പ്രസംഗിക്കുന്നതിനുള്ള സമയം ഇപ്പോഴാണ്!
1 “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ.” ദൂതമേൽനോട്ടത്തിൽ ഈ സന്ദേശം “സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു” പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “[ദൈവത്തിന്റെ] ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” ഇന്നു നാം ജീവിക്കുന്നത് ആ ‘ന്യായവിധി നാഴിക’യിലാണ്, ഈ വ്യവസ്ഥിതിയുടെ നാശത്തിൽ അതു പാരമ്യത്തിലെത്തും. “ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ [ആളുകൾ] നമസ്കരി”ക്കേണ്ടത് അഥവാ ആരാധിക്കേണ്ടത് ജീവത്പ്രധാനമാണ്. പ്രാധാന്യത്തിന്റെയും അടിയന്തിരതയുടെയും കാര്യത്തിൽ, “നിത്യസുവിശേഷ”ത്തിന്റെ പ്രഖ്യാപനത്തോടു കിടപിടിക്കുന്ന മറ്റൊരു വേലയും ഇന്നില്ല. അതേ, പ്രസംഗിക്കുന്നതിനുള്ള സമയം ഇപ്പോഴാണ്!—വെളി. 14:6, 7.
2 കഴിഞ്ഞ പത്തു വർഷക്കാലത്ത് രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ യഹോവയുടെ ദാസർ ഏകദേശം 1,200 കോടി മണിക്കൂർ ചെലവഴിച്ചിരിക്കുന്നു. ആത്മീയ കൊയ്ത്തിൽ കൂടുതൽ തികവോടെ പങ്കുപറ്റാൻ കഴിയേണ്ടതിന് അനേകരും ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു. (മത്താ. 9:37, 38) ഉദാഹരണത്തിന് കഴിഞ്ഞ വർഷം, ശരാശരി 8,50,000-ത്തിലധികം പ്രസാധകർ ഓരോ മാസവും പയനിയർമാരായി സേവിക്കുകയുണ്ടായി—സാധാരണ പയനിയർമാർ ശരാശരി 70-ഉം സഹായപയനിയർമാർ 50-ഉം മണിക്കൂർ പ്രതിമാസം പ്രസംഗവേലയിൽ ചെലവഴിച്ചു.
3 പയനിയറിങ് ചെയ്യാൻ കഴിയുന്ന വിധം: “കാലം ചുരുങ്ങിയിരിക്കുന്നു” എന്നു തിരിച്ചറിഞ്ഞുകൊണ്ട് പയനിയർമാർ ജീവിതം ലളിതമാക്കാൻ പരിശ്രമിക്കുന്നു. (1 കൊരി. 7:29, 31) തൊഴിൽസമയം കുറയ്ക്കാൻ കഴിയേണ്ടതിന് ചെലവുകൾ ചുരുക്കാൻ അവർ വഴികൾ തേടുന്നു. ഉദാഹരണത്തിന്, ചിലർ ചെറിയ വീടുകളിലേക്കു താമസം മാറ്റിയിരിക്കുന്നു. മറ്റു ചിലർ അനാവശ്യമായ ഭൗതിക വസ്തുവകകൾ നീക്കംചെയ്തിരിക്കുന്നു. (മത്താ. 6:19-21) മിക്കപ്പോഴും, വ്യക്തിപരമായ അനുധാവനങ്ങളും അവർക്കു പരിമിതപ്പെടുത്തേണ്ടിവരുന്നു. ശുശ്രൂഷയ്ക്കു കൂടുതൽ സമയവും ശ്രദ്ധയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. (എഫെ. 5:15, 16) പയനിയറിങ് ചെയ്യാൻ തങ്ങളെ പ്രാപ്തരാക്കുന്ന ഒരു പ്രായോഗിക പട്ടിക ക്രമീകരിക്കാൻ സ്ഥിരോത്സാഹം, ആത്മത്യാഗ മനോഭാവം, യഹോവയിലുള്ള പ്രാർഥനാനിർഭരമായ ആശ്രയം എന്നിവ അനേകം പ്രസാധകരെ സഹായിച്ചിരിക്കുന്നു.
4 നിങ്ങൾക്കു പയനിയറിങ് ചെയ്യാൻ കഴിയുമോ? വിജയകരമായി പയനിയറിങ് ചെയ്യുന്നവരോട്, അവർക്ക് അതിനു കഴിയുന്നത് എങ്ങനെയെന്നു ചോദിക്കരുതോ? അവരോടൊപ്പം വയൽശുശ്രൂഷയിൽ ഏർപ്പെടുകയും അവരുടെ സന്തോഷം അനുഭവിച്ചറിയുകയും ചെയ്യുക. പയനിയറിങ് സംബന്ധമായി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ലേഖനങ്ങൾ പരിചിന്തിക്കുക. പയനിയറിങ്ങിലേക്കുള്ള ചവിട്ടുപടികളായി ഉതകുന്ന പ്രായോഗിക ലാക്കുകൾ വെക്കുക. ഇപ്പോൾ പയനിയറിങ് ചെയ്യുന്നതിൽനിന്നു നിങ്ങളെ തടയുന്ന പ്രതിബന്ധങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം പ്രാർഥനയിൽ യഹോവയോടു പറയുകയും പരിഹാരത്തിനായി അവന്റെ സഹായം അഭ്യർഥിക്കുകയും ചെയ്യുക.—സദൃ. 16:3.
