‘പുതിയ വ്യക്തിത്വം ധരിക്കുക’
1 സത്യം അറിയുന്നതിനെ ക്രിസ്ത്യാനികൾ വിലമതിക്കുന്നു! ലോകക്കാരായ ആളുകളുടെ രീതികൾ ഒഴിവാക്കിക്കൊണ്ട് എങ്ങനെ ജീവിതം നയിക്കാം എന്നു നാം മനസ്സിലാക്കിയിരിക്കുന്നു. ലോകത്തിലുള്ളവർ “ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു . . പോയവർ” ആയതുകൊണ്ട് “അന്ധബുദ്ധികളായി” തീർന്നിരിക്കുന്നു. (എഫെ. 4:18, 19) എന്നാൽ, പഴയ വ്യക്തിത്വം ഉരിഞ്ഞു കളയുകയും പുതിയതു ധരിക്കുകയും ചെയ്തുകൊണ്ട്, ലൗകിക ചിന്താഗതികൾ ഉപേക്ഷിക്കുന്നതിനായി മനസ്സു പുതുക്കാൻ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു.—എഫെ. 4:22-24.
2 പഴയ വ്യക്തിത്വം തുടർച്ചയായ ധാർമിക അധഃപതനത്തിലേക്കു നയിക്കുന്നു. അശുദ്ധിയും മരണവുമാണ് അതിന്റെ ആത്യന്തിക ഫലങ്ങൾ. അതുകൊണ്ട്, എല്ലാ ക്രോധവും കോപവും ചീത്തത്തരവും ദൂഷണവും അസഭ്യ സംസാരവും ഉപേക്ഷിക്കാൻ രാജ്യസന്ദേശം ശ്രദ്ധിക്കുന്ന ഏവരോടും നാം ആത്മാർഥമായി അഭ്യർഥിക്കുന്നു. ദൈവത്തിന്റെ പ്രീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ പഴയ വ്യക്തിത്വം നിശ്ചയദാർഢ്യത്തോടെ മുഴുവനായി ഉപേക്ഷിക്കേണ്ടതുണ്ട്—അഴുക്കു പുരണ്ട ഒരു വസ്ത്രം ഊരിക്കളയുന്നതുപോലെതന്നെ.—കൊലൊ. 3:8, 9.
3 മനസ്സിനെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുന്ന പുതിയ ശക്തി: പുതിയ വ്യക്തിത്വം ധരിക്കുന്നതിൽ, നമ്മുടെ മനസ്സിനെ പ്രവർത്തനത്തിനു പ്രചോദിപ്പിക്കുന്ന ശക്തിയിൽ പുതുക്കം പ്രാപിക്കുന്നത് ഉൾപ്പെടുന്നു. (എഫെ. 4:23, NW) ശരിയായ ദിശയിൽ മുന്നേറാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ഒരുവന് ആ ശക്തിയെ അഥവാ മനോഭാവത്തെ പുതുക്കാൻ കഴിയുന്നത് എങ്ങനെയാണ്? ക്രമമായി, ഉത്സാഹപൂർവം ദൈവവചനം പഠിക്കുകയും അതിലെ ആശയങ്ങൾ ധ്യാനിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇതു സാധ്യമാകുക. അപ്പോൾ ഒരു പുതിയ ചിന്താരീതി വികസിച്ചുവരുന്നു, വ്യക്തി ദൈവത്തിന്റെയും ക്രിസ്തുവിന്റെയും വിധത്തിൽ കാര്യങ്ങളെ വീക്ഷിക്കാൻ തുടങ്ങുന്നു. ഒരുവൻ അനുകമ്പ, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, സ്നേഹം എന്നിങ്ങനെ നിരവധി ക്രിസ്തുസമാന ഗുണങ്ങൾ ധരിക്കുമ്പോൾ അയാളുടെ ജീവിതത്തിനു മുഴുവനായും മാറ്റം വരുന്നു.—കൊലൊ. 3:10, 12-14.
4 പുതിയ വ്യക്തിത്വം ധരിക്കുന്നതിലൂടെ നാം നമ്മെത്തന്നെ ലോകത്തിൽ നിന്നു വേർതിരിക്കുന്നു. നമ്മുടെ ജീവിത രീതിയാണു നമ്മെ വ്യത്യസ്തരാക്കുന്നത്. നാം സത്യം സംസാരിക്കുകയും ആരോഗ്യാവഹമായ സംഭാഷണത്തിലൂടെ മറ്റുള്ളവരെ കെട്ടുപണി ചെയ്യുകയും ചെയ്യുന്നു. നാം കോപത്തെ നിയന്ത്രിക്കുകയും കൈപ്പ്, ആക്രോശം, ദൂഷണം തുടങ്ങി എല്ലാ ദുർഗ്ഗുണങ്ങളും മാറ്റി തത്സ്ഥാനത്തു നീതിയും ദൈവിക ഗുണങ്ങളും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ക്ഷമ പ്രകടമാക്കുന്നതിൽ നാം സാധാരണമായി, നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നതിലും കവിഞ്ഞു പ്രവർത്തിക്കുന്നു. ഇവയെല്ലാം ചെയ്യുന്നത് യാതൊരു മടിയും കൂടാതെ ആത്മാർഥതയോടെയാണ്.—എഫെ. 4:25-32.
5 പുതിയ വ്യക്തിത്വം ഒരിക്കലും ഉരിഞ്ഞു കളയരുത്. അതില്ലാതെ സ്വീകാര്യമായ വിധത്തിൽ യഹോവയെ സേവിക്കാൻ നമുക്കു സാധിക്കില്ല. ആളുകളെ സത്യത്തിലേക്ക് ആകർഷിക്കാനും അത്ഭുതകരമായ ഈ പുതിയ വ്യക്തിത്വത്തിന്റെ സ്രഷ്ടാവായ യഹോവയെ മഹത്ത്വപ്പെടുത്താനും അതിനെ അനുവദിക്കുക.—എഫെ. 4:24.