2000 ഏപ്രിൽ നമുക്ക് ഏറ്റവും മെച്ചപ്പെട്ട മാസം ആക്കാനാകുമോ?
1 നമ്മുടെ സേവന വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം ഏപ്രിൽ 19-ാം തീയതി ബുധനാഴ്ച സായാഹ്നമായിരിക്കും. ആ ദിവസം, സൂര്യൻ അസ്തമിക്കുന്നതനുസരിച്ച്, ഭൂമിയുടെ അതാതു ഭാഗങ്ങളിലെ യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഒരു സഭയെന്ന നിലയിലോ ഒറ്റപ്പെട്ട കൂട്ടങ്ങളായോ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കും. നാം താമസിക്കുന്നത് എവിടെ ആയിരുന്നാലും, യേശുക്രിസ്തുവിന്റെ ബലിയെ അനുസ്മരിക്കുന്നത് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2000-ത്തിൽ സ്മാരക തീയതി അടയാളപ്പെടുത്തിയിട്ടുണ്ട്.
2 തന്റെ പുത്രന്റെ ബലിയിലൂടെ യഹോവ പ്രകടമാക്കിയ അനർഹദയയോട് മുഴു ദേഹിയോടെ വിലമതിപ്പ് കാണിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഏപ്രിൽ മാസം മുഴുവനും നമുക്കുള്ളത്. എങ്ങനെ? അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരി. 5:14, 15) അതേ, രാജ്യത്തിന്റെ ശുശ്രൂഷകർ എന്ന നിലയിൽ ഏപ്രിൽ മാസത്തെ നന്നായി ഉപയോഗിച്ചുകൊണ്ട്, നമുക്കു വേണ്ടിയല്ല മറിച്ച്, നമുക്കായി മരിച്ചവനു വേണ്ടിയാണു നാം ജീവിക്കുന്നത് എന്നു നമുക്കു പ്രകടമാക്കാം!
3 ഏപ്രിലിൽ സഹായ പയനിയറിങ്ങിനായി പേർ ചാർത്തുക: പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അപ്പൊസ്തലനായ പൗലൊസ് നമുക്കൊരു പ്രചോദനാത്മക മാതൃക വെക്കുകയാണു ചെയ്തത്: “എന്നുവരികിലും, ഞാൻ എന്റെ ദേഹിയെ എനിക്കു പ്രിയപ്പെട്ടതായി അശേഷം ഗണ്യമാക്കുന്നില്ല, എന്റെ ഓട്ടവും ദൈവത്തിന്റെ അനർഹദയയുടെ സുവാർത്തയ്ക്കു സമഗ്ര സാക്ഷ്യം വഹിക്കുന്നതിനു കർത്താവായ യേശുവിൽനിന്ന് എനിക്കു ലഭിച്ച ശുശ്രൂഷയും എനിക്കു പൂർത്തിയാക്കണമെന്നു മാത്രമേയുള്ളൂ.” (പ്രവൃ. 20:24, NW) പൗലൊസിനെ പോലെ, യഹോവയാം ദൈവത്തെ കുറിച്ചു സമഗ്ര സാക്ഷ്യം വഹിക്കുകയെന്ന പദവി നമുക്കുമുണ്ട്. അതിനായി, ഏപ്രിലിനെ സഹായ പയനിയർ സേവനത്തിലെ ഏറ്റവും നല്ല ഒരു മാസമാക്കിത്തീർക്കാം!
