നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു വിദ്യാർഥികളെ നയിക്കൽ
1 “200-ലധികം ഭാഷകളിൽ പ്രസംഗിക്കുന്ന ഒരു സന്ദേശമാണിത്. 210-ലധികം രാജ്യങ്ങളിൽ കേൾക്കുന്ന ഒരു സന്ദേശമാണിത്. ആളുകളെ കണ്ടെത്താവുന്നിടങ്ങളിലെല്ലാം വ്യക്തിപരമായി നൽകുന്ന ഒരു സന്ദേശമാണിത്. ലോകം അറിഞ്ഞിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും വലിയ പ്രസംഗപ്രസ്ഥാനത്തിന്റെ ഭാഗമായ, ഭൂവ്യാപകമായി ലക്ഷങ്ങളെ ഏകീകരിക്കുന്ന ഒരു സന്ദേശമാണിത്. നൂറിലധികം വർഷമായി യഹോവയുടെ സാക്ഷികൾ ഈ വേല നിർവഹിക്കുന്നതിനു സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു!”
2 യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോയുടെ ആഖ്യാനം തുടങ്ങുന്നത് അപ്രകാരമാണ്. പിൻവരുന്ന ചോദ്യങ്ങൾക്ക് അതു തുടർന്ന് ഉത്തരം നൽകുന്നു: യഹോവയുടെ സാക്ഷികൾ യഥാർഥത്തിൽ ആരാണ്? അവരുടെ പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കപ്പെടുന്നു? നയിക്കപ്പെടുന്നു? സാമ്പത്തികമായി പിന്താങ്ങപ്പെടുന്നു? “ബൈബിളിൽ വിശ്വാസം കെട്ടുപണിചെയ്യാൻ തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഒരു സ്ഥാപനമെന്ന നിലയിൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന വസ്തുത അതു കാഴ്ചക്കാരുടെ മനസ്സിൽ പതിപ്പിക്കുന്നു. നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തെ സ്വയം തിരിച്ചറിയാൻ അത് അവരെ പ്രോത്സാഹിപ്പിക്കുന്നു. ഈ വീഡിയോ കണ്ടതിനെത്തുടർന്നു പഠിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ സന്തോഷത്തിന്റെയും വിലമതിപ്പിന്റെയും കണ്ണീരൊഴുക്കിക്കൊണ്ടു പറഞ്ഞു: “സത്യദൈവമായ യഹോവയുടെ സ്ഥാപനം ഇതുതന്നെയാണെന്ന ആർക്കെങ്കിലും തിരിച്ചറിയാതിരിക്കാനാകുമോ?”—1 കൊരിന്ത്യർ 14:24, 25, താരതമ്യം ചെയ്യുക.
3 മറ്റൊരു സ്ത്രീ ദീർഘകാലമായി ഇടവിട്ടു ബൈബിൾ പഠിച്ചിരുന്നു, എന്നാൽ ത്രിത്വം ഒരു വ്യാജ പഠിപ്പിക്കലാണെന്ന വസ്തുത അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് അവരെയും ഭർത്താവിനെയും നമ്മുടെ വീഡിയോ കാണിച്ചു. അവതരണത്തിൽ ഇരുവർക്കും വളരെ മതിപ്പുളവായി. അതേ രാത്രിയിൽത്തന്നെ അതു രണ്ടുതവണ കണ്ടു. അടുത്ത അധ്യയനത്തിൽ, ഭാര്യ ഒരു സാക്ഷിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ത്രിത്വ വിശ്വാസത്തിൽ താൻ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നെന്നും നമ്മുടെ സ്ഥാപനത്തെയും അതിലെ ആളുകളെയും നിരീക്ഷിക്കാൻ പരാജയപ്പെട്ടെന്നും അവർ പറഞ്ഞു. താൻ ദൈവത്തിന്റെ യഥാർഥ സ്ഥാപനം കണ്ടെത്തിയെന്നു വീഡിയോയിൽനിന്ന് അവർ തിരിച്ചറിഞ്ഞു. വീടുതോറുമുള്ള പ്രസംഗം ഉടൻതന്നെ ആരംഭിക്കാൻ അവർ ആഗ്രഹിച്ചു. സ്നാപനമേൽക്കാത്ത ഒരു പ്രസാധികയായിത്തീരുന്നതിനുള്ള അനിവാര്യ പടികൾ ഏതെല്ലാമാണെന്ന് അവരോടു വിശദീകരിച്ചു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു: “അതു വേഗമാകട്ടെ.” തന്റെ സഭയിൽനിന്നു രാജിവെച്ച ശേഷം അവർ വയൽസേവനം ആരംഭിക്കുകയും ത്രിത്വം ഖണ്ഡിക്കുന്നതിൽ വിദഗ്ധയായിത്തീരുകയും ചെയ്തു.
