വേണം—കൂടുതൽ ബൈബിളധ്യയനങ്ങൾ
1 തുടർച്ചയായ വളർച്ചകൊണ്ട് യഹോവയാം ദൈവം തന്റെ ഭൗമിക സ്ഥാപനത്തെ അനുഗ്രഹിക്കുകയാണ്. കഴിഞ്ഞ വർഷം ലോകവ്യാപകമായി 3,75,923 പേർ സ്നാപനമേറ്റു—അതായത് പ്രതിദിനം ശരാശരി 1,000-ത്തിലധികം പേർ, അഥവാ ഓരോ മണിക്കൂറിലും ഏതാണ്ട് 43 പേർ! ലോകത്തിന്റെ നാനാഭാഗങ്ങളിൽ രാജ്യവേല തഴച്ചുവളരുകയാണ്. നമ്മുടെ സഹോദരങ്ങൾക്ക് പതിറ്റാണ്ടുകളോളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നെങ്കിൽ തന്നെയും ശ്രദ്ധേയമായ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സുവാർത്ത വ്യാപിപ്പിക്കുന്നതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയെക്കുറിച്ച് വായിക്കുന്നത് ആവേശകരമാണ്!
2 ശരാശരി പ്രസാധകരുടെ എണ്ണം, സഹായ പയനിയർമാരുടെ എണ്ണം, പ്രസംഗപ്രവർത്തനത്തിൽ ചെലവഴിച്ച മണിക്കൂർ, സമർപ്പിച്ച പുസ്തകങ്ങൾ, ചെറുപുസ്തകങ്ങൾ, ലഘുപത്രികകൾ, മാസികകൾ എന്നിവയിൽ കഴിഞ്ഞ സേവനവർഷം ഇന്ത്യാ ബ്രാഞ്ചിലും പുരോഗതിയുണ്ടായി. സ്നാപനമേറ്റവരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. സ്മാരക ഹാജർ ഒരു സർവകാല അത്യുച്ചമായിരുന്നു. മടക്കസന്ദർശനങ്ങളുടെയും ബൈബിളധ്യയനങ്ങളുടെയും കാര്യമോ? പ്രസാധകരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനവുണ്ടായെങ്കിലും മടക്കസന്ദർശനങ്ങളിൽ നേരിയ പുരോഗതി മാത്രമേ ഉണ്ടായുള്ളൂ—വെറും 0.5 ശതമാനം. ബൈബിളധ്യയനങ്ങളാകട്ടെ നാലു ശതമാനം കുറഞ്ഞുപോയി. എന്നാൽ, ശുശ്രൂഷയുടെ ഈ വശങ്ങളാണു ശിഷ്യരാക്കൽ വേലയുടെ കാതൽ. മടക്കസന്ദർശനങ്ങളുടെയും ബൈബിളധ്യയനങ്ങളുടെയും കാര്യത്തിലെ ഈ കുറവു പരിഹരിക്കാൻ നമ്മിൽ ഓരോരുത്തർക്കും എന്തു ചെയ്യാൻ കഴിയും?
3 അധ്യയനം നടത്താനുള്ള ആഗ്രഹം ശക്തമാക്കുക: ആത്മീയമായി ശക്തരും കർമനിരതരുമായിരിക്കുന്നതിൽ നാംതന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ “സൽപ്രവൃത്തികളിൽ ശുഷ്കാന്തി”യുള്ളവരാണ്. (തീത്തൊ. 2:14) നമ്മുടെ ശുശ്രൂഷ അവലോകനം ചെയ്താൽ, വയലിൽ സാഹിത്യം സമർപ്പിച്ചിരിക്കുന്ന എല്ലാവരുടെയും അടുക്കൽ മടക്കസന്ദർശനം നടത്താൻ നാം ആകാംക്ഷയുള്ളവരാണെന്നു നമുക്കു പറയാൻ സാധിക്കുമോ? താത്പര്യം പ്രകടമാക്കുന്ന എല്ലാവരുമായി ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ നാം ഉത്സാഹമുള്ളവരാണോ? (റോമ. 12:11) അല്ലെങ്കിൽ, മടക്കസന്ദർശനങ്ങൾ നടത്താനും ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കാനുമുള്ള കൂടുതലായ ആഗ്രഹം നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ടോ?