4 അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ 2000 ഏപ്രിൽ, പലർക്കും പയനിയർ സേവനത്തിൽ ഏർപ്പെടാൻ തികച്ചും അനുയോജ്യമായ ഒരു മാസമായിരിക്കും. 1998 ഏപ്രിലിലാണു നമുക്ക് സഹായ പയനിയർമാരുടെ സർവകാല അത്യുച്ചം ഉണ്ടായത്. 2,170 പേർ, അതായത് മൊത്തം പ്രസാധകരുടെ 12 ശതമാനം അന്ന് സഹായ പയനിയർ സേവനത്തിൽ ഏർപ്പെട്ടു. ഒരു വർഷം കഴിഞ്ഞ്, 1999 ആഗസ്റ്റിൽ റിപ്പോർട്ടു ചെയ്ത പ്രസാധകരുടെ മൊത്തം എണ്ണത്തിൽ 17 ശതമാനത്തിലധികം വർധനവുണ്ടായി. ഇതിന്റെ അർഥം, സഹായ പയനിയർമാരുടെ മുൻകാല അത്യുച്ചത്തെ കടത്തിവെട്ടാനുള്ള ഒരു വലിയ സാധ്യത കാണുന്നുണ്ടെന്നാണ്. കൂടാതെ, മണിക്കൂർ വ്യവസ്ഥ കുറച്ചതിനാൽ, സഭയിലെ കൂടുതൽ പേർക്ക് സഹായ പയനിയറിങ് ചെയ്യുക സാധ്യമായിത്തീർന്നിരിക്കുന്നു. ഈ ഏപ്രിൽ മാസം തനിക്ക് ഒരു സഹായ പയനിയറായി സേവിക്കാനാകുമോ എന്ന് സ്നാപനമേറ്റ ഓരോ പ്രസാധകനും പ്രാർഥനാപൂർവം പരിചിന്തിക്കണം.
5 കലണ്ടർ 2000 ഉപയോഗിച്ച് ഏപ്രിൽ മാസത്തേക്കുള്ള നിങ്ങളുടെ പട്ടിക ഇപ്പോൾത്തന്നെ തയ്യാറാക്കുക. ഏതൊക്കെ ദിവസങ്ങളിൽ നിങ്ങൾക്കു വയൽസേവനത്തിനു പോകാൻ കഴിയുമെന്നു തീരുമാനിക്കുക. പ്രസ്തുത മാസം പ്രസംഗവേലയ്ക്കായി ചെലവഴിക്കാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്ന സമയമെല്ലാം കൂട്ടിനോക്കുക. ഔപചാരികവും അനൗപചാരികവുമായ സാക്ഷീകരണത്തിനു ചെലവഴിക്കാനാകുന്ന സമയവും അതോടൊപ്പം ചേർക്കുക. കൂട്ടിക്കിട്ടുന്ന സമയം, സഹായ പയനിയർമാർക്കുള്ള 50 മണിക്കൂർ വ്യവസ്ഥയ്ക്ക് അടുത്തു വരുന്നുണ്ടോ? മണിക്കൂർ തികയുന്നില്ലെങ്കിൽ, സഹായ പയനിയറിങ്ങിനായി സമയം ലഭിക്കത്തക്കവിധം നിങ്ങളുടെ പട്ടികയിൽ മറ്റേതെങ്കിലും പൊരുത്തപ്പെടുത്തലുകൾ വരുത്താനാകുമോ? ഒരു മാസം 50 മണിക്കൂറിലെത്താൻ നിങ്ങൾ ദിവസവും ശരാശരി 1 മണിക്കൂറും 40 മിനിട്ടും പ്രവർത്തിച്ചാൽ മതി.
6 സാധാരണ പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയും കുറച്ചിരിക്കുന്നതിനാൽ, മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഏപ്രിലിൽ പകലിനു ദൈർഘ്യമുള്ളതിനാൽ, പയനിയറിങ് തുടങ്ങാനുള്ള ഒരു നല്ല മാസമായിരിക്കും അത്! സാധാരണ പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയിൽ എത്താനാകുമോ എന്നു നിങ്ങൾക്കു സംശയം തോന്നുന്നെങ്കിൽ, 70 മണിക്കൂർ ഒരു ലക്ഷ്യമാക്കിക്കൊണ്ട് ഏപ്രിലിൽ നിങ്ങൾക്ക് സഹായ പയനിയറിങ് ചെയ്യരുതോ? ഒരിക്കൽ ആ ലക്ഷ്യം കൈവരിക്കാൻ സാധിച്ചാൽ, എത്രയും പെട്ടെന്നുതന്നെ സാധാരണ പയനിയറിങ്ങിനായി അപേക്ഷിക്കാനുള്ള കൂടുതലായ ഒരു ആത്മവിശ്വാസം നിങ്ങൾക്കു ലഭിക്കും.—നമ്മുടെ ശുശ്രൂഷ, പേജുകൾ 113-14 കാണുക.
