“നമുക്കു യഹോവയുടെ മന്ദിരത്തിലേക്കു പോകാം”
1 “നമുക്കു യഹോവയുടെ മന്ദിരത്തിലേക്കു പോകാം” എന്ന ക്ഷണത്തോടു ദാവീദ് അത്യാകാംക്ഷയോടെ പ്രതികരിച്ചു. (സങ്കീ. 122:1, NW) ആലയം പ്രതിനിധാനം ചെയ്ത യഹോവയുടെ “മന്ദിരം” സത്യദൈവത്തെ ആരാധിക്കുന്നതിന് ആഗ്രഹമുണ്ടായിരുന്ന ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലമായിരുന്നു. അതു സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും ഒരു സങ്കേതമായിരുന്നു. ഇന്ന്, ദൈവത്തിന്റെ “മന്ദിരം” “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മായ ലോകവ്യാപക ക്രിസ്തീയ സഭയാണ്. (1 തിമൊ. 3:15) രക്ഷയ്ക്കുളള എല്ലാ കരുതലുകളും ഈ സരണി വഴി ലഭ്യമാക്കിയിരിക്കുന്നു. അക്കാരണത്താൽ, ദൈവരാജ്യ ഭരണത്തിൻ കീഴിൽ വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന “സകല ജാതിയും അതിലേക്കു ഒഴുകിച്ചെല്ലേ”ണ്ടതുണ്ട്.—യെശ. 2:2.
2 ഈ “മന്ദിരം” 229 ദേശങ്ങളിലെ 69,000-ത്തിലധികം സഭകൾ ഉൾക്കൊളളുന്നതാണ്. തീക്ഷ്ണതയുളള നാല്പ്പതു ലക്ഷത്തിലധികം പ്രവർത്തകർ “വരിക! . . . ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ക്ഷണം വെച്ചുനീട്ടിക്കൊണ്ടു ലോകത്തിനു ചുററുമുളള രാജ്യഹാളുകളുടെ വാതിലുകൾ തുറന്നിരിക്കുകയാണ്. (വെളി. 22:17) അനേകർ ഈ ദൂതു കേട്ടിട്ടു വിലമതിപ്പോടെ പ്രതികരിച്ചിട്ടുണ്ട്. മററുചിലർ അറിഞ്ഞിട്ടുണ്ട് എന്നാൽ ക്രിസ്തീയ സഭയുമായി സഹവസിച്ചുകൊണ്ടു യഹോവയുടെ ഭവനത്തിലേക്ക് അവർ ഇതുവരെയും വന്നിട്ടില്ല. അത്തരക്കാർക്കു സഭയിൽ മാത്രം കണ്ടെത്തുന്ന കരുതലുകൾക്കു സംതൃപ്തമാക്കാൻ കഴിയുന്ന ഒരു “ആത്മീയ ദാരിദ്ര്യ”മുണ്ട്. (മത്താ. 5:3) ഈ വ്യവസ്ഥിതിയുടെ നാശം സത്വരം സമീപിച്ചുവരവെ നാം ദുർഘടസമയങ്ങളിലാണ് ജീവിക്കുന്നത്. ഉദാസീനതയോ മടിയോ ആപത്ക്കരമാംവിധം താമസിച്ചുപോകാൻ ഇടയാക്കിയേക്കാം. അവിടത്തെ സ്ഥാപനത്തോട് അടുത്തുകൊണ്ട് ആളുകൾ “ദൈവത്തോടു അടുത്തുചെല്ലാ”ൻ എത്തിപ്പിടിക്കേണ്ടത് അടിയന്തിരമാണ്. (യാക്കോ. 4:8) നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
3 താത്പര്യത്തെ സ്ഥാപനത്തിലേക്കു തിരിക്കുക: താത്പര്യക്കാരായ വ്യക്തികളുമായുളള നമ്മുടെ പ്രാരംഭ സമ്പർക്കംമുതൽ നാം അവരുടെ ശ്രദ്ധയെ സ്ഥാപനത്തിലേക്കു തിരിക്കേണ്ടതുണ്ട്. തിരുവെഴുത്തുകൾ കണ്ടെത്താനോ അടിസ്ഥാന ഉപദേശങ്ങൾ വിശദീകരിക്കാനോ നമുക്കു വ്യക്തിപരമായി കഴിഞ്ഞേക്കുമെങ്കിലും അത്തരം പരിജ്ഞാനത്തിന്റെ ഉറവ് നാം അല്ല. നമ്മൾ പഠിച്ചിട്ടുളള എല്ലാം “തക്കസമയത്തു ഭക്ഷണം” വിതരണം ചെയ്യുന്ന അടിമവർഗ്ഗത്തിലൂടെ പ്രദാനം ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വന്നിട്ടുളളതാണ്. (മത്താ. 24:45-47) തുടക്കംമുതൽ തന്നെ, ശുദ്ധാരാധനയിൽ നാമോ നമ്മുടെ പ്രാദേശിക സഭയോ മാത്രമല്ല അതിലും വളരെ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നുവെന്നു പുതിയവർ തിരിച്ചറിയേണ്ട ആവശ്യമുണ്ട്; യഹോവയുടെ നടത്തിപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന സംഘടിതവും, ദിവ്യാധിപത്യപരവും ലോകവ്യാപകവുമായ ഒരു സമൂഹമുണ്ട് എന്നുതന്നെ.