4 ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സ്ഥാപനത്തെ തിരിച്ചറിയുകയും അതോടൊപ്പം സഹവസിക്കുകയും ചെയ്യുമ്പോൾ അവർ മെച്ചപ്പെട്ട ആത്മീയ പുരോഗതി വരുത്തുകയും കൂടുതൽ വേഗത്തിൽ പക്വതയിലേക്കു വളരുകയും ചെയ്യുന്നുവെന്നതു നന്നായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. പെന്തക്കോസ്തിൽ 3,000 പേർ സ്നാപനമേറ്റ ശേഷം, “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും”കൊണ്ടിരുന്നു. (പ്രവൃ. 2:42) അതുതന്നെ ചെയ്യാൻ ഇന്നു നാം വിദ്യാർഥികളെ സഹായിക്കേണ്ടത് അനിവാര്യമാണ്. നമുക്കത് എങ്ങനെ ചെയ്യാനാകും?
5 ഉത്തരവാദിത്വം ഏറ്റെടുക്കുക: ബൈബിൾ വിദ്യാർഥിയെ ദൈവസ്ഥാപനത്തിലേക്കു നയിക്കുന്നതു തന്റെ ഉത്തരവാദിത്വമാണെന്നു ശിഷ്യരാക്കുന്ന എല്ലാവരും തിരിച്ചറിയണം. (1 തിമൊ. 4:16) പുതിയയാൾ ഓരോ അധ്യയന സെഷനെയും തന്റെ സമർപ്പണം ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുന്ന സന്തുഷ്ട ദിനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി വീക്ഷിക്കണം. സ്നാപന വേളയിൽ അദ്ദേഹത്തോടു ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് ഇതാണ്: “നിങ്ങളുടെ സമർപ്പണവും സ്നാപനവും, നിങ്ങളെ ദൈവാത്മനടത്തിപ്പുള്ള സ്ഥാപനവുമായുള്ള സഹവാസത്തിൽ യഹോവയുടെ സാക്ഷികളിൽ ഒരുവനായി തിരിച്ചറിയിക്കുന്നുവെന്നു നിങ്ങൾ മനസ്സിലാക്കുന്നുവോ?” അതുകൊണ്ട്, സത്യക്രിസ്തീയ സഭയോടൊത്തു സജീവമായി സഹവസിക്കാതെ ദൈവത്തെ സേവിക്കാനാവില്ലെന്ന് അദ്ദേഹം തിരിച്ചറിയേണ്ടതു പ്രധാനമാണ്.—മത്താ. 24:45-47; യോഹ. 6:68; 2 കൊരി. 5:20.
6 യഹോവയുടെ സാക്ഷികളുടെ പിമ്പിലുള്ള സാർവദേശീയ സ്ഥാപനത്തെയും പ്രാദേശിക സഭയെയും കുറിച്ച് വിദ്യാർഥിയെ പഠിപ്പിക്കുന്നതിൽ തുടരുക. ആദ്യത്തെ ബൈബിളധ്യയനത്തിൽ തുടങ്ങി ഓരോ സെഷനിലും ഇതു ചെയ്യുക. ആദ്യം മുതൽത്തന്നെ വിദ്യാർഥിയെ യോഗങ്ങൾക്കു ക്ഷണിക്കുക, ക്ഷണിച്ചുകൊണ്ടേയിരിക്കുക.—വെളി. 22:17.
