ഏപ്രിൽ—‘കഠിനാധ്വാനത്തിനും തീവ്രശ്രമത്തിനുമുള്ള’ സമയം
1 സ്മാരകകാലം യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം ധ്യാനത്തിനുള്ള സമയമാണ്. തന്റെ മരണത്തിലൂടെ ക്രിസ്തു കൈവരിച്ച നേട്ടങ്ങളെ കുറിച്ചു വിചിന്തനം ചെയ്യുന്നതിനും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ സാധ്യമായ നമ്മുടെ ദൈവദത്ത പ്രത്യാശയെക്കുറിച്ചു ധ്യാനിക്കുന്നതിനുമുള്ള സമയമാണ് അത്. കഴിഞ്ഞ ഏപ്രിൽ 19-നെ കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? ആ സായാഹ്നത്തിൽ നിങ്ങൾ കണ്ട മുഖങ്ങൾ നിങ്ങൾക്ക് ഓർമിക്കാൻ കഴിയുന്നുണ്ടോ? സ്മാരകാഘോഷ വേളയിലെ ആത്മീയത തുളുമ്പിനിന്ന അന്തരീക്ഷവും ഗൗരവാവഹമായ ബൈബിൾ ചർച്ചയും ഹൃദയംഗമമായ പ്രാർഥനകളുമോ? യഹോവയും യേശുവും നിങ്ങളോടു കാണിച്ച സ്നേഹത്തോടു പ്രതികരിച്ചുകൊണ്ട് കൂടുതൽ തികവോടെ നന്ദി പ്രകടിപ്പിക്കാൻ നിങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കാം. അത്തരം ധ്യാനം നിങ്ങളെ ഇപ്പോൾ എങ്ങനെയാണു ബാധിക്കുന്നത്?
2 യഹോവയുടെ ജനം തങ്ങളുടെ നന്ദി കേവലം വാക്കുകളിൽ ഒതുക്കുന്നില്ല എന്നതു വ്യക്തമാണ്. (കൊലൊ. 3:15, 17) പ്രത്യേകിച്ചും കഴിഞ്ഞ ഏപ്രിലിൽ, ക്രിസ്തീയ ശുശ്രൂഷയിൽ ശുഷ്കാന്തിയോടെ ഏർപ്പെട്ടതുവഴി രക്ഷയ്ക്കായുള്ള യഹോവയുടെ കരുതലുകളോടു വിലമതിപ്പു കാണിക്കാൻ നമുക്കു സാധിച്ചു. നൂറുകണക്കിനു പേർ സഹായ പയനിയറിങ് നടത്തി, ഇന്ത്യയിലെ മുൻ അത്യുച്ചത്തെക്കാൾ 34 ശതമാനം വർധനവ് ആയിരുന്നു അത്. അവരും അതുപോലെ മറ്റു രാജ്യഘോഷകരും നടത്തിയ ശ്രമത്തിന്റെ ഫലമായി മണിക്കൂറിലും മാസികാ സമർപ്പണത്തിലും മടക്കസന്ദർശനങ്ങളിലും പുതിയ അത്യുച്ചങ്ങൾ ഉണ്ടായി. ആയിരക്കണക്കിനു പുതിയ ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചതും സ്മാരക ഹാജരിലെ പുതിയ അത്യുച്ചവും നമ്മുടെ സന്തോഷം വർധിപ്പിച്ചു!
3 തീർച്ചയായും, നമ്മുടെ പ്രത്യാശയുടെ ഉറപ്പ് നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു. ഇത് അപ്പൊസ്തലനായ പൗലൊസ് എഴുതിയതിനോടു ചേർച്ചയിലാണ്: “അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും [“പ്രത്യാശവെച്ച് കഠിനാധ്വാനം ചെയ്തും തീവ്രശ്രമം നടത്തിയും,” NW] വരുന്നു.”—1 തിമൊ. 4:10.
