സത്പ്രവൃത്തികൾക്കു പ്രചോദനമേകാൻ യോഗങ്ങൾ
1 സഭായോഗങ്ങൾക്കു ഹാജരാകുന്നതും വയൽസേവനത്തിൽ പങ്കെടുക്കുന്നതും നമ്മുടെ ആരാധനയുടെ രണ്ട് അനിവാര്യ ഘടകങ്ങളാണ്. അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കുന്നു. ക്രിസ്തീയ യോഗങ്ങൾ സത്പ്രവൃത്തികൾക്കു പ്രചോദനമേകുന്നു. അവയിൽ ഉത്തമമായതു രാജ്യപ്രസംഗവേലയും ശിഷ്യരാക്കൽവേലയുമാണ്. (എബ്രാ. 10:24) യോഗങ്ങൾക്കു ഹാജരാകുന്നില്ലെങ്കിൽ നാം താമസിയാതെ പ്രസംഗവേലയിൽ പങ്കെടുക്കാതാകും. കാരണം, നമുക്കതിനു പ്രചോദനം ലഭിക്കുന്നില്ലല്ലോ.
2 പ്രതിവാര യോഗങ്ങളിൽനിന്നു പ്രസംഗവേലയ്ക്കു പ്രചോദനമേകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ആത്മീയ പ്രബോധനം നമുക്കു ലഭിക്കുന്നു. സമയത്തിന്റെ അടിയന്തിരതയെക്കുറിച്ചു നമുക്കു വ്യക്തമായ ബോധ്യമുള്ളതുകൊണ്ടു ബൈബിളിന്റെ ജീവദായക സന്ദേശം മറ്റുള്ളവരുടെ പക്കലെത്തിക്കാൻ നാം പ്രേരിതരാകുന്നു. പ്രസംഗവേലയിൽ തുടരാൻ നാം പ്രോത്സാഹിതരും ശക്തരുമായിത്തീരുന്നു. (മത്താ. 24:13, 14) യോഗങ്ങളിൽ ഉത്തരം പറയാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുകവഴി നാം മറ്റുള്ളവരുടെ മുമ്പാകെ നമ്മുടെ വിശ്വാസം പ്രകടമാക്കാൻ പരിചയം നേടുന്നു. (എബ്രാ. 10:23) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുകവഴി കൂടുതൽ ഫലപ്രദരായ ശുശ്രൂഷകരായിത്തീരാനും പഠിപ്പിക്കൽ കഴിവുകൾ മെച്ചപ്പെടുത്താനും നമുക്കു പരിശീലനം ലഭിക്കുന്നു.—2 തിമൊ. 4:2.
3 സേവനയോഗങ്ങൾ പ്രസംഗവേലയ്ക്കു പ്രചോദിപ്പിക്കുന്ന വിധം: നമ്മുടെ രാജ്യ ശുശ്രൂഷയിലുള്ള വിഷയങ്ങൾ മുൻകൂട്ടി തയ്യാറാകാൻ നാമോരോരുത്തരും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സേവനയോഗ പരിപാടികളിൽ പ്രകടിപ്പിക്കപ്പെടുന്ന അവതരണങ്ങൾ കാണുമ്പോൾ ആ വിവരങ്ങൾ നമ്മുടെ മനസ്സിൽ പതിയുന്നു. വയൽസേവനത്തിലായിരിക്കുമ്പോൾ നാം നമ്മുടെ രാജ്യ ശുശ്രൂഷയിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നു. പ്രകടിപ്പിച്ചു കാട്ടിയ അവതരണങ്ങൾ അനുസ്മരിച്ചുകൊണ്ടു കൂടുതൽ ഫലപ്രദമായ സാക്ഷ്യവും നൽകുന്നു. പല പ്രസാധകരുടെയും അനുഭവം ഇതായിരുന്നിട്ടുണ്ട്.
4 ചിലർ സേവനയോഗങ്ങളിൽ പഠിച്ച കാര്യങ്ങൾ ബാധകമാക്കാൻ തക്കവണ്ണം ശുശ്രൂഷയിൽ ഒരുമിച്ചു പങ്കുപറ്റാൻ മുൻകൂട്ടി നിശ്ചയിക്കുന്നു. വയലിലുപയോഗിക്കേണ്ട ആശയങ്ങൾ പ്രസാധകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ആ യോഗങ്ങൾ പ്രതിവാര പ്രസംഗവേലയിൽ പങ്കുപറ്റാൻ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് അവർ അതിന് ഉത്തേജിതരുമാണ്.
5 സഹ ആരാധകരോടൊപ്പം കൂടിവരുന്ന, സത്പ്രവൃത്തികൾക്കു പ്രചോദിപ്പിക്കപ്പെടുന്ന ക്രിസ്തീയ യോഗങ്ങൾക്കു ബദലായി യാതൊന്നുമില്ല. നമ്മുടെ ശുശ്രൂഷ ഫലവത്താകണമെങ്കിൽ നാം ക്രമമായി സഭായോഗങ്ങൾക്കു ഹാജരാകണം. “നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ” യഹോവയുടെ അത്ഭുതകരമായ ഈ കരുതലിനോടുള്ള നമ്മുടെ വിലമതിപ്പു പ്രകടമാക്കാം.—എബ്രാ. 10:25.