7 പ്രദാനം ചെയ്തിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകവുമാണു ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിന് ഉപയോഗിക്കാവുന്ന നമ്മുടെ ഏറ്റവും മെച്ചപ്പെട്ട പ്രസിദ്ധീകരണങ്ങൾ. സഭയുമായുള്ള സഹവാസത്തിന്റെ ആവശ്യത്തെ അവ രണ്ടും എടുത്തുകാണിക്കുന്നു. ആവശ്യം ലഘുപത്രികയുടെ 5-ാമത്തെ പാഠത്തിന്റെ അവസാനഭാഗം പ്രസ്താവിക്കുന്നു: “നിങ്ങൾ യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കണം, അവന്റെ വ്യവസ്ഥകൾ അനുസരിച്ചുകൊണ്ടിരിക്കുകയും വേണം. യഹോവയുടെ സാക്ഷികളുടെ സ്ഥലത്തെ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങൾക്കു ഹാജരാകുന്നത് അങ്ങനെ ചെയ്യാൻ നിങ്ങളെ സഹായിക്കും.” യോഗങ്ങൾക്കു ഹാജരാകാൻ പരിജ്ഞാനം പുസ്തകം വിദ്യാർഥിയെ ആവർത്തിച്ചു പ്രോത്സാഹിപ്പിക്കുന്നു. 5-ാം അധ്യായം, 22-ാം ഖണ്ഡിക ഈ ക്ഷണം വെച്ചുനീട്ടുന്നു: “ദൈവത്തെ ‘ആത്മാവോടും സത്യത്തോടും കൂടെ’ ആരാധിക്കുന്നതിൽ തങ്ങളോടു ചേരാൻ അവർ [യഹോവയുടെ സാക്ഷികൾ] നിങ്ങളെ ഊഷ്മളമായി പ്രോത്സാഹിപ്പിക്കുന്നു. (യോഹന്നാൻ 4:24)” 12-ാം അധ്യായം, 16-ാം ഖണ്ഡിക പ്രസ്താവിക്കുന്നു: “നിങ്ങൾ ഈ പഠനം തുടരുകയും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്നതു നിങ്ങളുടെ ശീലമാക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ വിശ്വാസം ഇതിലും ബലിഷ്ഠമാക്കപ്പെടുമെന്നുള്ളതിനു സംശയം വേണ്ട.” 16-ാം അധ്യായം, 20-ാം ഖണ്ഡിക പറയുന്നു: “യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്നതു നിങ്ങളുടെ ശീലമാക്കുക.” അതു കൂട്ടിച്ചേർക്കുന്നു: “ഇതു കാര്യം ഗ്രഹിക്കാനും അനന്തരം ജീവിതത്തിൽ ദൈവപരിജ്ഞാനം ബാധകമാക്കാനും നിങ്ങളെ സഹായിക്കും. ലോകവ്യാപക ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതു യഹോവയോടു പറ്റിനിൽക്കുന്നതിനു നിങ്ങളെ സഹായിക്കും.” ദൈവജനത്തിനിടയിൽ ഒരുവൻ എങ്ങനെ യഥാർഥ സുരക്ഷിതത്വം കണ്ടെത്തുന്നുവെന്ന് 17-ാം അധ്യായം വളരെ വിശദമായി ചർച്ചചെയ്യുന്നു. മറ്റുള്ളവരോടൊപ്പം നാം പഠിക്കവെ, ആ വിഷയഭാഗങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്.
8 തന്റെ ഇഷ്ടം നിറവേറ്റാനായി യഹോവ ഇന്ന് ഉപയോഗിക്കുന്ന ഏക ദൃശ്യസ്ഥാപനവുമായി വ്യക്തികളെ പരിചയത്തിലാക്കാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഉത്തമ ഉപകരണമാണ് യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവേഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക. നമ്മുടെ ശുശ്രൂഷ, യോഗങ്ങൾ, സ്ഥാപനം എന്നിവയെക്കുറിച്ച് ഇതിലുൾക്കൊള്ളുന്ന വിശദമായ വിവരങ്ങൾ ദൈവത്തെ ആരാധിക്കുന്നതിൽ നമ്മോടൊപ്പം സഹവസിക്കാൻ വായനക്കാരനെ പ്രോത്സാഹിപ്പിക്കും. ബൈബിളധ്യയനം സ്ഥിരമാകുന്നതോടെ സ്വന്തമായി വായിക്കുന്നതിന് ഈ ലഘുപത്രികയുടെ ഒരു പ്രതി നാം വിദ്യാർഥിക്കു കൊടുക്കണമെന്നു ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞകാലത്തു ചെയ്തിരുന്നതുപോലെ അദ്ദേഹവുമായി അതു പഠിക്കേണ്ട ആവശ്യമില്ല.