7 സുവാർത്തയുടെ ഒരു പ്രസാധകൻ എന്ന നിലയിൽ പൂർണമായി പങ്കെടുക്കുക: നാം പ്രസാധകരോ പയനിയർമാരോ ആയിക്കൊള്ളട്ടെ, വ്യക്തിപരമായ സാഹചര്യങ്ങൾക്ക് അനുസൃതമായി യഹോവയുടെ സേവനത്തിൽ മുഴു ദേഹിയോടെ ഏർപ്പെടാൻ നമുക്കെല്ലാം പ്രേരണയേകുന്നത് ദൈവത്തോടും അയൽക്കാരോടുമുള്ള നമ്മുടെ നിർവ്യാജ സ്നേഹമാണ്. (ലൂക്കൊ. 10:27) അങ്ങനെ “നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്ന”വരാണെന്ന് പ്രകടമാക്കുന്നു. (1 തിമൊ. 4:10) രാജ്യവേലയിൽ ഏവരുടെയും പൂർണ പിന്തുണയോടെ, ഏപ്രിൽ മാസം 100 ശതമാനം പങ്കുപറ്റൽ നാം പ്രതീക്ഷിക്കേണ്ടത് അതുകൊണ്ടാണ്.
8 യേശുവിന്റെ പിൻവരുന്ന ഉദ്ബോധനം നമുക്കു മറക്കാതിരിക്കാം: “കൊയ്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” അതു പറഞ്ഞശേഷം ഉടൻതന്നെ യേശു തന്റെ 12 അപ്പൊസ്തലന്മാരെ വിളിച്ച് സുവാർത്ത പ്രസംഗിക്കാനയച്ചു. (മത്താ. 9:37, 38; 10:1, 5, 7) ഏതാണ്ട് ഒരു വർഷത്തിനു ശേഷം, പ്രസംഗ പ്രവർത്തനത്തിൽ 12 പേർക്കും നല്ല പരിശീലനം കിട്ടിക്കഴിഞ്ഞ്, “കൊയ്ത്തു വളരെ ഉണ്ടു സത്യം. . . ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ” എന്ന അതേ കൽപ്പന കൊടുത്ത് യേശു വേറെ 70 പേരെ നിയമിച്ച് അയച്ചു. (ലൂക്കൊ. 10:1, 2) യഹോവ ആ പ്രാർഥനകൾക്ക് ഉത്തരം നൽകിയ വിധം പ്രവൃത്തികൾ എന്ന ബൈബിൾ പുസ്തകം റിപ്പോർട്ടു ചെയ്യുന്നുണ്ട്. പൊ.യു 33-ലെ പെന്തക്കൊസ്ത് ആയപ്പോഴേക്കും ശിഷ്യന്മാരുടെ എണ്ണം 120-ഓളമായി വർധിച്ചിരുന്നു. പിന്നീട്, ശിഷ്യന്മാരുടെ എണ്ണം 3,000 പിന്നെ 5,000 എന്നീ ക്രമാനുഗത അത്യുച്ചങ്ങളിലെത്തി. (പ്രവൃ. 1:15; 2:41; 4:4) അതിനുശേഷം “ശിഷ്യന്മാരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു.” (പ്രവൃ. 6:7, NW) സമാനമായി, കൂടുതൽ രാജ്യ പ്രസംഗകർക്കായി ഇക്കാലത്തും നാം യാചിച്ചുകൊണ്ടേയിരിക്കണം! നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ, ഓരോ മാസവും വയൽ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള സുനിശ്ചിത ക്രമീകരണങ്ങൾ ഓരോ സഭാ പ്രസാധകനും ചെയ്യണം.