4 നമുക്കു ലഭിക്കുന്ന നിർദ്ദേശങ്ങൾ നമ്മെ വഴികാട്ടുകയും പഠിപ്പിക്കുകയും ചെയ്യുമെന്നു വാഗ്ദത്തം ചെയ്ത യഹോവയിൽ നിന്ന് ആരംഭിക്കുന്നു. (സങ്കീ. 32:8; യെശ. 54:13) ഈ പ്രബോധനം പ്രാഥമികമായി നമ്മുടെ സാഹിത്യത്തിലൂടെ പരസ്യമാക്കുന്നു. അതു ജീവരക്ഷാകരമായ പ്രബോധനത്തിന്റെ ഒരു ഉറവാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്, സാഹിത്യത്തോട് ഒരു ഉയർന്ന വിലമതിപ്പു വളർത്തിയെടുക്കാൻ താത്പര്യക്കാരെ സഹായിക്കാൻ നമുക്കു കഴിയുമെങ്കിൽ അവർ അതു പെട്ടെന്ന് അവഗണിച്ചുകളയാതെ അതിലെ ദൂതു വായിക്കാനും ബാധകമാക്കാനും വളരെക്കൂടുതൽ സാധ്യതയുണ്ട്. നാം എല്ലായ്പോഴും ഈ സാഹിത്യത്തെ അതിനോട് ആദരവ് നട്ടുവളർത്തുന്ന ഒരു വിധത്തിൽ അവതരിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതു സ്ഥാപനത്തെ വിലമതിക്കാനും അതിന്റെ കരുതലുകളിൽ ആശ്രയിക്കാനും പുതിയവരെ പഠിപ്പിക്കുന്നു.
5 പ്രബോധനം നിരന്തരം പ്രദാനം ചെയ്യുന്ന ഒരു കേന്ദ്ര യോഗസ്ഥലം സമുദായത്തിൽ ഉണ്ട് എന്നു പുതിയവർ അറിയട്ടെ. അവർക്കു രാജ്യഹാളിന്റെ മേൽവിലാസവും യോഗ സമയങ്ങളും കൊടുക്കുക. നമ്മുടെ യോഗങ്ങളും അവർ ഒരുപക്ഷേ കഴിഞ്ഞകാലത്തു സംബന്ധിച്ചിട്ടുളള മതപരമായ കൂടിവരവുകളും തമ്മിലുളള വ്യത്യാസം വിശദീകരിക്കുക. എല്ലാവർക്കും സ്വാഗതമുണ്ട്; പണശേഖരണമോ അതിനുവേണ്ടി വ്യക്തിപരമായ അഭ്യർത്ഥനകളോ ഇല്ല. നിയമിത ശുശ്രൂഷകർ പരിപാടികൾ നിർവ്വഹിക്കവെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും പരിപാടിയിലെ ഭാഗങ്ങളിൽ ഭാഗവാക്കായിക്കൊണ്ടും പങ്കെടുക്കുന്നതിന് എല്ലാവർക്കും അവസരമുണ്ട്. കുടുംബങ്ങൾക്കു സ്വാഗതമുണ്ട്; നമ്മുടെ ബൈബിൾ ചർച്ചയിൽ കുട്ടികൾ ഉൾപ്പെടുന്നു. നമ്മുടെ ശുശ്രൂഷകർ പ്രത്യേക സ്ഥാനവസ്ത്രങ്ങളോ പുറങ്കുപ്പായങ്ങളോ ധരിക്കുന്നില്ല. രാജ്യഹാൾ ആസ്വാദ്യമാംവണ്ണം മോടിപിടിപ്പിച്ചിരിക്കുന്നു, എന്നാൽ മെഴുകുതിരികളോ കൊത്തുപണികളോ പ്രതിമകളോ ഇല്ല. ഹാജരാകുന്നവർ മുഖ്യമായും പ്രാദേശിക അയൽപക്കത്തെ നിവാസികളാണ്.