9 നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു വിദ്യാർഥികളെ നയിക്കുന്നതിനുള്ള ഉത്തമ ഉപകരണങ്ങളാണ് സൊസൈറ്റി ഉത്പാദിപ്പിച്ചിട്ടുള്ള ചില വീഡിയോകൾ. (1) പുതിയലോക സമുദായം പ്രവർത്തനത്തിൽ, യഹോവയുടെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ സുഗമവും ഫലപ്രദവും സ്നേഹപൂർവകവുമായ ആത്മാവിനെ പകർത്തിയെടുത്ത 1954-ലെ ഫിലിമിന്റെ പുനരവലോകനം; (2) ഭൂമിയുടെ അറുതികളിലേക്ക്, വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 50-ാം വാർഷികം രേഖപ്പെടുത്തിയ അത് ലോകവ്യാപക പ്രസംഗ വേലയിൽ മിഷനറിമാർക്ക് ഉണ്ടായിരുന്നിട്ടുള്ള ഫലം പ്രകടമാക്കുന്നു; (3) യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു, അത് ഹിറ്റ്ലറുടെ മൃഗീയ പീഡനത്തിൻ മധ്യേയുള്ള സാക്ഷികളുടെ ധൈര്യത്തിന്റെയും വിജയത്തിന്റെയും പുളകപ്രദമായ കഥ പറയുന്നു; (4) ദിവ്യപ്രബോധനത്താൽ ഏകീകൃതർ, പൂർവ യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സാർവദേശീയ കൺവെൻഷനുകളിൽ പ്രകടമായ സമാധാനപൂർണമായ ഐക്യം പരിശോധിക്കുന്നു; (5) യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്നിവ അവർ കാണുന്നതു നല്ലതായിരിക്കും. അവസാനത്തെ ഈ രണ്ടെണ്ണം ഇന്ത്യയിൽ ലഭ്യമാണ്, അവ സഭ മുഖാന്തരം ഓർഡർ ചെയ്യാവുന്നതാണ്. എന്നാൽ അനേകം സഹോദരങ്ങൾക്ക് മറ്റു മൂന്നെണ്ണത്തിന്റെ പ്രതികൾ വിദേശത്തുനിന്നു ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിലേക്കു ബൈബിൾ വിദ്യാർഥികളെ വഴിനയിക്കാൻ അവ നന്നായി ഉപയോഗിക്കാൻ കഴിയും.
10 യോഗങ്ങൾ സംബന്ധിച്ച് ക്രമാനുഗത ലക്ഷ്യങ്ങൾ വയ്ക്കുക: ഭവന ബൈബിളധ്യയനത്തിൽ ലഭിക്കുന്ന സ്വകാര്യ പഠിപ്പിക്കലും സഭായോഗങ്ങളിൽ ലഭിക്കുന്ന ക്ലാസ്സ്റൂം ചർച്ചകളും നമുക്ക് ആവശ്യമാണെന്നു വിദ്യാർഥികളോടു വിശദീകരിക്കേണ്ടതാണ്. (യോഹ. 6:45) പുതിയ വ്യക്തി തിരുവെഴുത്തുകളെയും സ്ഥാപനത്തെയും സംബന്ധിച്ചുള്ള തന്റെ ഗ്രാഹ്യത്തിൽ തത്തുല്യമായ പുരോഗതി നേടേണ്ടതാണ്. ആ ലക്ഷ്യം നേടുന്നതിന് യോഗങ്ങൾക്കു സംബന്ധിക്കുകയല്ലാതെ മറ്റു മാർഗമില്ല. (എബ്രാ. 10:23-25) വ്യക്തിയെ ഉടൻതന്നെ സഭായോഗങ്ങൾക്കു ക്ഷണിച്ചുതുടങ്ങുക. ക്രമമായ ഒരു ഭവനബൈബിളധ്യയനം ഉണ്ടായിരിക്കുന്നതിനു മുമ്പുപോലും പുതിയ താത്പര്യക്കാരിൽ ചിലർ യോഗങ്ങൾക്കു സംബന്ധിച്ചു തുടങ്ങുന്നു. തീർച്ചയായും, ക്രമമായി ഹാജരായിരുന്നുകൊണ്ട് നാംതന്നെ ഉചിതമായ ദൃഷ്ടാന്തം വെക്കണം.—ലൂക്കൊ. 6:40; ഫിലി. 3:17.