9 കലണ്ടർ 2000-ത്തിൽ ഏപ്രിൽ മാസം ഒന്നുകൂടി അടുത്തു നോക്കുക. ആ മാസത്തിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങൾ ശനിയും ഞായറും ആയതിനാൽ, ആ വാരാന്തത്തിൽ സേവനത്തിൽ പങ്കെടുത്തുകൊണ്ട് നല്ലൊരു തുടക്കം കുറിക്കരുതോ? നിങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തോടൊപ്പം, എല്ലാ “മാസികാ ദിനങ്ങളിലും” പങ്കെടുക്കാൻ നിങ്ങൾക്കു കഴിയുമോ? ഞായറാഴ്ചകൾ തോറും ഒരു മണിക്കൂറോ അതിലധികമോ ശുശ്രൂഷയിൽ ചെലവിടുന്നതിനെക്കുറിച്ചെന്ത്? പകലിനു ദൈർഘ്യം കൂടുതൽ ഉള്ളതു നിമിത്തം, ഉച്ചതിരിഞ്ഞ് കൂടുതൽ മണിക്കൂർ സേവനത്തിൽ ചെലവഴിക്കാനാകും. നിങ്ങൾക്കു സായാഹ്ന സാക്ഷീകരണങ്ങൾ നടത്താൻ കഴിയുമോ? ജോലിസ്ഥലം, സ്കൂൾ എന്നിവിടങ്ങളിൽ ആയിരിക്കുമ്പോഴും മറ്റു ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും അനൗപചാരിക സാക്ഷീകരണത്തിനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ മറക്കരുത്. നിങ്ങൾക്ക് ശുശ്രൂഷയിൽ ഏർപ്പെടാൻ കഴിയുന്ന ദിവസങ്ങൾ അടയാളപ്പെടുത്തുക, ആ മാസം സേവനത്തിൽ ചെലവഴിച്ച മണിക്കൂർ രേഖപ്പെടുത്താൻ കലണ്ടർ ഉപയോഗിക്കുക.
10 സ്നാപനമേൽക്കാത്ത പ്രസാധകരായി സേവിക്കാൻ തക്കവണ്ണം മൂപ്പന്മാർ അംഗീകരിച്ച, യോഗ്യതയുള്ള എല്ലാവർക്കും ഏപ്രിൽ മാസം അവസരോചിതമായ ഒരു സമയമാണ്. നിങ്ങൾ ആരെയെങ്കിലും ബൈബിൾ പഠിപ്പിക്കുന്നുണ്ടെങ്കിൽ, സുവാർത്തയുടെ ഒരു പ്രസാധകനാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അധ്യക്ഷമേൽവിചാരകനെ അറിയിക്കാവുന്ന അളവോളം ആ വിദ്യാർഥി പുരോഗതി പ്രാപിച്ചിട്ടുണ്ടോ? നിങ്ങൾക്കു സ്നാപനമേൽക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ, അവരുടെ ആത്മീയ പുരോഗതിയെക്കുറിച്ചു മൂപ്പന്മാരോടു നിങ്ങൾ സംസാരിച്ചിട്ടുണ്ടോ? സുവാർത്ത പ്രസംഗിച്ചു തുടങ്ങാൻ ഇത് അവർക്കൊരു നല്ല സമയമായിരിക്കില്ലേ?—നമ്മുടെ ശുശ്രൂഷ, പേജുകൾ 97-100 കാണുക.
