എനിക്ക് ഒരു ബൈബിൾ അധ്യയനം വേണം!
1 നമ്മിൽ പലരും ഒരു ബൈബിൾ അധ്യയനം വേണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്, നല്ലതുതന്നെ. ബൈബിൾ അധ്യയന വേലയിലൂടെ, പുതിയ ശിഷ്യരെ ഉളവാക്കുക എന്ന ലക്ഷ്യത്തിൽ നാം എത്തിച്ചേരുന്നു. (മത്താ. 28:19, 20) എന്നാൽ, ഒരാളെ സത്യം പഠിപ്പിക്കുന്നതിന്റെ പ്രത്യേക സന്തോഷം അനുഭവിക്കാതെ മാസങ്ങളോളം, ഒരുപക്ഷേ വർഷങ്ങളോളം, നമ്മിൽ പലരും സേവനത്തിൽ ഏർപ്പെട്ടിട്ടുണ്ടാകാം. ഇതു സംബന്ധിച്ച് നവംബർ മാസത്തിൽ നമുക്ക് എന്തു ചെയ്യാനാകും? ഈ മാസത്തിൽ വിശേഷവത്കരിക്കുന്നത് പരിജ്ഞാനം പുസ്തകം ആയതിനാൽ അത് ഉപയോഗിച്ച് പുതിയ ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ നമുക്ക് പ്രത്യേക ശ്രമം നടത്താവുന്നതാണ്.
2 ഒന്നോ അധികമോ വാരാന്തങ്ങൾ മാറ്റിവെക്കുക: ഒരു പുതിയ ബൈബിൾ അധ്യയനം തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഈ മാസത്തിൽ കുറെ സമയം മാറ്റിവെക്കാൻ ഞങ്ങൾ ഏവരെയും പ്രോത്സാഹിപ്പിക്കുകയാണ്. അതിനായി സഭാ പുസ്തക അധ്യയന നിർവാഹകന്മാർ പ്രത്യേക വാരാന്തം/വാരാന്തങ്ങൾ തിരഞ്ഞെടുത്ത് മടക്കസന്ദർശന വേലയിൽ കൂട്ടായ ശ്രമം ചെലുത്താൻ തങ്ങളുടെ കൂട്ടങ്ങളെ സംഘടിപ്പിക്കേണ്ടതാണ്.
3 ഈ വയൽസേവന യോഗങ്ങൾക്കു വരുമ്പോൾ നിങ്ങളുടെ മടക്കസന്ദർശന രേഖകൾ കൂടെ കൊണ്ടുവരിക. എന്നിട്ട്, താത്പര്യം കാട്ടുകയോ സാഹിത്യങ്ങൾ സ്വീകരിക്കുകയോ യോഗങ്ങളിൽ സംബന്ധിക്കുകയോ ചെയ്ത എല്ലാവരെയും സന്ദർശിക്കുക. ഒരു അധ്യയനം തുടങ്ങുക എന്ന പ്രത്യേക ലക്ഷ്യത്തോടെ വേണം ഓരോ മടക്കസന്ദർശനവും നടത്താൻ.
4 ബൈബിൾ അധ്യയനം പ്രകടിപ്പിച്ചു കാണിക്കുക: മടക്കസന്ദർശന വേളയിൽ എങ്ങനെ ബൈബിൾ അധ്യയനം തുടങ്ങാമെന്നു കാണിക്കുന്ന, നന്നായി തയ്യാറായ ഒരു പ്രകടനം തിരഞ്ഞെടുത്ത വയൽസേവന യോഗങ്ങളിൽ നടത്തേണ്ടതുണ്ട്. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “പലരുടെയും പക്കൽ ബൈബിൾ ഉണ്ട്. എങ്കിലും, ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അതിലുണ്ട് എന്ന കാര്യം അവർ തിരിച്ചറിയുന്നില്ല. [പരിജ്ഞാനം പുസ്തകത്തിലെ ഉള്ളടക്കം കാണിച്ചിട്ട് 3, 5, 6, 8, 9 എന്നീ അധ്യായങ്ങളുടെ ശീർഷകങ്ങൾ വായിച്ചു കേൾപ്പിക്കുക.] ഓരോ വാരത്തിലും ഈ അധ്യയന സഹായി ഒരു മണിക്കൂറോ മറ്റോ ഉപയോഗിക്കുന്നതിനാൽ ഏതാനും മാസങ്ങൾകൊണ്ട് ബൈബിളിനെക്കുറിച്ച് അടിസ്ഥാന ഗ്രാഹ്യം സമ്പാദിക്കാൻ നിങ്ങൾക്കു സാധിക്കും. ഈ വിഷയങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഞങ്ങളുടെ അധ്യയന പരിപാടി എങ്ങനെയാണെന്ന് കാണിച്ചുതരാൻ എനിക്കു സന്തോഷമേയുള്ളൂ.” സമയക്കുറവ് മൂലം അതിന്റെ പഠനത്തിനു വ്യക്തി മടിക്കുന്നെങ്കിൽ, നമുക്ക് ഹ്രസ്വമായ ഒരു പരിപാടി ഉള്ളതായി വിശദീകരിക്കുക. ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തിയിട്ട് ഓരോ വാരത്തിലും 15-30 മിനിറ്റുകൊണ്ട് അതിലെ ചെറിയൊരു പാഠം പഠിക്കാൻ കഴിയും എന്നു പറയുക.
5 അധ്യയനങ്ങൾ തുടങ്ങാൻ കൂട്ടായി യത്നിക്കുകയും നമ്മുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിൽ, നാം പുതിയ അധ്യയനങ്ങൾ കണ്ടെത്തും, തീർച്ച! (1 യോഹ. 5:14, 15) ഒരു ബൈബിൾ അധ്യയനം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ, അതു തുടങ്ങാനുള്ള അവസരം ഇതായിരിക്കാം.