4 ഈ സ്മാരക കാലത്ത്, ജീവനു വേണ്ടിയുള്ള യഹോവയുടെ കരുതലുകളിൽ നിങ്ങൾ എങ്ങനെ വിശ്വാസം പ്രകടമാക്കും? ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള രാജ്യഘോഷകരുടെ അത്യുച്ചങ്ങളിൽ രണ്ടാമത്തെ ഉയർന്ന സംഖ്യ കഴിഞ്ഞ ഏപ്രിലിൽ നാം കാണുകയുണ്ടായി. ഈ ഏപ്രിലിൽ അതിലും ഉയർന്ന ഒരു സംഖ്യ റിപ്പോർട്ടു ചെയ്യാൻ നമുക്കു സാധിക്കുമോ? സാധിക്കും. എന്നാൽ, സ്നാപനമേറ്റവരും സ്നാപനമേറ്റിട്ടില്ലാത്തവരുമായ എല്ലാ പ്രസാധകരും പങ്കുപറ്റേണ്ടതുണ്ട്. അനേകം പുതിയവരും ശുശ്രൂഷയിൽ പങ്കുപറ്റാൻ യോഗ്യത പ്രാപിച്ചേക്കാം. അങ്ങനെ, ഈ ഏപ്രിലിൽ കഠിനാധ്വാനം ചെയ്യാനും തീവ്രശ്രമം നടത്താനും ആസൂത്രണം ചെയ്യവേ, ശുശ്രൂഷയിൽ പുതിയവരും അനുഭവപരിചയം കുറഞ്ഞവരും ഉൾപ്പെടെയുള്ള മറ്റുള്ളവരെ നിങ്ങളോടൊപ്പം ചേരാൻ എങ്ങനെ പ്രേരിപ്പിക്കാൻ കഴിയും എന്നതിനെക്കുറിച്ചു പരിചിന്തിക്കുക.
5 പ്രവർത്തനം പുനരാരംഭിക്കാൻ ചിലരെ സഹായിക്കൽ: ഒന്നോ രണ്ടോ മാസമായി വയൽസേവനത്തിനു പോകാത്ത ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, അവരെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളോടൊപ്പം വയൽസേവനത്തിനു പോരാൻ ക്ഷണിക്കുകയും ചെയ്യുക. സഭയിൽ നിഷ്ക്രിയർ ഉണ്ടെങ്കിൽ, അവരെ സന്ദർശിക്കുന്നതിനും ഏപ്രിലിൽ ശുശ്രൂഷ പുനരാരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും മൂപ്പന്മാർ പ്രത്യേക ശ്രമം ചെയ്യും.
6 യഹോവയുടെ സേവനത്തിൽ നമ്മെ ശക്തിപ്പെടുത്താൻ നാം അവന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നതിൽ തുടരണം. (ലൂക്കൊ. 11:13) അവന്റെ ആത്മാവ് ലഭിക്കാൻ നാം എന്താണു ചെയ്യേണ്ടത്? ദൈവത്തിന്റെ നിശ്വസ്ത വചനം വായിക്കണം. (2 തിമൊ. 3:16, 17) അഞ്ചു പ്രതിവാര യോഗങ്ങൾക്കും ഹാജരായിക്കൊണ്ട് ‘ആത്മാവു സഭകളോടു പറയുന്നതു കേൾക്കുക’യും വേണം. (വെളി. 3:6) പഠന ശീലങ്ങളിൽ പുരോഗമിക്കാനും മുടങ്ങാതെ യോഗങ്ങൾക്കു ഹാജരാകാനും ക്രമമില്ലാത്തവരെയും നിഷ്ക്രിയരെയും സഹായിക്കാൻ പറ്റിയ സമയം ഇപ്പോഴാണ്. (സങ്കീ. 50:23) ഒപ്പം നമ്മുടെതന്നെ ആത്മീയ ക്ഷേമത്തിനു നാം അടുത്ത ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നിരുന്നാലും, മറ്റൊന്നുകൂടെ ആവശ്യമാണ്.
