ഉത്സാഹത്തോടെ സുവാർത്ത പ്രസംഗിക്കുക
1 “ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു . . . നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു [“ഉത്സാഹിക്കുന്നു,” NW].” റോമിലെ സഹോദരങ്ങൾക്കുള്ള കത്തിന്റെ ആരംഭത്തിൽ അപ്പൊസ്തലനായ പൗലൊസ് തന്നെക്കുറിച്ച് പ്രസ്താവിച്ചത് ഇപ്രകാരമാണ്. അവരെ സന്ദർശിക്കുവാൻ പൗലൊസ് ഉത്സാഹിച്ചത് എന്തുകൊണ്ടായിരുന്നു? അവൻ പറഞ്ഞു: “നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു . . . സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല . . . അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.”—റോമ. 1:11-16.
2 എഫെസൊസിലെ പ്രായമേറിയ പുരുഷന്മാരോടു സംസാരിക്കുന്നതിലും പൗലൊസ് ഇതേ ഉത്സാഹം പ്രകടിപ്പിച്ചു. അവൻ അവരെ ഇങ്ങനെ ഓർമിപ്പിച്ചു: ‘ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും യെഹൂദന്മാരോടും യവനന്മാരോടും സാക്ഷീകരിക്കുകയും’ ചെയ്തു. (പ്രവൃ. 20:18-21) തന്റെ മുഴു നിയമിത പ്രദേശത്തും രക്ഷയ്ക്കായുള്ള സുവാർത്ത പ്രസംഗിച്ച് രാജ്യഫലം നേടുന്നതിൽ പൗലൊസ് ദത്തശ്രദ്ധൻ ആയിരുന്നു. അനുകരണാർഹമായ എത്ര നല്ല ആത്മാവ്!
3 നമുക്കു സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘എന്റെ പ്രദേശത്ത് സുവാർത്ത പ്രസംഗിക്കുന്നതിൽ ഞാൻ അതേ ഉത്സാഹം പ്രകടമാക്കുന്നുണ്ടോ? പ്രസംഗവേലയെ കേവലം ഒരു കടമയായി കാണുന്നതിനു പകരം, സാധിക്കുന്നത്ര ആളുകളുമായി സുവാർത്ത പങ്കുവെക്കാൻ ഞാൻ ഉത്സാഹിക്കുന്നുവോ? ഞാൻ എന്റെ വ്യക്തിപരമായ സാഹചര്യങ്ങൾ പ്രാർഥനാപൂർവം പരിചിന്തിച്ചിട്ടുണ്ടോ? വീടുതോറും തെരുവിലും വ്യവസായ മേഖലകളിലും അതുപോലെതന്നെ ടെലിഫോണിലൂടെയും അനൗപചാരികമായും പ്രസംഗിച്ചുകൊണ്ട്, നമ്മുടെ പ്രദേശത്ത് സാധ്യമാകുന്ന എല്ലാ വിധങ്ങളും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ?’
4 ഏപ്രിലിൽ ഉത്സാഹത്തോടെ പ്രവർത്തനത്തിൽ പങ്കെടുക്കുക: പ്രസംഗ പ്രവർത്തനത്തിലെ നമ്മുടെ വ്യക്തിപരമായ പങ്കു വർധിപ്പിക്കാൻ ഏപ്രിൽ മാസത്തിൽ നല്ലൊരു അവസരമുണ്ട്. മണിക്കൂർ വ്യവസ്ഥയിൽ കുറവു വരുത്തിയതിനാൽ കൂടുതൽ പേർക്കു സഹായ പയനിയറിങ് ചെയ്യാൻ സാധിക്കും. ഒരുപക്ഷേ ഏപ്രിലിലും മേയിലും ഒരു സഹായ പയനിയറായി സേവിക്കാൻ നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിച്ചേക്കാം. അല്ലെങ്കിൽ, മണിക്കൂർ വ്യവസ്ഥയിൽ വരുത്തിയ മാറ്റം നിമിത്തം ഒരു നിരന്തര പയനിയറായി പേർ ചാർത്താൻ നിങ്ങൾക്കു സാധിച്ചേക്കും. നിങ്ങളൊരു സഭാ പ്രസാധകൻ ആണെങ്കിൽ, പയനിയറിങ് നടത്താൻ സാധിക്കുന്ന സഹോദരങ്ങൾക്കു പിന്തുണ പ്രദാനം ചെയ്തുകൊണ്ട് ഈ മാസവും അടുത്ത മാസവും സേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്കു സാധിക്കുമോ? അത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും!
5 പ്രസംഗവേലയിൽ പുരോഗതി വരുത്തിക്കൊണ്ട്, പൗലൊസിനെപ്പോലെ എല്ലാ രാജ്യ പ്രസാധകരും ഉത്സാഹം പ്രകടമാക്കുന്നതിൽ തുടരണം. ശുശ്രൂഷയിൽ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുന്നതു യഥാർഥ സന്തോഷം കൈവരുത്തും. തന്റെ വിശുദ്ധ സേവനത്തിൽ പൗലൊസിന് ഈ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിരുന്നു. അവന്റെ വിശിഷ്ട മാതൃക അനുകരിക്കാൻ നമുക്കു നന്നായി പരിശ്രമിക്കാം.—റോമ. 11:14ബി; 1 കൊരി. 4:16.