4 വ്യക്തിപരമായ ബൈബിൾ വായന, പതിവായി യോഗങ്ങൾക്കു ഹാജരാകൽ, പ്രസിദ്ധീകരണങ്ങളുടെ പഠനം എന്നിവയെല്ലാം നമ്മെ ആത്മീയമായി ഊർജസ്വലരാക്കിനിർത്തും. അങ്ങനെ നാം ദൈവാത്മാവിനാൽ ശക്തരാക്കപ്പെടും. (എഫെ. 3:16-19) അത് യഹോവയിലുള്ള നമ്മുടെ വിശ്വാസത്തെയും ഉറപ്പിനെയും സഹമനുഷ്യരോടുള്ള നമ്മുടെ സ്നേഹത്തെയും ശക്തിപ്പെടുത്തും. മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ നാം പ്രചോദിതരായിത്തീരും, അങ്ങനെ നാം നമ്മുടെ ശുശ്രൂഷ രസകരവും വിജയപ്രദവും ഉത്തേജനാത്മകവുമാക്കി നിലനിർത്തും. അതേ, കൂടുതൽ ബൈബിളധ്യയനങ്ങളുണ്ടായിരിക്കാൻ നാം ആഗ്രഹിക്കണം!
5 ആദ്യം കുടുംബത്തോടൊത്തു പഠിക്കുക: ക്രിസ്തീയ മാതാപിതാക്കൾ കുട്ടികളോടൊത്തു ക്രമമായ കുടുംബ ബൈബിളധ്യയന പരിപാടി ക്രമീകരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. (ആവ. 31:12; സങ്കീ. 148:12, 13; സദൃ. 22:6) മാതാപിതാക്കൾ ആദ്യം ആവശ്യം ലഘുപത്രികയും പിന്നീട് പരിജ്ഞാനം പുസ്തകവും ഉപയോഗിച്ചു കുട്ടികൾക്ക് അധ്യയനമെടുക്കുന്നത് വളരെ പ്രയോജനകരമായിരിക്കും. കാരണം, സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാനും പിന്നീട് സമർപ്പണത്തിനും സ്നാപനത്തിനും യോഗ്യത പ്രാപിക്കാനും ഇതവരെ സഹായിക്കും. കുട്ടിയുടെ ആവശ്യങ്ങളും പ്രായവും കണക്കിലെടുത്ത് കൂടുതലായ വിവരങ്ങൾ തീർച്ചയായും പരിചിന്തിക്കാവുന്നതാണ്. സ്നാപനമേൽക്കാത്ത ഒരു കുട്ടിക്ക് അധ്യയനമെടുക്കുന്ന ഒരു പിതാവിനോ മാതാവിനോ ആ അധ്യയനവും സമയവും മടക്കസന്ദർശനങ്ങളും റിപ്പോർട്ടു ചെയ്യാവുന്നതാണ്. നമ്മുടെ രാജ്യ ശുശ്രൂഷയുടെ (ഇംഗ്ലീഷ്) 1987 മേയ് ലക്കത്തിലെ ചോദ്യപ്പെട്ടിയിൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു.