7 ദൈവം “തന്നെ അനുസരിക്കുന്നവർക്കു” പരിശുദ്ധാത്മാവിനെ നൽകുന്നുവെന്ന് അപ്പൊസ്തലനായ പത്രൊസ് വിശദീകരിച്ചു. (പ്രവൃ. 5:32) അത്തരം അനുസരണത്തിൽ, “ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ” ഉള്ള കൽപ്പനയ്ക്കു ചെവി കൊടുക്കുന്നത് ഉൾപ്പെടുന്നു. (പ്രവൃ. 1:8; 10:42) അതുകൊണ്ട് പ്രസംഗ പ്രവർത്തനത്തിനു നമ്മെ ശക്തീകരിക്കാൻ ദൈവാത്മാവ് ആവശ്യമാണ്. എന്നിരുന്നാലും, നാം യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങുമ്പോൾ അവൻ നമ്മെ കൂടുതലായി സഹായിക്കുമെന്നതിനു സംശയമില്ല. മനസ്സോടെയുള്ള അനുസരണത്തിന്റെ ആ ആദ്യ പടികൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് ഒരിക്കലും കുറച്ചുകാണാതിരിക്കാം!
8 കുട്ടികളെ സഹായിക്കൽ: മാതാപിതാക്കളേ, മറ്റുള്ളവരോടു സത്യത്തെക്കുറിച്ചു സംസാരിക്കാൻ നിങ്ങളുടെ കുട്ടികൾ ആഗ്രഹിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോ? അവർ വയൽസേവനത്തിനു നിങ്ങളോടൊപ്പം പോരുന്നുവോ? മാതൃകായോഗ്യമായ നടത്ത ഉള്ളവരാണോ അവർ? അങ്ങനെയെങ്കിൽ എന്തിനു മടിച്ചുനിൽക്കണം? സഭാ സേവന കമ്മിറ്റിയിലെ ഒരു അംഗത്തെ സമീപിച്ച്, ഈ ഏപ്രിലിൽ ഒരു പ്രസാധകനായിത്തീരാൻ നിങ്ങളുടെ കുട്ടിക്ക് യോഗ്യതയുണ്ടോ എന്നു നിശ്ചയപ്പെടുത്തുക. (നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 99-100 പേജുകൾ കാണുക.) ഈ സ്മാരക കാലത്ത് യഹോവയ്ക്കുള്ള സ്തുതിഘോഷത്തിൽ നിങ്ങളുടെ കുട്ടിക്കു കാര്യമായ സംഭാവന ചെയ്യാൻ കഴിയുമെന്നു തിരിച്ചറിയുക.—മത്താ. 21:15, 16.
9 യു.എസ്.എ.-യിലെ ജോർജയിലുള്ള ഒരു ക്രിസ്തീയ മാതാവ്, മറ്റുള്ളവരോട് യഹോവയെക്കുറിച്ചു സംസാരിക്കാൻ തന്റെ മകളെ എല്ലായ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം, അമ്മയോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കവേ അവൾ ഒരാൾക്ക് ആവശ്യം ലഘുപത്രിക നൽകിയിട്ട് അതിന്റെ ഉള്ളടക്കപ്പട്ടിക ഹ്രസ്വമായി വിശദീകരിച്ചുകൊടുത്തു. “മോൾക്ക് എത്ര വയസ്സായി?” അയാൾ ചോദിച്ചു. “ഏഴു വയസ്സ്” എന്ന് അവൾ പറഞ്ഞു. അവൾ അത്ര അർഥവത്തായ ഒരു അവതരണം നൽകിയതിൽ അദ്ദേഹം അതിശയിച്ചു. അദ്ദേഹം ചെറുപ്പത്തിൽ സാക്ഷികളുമായി സഹവസിച്ചിരുന്നെങ്കിലും, ജീവിതത്തിലെ മുഖ്യ സംഗതി എന്ന നിലയിൽ സത്യത്തെ ഗൗരവമായി എടുത്തിരുന്നില്ല. താമസിയാതെ, അദ്ദേഹത്തിനും ഭാര്യയ്ക്കും പുത്രിക്കും ഒരു ബൈബിൾ അധ്യയനം തുടങ്ങി.