6 താത്പര്യം ക്രമേണ ബൈബിളദ്ധ്യയനങ്ങളിലേക്കു തിരിക്കുക: ബൈബിളദ്ധ്യയനത്തിന്റെ പ്രാഥമിക ഉദ്ദേശ്യം ദൈവവചനത്തിലെ സത്യം പഠിപ്പിക്കുക എന്നതാണ്. അതു വിദ്യാർത്ഥിയിൽ യഹോവയുടെ സ്ഥാപനത്തോട് ഒരു വിലമതിപ്പു കെട്ടുപണി ചെയ്യുകയും അതിന്റെ ഭാഗമായിത്തീരേണ്ടതിന്റെ ജീവത്പ്രധാനമായ ആവശ്യം സംബന്ധിച്ച് അയാളെ ജാഗ്രതയുളളവനാക്കുകയും ചെയ്യേണ്ടതുണ്ട്. ഒന്നാം നൂററാണ്ടിൽ യേശുവും അവിടത്തെ ശിഷ്യൻമാരും നടത്തിയ മഹത്തായ വേല ആത്മാർത്ഥരായവരെ ആകർഷിക്കുകയും പ്രവർത്തനത്തിനുവേണ്ടി ഒരു കേന്ദ്ര ഭരണസംഘത്തിൻ കീഴിൽ അവരെ കൂട്ടിച്ചേർക്കുകയും ചെയ്തു. നല്ല പ്രതികരണമുണ്ടായിരുന്ന സമുദായങ്ങളിൽ ക്രമമായ പരിശീലനവും പ്രബോധനവും കൊടുക്കുന്നതിനുവേണ്ടി സഭകൾ രൂപം കൊണ്ടിരുന്നു. സഹവസിച്ചിരുന്നവർ ആത്മീയമായി ബലിഷ്ഠരാക്കപ്പെട്ടു, പീഡനകാലഘട്ടങ്ങളിൽ സഹിച്ചുനിൽക്കാൻ അവരെ സഹായിച്ചുകൊണ്ടുതന്നെ. (എബ്രാ. 10:24, 25; 1 പത്രൊ. 5:8-10) “എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക” എന്നതാണു നമ്മുടെ നാളിൽ യഹോവയുടെ ഉദ്ദേശ്യം. (എഫെ. 1:9, 10) അതിന്റെ ഫലമായി, ഒരു ലോകവ്യാപക “സഹോദരവർഗ്ഗം” നമുക്കുണ്ട്.—1 പത്രൊ. 2:17.
7 പ്രതിവാര ബൈബിളദ്ധ്യയനത്തിൽ സ്ഥാപനത്തെ വിലമതിക്കുന്നതിനും രക്ഷയ്ക്കുവേണ്ടിയുളള കരുതലിൽനിന്നു പ്രയോജനം നേടുന്നതിനും വിദ്യാർത്ഥിയെ സഹായിക്കുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തണം. സ്ഥാപനത്തെക്കുറിച്ചോ അതിന്റെ പ്രവർത്തനത്തെക്കുറിച്ചോ എന്തെങ്കിലും പറയുന്നതിനോ വിവരിക്കുന്നതിനോ ഓരോ ആഴ്ചയും ഏതാനും മിനിററ് എടുക്കുക. സഹായകമായ സംസാരാശയങ്ങൾ 1984 നവംബർ 1 വാച്ച്ടവറൽ നിങ്ങൾക്കു കാണാൻ കഴിയും. യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ, യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്നീ ലഘുപത്രികകൾ സ്ഥാപനത്തിന്റെ പ്രമുഖ ഘടകങ്ങളും അവ നമുക്കെങ്ങെനെ പ്രയോജനം ചെയ്തേക്കുമെന്നും ചർച്ചചെയ്യുന്നു. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിന്നിലെ സ്ഥാപനം എന്ന വീഡിയോ കാണുന്നതിനു ബൈബിൾ വിദ്യാർത്ഥികൾക്കു വേണ്ടി ക്രമീകരിക്കുന്നെങ്കിൽ, അത് എന്താണ് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർക്കുതന്നെ കാണാൻ കഴിയും. വാർഷികപുസ്തകത്തിലെ ചില വിശിഷ്ട റിപ്പോർട്ടുകൾക്കും അനുഭവങ്ങൾക്കും നമ്മുടേതിൽനിന്നു വ്യത്യസ്തമായ രാജ്യങ്ങളിലും സംസ്ക്കാരങ്ങളിലും ഉളള വേലയുടെ വിജയത്തെ കാണിച്ചുകൊടുക്കാൻ കഴിയും. മററു പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കാൻ കഴിയും. കുറച്ചുനാൾകൊണ്ട്, നാം വീടുതോറും പോകുന്നതെന്തുകൊണ്ട്, നമ്മുടെ യോഗങ്ങളുടെ ഉദ്ദേശ്യം, നാം നമ്മുടെ വേലയെ സാമ്പത്തികമായി എങ്ങനെ സഹായിക്കുന്നു, നമ്മുടെ പ്രവർത്തനത്തിന്റെ ലോകവ്യാപകമായ വ്യാപ്തി എന്നിങ്ങനെയുളള കാര്യങ്ങൾ പടിപടിയായി വിശദീകരിച്ചുകൊടുക്കുക.
