അനുഗ്രഹം ആയിരിക്കാവുന്ന ഒരു സന്ദർശനം
1 ഒരു അതിഥി എന്ന നിലയിൽ യേശുവിനെ സന്തോഷത്തോടെയാണു സക്കായി തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. ആ സന്ദർശനം എന്തൊരു അനുഗ്രഹമായി മാറി!—ലൂക്കൊ. 19:2-9.
2 ഇന്ന് സഭയുടെ ശിരസ്സ് എന്ന നിലയിൽ യേശുക്രിസ്തു, ‘ദെവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ’ മൂപ്പന്മാർക്കു നിർദേശം നൽകുന്നു. (1 പത്രൊ. 5:2, 3; യോഹ. 21:15-17) യോഗങ്ങളിൽ പഠിപ്പിക്കുകയും വയൽ സേവനത്തിനു നേതൃത്വം വഹിക്കുകയും ചെയ്യുന്നതിനു പുറമേ, സഭാ മേൽവിചാരകന്മാർ സഭയിലെ ഓരോ അംഗത്തിനും സ്നേഹനിർഭരമായ വ്യക്തിഗത സഹായം പ്രദാനം ചെയ്യുന്നു. അതുകൊണ്ട്, ഇടയ്ക്കിടെ നിങ്ങളുടെ വീട്ടിലോ രാജ്യഹാളിലോ വയൽ സേവനത്തിൽ ഒരുമിച്ച് ആയിരിക്കുമ്പോഴോ മറ്റു സന്ദർഭങ്ങളിലോ നിങ്ങൾക്കു മൂപ്പന്മാരിൽ നിന്നു വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നതിനു പ്രതീക്ഷിക്കാവുന്നതാണ്. മൂപ്പന്മാരുടെ സന്ദർശനങ്ങളെ ഭയപ്പെടേണ്ടതുണ്ടോ? തെല്ലും ഇല്ല. ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു പോരായ്മ വന്നതു കൊണ്ടല്ല അവർ നിങ്ങളെ സന്ദർശിക്കുന്നത്. അപ്പോൾ പിന്നെ, ഇടയ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്താണ്?
3 സഹോദരന്മാർ “എങ്ങനെയിരിക്കുന്നു എന്നു നോക്കു”ന്നതിന് അവരെ കാണാൻ താൻ ആഗ്രഹിക്കുന്നതായി പൗലൊസ് പറഞ്ഞു. (പ്രവൃ. 15:36) അതേ, നിങ്ങൾ എങ്ങനെയിരിക്കുന്നു എന്ന് അറിയാൻ സ്നേഹസമ്പന്നരായ ഇടയന്മാരെന്ന നിലയിൽ മൂപ്പന്മാർക്ക് അങ്ങേയറ്റം താത്പര്യമുണ്ട്. നിങ്ങൾക്കു സഹായകമായ, നിങ്ങളെ കെട്ടുപണി ചെയ്യുന്ന ആത്മീയ സഹായം നൽകാൻ അവർ ആഗ്രഹിക്കുന്നു. നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായ അത്തരം പരിചരണം ലഭിക്കാനാണ് നമ്മുടെ സ്നേഹസമ്പന്നനായ ഇടയനെന്ന നിലയിൽ യഹോവ ആഗ്രഹിക്കുന്നത്.—യെഹെ. 34:11.
4 മൂപ്പന്മാരുടെ സന്ദർശനങ്ങളെ സ്വാഗതം ചെയ്യുക: സഹോദരങ്ങളെ സന്ദർശിക്കുന്നതിന്റെ പിന്നിലെ പൗലൊസിന്റെ ലക്ഷ്യം, ‘അവർ ഉറപ്പുള്ളവരായി തീരേണ്ടതിന് ആത്മീയ ദാനം നൽകുകയും ഒരു പ്രോത്സാഹന കൈമാറ്റം നടത്തുകയും’ ആയിരുന്നു. (റോമ. 1:11, 12, NW) ദുഷ്കരമായ ഈ അന്ത്യനാളുകളിൽ നമുക്കെല്ലാം ആത്മീയ പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ട്. വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും നമുക്ക് സഹായം ആവശ്യമാണ്. ഇടയ സന്ദർശനത്തോടു ക്രിയാത്മകമായി പ്രതികരിക്കുന്നത് നല്ല പ്രോത്സാഹന കൈമാറ്റത്തിൽ കലാശിക്കുമെന്നതിൽ സംശയമില്ല.
5 മൂപ്പന്മാരുടെ ഇടയ വേലയിൽ നിന്നു ലഭിക്കുന്ന നിരവധി പ്രയോജനങ്ങളെ വിലമതിക്കുക. നിങ്ങളെ ആകുലപ്പെടുത്തുന്ന എന്തെങ്കിലും കാര്യമോ ചോദ്യമോ ഉണ്ടെങ്കിൽ, സഭയിലെ മൂപ്പന്മാർ നിങ്ങളുടെ സഹായത്തിനുണ്ട് എന്ന കാര്യം ഓർമിക്കുക. നിങ്ങളുടെ ആത്മീയ ക്ഷേമത്തെ ബാധിക്കുന്ന ഏതൊരു കാര്യവും അവരുമായി ചർച്ച ചെയ്യാൻ മടിക്കരുത്. യഹോവയുടെ സ്നേഹപുരസ്സരമായ ഈ ക്രമീകരണത്തെ വിലമതിക്കുക, അത്തരം ഒരു സന്ദർശനം കൈവരുത്തുന്ന അനുഗ്രഹങ്ങളിൽ ആനന്ദിക്കുക.