6 വ്യക്തിപരമായ സംഘാടനത്തിൽ പുരോഗമിക്കുക: സമർപ്പിച്ചിരിക്കുന്ന മാസികകളുടെയും ലഘുപത്രികകളുടെയും പുസ്തകങ്ങളുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ, വലിയ അളവിൽ വിത്തു വിതയ്ക്കപ്പെടുന്നുണ്ടെന്നുള്ളതിനു സംശയമില്ല. വിതയ്ക്കപ്പെട്ട സത്യത്തിന്റെ ഈ വിത്തുകൾ പുതുശിഷ്യരെ ഉളവാക്കാൻ വളരെ ശക്തിയുള്ളവയാണ്. നടുന്നതിനു വേണ്ടി തുടർച്ചയായി വളരെയധികം ശ്രമം നടത്തിയശേഷം വിളവെടുപ്പു നടത്താൻ ഒരു കൃഷിക്കാരനോ പൂന്തോട്ടനിർമാതാവോ സമയമെടുക്കാതിരിക്കുമോ? തീർച്ചയായും സമയമെടുക്കും. സമാനമായി നാമും നമ്മുടെ ശുശ്രൂഷയിൽ ആളുകളുടെ അടുക്കൽ മടങ്ങിച്ചെല്ലേണ്ടത് അനിവാര്യമാണ്.
7 മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് നിങ്ങൾ പതിവായി സമയം പട്ടികപ്പെടുത്താറുണ്ടോ? കണ്ടുമുട്ടിയ എല്ലാ താത്പര്യക്കാരുടെയും അടുക്കൽ സത്വരം മടങ്ങിച്ചെല്ലുക. ബൈബിളധ്യയനം തുടങ്ങുകയെന്ന ലക്ഷ്യത്തിൽ വേണം മടക്കസന്ദർശനങ്ങൾ നടത്താൻ. മടക്കസന്ദർശനങ്ങളുടെ വ്യക്തമായ, കാലാനുസൃതമായ, നല്ല രീതിയിൽ ചിട്ടപ്പെടുത്തിയ രേഖ നിങ്ങൾ സൂക്ഷിക്കാറുണ്ടോ? വീട്ടുകാരന്റെ പേര്, മേൽവിലാസം, പ്രഥമ സന്ദർശനം നടത്തിയ തീയതി, സമർപ്പണം എന്തെങ്കിലുമുണ്ടെങ്കിൽ അത്, ചർച്ച ചെയ്ത വിഷയത്തിന്റെ ഹ്രസ്വവിവരണം, അടുത്ത സന്ദർശനത്തിൽ വികസിപ്പിക്കാൻ കഴിയുന്ന ആശയം എന്നിവ രേഖപ്പെടുത്തിവെക്കുക. ഓരോ മടക്കസന്ദർശനത്തിനും ശേഷം കൂടുതലായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു സ്ഥലമിടുക.
8 മടക്കസന്ദർശനം എങ്ങനെ നടത്താമെന്നു വിശകലനം ചെയ്യുക: ഒരു താത്പര്യക്കാരനു മടക്കസന്ദർശനം നടത്തുമ്പോൾ മനസ്സിൽ പിടിക്കേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണ്? (1) ഊഷ്മളവും സൗഹാർദപരവും ഉത്സാഹപൂർവകവും ഔദ്യോഗികത കലരാത്തതുമായ മനോഭാവം പുലർത്തുക. (2) അയാൾക്കു താത്പര്യജനകമായ വിഷയങ്ങളോ ചോദ്യങ്ങളോ ചർച്ച ചെയ്യുക. (3) ചർച്ച ലളിതവും രസകരവും തിരുവെഴുത്തധിഷ്ഠിതവുമാക്കുക. (4) ഓരോ സന്ദർശനത്തിലും തനിക്കു വ്യക്തിപരമായി മൂല്യമുള്ളതെന്നു വീട്ടുകാരൻ തിരിച്ചറിഞ്ഞേക്കാവുന്ന എന്തെങ്കിലും അദ്ദേഹത്തെ പഠിപ്പിക്കാൻ ശ്രമിക്കുക. (5) അടുത്ത സന്ദർശനത്തിൽ ചർച്ച ചെയ്യാനിരിക്കുന്ന വിഷയത്തിൽ ആകാംക്ഷ ജനിപ്പിക്കുക. (6) അധിക നേരം അവിടെ തങ്ങരുത്. (7) വീട്ടുകാരനെ വിഷമിപ്പിക്കുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ചോദ്യങ്ങൾ ഉന്നയിക്കരുത്. (8) വീട്ടുകാരനിൽ ആത്മീയ വിലമതിപ്പ് ഉണ്ടാകുന്നതിനു മുമ്പേ, അയാളുടെ തെറ്റായ വീക്ഷണങ്ങളെയോ മോശമായ സ്വഭാവങ്ങളെയോ കുറ്റം വിധിക്കാതിരിക്കാൻ വിവേചന ഉപയോഗിക്കുക.—മടക്കസന്ദർശനം നടത്തുന്നതിലും ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിലും എങ്ങനെ വിജയിക്കാൻ കഴിയുമെന്നതു സംബന്ധിച്ചു സഹായകമായ കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1997 മാർച്ച് ലക്കത്തിലെ അനുബന്ധം കാണുക.
