‘വലിയതും സഫലവുമായോരു വാതിലിലൂടെ’ നിങ്ങൾക്കു പ്രവേശിക്കാനാകുമോ?
1. നമുക്ക് മുമ്പാകെ തുറന്നുകിടക്കുന്ന “വലിയതും സഫലവുമായോരു വാതിൽ” ഏതാണ്?
1 പല എതിരാളികൾ ഉണ്ടായിരുന്നിട്ടും അപ്പൊസ്തലനായ പൗലൊസിന് “വലിയതും സഫലവുമായോരു വാതിൽ” തുറന്നുകിട്ടിയപ്പോൾ, ലഭിച്ച അവസരം പാഴാക്കാതെ അവൻ രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിച്ചു. (1 കൊരി. 16:9) ലോകവ്യാപകമായി ഇപ്പോൾ ഏകദേശം 6,42,000 രാജ്യപ്രസാധകർ സാധാരണ പയനിയർ സേവനം ഏറ്റെടുത്തുകൊണ്ട് വലിയതും സഫലവുമായോരു വാതിലിലൂടെ പ്രവേശിച്ചിരിക്കുന്നു.
2. ഇടയ്ക്കിടെ നമ്മുടെ സാഹചര്യം വിലയിരുത്തുന്നതു പ്രതിഫലദായകമായിരിക്കുന്നത് എന്തുകൊണ്ട്?
2 മാറുന്ന സാഹചര്യങ്ങൾ: ഒരുപക്ഷേ ഇപ്പോഴത്തെ നമ്മുടെ സാഹചര്യം അധികം പ്രവർത്തിക്കുന്നതിനു നമ്മെ അനുവദിക്കുന്നില്ലായിരിക്കാം, എന്നാൽ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് പയനിയറിങ്ങിനു പറ്റിയ അവസരത്തിനായി കയ്യുംകെട്ടി കാത്തിരിക്കുന്നതിനു പകരം ഇടയ്ക്കിടെ നമ്മുടെ സാഹചര്യങ്ങൾ വിലയിരുത്തുന്നതു നല്ലതാണ്. (സഭാ. 11:4) സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോകുന്ന ഒരു യുവവ്യക്തിയാണോ നിങ്ങൾ? സ്കൂളിൽ വിടാറായ കുട്ടികളുള്ള ഒരു മാതാവോ പിതാവോ ആണോ നിങ്ങൾ? ജോലിയിൽനിന്നു നിങ്ങൾ വിരമിക്കാൻ പോകുകയാണോ? ഇത്തരം മാറ്റങ്ങൾ സാധാരണ പയനിയർ സേവനത്തിനു വേണ്ട സമയം പ്രദാനംചെയ്തേക്കാം. മുമ്പ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഒരു സഹോദരി 89-ാമത്തെ വയസ്സിൽ പയനിയറിങ് ചെയ്യാൻ തീരുമാനിച്ചു. എന്തായിരുന്നു കാരണം? കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ആശുപത്രിയിൽ പോകേണ്ടിവന്നിട്ടില്ല; അതുകൊണ്ട് ഇപ്പോൾ തനിക്ക് പയനിയറിങ് ചെയ്യാനുള്ള ആരോഗ്യം ഉണ്ടെന്ന് ആ സഹോദരിക്കു തോന്നി.
3. സാധാരണ പയനിയറിങ് നടത്താനായി ചിലർ എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു?