11 2000 ഏപ്രിൽ ഏറ്റവും നല്ല ഒരു മാസമാക്കി മാറ്റാനുള്ള നമ്മുടെ ശ്രമത്തിൽ, നാമെല്ലാവരും വയൽസേവനത്തിൽ പങ്കെടുക്കുകയും മാസാവസാനംതന്നെ റിപ്പോർട്ടുകളിടുകയും വേണം. (മർക്കൊസ് 6:30 താരതമ്യം ചെയ്യുക.) ആദ്യമായി സേവനത്തിൽ പങ്കുപറ്റുന്ന സ്നാപനമേൽക്കാത്ത പുതിയവരെ, തങ്ങളുടെ സേവനറിപ്പോർട്ട് കാലതാമസം കൂടാതെ നൽകാൻ പ്രോത്സാഹിപ്പിക്കണം. നമ്മുടെ പങ്കു നിർവഹിക്കുക വഴി, ഏപ്രിൽ മാസത്തെ റിപ്പോർട്ടിനും സാക്ഷീകരണ ശ്രമങ്ങളിലൂടെ യഹോവയ്ക്കു നൽകപ്പെടുന്ന അതിമഹത്തായ സ്തുതിക്കും നമുക്കു നല്ല പിന്തുണയേകാം.
12 സ്മാരകത്തിന് നിങ്ങളോടൊപ്പം മറ്റുള്ളവരെയും കൊണ്ടുവരിക: യേശുവിന്റെ മരണത്തിന്റെ 2000-ത്തിലെ സ്മാരകത്തിന്, ഒരു പുതിയ അത്യുച്ചം ഉണ്ടായിരിക്കുന്നത് നമ്മെ പുളകിതരാക്കില്ലേ? തീർച്ചയായും! കാരണം, നമുക്കുവേണ്ടി യഹോവയാം ദൈവവും യേശുക്രിസ്തുവും കാണിച്ച ഏറ്റവും വലിയ സ്നേഹ പ്രകടനത്തോട് വിലമതിപ്പ് പ്രകടിപ്പിക്കാനുള്ള കൂടിവരവുകളിൽ വെച്ചേറ്റവും വലിയത് എന്നാണ് അതിന്റെ അർഥം. (യോഹ. 3:16; 15:13) നിങ്ങൾക്കും കുടുംബത്തിനും സ്മാരകത്തിനു ഹാജരാകുന്നതിന് യാതൊന്നും ഒരു തടസ്സമാകാതിരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുക.
13 സ്മാരകത്തിനായി മറ്റുള്ളവരെ ഇപ്പോൾത്തന്നെ ക്ഷണിച്ചുതുടങ്ങാവുന്നതാണ്. അതിനായി, നിങ്ങൾ ക്ഷണിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. നിങ്ങൾ മുമ്പ് ബൈബിൾ പഠിപ്പിച്ചിട്ടുള്ളവരെയും ഇപ്പോൾ പഠിപ്പിക്കുന്നവരെയും നിങ്ങളുടെ മടക്ക സന്ദർശനങ്ങളിൽ ഉള്ളവരെയും അതിൽ ഉൾപ്പെടുത്തുക. ജോലിസ്ഥലത്തും സ്കൂളിലും അയൽപക്കത്തുമുള്ള പരിചയക്കാരെയും നിങ്ങൾ ഇടപാടുകൾ നടത്തുന്ന ആളുകളെയും ലിസ്റ്റിൽ ചേർക്കുക. നിങ്ങളുടെ ബന്ധുക്കളെയും മറ്റു പരിചയക്കാരെയും ഉൾപ്പെടുത്താൻ മറന്നു പോകരുത്. ലിസ്റ്റ് ഉണ്ടാക്കിക്കഴിഞ്ഞ്, ഓരോരുത്തരെയും നേരിൽക്കണ്ട് ആത്മാർഥമായി ക്ഷണിക്കുക. സ്മാരകം നടക്കുന്ന സ്ഥലവും സമയവും വ്യക്തമായി പറഞ്ഞു കൊടുക്കുക. ഏപ്രിൽ 19 അടുത്തു വരുന്തോറും, നിങ്ങളുടെ ലിസ്റ്റിൽ ഉള്ളവരെ നേരിൽക്കണ്ടോ ടെലിഫോണിലൂടെയോ സ്മാരകത്തെ കുറിച്ച് ഓർമിപ്പിക്കുക. അന്നു വൈകുന്നേരം സ്മാരകത്തിന് ഒരുമിച്ചു പോകാമെന്നു പറയുക.