9 എല്ലാ സാധ്യതയും നന്നായി പരിശോധിച്ചുനോക്കുക: കനത്ത സുരക്ഷാസംവിധാനമുള്ള ഒരു ഹൗസിങ് കോളനിയിലെ എല്ലാവരുടെയും പേരുകളും അപ്പാർട്ട്മെന്റ് നമ്പരുകളും അറിയാൻ ഒരു സഭയ്ക്കു കഴിഞ്ഞു. അവർ ഓരോ വ്യക്തിക്കും കത്തെഴുതി, അതിൽ രണ്ട് ലഘുലേഖകളും വെച്ചിരുന്നു. കത്തിന്റെ അവസാനം, ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. അവർക്കു ബന്ധപ്പെടുന്നതിന് അതിൽ പ്രാദേശിക ഫോൺ നമ്പരും കുറിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, അധ്യയനം ആവശ്യപ്പെട്ടുകൊണ്ട് ഒരു യുവാവ് ഫോൺ ചെയ്തു. അടുത്ത ദിവസംതന്നെ മടക്കസന്ദർശനം നടത്തി. അങ്ങനെ പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് അധ്യയനമാരംഭിച്ചു. അന്നുതന്നെ അയാൾ സഭാപുസ്തകാധ്യയനത്തിൽ സംബന്ധിച്ചു. തുടർന്ന് അയാൾ എല്ലാ യോഗങ്ങൾക്കും വരാൻ തുടങ്ങി. താമസിയാതെതന്നെ, അയാൾ പതിവായി ബൈബിൾ വായിക്കാൻ തുടങ്ങി. ക്രമമായി പുരോഗതി പ്രാപിച്ച അയാൾ സ്നാപനമേറ്റു.
10 ഒരു കൂട്ടം പ്രസാധകർ ഒരുമിച്ച് മടക്കസന്ദർശനങ്ങൾ നടത്തുന്നതിനു ക്രമീകരണം ചെയ്തു. അവരിൽ ഒരു സഹോദരി മടക്കസന്ദർശനം നടത്തിയപ്പോൾ അവർ കാണാൻ ചെന്ന വ്യക്തി വീട്ടിലില്ലായിരുന്നു. എന്നാൽ, വാതിൽ തുറന്ന ഒരു യുവതി ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.” പരിചയമുള്ള ഒരു വ്യക്തി മുഖാന്തരം ആ വീട്ടുകാരിക്ക് പരിജ്ഞാനം പുസ്തകം ലഭിച്ചിരുന്നു. നമ്മുടെ സഹോദരി അവിടെ ചെല്ലുന്നതിനു മുമ്പായി അവൾ ആ പുസ്തകം രണ്ടുപ്രാവശ്യം വായിച്ചുകഴിഞ്ഞിരുന്നു. അതിലെ വിവരങ്ങൾ അവളിൽ വളരെ മതിപ്പുളവാക്കി. ആ ദിവസം സാക്ഷികൾ തന്നെ സന്ദർശിച്ചതിൽ തനിക്ക് അതിശയമൊന്നുമില്ലെന്ന് അവൾ പറഞ്ഞു. കാരണം, സാക്ഷികൾ വന്നു തനിക്ക് അധ്യയനമെടുക്കുന്നതിനായി അവൾ പ്രാർഥിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു അധ്യയനം ആരംഭിച്ചു. അവൾ സഭായോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. വളരെ വേഗം പുരോഗതി പ്രാപിക്കുകയും ചെയ്തു.