8 പുതിയവർ മററു സാക്ഷികളുമായി പരിചയത്തിലാകുന്നതു സഭയെ സംബന്ധിച്ചുളള അവരുടെ സങ്കല്പത്തെ വിശാലമാക്കിക്കൊണ്ട് ഒരു ഉത്തേജിപ്പിക്കുന്ന ഫലം ഉണ്ടാകാൻ ഇടയാക്കും. ആ ഉദ്ദേശ്യത്തിൽ, ഇടയ്ക്കിടയ്ക്ക് അദ്ധ്യയനത്തിന് ഇരിക്കാൻ മററു പ്രസാധകരെ ക്ഷണിക്കുക. വിദ്യാർത്ഥിയുടേതിനു സമാനമായ പശ്ചാത്തലമോ അഭിരുചികളോ ഉളള ഒരാൾക്കു അയാളുടെ കാഴ്ചപ്പാടിനു പുതിയ മാനങ്ങൾ കൈവരുത്താൻ കഴിയും. വെറുതെ ഒന്നു പരിചയപ്പെടുന്നതിന് ഒരുപക്ഷേ ഒരു മൂപ്പനു നിങ്ങളോടൊപ്പം വരാൻ കഴിയും. അദ്ധ്യയനം സന്ദർശിക്കാൻ സർക്കിട്ട്മേൽവിചാരകനെയോ ഭാര്യയെയോ ക്രമീകരിക്കുന്നതു ഒരു യഥാർത്ഥ അനുഗ്രഹമെന്നു തെളിഞ്ഞേക്കും. അടുത്തു താമസിക്കുന്ന സാക്ഷികൾ ഉണ്ടെങ്കിൽ ബൈബിൾ വിദ്യാർത്ഥികളുമായി പരിചയത്തിലാകുന്നതു വിദ്യാർത്ഥിക്കു സഭായോഗങ്ങൾക്കു ഹാജരാകുന്നതിനു കൂടുതലായ പ്രോത്സാഹനം നൽകും.
9 യോഗങ്ങൾക്കു വരാൻ പുതിയവരെ പ്രോത്സാഹിപ്പിക്കുക: യോഗങ്ങൾക്കു ഹാജരാകുന്നത് എത്ര പ്രധാനമാണെന്നു പുതിയവർ തിരിച്ചറിയേണ്ട ആവശ്യമുണ്ട്. അവരുടെ താത്പര്യത്തെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുക. വീക്ഷാഗോപുര അദ്ധ്യയനത്തിൽ പരിചിന്തിക്കുന്ന ലേഖനങ്ങൾ ചൂണ്ടിക്കാണിക്കുക. വരാൻപോകുന്ന പരസ്യപ്രസംഗങ്ങളുടെ തലക്കെട്ടുകൾ പരാമർശിക്കുക. ദിവ്യാധിപത്യശുശ്രൂഷാ സ്കൂളിലും സഭാപുസ്തകദ്ധ്യയനത്തിലും പഠിക്കേണ്ട ഭാഗങ്ങളുടെ സവിശേഷാശയങ്ങൾ വിവരിക്കുക. ഈ യോഗങ്ങളിൽനിന്നു നിങ്ങൾ പഠിക്കുന്നതിനെക്കുറിച്ചും ഹാജരാകേണ്ട ആവശ്യമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നതെന്തുകൊണ്ടെന്നതിനെക്കുറിച്ചും നിങ്ങളുടെതന്നെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക. നിങ്ങൾക്കു സാധിക്കുമെങ്കിൽ യാത്രാക്രമീകരണം വാഗ്ദാനം ചെയ്യുക. യോഗത്തിനുമുമ്പു ഫോണിൽ വിളിക്കുന്നതു ഹാജരാകാൻ കൂടുതലായ പ്രചോദനം നൽകിയേക്കും.