11 ആദ്യമായി യോഗത്തിൽ സംബന്ധിക്കുമ്പോൾ വിദ്യാർഥിക്ക് അതു സുഖപ്രദമായി അനുഭവപ്പെടേണ്ടതിനു യോഗങ്ങളെയും അവ നടത്തപ്പെടുന്ന വിധത്തെയും സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ പങ്കുവെക്കുക. പുതിയ സ്ഥലങ്ങളിൽ ആദ്യമായി പോകുമ്പോൾ ചിലയാളുകൾക്കു വളരെ വിമ്മിട്ടം അനുഭവപ്പെടുന്നതുകൊണ്ട്, വിദ്യാർഥി തന്റെ ആദ്യ യോഗത്തിനു ഹാജരാകുമ്പോൾ രാജ്യഹാളിലേക്ക് അദ്ദേഹത്തോടൊപ്പം പോകുന്നതു പ്രയോജനപ്രദമായിരുന്നേക്കാം. അദ്ദേഹം സഭാംഗങ്ങളെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ ഒപ്പമുണ്ടെങ്കിൽ അദ്ദേഹത്തിനു അത്ര വിമ്മിട്ടം തോന്നുകയില്ല. സന്ദർശകനു സ്വാഗതവും സ്വാസ്ഥ്യവും അനുഭവപ്പെടാൻ ഇടയാക്കിക്കൊണ്ട് എല്ലാപ്രകാരത്തിലും ഒരു നല്ല ആതിഥേയനായിരിക്കുക.—മത്താ. 7:12; ഫിലി. 2:1-4.
12 ആദ്യ അവസരത്തിൽത്തന്നെ ഒരു പ്രത്യേക സമ്മേളനദിനത്തിലോ സർക്കിട്ട് സമ്മേളനത്തിനോ ഡിസ്ട്രിക്ററ് കൺവെൻഷനോ സംബന്ധിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ഒരുപക്ഷേ അദ്ദേഹത്തെ നിങ്ങളുടെ യാത്രാ ക്രമീകരണങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്.
13 ഹൃദയംഗമമായ വിലമതിപ്പ് ഉൾനടുക: നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 96-ാം പേജ് വിശദീകരിക്കുന്നു: “യഹോവയുടെ സ്ഥാപനത്തോടുള്ള നിങ്ങളുടെ അഗാധമായ സ്വന്തം വിലമതിപ്പ് താൽപ്പര്യക്കാരുമായുള്ള നിങ്ങളുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നുവെങ്കിൽ വിലമതിപ്പിൽ വളരുന്നത് അവർക്കു കൂടുതൽ അനായാസമായിരിക്കും, യഹോവയെ അറിയുന്നതിൽ ഏറെ പുരോഗതി വരുത്തുന്നതിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യും.” നിങ്ങളുടെ പ്രാദേശിക സഭയെക്കുറിച്ച് എല്ലായ്പോഴും ക്രിയാത്മകമായി സംസാരിക്കുക, ഒരിക്കലും നിഷേധാത്മകമായി സംസാരിക്കരുത്. (സങ്കീ. 84:10; 133:1, 3ബി) ബൈബിളധ്യയനത്തിൽ നിങ്ങൾ നടത്തുന്ന പ്രാർഥനകളിൽ സഭയെയും അതുമായി വിദ്യാർഥി ക്രമമായി സഹവസിക്കേണ്ടതിന്റെ ആവശ്യത്തെയും പരാമർശിക്കുക.—എഫെ. 1:15-17.
14 ദൈവജനത്തിനിടയിൽ കാണുന്ന ഹൃദ്യമായ സുഹൃദ്ബന്ധത്തോടും ആത്മീയ സുരക്ഷിതത്വത്തോടുമുള്ള ഹൃദയംഗമമായ വിലമതിപ്പ് പുതിയവർ വളർത്തിയെടുക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നു. (1 തിമൊ. 3:15; 1 പത്രൊ. 2:17; 5:9) ദൈവവചനത്തിന്റെ പഠിതാക്കളെ നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു നയിക്കാൻ യഹോവയുടെ സാക്ഷികൾ എന്നനിലയിൽ നമ്മാലാവുന്നതെല്ലാം ചെയ്യാം.
[3-ാം പേജിലെ ആകർഷകവാക്യം]
വിദ്യാർഥികൾ സ്ഥാപനത്തെ സ്വയം തിരിച്ചറിയുമ്പോൾ കൂടുതൽ വേഗത്തിൽ ആത്മീയ പുരോഗതി വരുത്തുന്നു
[4-ാം പേജിലെ ആകർഷകവാക്യം]
വിദ്യാർഥികളെ യോഗങ്ങൾക്കു ക്ഷണിക്കാൻ വൈകരുത്