3 കൊരിന്തിലെ സഹോദരങ്ങളെ സന്ദർശിക്കാനാണ് പൗലൊസ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ സുവാർത്തയെപ്രതി അവൻ തന്റെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തി. സമാനമായി, നിരവധി പൊരുത്തപ്പെടുത്തലുകൾ വരുത്തിയ ശേഷമാണ് ഇന്നു സാധാരണ പയനിയറിങ് ചെയ്യുന്ന പലർക്കും അതിനു സാധിച്ചിരിക്കുന്നത്. വെറുമൊരു പാർട്ട്-ടൈം ജോലികൊണ്ട് ജീവിതച്ചെലവുകൾ താങ്ങാൻ കഴിയത്തക്കവിധം ചിലർ അവരുടെ ജീവിതം അത്ര ലളിതമാക്കിയിരിക്കുന്നു. തങ്ങളുടെ സേവന പദവികളിൽ അവർ ആനന്ദം കണ്ടെത്തിയിരിക്കുന്നു. (1 തിമൊ. 6:6-8) ഒരാളുടെ വരുമാനംകൊണ്ടു കഴിയത്തക്കവിധം ചില ദമ്പതികൾ കാര്യാദികൾ ക്രമീകരിച്ചതിന്റെ ഫലമായി ഭാര്യക്കു പയനിയർ സേവനം ഏറ്റെടുക്കാനായിരിക്കുന്നു.
4. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുമോ എന്ന സന്ദേഹമുണ്ടെങ്കിൽ എന്തു ചെയ്യാനാകും?
4 മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ കഴിയില്ല എന്നു ഭയപ്പെട്ട് പയനിയറിങ് എന്ന ആശയം പെട്ടെന്നു തള്ളിക്കളയരുത്. ഓരോ ദിവസവും രണ്ടു മണിക്കൂറിൽ ഒരൽപ്പം കൂടുതൽ മതിയാകും ഈ ലക്ഷ്യത്തിലെത്താൻ. ഇതു സാധിക്കുമോ എന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ 70 മണിക്കൂർ ലക്ഷ്യം വെച്ചുകൊണ്ട് ഒന്നോ രണ്ടോ മാസം സഹായ പയനിയറിങ് നടത്തി നോക്കുക. പയനിയറിങിലെ സന്തോഷം രുചിച്ചറിയാൻ ഇതു നിങ്ങൾക്ക് അവസരമേകും. (സങ്കീ. 34:8) ഇപ്പോൾ പയനിയറിങ് ചെയ്യുന്നവരുമായി സംസാരിക്കുക. നിങ്ങൾ നേരിടുന്നതുപോലുള്ള പ്രശ്നങ്ങൾ അവർ തരണം ചെയ്തിട്ടുണ്ടാകാം. (സദൃ. 15:22) ശുശ്രൂഷ വികസിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുക.—1 യോഹ. 5:14.
5. സാധാരണ പയനിയറിങ് മൂല്യവത്തായ ഒരു ഉദ്യമമായിരിക്കുന്നത് എന്തുകൊണ്ട്?
5 മൂല്യവത്തായ ഉദ്യമം: സാധാരണ പയനിയറായി സേവിക്കുന്നത് അനേകം അനുഗ്രഹങ്ങൾക്കിടയാക്കും. ധാരാളമായി കൊടുക്കുന്നതിൽനിന്നുണ്ടാകുന്ന അതിയായ സന്തോഷം നിങ്ങൾ ആസ്വദിക്കും. (പ്രവൃ. 20:35) ദൈവത്തിന്റെ സത്യവചനം ശരിയായി കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ വൈദഗ്ധ്യം വർധിക്കും. (2 തിമൊ. 2:15) യഹോവയുടെ കരങ്ങൾ നിങ്ങളെ താങ്ങുന്നത് അനുഭവിച്ചറിയാനുള്ള ഒട്ടനവധി അവസരങ്ങൾക്ക് ഇത് ഇടനൽകും. (പ്രവൃ. 11:21; ഫിലി. 4:11-13) സഹിഷ്ണുത പോലുള്ള ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനും യഹോവയോട് ഏറെ അടുത്തുചെല്ലുന്നതിനും പയനിയറിങ് നിങ്ങളെ സഹായിക്കും. (യാക്കോ. 4:8) വലിയതും സഫലവുമായ ഈ വാതിലിലൂടെ പ്രവേശിച്ച് ഒരു സാധാരണ പയനിയറായി സേവിക്കാൻ നിങ്ങൾക്കാകുമോ?