10 ഒരു ബൈബിൾ വിദ്യാർത്ഥി ഒരു യോഗത്തിനു വരുമ്പോൾ അദ്ദേഹത്തിനു സ്വാഗതമുളളതായി തോന്നിക്കുക. അദ്ദേഹത്തെ മൂപ്പൻമാരുൾപ്പെടെ മററുളളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുക. അദ്ദേഹം പരസ്യപ്രസംഗത്തിനു ഹാജരാകുന്നുവെങ്കിൽ അദ്ദേഹത്തെ പ്രസംഗകനു പരിചയപ്പെടുത്തിക്കൊടുക്കുക. രാജ്യഹാളിനു ചുററുപാടും അദ്ദേഹത്തെ കാണിക്കുക. പുസ്തക, മാസിക കൗണ്ടറുകളുടെയും സംഭാവനപ്പെട്ടികൾ, ലൈബ്രറി, വാർഷികവാക്യം എന്നിവയുടെയും ഉദ്ദേശ്യം വിശദീകരിക്കുക. ഹാൾ ആരാധനയുടെ ഒരു ഭവനം മാത്രമല്ല അതു പ്രസംഗവേല പ്രാദേശികമായി സംഘടിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്രവും കൂടെയാണ് എന്ന് അദ്ദേഹം അറിയാൻ ഇടവരുത്തുക.
11 നമ്മുടെ യോഗങ്ങൾ എങ്ങനെ നിർവ്വഹിക്കപ്പെടുന്നുവെന്നു വിശദീകരിക്കുക. നമ്മൾ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങൾ വിദ്യാർത്ഥിയെ കാണിക്കുക. ബൈബിളാണു നമ്മുടെ പ്രമുഖ പഠനപുസ്തകം എന്നു ചൂണ്ടിക്കാണിക്കുക. കൊച്ചുകുട്ടികളുൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയും. നമ്മുടെ പാട്ടുപുസ്തകത്തിലെ എല്ലാ സംഗീതവും ഈണവും നമ്മുടെ ആരാധനയിൽ ഉപയോഗിക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ രചിച്ചതാണെന്നു വിശദീകരിക്കുക. ഹാജരാകുന്ന ആളുകളിലെ പശ്ചാത്തലങ്ങളിലുളള വൈവിദ്ധ്യങ്ങളിലേക്കു ശ്രദ്ധകൊണ്ടുവരിക. സൗഹൃദത്തിന്റെയും അതിഥിപ്രിയത്തിന്റെയും ആത്മാവിനെക്കുറിച്ചു ക്രിയാത്മകമായ അഭിപ്രായങ്ങൾ നടത്തുക. ഈ ദയാപൂർവ്വകമായ, ആത്മാർത്ഥ താത്പര്യം ആയിരിക്കും വീണ്ടും വരുന്നതിനു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്ന ശക്തമായ ഘടകങ്ങളിലൊന്ന്.
