുടെ ശ്രമങ്ങളിൽ സ്ഥിരോത്സാഹം കാട്ടുകവഴി, സുവാർത്തയോട് അനുകൂലമായി പ്രതികരിക്കാൻ ആരെയെങ്കിലും സഹായിക്കുന്നതിന്റെ സന്തോഷം നിങ്ങൾക്ക് ആസ്വദിക്കാനാകും!