വരാൻ അവരെ ക്ഷണിക്കുക
1 നൂറ്റാണ്ടുകൾക്കു മുമ്പു നൽകപ്പെട്ട ഒരു ക്ഷണം ലോകവ്യാപകമായി ഇന്ന് 233 രാജ്യങ്ങളിൽ മാറ്റൊലി കൊള്ളുന്നു: “വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.” (യെശ. 2:3) നിത്യജീവനിലേക്കു നയിക്കുന്ന ആത്മീയ പുരോഗതി കൈവരിക്കുന്നതിന് ആളുകളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും മെച്ചമായ മാർഗങ്ങളിൽ ഒന്നാണ് അവരെ യഹോവയുടെ സംഘടനയിലേക്ക് ആനയിക്കുക എന്നത്.
2 ഭവന ബൈബിൾ അധ്യയനത്തിൽ നന്നായി പുരോഗതി വരുത്തുന്നതിനു മുമ്പു വിദ്യാർഥിയെ രാജ്യഹാളിലേക്കു ക്ഷണിക്കാൻ ചില പ്രസാധകർ മടിയുള്ളവർ ആയിരുന്നേക്കാം. എന്നാൽ, ഒരു ബൈബിൾ അധ്യയനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ആളുകൾ സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയേക്കും. യോഗങ്ങൾക്കു വരാൻ ആളുകളെ ഊഷ്മളമായി ക്ഷണിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നാം അമാന്തിക്കരുത്.
3 നിങ്ങൾ ചെയ്യേണ്ടത്: നമ്മുടെ പ്രാദേശിക യോഗങ്ങളെ കുറിച്ച് ആളുകളെ അറിയിക്കാൻ നോട്ടീസുകൾ നന്നായി പ്രയോജനപ്പെടുത്തുക. യോഗങ്ങളിൽ സംബന്ധിക്കുന്നതിനു പണം നൽകേണ്ടതില്ലെന്നും യാതൊരുവിധ പിരിവുകളും ഇല്ലെന്നും വ്യക്തമാക്കുക. യോഗങ്ങൾ നടത്തപ്പെടുന്ന വിധം വിശദീകരിക്കുക. അവ യഥാർഥത്തിൽ ബൈബിൾ പഠന കോഴ്സുകൾ ആണെന്നും ഒത്തുനോക്കുന്നതിനായി പഠിക്കുന്ന പ്രസിദ്ധീകരണങ്ങൾ എല്ലാവർക്കും ലഭ്യമാണെന്നും പറയുക. യോഗങ്ങൾക്കു ഹാജരാകുന്നവരുടെ വ്യത്യസ്ത പശ്ചാത്തലങ്ങളും ജീവിത മണ്ഡലങ്ങളും സൂചിപ്പിക്കുക. അവർ നിങ്ങളുടെ പ്രദേശത്തുനിന്നുതന്നെ ഉള്ളവരാണെന്നും ഏതു പ്രായത്തിലുമുള്ള കുട്ടികൾക്കും സംബന്ധിക്കാമെന്നും വ്യക്തമാക്കുക. ഹാജരാകാൻ വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് നമ്മോടൊത്തു ബൈബിൾ പഠിക്കുന്നവരെ നാം ക്ഷണിക്കണം.
4 ജീവനു വേണ്ടിയുള്ള യഹോവയുടെ കരുതലുകളിൽ നിന്നു പ്രയോജനം നേടാനുള്ള ഒരു ഊഷ്മള ക്ഷണമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാന സംഗതികളിൽ ഒന്ന്: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; . . . ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളി. 22:17) നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനു പകരം വെക്കാവുന്ന യാതൊന്നുമില്ല.
5 ദൈവജനത്തിന്റെ സഭകളിലേക്ക് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ശതസഹസ്രക്കണക്കിനു നവ സ്തുതിപാഠകരെ യെശയ്യാവു 60:8 പ്രാവചനികമായി, “മേഘംപോലെ തങ്ങളുടെ കിളിവാതിലുകളിലേക്കു [പറന്നുവരുന്ന] പ്രാവുക”ളായി ചിത്രീകരിക്കുന്നു. നമുക്കെല്ലാവർക്കും പുതിയവരെ യോഗങ്ങൾക്കു ക്ഷണിക്കാം, അവർക്കു സ്വാഗതമരുളാം. അപ്പോൾ, യഹോവ ശീഘ്രഗതിയിലാക്കുന്ന കൂട്ടിച്ചേർപ്പിൻ വേലയിൽ നാം അവനോടു സഹകരിക്കുക ആയിരിക്കും ചെയ്യുന്നത്.—യെശ. 60:22.