11 ഏതാണ്ട് 25 വർഷം മുമ്പ് സ്നാപനമേറ്റ ഒരു സഹോദരി അടുത്തകാലത്ത് തന്റെ അമ്മയ്ക്ക് ഒരു പരിജ്ഞാനം പുസ്തകം കൊടുത്തു. ഒരു പള്ളിയംഗമായ അവർ പ്രസ്തുത പുസ്തകം വായിക്കാൻ തുടങ്ങി. രണ്ട് അധ്യായം വായിച്ചുകഴിഞ്ഞപ്പോൾ അവർ തന്റെ മകളെ വിളിച്ച് “ഞാൻ ഒരു യഹോവയുടെ സാക്ഷിയാകാൻ ആഗ്രഹിക്കുന്നു!” എന്നു പറഞ്ഞു. അത് മകളെ അമ്പരപ്പിച്ചു. ബൈബിൾ പഠിക്കാൻ തുടങ്ങിയ അവർ ഇപ്പോൾ സ്നാപനമേറ്റ ഒരു സഹോദരിയാണ്.
12 ഈ നിർദേശങ്ങൾ പരീക്ഷിച്ചുനോക്കുക: ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനു നേരിട്ടുള്ള സമീപനം നിങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങൾക്കു കേവലം ഇങ്ങനെ പറയാവുന്നതാണ്: “നിങ്ങൾ ഒരു സൗജന്യ ബൈബിളധ്യയനം ആഗ്രഹിക്കുന്നെങ്കിൽ, അതു നടത്തുന്ന വിധം ഏതാനും മിനിറ്റുകൊണ്ടു ഞാൻ കാട്ടിത്തരാം. താത്പര്യമുണ്ടെങ്കിൽ, നിങ്ങൾക്കതു തുടരാവുന്നതാണ്.” അങ്ങനെ പറയുമ്പോൾ ആ ക്ഷണം സ്വീകരിക്കാൻ മിക്കവരും മടി കാണിക്കാറില്ല, ബൈബിളധ്യയനം നടത്തുന്ന വിധം അവർ നിരീക്ഷിക്കുകയും ചെയ്യും.
13 പരാമർശിത തിരുവെഴുത്തുകൾ വായിച്ചുകൊണ്ടും അച്ചടിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമായി മുഖ്യ വാക്കുകൾക്ക് അടിവരയിട്ടുകൊണ്ടും എങ്ങനെ മുന്നമേ തയ്യാറാകാമെന്ന് അധ്യയനത്തിന്റെ തുടക്കത്തിൽതന്നെ വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക. മുഖ്യാശയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ആദ്യത്തെ ഏതാനും തവണ നാം വഴക്കമുള്ളവരായിരിക്കേണ്ടത് ആവശ്യമാണെങ്കിലും, പതിവായ അടിസ്ഥാനത്തിൽ ബൈബിളധ്യയനം നടത്തുന്നതു പ്രധാനമാണ്. അധ്യയനത്തിന്റെ അനിവാര്യ ഘടകമായ പ്രാർഥനയെക്കുറിച്ച് വിദ്യാർഥിയോടു പറയുന്നതും എതിർപ്പുണ്ടാകുന്നപക്ഷം അതിനെ നേരിടാൻ വിദ്യാർഥിയെ തിരുവെഴുത്തുപരമായി ഒരുക്കുന്നതും എങ്ങനെയെന്ന് മനസ്സിൽ പിടിക്കുക. തീർച്ചയായും, അധ്യയനം രസകരമാക്കിത്തീർക്കുക.