12 ചിലർ പിന്നാക്കം നിൽക്കുന്നത് എന്തുകൊണ്ടായിരിക്കും: പലപ്പോഴും, നിങ്ങൾ ഇതെല്ലാം ചെയ്തിട്ടും, ചിലർ സ്ഥാപനത്തോടു കൂടുതൽ അടുത്തുവരാൻ മനസ്സില്ലാത്തവരാണ്. പെട്ടെന്ന് ഉപേക്ഷിച്ചുകളയരുത്. അവരുടെ സ്ഥാനത്തു നിങ്ങളായിരിക്കാൻ ശ്രമിക്കുക. ഈ സമയംവരെയും, ചില പ്രത്യേക അവസരങ്ങളിലൊഴികെ മതപരമായ ചടങ്ങുകൾക്കു ഹാജരാകേണ്ട ആവശ്യം ഒരുപക്ഷേ അവർക്കു യഥാർത്ഥത്തിൽ തോന്നിയിട്ടില്ലായിരിക്കാം. കുടുംബത്തിലെ അംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ അവരുടെമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടാവാം. അയൽക്കാർ നടത്തുന്ന തരംതാഴ്ത്തുന്നതരം അഭിപ്രായങ്ങൾ അവരെ വിഷാദിപ്പിക്കുന്നുണ്ടാവാം. കൂടാതെ, അവർ തീർച്ചയായും സാമൂഹികവും വിനോദപരവുമായ അനുധാവനങ്ങളോടു ബന്ധപ്പെട്ട വിവിധ ശൈഥില്യങ്ങൾക്ക് വിധേയവുമായിരിക്കാം. ഇവയെ പർവ്വതസമാനമായ പ്രതിബന്ധങ്ങളായി അവർ വീക്ഷിക്കുന്നുണ്ടാവാം. കാര്യങ്ങളെ ഉചിതമായ വീക്ഷണത്തിൽ കാണുന്നതിനും “പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്തു”ന്നതിനും നിങ്ങൾ അവരെ സഹായിക്കേണ്ട ആവശ്യമുണ്ട്.—ഫിലി. 1:10. NW.
13 സ്ഥിരോൽസാഹം കാണിക്കുന്നതിനു തിരുവെഴുത്തുപരമായ കാരണങ്ങൾ നൽകുക. നമ്മുടെ ഒരുമിച്ചുളള സഹവാസത്തിൽനിന്നു ലഭിക്കുന്ന പ്രോത്സാഹനവും ആത്മീയ കെട്ടുപണിചെയ്യലും നമുക്കെല്ലാവർക്കും അടിയന്തിരമായി ആവശ്യമാണെന്ന് ഊന്നിപ്പറയുക. (റോമ. 1:11, 12) പിന്നാക്കം നിൽക്കുന്നതിനു കുടുംബ എതിർപ്പ് ഒരു പ്രബലമായ കാരണമല്ലെന്നു യേശു വ്യക്തമാക്കി. (മത്താ. 10:34-39) യേശുവിന്റെ ശിഷ്യൻമാരാണെന്നു പരസ്യമായി തിരിച്ചറിയിക്കുന്നതിൽ ലജ്ജിക്കരുതെന്നു പൗലോസ് നമ്മെ പ്രോത്സാഹിപ്പിച്ചു. (2 തിമൊ. 1:8, 12-14) വ്യക്തിപരമായ അനുധാവനങ്ങളും ശൈഥില്യങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്; അല്ലാത്തപക്ഷം അവ ഒരു കെണി ആയിത്തീരുന്നു. (ലൂക്കൊ. 21:34-36) യഹോവയുടെ അനുഗ്രഹം അർഹിക്കുന്നവർ പൂർണ്ണ ദേഹിയോടെയുളളവർ ആയിരിക്കേണ്ടതുണ്ട്, ഒരിക്കലും അർദ്ധഹൃദയർ അല്ല. (കൊലൊ. 3:23, 24) അത്തരം ബൈബിൾ തത്ത്വങ്ങളോടുളള വിലമതിപ്പു പടിപടിയായി ഉപദേശിക്കുന്നത് ആത്മീയമായി പുരോഗമിക്കുന്നതിനുളള മാർഗ്ഗം അവർക്ക് തുറന്നുകൊടുത്തേക്കാം.
14 വാതിലുകൾ തുറക്കപ്പെട്ടിരിക്കുന്നു: യഹോവയുടെ സത്യാരാധനയ്ക്കുളള മന്ദിരം മറെറല്ലാററിനും മീതെ ഉയർന്നിരിക്കുന്നു. “വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു . . . കയറിച്ചെല്ലാം; . . . അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും” എന്ന ക്ഷണം ലോകത്തിനുചുററും 229 ദേശങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. (യെശ. 2:3) പുതിയവരുടെ ക്രിയാത്മകമായ പ്രതികരണത്തിനു അവരുടെ ജീവനെ രക്ഷിക്കാൻ കഴിയും. അവരുടെ താത്പര്യം യഹോവയുടെ സ്ഥാപനത്തിലേക്കു തിരിക്കുന്നതു നമുക്ക് അവരെ സഹായിക്കാൻ കഴിയുന്ന ഏററവും നല്ല മാർഗ്ഗങ്ങളിലൊന്നാണ്.