5 അനുഗ്രഹങ്ങളും സന്തോഷങ്ങളും: പയനിയറിങ്, ദൈവവചനം ഉപയോഗിക്കുന്നതിലുള്ള നമ്മുടെ വൈദഗ്ധ്യം മികവുറ്റതാക്കുന്നു. അതാകട്ടെ, നമ്മുടെ സന്തോഷത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. ഒരു യുവ പയനിയർ സഹോദരി ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സത്യവചനം ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്നത് എത്ര വലിയ അനുഗ്രഹമാണ്! പയനിയറിങ് ചെയ്യുമ്പോൾ നമ്മൾ കൂടെക്കൂടെ ബൈബിൾ ഉപയോഗിക്കുന്നു. ഇപ്പോൾ വീടുതോറും പോകുമ്പോൾ ഓരോ വീട്ടുകാരനും യോജിച്ച തിരുവെഴുത്തുകൾ ഏവയാണെന്ന് എനിക്കറിയാം.”—2 തിമൊ. 2:15.
6 ജീവിതത്തിൽ മൂല്യവത്തായ വൈദഗ്ധ്യങ്ങൾ സ്വായത്തമാക്കാനും പയനിയറിങ് നമ്മെ സഹായിക്കുന്നു. സമയം ജ്ഞാനപൂർവം വിനിയോഗിക്കാനും പണം ശരിയായി കൈകാര്യം ചെയ്യാനും ആളുകളുമായി ഒത്തുപോകാനും ഒക്കെ പഠിക്കാൻ ചെറുപ്പക്കാരെ സഹായിക്കുന്നതിന് അതിനു കഴിയും. പയനിയറിങ്ങിന്റെ ഫലമായി അനേകരും ജീവിതം സംബന്ധിച്ചു കൂടുതൽ ആത്മീയമായ ഒരു വീക്ഷണം വളർത്തിയെടുക്കുന്നു. (എഫെ. 4:12) തന്നെയുമല്ല, യഹോവയുടെ കരങ്ങൾ തങ്ങൾക്കായി പ്രവർത്തിക്കുന്നതു കാണാനുള്ള അസാധാരണ അവസരങ്ങളും പയനിയർമാർക്കു മിക്കപ്പോഴും ലഭിക്കുന്നു.—പ്രവൃ. 11:21; ഫിലി. 4:11-13.
7 യഹോവയോട് അടുത്തുചെല്ലാൻ പയനിയറിങ് നമ്മെ സഹായിക്കുന്നു എന്നതാണ് ഒരുപക്ഷേ അതിലൂടെ നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്. യഹോവയുമായുള്ള ആ ബന്ധത്തിന് പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കാനാകും. അങ്ങേയറ്റം ക്ലേശപൂർണമായ ഒരു കാലഘട്ടത്തിൽ സഹിച്ചുനിന്ന ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “പയനിയറിങ്ങിലൂടെ യഹോവയുമായി ഞാൻ വളർത്തിയെടുത്തിരിക്കുന്ന അടുത്ത ബന്ധം അതെല്ലാം സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു.” അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “പ്രായപൂർത്തിയെത്തിയശേഷം യഹോവയെ മുഴുസമയം സേവിക്കാൻ ജീവിതം ഉപയോഗിച്ചിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഞാൻ ഒരിക്കലും ചിന്തിക്കാതിരുന്ന വിധങ്ങളിൽ എന്നെത്തന്നെ വിട്ടുകൊടുക്കാൻ അത് എന്നെ പ്രാപ്തയാക്കിയിരിക്കുന്നു.” (പ്രവൃ. 20:35) സർവപ്രധാനമായ പ്രസംഗവേലയിൽ പരമാവധി പ്രവർത്തിക്കവേ നാമും സമൃദ്ധമായ അനുഗ്രഹങ്ങൾ പ്രാപിക്കുമാറാകട്ടെ.—സദൃ. 10:22.
[അധ്യയന ചോദ്യങ്ങൾ]
1. പ്രസംഗിക്കുന്നതിനുള്ള സമയം ഇപ്പോഴാണെന്നു പറയുന്നത് എന്തുകൊണ്ട്?
2. കാലത്തിന്റെ അടിയന്തിരത സംബന്ധിച്ചു തങ്ങൾ തിരിച്ചറിവുള്ളവർ ആണെന്ന് യഹോവയുടെ ദാസർ പ്രകടമാക്കുന്നത് എങ്ങനെ?
3. പയനിയറിങ് ചെയ്യാൻ പ്രസാധകർ മിക്കപ്പോഴും എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു?
4. പയനിയറിങ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറാൻ ഏതു പ്രായോഗിക പടികൾക്കു നിങ്ങളെ സഹായിക്കാനാകും?
5. ശുശ്രൂഷയിലുള്ള വൈദഗ്ധ്യം മികവുറ്റതാക്കാൻ പയനിയറിങ് നമ്മെ എങ്ങനെ സഹായിക്കുന്നു?
6. പയനിയറിങ് എന്തു പരിശീലനം നൽകുന്നു?
7. യഹോവയോട് അടുത്തുചെല്ലാൻ പയനിയറിങ് നമ്മെ സഹായിക്കുന്നത് എങ്ങനെ?