14 സൊസൈറ്റിയിൽ നിന്നു നേരത്തെ ലഭിച്ച മാർഗനിർദേശത്തോടുള്ള ചേർച്ചയിൽ, നിഷ്ക്രിയരായ എല്ലാ പ്രസാധകരെയും സ്മാരകത്തിനു ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നതിനായി മൂപ്പന്മാർ ഒരു പ്രത്യേക ശ്രമം ചെയ്യുന്നതായിരിക്കും. (മത്താ. 18:12-14) 1999 ഫെബ്രുവരി 2-ലെ സൊസൈറ്റിയുടെ കത്ത് മൂപ്പന്മാർ പരിചിന്തിക്കണം. സഭാ സെക്രട്ടറി, നിഷ്ക്രിയരായ എല്ലാ പ്രസാധകരുടെയും ഒരു ലിസ്റ്റ് തയ്യാറാക്കണം. അവരെ സന്ദർശിച്ച് സ്മാരകത്തിനു ക്ഷണിക്കാൻ സേവന മേൽവിചാരകൻ മൂപ്പന്മാരെ നിയമിക്കുന്നതായിരിക്കും. എത്രയും പെട്ടെന്നുതന്നെ നിഷ്ക്രിയർക്ക് ഒരു ഇടയസന്ദർശനം നടത്തിയാൽ, ചിലപ്പോൾ ഏപ്രിലിൽത്തന്നെ, വയൽ ശുശ്രൂഷയിൽ വീണ്ടും സജീവമായി ഏർപ്പെടാൻ അവർ സഹായിക്കപ്പെട്ടേക്കാം. വയൽ സേവനത്തിൽ പരിചയ സമ്പന്നനായ ഒരു പ്രസാധകന്റെ കൂടെ പ്രവർത്തിക്കുന്നത് അവർക്കു പ്രോത്സാഹജനകമായിരിക്കും.
15 ഏപ്രിലിൽ നല്ല പിന്തുണയേകുക! 2000 ഏപ്രിലിനെ ഒരു മെച്ചപ്പെട്ട മാസമാക്കി മാറ്റാൻ മൂപ്പന്മാരുടെയും ശുശ്രൂഷാ ദാസന്മാരുടെയും കുടുംബനാഥന്മാരുടെയും ഭാഗത്ത് നല്ല സംഘാടനം ആവശ്യമാണ്. കാര്യങ്ങളെല്ലാം സംഘടിപ്പിക്കാനും നേതൃത്വമെടുക്കാനും മൂപ്പന്മാർ ഉത്സാഹത്തോടെ ശ്രമിക്കും. (എബ്രാ. 13:7) വയൽസേവന യോഗങ്ങൾക്കായി വാരാന്തങ്ങളിലും വാരത്തിലെ മറ്റു ദിവസങ്ങളിലും പ്രായോഗിക ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. ഉച്ചതിരിഞ്ഞോ സായാഹ്നങ്ങളിലോ ഉള്ള പ്രവർത്തനത്തിനു വേണ്ടി കൂടുതലായ വയൽസേവന യോഗങ്ങൾ നടത്താവുന്നതാണ്. ഏപ്രിൽ മാസത്തേക്കുള്ള മുഴു പട്ടികയും നോട്ടീസ് ബോർഡിൽ ഇടുക. പട്ടികപ്പെടുത്തിയ ഓരോ വയൽസേവന യോഗവും നടത്താൻ ആരെയെങ്കിലും നിയമിക്കണം. ഓരോ കൂട്ടത്തിനും പ്രവർത്തിക്കാൻ ആവശ്യമായത്ര പ്രദേശം നൽകേണ്ടതാണ്.
