ചോദ്യപ്പെട്ടി
◼ ബൈബിളധ്യയനത്തിന് ഏത് രണ്ടു പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കണം?
ഭവന ബൈബിളധ്യയനം ആരംഭിക്കാനും നടത്താനുമായി ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമാണ് നാം മുഖ്യമായി ഉപയോഗിക്കുക. അധ്യയനം ആരംഭിക്കാൻ ലഘുലേഖപോലുള്ള മറ്റുപ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും, എത്രയും പെട്ടെന്ന് അത് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്കു മാറ്റാൻ ശ്രമിക്കേണ്ടതാണ്. ഈ പുസ്തകം ഉപയോഗിച്ച് അധ്യയനങ്ങൾ തുടങ്ങിയതിലൂടെ ശ്രദ്ധേയമായ ഫലങ്ങളാണു ലഭിച്ചിരിക്കുന്നത്.
വിദ്യാർഥി പുരോഗതി വരുത്തുന്നുണ്ടെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിനുശേഷം ദൈവത്തെ ആരാധിക്കുക പുസ്തകത്തിൽനിന്ന് അധ്യയനം എടുക്കേണ്ടതാണ്. (കൊലൊ. 2:7) ഈ പുസ്തകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അതിന്റെ 2-ാം പേജ് പറയുന്നതു ശ്രദ്ധിക്കുക: “ദൈവം വെളിപ്പെടുത്തുന്ന അമൂല്യ സത്യങ്ങളുടെ ‘ഉയരവും ആഴവും ഗ്രഹിക്കാൻ’ അവനെ സ്നേഹിക്കുന്ന സകലരെയും ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 3:18) പ്രസ്തുത ഉദ്ദേശ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ആത്മീയമായി വളരാനും ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലെ ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിലൂടെ നടക്കുന്നതിനു മെച്ചമായി സജ്ജരായിരിക്കാനും ഇതു നിങ്ങളെ സഹായിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ.”
രണ്ടു പുസ്തകങ്ങളും പഠിച്ചുതീരുന്നതിനു മുമ്പുതന്നെ വിദ്യാർഥി സ്നാനമേറ്റാൽ രണ്ടാമത്തെ പുസ്തകം തീരുന്നതുവരെ അധ്യയനം തുടരേണ്ടതാണ്. വിദ്യാർഥി സ്നാനമേറ്റെങ്കിലും, അധ്യയനം നടത്തുന്നയാൾക്ക് മണിക്കൂറും മടക്കസന്ദർശനവും അധ്യയനവും റിപ്പോർട്ടു ചെയ്യാം. അദ്ദേഹത്തിന്റെ കൂടെപ്പോയി അതിൽ പങ്കുപറ്റുന്ന പ്രസാധകന് മണിക്കൂർ റിപ്പോർട്ടു ചെയ്യാവുന്നതാണ്.