അവർ അതു ചെയ്യുന്നത് എന്തുകൊണ്ട്?
1 ‘ദൈവത്തിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു അവനെ തിന്നുകളയുമെന്ന്’ യേശുവിനെക്കുറിച്ചു മുൻകൂട്ടിപ്പറയപ്പെട്ടു. (സങ്കീ. 69:9) യഹോവയുടെ സത്യാരാധനയ്ക്കായുള്ള യേശുവിന്റെ തീക്ഷ്ണത ശുശ്രൂഷ ഒന്നാമതു വെക്കാൻ അവനെ പ്രേരിപ്പിച്ചു. (ലൂക്കൊ. 4:43; യോഹ. 18:37) സത്യത്തിനു സാക്ഷ്യം വഹിക്കാനുള്ള അതേ തീക്ഷ്ണത യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷയിൽ ഇന്നു പ്രതിഫലിച്ചിരിക്കുന്നു. കഴിഞ്ഞ സേവനവർഷം ശരാശരി 6,45,509 പേർ ലോകവ്യാപകമായി ഓരോ മാസവും പയനിയർ സേവനത്തിന്റെ ഏതെങ്കിലും രൂപങ്ങളിൽ പങ്കുപറ്റി. ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തിന്റെ വീക്ഷണത്തിൽ, ഒരു സഹായപയനിയറോ നിരന്തരപയനിയറോ ആയി സേവിക്കാൻവേണ്ടി നമ്മുടെ സാഹചര്യങ്ങളെ ക്രമീകരിക്കാൻ കഴിയുമോയെന്നു നാമോരോരുത്തരും പ്രാർഥനാപൂർവം പര്യാലോചിക്കണം.—സങ്കീ. 110:3; സഭാ. 12:1; റോമ. 12:1.
2 സ്വാർഥപരമായ ഒരു ഭൗതികത്വ വ്യവസ്ഥിതിയിൽ ജീവിക്കുന്ന ലോകക്കാരായ അനേകർക്ക്, പണപരമായ പ്രയോജനങ്ങളും മഹത്ത്വവും കൈവരുത്താത്ത ശുശ്രൂഷയിൽ ആരെങ്കിലും എന്തുകൊണ്ടു കഠിനാധ്വാനം ചെയ്യണമെന്നു മനസിലാക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു. പയനിയർമാർ അതു ചെയ്യുന്നത് എന്തുകൊണ്ട്? തങ്ങൾ ഒരു ജീവരക്ഷാകര വേലയിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് അവർക്കറിയാം. യഹോവയോടും സഹമനുഷ്യരോടുമുള്ള ആഴമായ സ്നേഹത്താൽ പ്രചോദിതരായ അവർക്ക് ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ശക്തമായ, വ്യക്തിഗത കടപ്പാടു തോന്നുന്നു. (റോമ. 1:14-16; 1 തിമൊ. 2:4; 4:16) ഒരു പയനിയർ ദമ്പതികൾ ഇപ്രകാരം പറഞ്ഞുകൊണ്ട് അതു നന്നായി സംക്ഷേപിച്ചു: “എന്തുകൊണ്ടാണ് ഞങ്ങൾ പയനിയറിങ് ചെയ്യുന്നത്? പയനിയറിങ് ചെയ്തിരുന്നില്ലെങ്കിൽ ഞങ്ങൾക്കത് യഹോവയുടെ മുമ്പാകെ എന്നെങ്കിലും ന്യായീകരിക്കാനാകുമായിരുന്നോ?”
3 പയനിയറിങ് ആരംഭിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചു മറ്റൊരു സഹോദരി ഇങ്ങനെ എഴുതി: “ഞാനും ഭർത്താവും ഏക വരുമാനംകൊണ്ടു ജീവിക്കാൻ ആസൂത്രണങ്ങൾ ചെയ്തു, അത്യാവശ്യമല്ലാത്തതെല്ലാം ഒഴിവാക്കുന്നതിനെ അതർഥമാക്കി. എന്നാൽ ദാരിദ്ര്യത്തിലേക്കോ അപര്യാപ്തതയിലേക്കോ ഒരിക്കലും കൈവിട്ടുകളയാതെ യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചു. . . . ജീവിക്കുന്നതിനു ഞാൻ ഒരു യഥാർഥ കാരണം കണ്ടെത്തിയിരിക്കുന്നു—സത്യദൈവമായ യഹോവ തന്നെ അന്വേഷിക്കുന്നവരിൽനിന്ന് അകലെയല്ലെന്നു മനസ്സിലാക്കാൻ ആത്മീയാവശ്യമുള്ളവരെ സഹായിക്കുക.” കാലത്തിന്റെ അടിയന്തിരത മനസ്സിലാക്കി, എന്നേക്കും നിലനിൽക്കുന്ന ആത്മീയ നിധികൾ സ്വരൂപിക്കാൻ ഉത്സാഹപൂർവം പരതുന്ന പയനിയർമാർ ജീവിതത്തിലെ അവശ്യകാര്യങ്ങൾകൊണ്ടു സംതൃപ്തരാണ്.—1 തിമൊ. 6:8, 18, 19.
4 വ്യക്തിപരമായ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ, ലോകവ്യാപകമായി പയനിയറിങ് നടത്തുന്ന ലക്ഷക്കണക്കിനു സഹോദരീസഹോദരൻമാരോടൊപ്പം നിങ്ങൾക്കും ചേരരുതോ? അങ്ങനെ നിങ്ങൾക്കും അവരുടെ അതേ സന്തോഷം അനുഭവിക്കാവുന്നതാണ്.