16 ഏപ്രിൽ മാസത്തിൽ വീക്ഷാഗോപുരം, ഉണരുക! മാസികകളായിരിക്കും സമർപ്പിക്കുന്നത്. താത്പര്യക്കാർക്കെല്ലാം ആവശ്യം ലഘുപത്രിക നൽകിക്കൊണ്ട് ബൈബിൾ അധ്യയനം തുടങ്ങാൻ ശ്രമിക്കാവുന്നതാണ്. അതുകൊണ്ട്, ആവശ്യത്തിനുള്ള മാസികകളും ലഘുപത്രികകളും കരുതുക.
17 മാസം അവസാനിച്ചാൽ ഉടൻതന്നെ റിപ്പോർട്ടിടാൻ തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരെയും പുസ്തകാധ്യയന നിർവാഹകരും അവരുടെ സഹായികളും പ്രോത്സാഹിപ്പിക്കണം. ഒരുപക്ഷേ അത് ഏപ്രിൽ 30, ഞായറാഴ്ച തന്നെ ചെയ്യാവുന്നതാണ്. സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ, ചില പ്രസാധകർ തങ്ങളുടെ റിപ്പോർട്ടുകൾ നൽകിയിട്ടില്ലാത്തതായി കാണുന്നെങ്കിൽ, സഭാ റിപ്പോർട്ട് സൊസൈറ്റിക്ക് അയയ്ക്കേണ്ട ദിവസമായ മേയ് 6-നു മുമ്പായി അതു നൽകാൻ ദയാപൂർവം അവരെ ഓർമിപ്പിക്കണം. റിപ്പോർട്ടിടാത്ത പ്രസാധകരെ കണ്ട് അവരിൽനിന്ന് അത് ശേഖരിക്കാൻ പുസ്തകാധ്യയന നിർവാഹകന്മാരോട് അദ്ദേഹത്തിന് ആവശ്യപ്പെടാവുന്നതാണ്.
18 ദൈവജനത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് സ്മാരക കാലം. യഹോവയുടെ സേവനത്തിൽ നാമേവരും വളരെ തിരക്കോടെ ഏർപ്പെടേണ്ട ഒരു സമയമായിരിക്കണം അത്. സുവാർത്തയുടെ ഒരു പ്രസാധകനെന്ന നിലയിൽ വയൽസേവനത്തിൽ പൂർണമായി പങ്കുപറ്റുകയും, സഹായ പയനിയർമാരായി സേവിക്കാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യുകയും, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു നിങ്ങളോടൊപ്പം വരാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിൽ ശുഷ്കാന്തി കാട്ടുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്കു തിരക്കുള്ളവരായിരിക്കാൻ കഴിയും. ദൈവത്തിന്റെ പുകഴ്ചയ്ക്കും മഹത്ത്വത്തിനുമായി 2000 ഏപ്രിലിനെ മെച്ചപ്പെട്ട ഒരു മാസമാക്കി മാറ്റാൻ ശ്രമിക്കവെ, യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിനായി നമുക്ക് ആത്മാർഥമായി പ്രാർഥിക്കാം.—എബ്രാ. 13:15.
[3-ാം പേജിലെ ആകർഷകവാക്യം]
സഹായ പയനിയർമാർ
നമ്മുടെ സർവകാല അത്യുച്ചം: 2,170
(ഏപ്രിൽ 1998)
[4-ാം പേജിലെ ചതുരം]
മൊത്തം പ്രസാധകർ
നമ്മുടെ സർവകാല അത്യുച്ചം: 21,212
(ആഗസ്റ്റ് 1999)
[5-ാം പേജിലെ ചതുരം]
സ്മാരക ഹാജർ
നമ്മുടെ സർവകാല അത്യുച്ചം: 47,081
(1999)