14 എല്ലാ ബൈബിൾ വിദ്യാർഥികളും പുരോഗമിക്കുന്നത് ഒരുപോലെയായിരിക്കില്ല എന്നതു ശരിതന്നെ. ചിലർ മറ്റുള്ളവരെപ്പോലെ ആത്മീയചായ്വുള്ളവരല്ല, അല്ലെങ്കിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പെട്ടെന്നു ഗ്രഹിക്കുന്നവരല്ല. മറ്റു ചിലരുടേത് തിരക്കുപിടിച്ച ജീവിതമാണ്. ഓരോ വാരത്തിലും ഒരധ്യായം മുഴുവനും പരിചിന്തിക്കുന്നതിനുള്ള സമയം അവർക്കില്ലായിരിക്കാം. അതുകൊണ്ട്, ചിലരുടെ കാര്യത്തിൽ ചില അധ്യായങ്ങൾ പഠിച്ചുതീർക്കുന്നതിന് ഒന്നിലധികം അധ്യയന സെഷനുകൾതന്നെ വേണ്ടിവന്നേക്കാം. അങ്ങനെ, പുസ്തകം പഠിച്ചുതീർക്കുന്നതിന് ഏതാനും മാസങ്ങൾ കൂടുതലായി വേണ്ടിവന്നേക്കാം. ചില കേസുകളിൽ നാം ആദ്യം ആവശ്യം ലഘുപത്രികയും പിന്നീട് പരിജ്ഞാനം പുസ്തകവും പഠിച്ചേക്കാം; മറ്റു ചില കേസുകളിലാകട്ടെ, പരിജ്ഞാനം പുസ്തകം പൂർത്തിയാക്കിയതിനുശേഷം ആവശ്യം ലഘുപത്രിക പഠിക്കുന്നത് അഭികാമ്യമായിരിക്കാം. ഇതു കൂടാതെ, സഭായോഗങ്ങളിൽ ഹാജരാകുകകൂടി ചെയ്യുമ്പോൾ സത്യത്തിൽ സുദൃഢമായ അടിസ്ഥാനമിടാൻ വിദ്യാർഥി സഹായിക്കപ്പെടും.
15 സർവോപരി, അധ്യയനം ലഭിക്കാൻ പ്രാർഥിക്കുക! (1 യോഹ. 3:22) ഒരു ക്രിസ്ത്യാനിക്ക് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും പ്രതിഫലദായകമായ അനുഭവങ്ങളിലൊന്ന് ക്രിസ്തുവിന്റെ ശിഷ്യനായിത്തീരാൻ ഒരാളെ സഹായിക്കുന്നതിന് യഹോവയാൽ ഉപയോഗിക്കപ്പെടുക എന്നതാണ്. (പ്രവൃ. 20:35; 1 കൊരി. 3:6-9; 1 തെസ്സ. 2:8) കൂടുതൽ അധ്യയനങ്ങൾ തുടങ്ങുന്നതിനുള്ള നമ്മുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ഉണ്ടായിരിക്കുമെന്ന പൂർണ വിശ്വാസത്തോടെ ബൈബിളധ്യയനവേലയിൽ വലിയ ഉത്സാഹം പ്രകടമാക്കുന്നതിനുള്ള സമയം ഇപ്പോഴാണ്!
[3-ാം പേജിലെ ആകർഷകവാക്യം]
പുതിയൊരു ബൈബിളധ്യയനം തുടങ്ങുന്നതിനായി നിങ്ങൾ പ്രാർഥിക്കാറുണ്ടോ?