10 അനേകം യുവജനങ്ങളും ഇപ്പോൾത്തന്നെ പ്രസാധകരാണ്. അവർ സേവനത്തിൽ നമ്മോടൊപ്പം ആയിരിക്കുമ്പോൾ നാം അവരുടെ സഹവാസം ആസ്വദിക്കുകയും ചെയ്യുന്നു. ഈ യുവജനങ്ങൾക്ക് സമപ്രായക്കാരെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും. കുടുംബം ഒത്തൊരുമിച്ചു വിശുദ്ധ സേവനത്തിൽ ഏർപ്പെടുന്നതു മുഖാന്തരം, കുടുംബാംഗങ്ങൾക്കു തങ്ങളുടെ ഇടയിലെ ബന്ധം ബലിഷ്ഠമാക്കാനും ആത്മീയത പടുത്തുയർത്താനുമുള്ള ഒരു യോജിച്ച സമയം കൂടിയാണ് ഏപ്രിൽ. ഇതിൽ കുടുംബനാഥന്മാർ നേതൃത്വമെടുക്കണം.—സദൃ. 24:27.
11 പുതിയവരെ സഹായിക്കൽ: നിങ്ങൾ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയവരുടെ കാര്യമോ? ഈ ഏപ്രിലിലെ പ്രത്യേക പ്രവർത്തനത്തിൽ അവർക്കും പങ്കെടുക്കാൻ കഴിയുമോ? പരിജ്ഞാനം പുസ്തകത്തിന്റെ 2-ാം അധ്യായത്തിലെ 22-ാം ഖണ്ഡികയോ 11-ാം അധ്യായത്തിലെ 14-ാം ഖണ്ഡികയോ പഠിച്ചു കഴിഞ്ഞപ്പോൾ, തങ്ങൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചിരിക്കാം. പുസ്തകം തീരാറായെങ്കിൽ, 18-ാം അധ്യായത്തിന്റെ 8-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ അതേക്കുറിച്ചു വ്യക്തമായി ചർച്ച ചെയ്യാനായി തയ്യാറാകുക. അവിടെ ഇപ്രകാരം പറയുന്നു: “നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മറ്റുളളവരോടും നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു പറയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടായിരിക്കാൻ ഇടയുണ്ട്. യഥാർഥത്തിൽ, നിങ്ങൾ ഇപ്പോൾത്തന്നെ ഇതു ചെയ്യുന്നുണ്ടായിരിക്കാം, യേശു അനൗപചാരിക പശ്ചാത്തലങ്ങളിൽ മററുളളവർക്കു സുവാർത്ത പങ്കുവെച്ചതുപോലെതന്നെ. (ലൂക്കൊസ് 10:38, 39; യോഹന്നാൻ 4:6-15) ഇപ്പോൾ നിങ്ങൾ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ചേക്കാം.” നിങ്ങൾ ബൈബിൾ പഠിപ്പിക്കുന്നവരുടെ കാര്യത്തിൽ ഇതു സത്യമാണോ?
12 നിങ്ങളുടെ വിദ്യാർഥി ദൈവവചനത്തിൽ വിശ്വസിക്കുന്നുണ്ടോ? ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നുണ്ടോ? തന്റെ ജീവിതത്തിൽ ദിവ്യ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? സഭായോഗങ്ങൾക്കു ഹാജരാകുന്നുണ്ടോ? യഹോവയാം ദൈവത്തെ സേവിക്കാൻ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കിൽ, ഏപ്രിലിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ തക്കവണ്ണം സ്നാപനമേൽക്കാത്ത പ്രസാധകനായിത്തീരാൻ യോഗ്യത പ്രാപിച്ചോ എന്നു നിർണയിക്കുന്നതിന് മൂപ്പന്മാരോടു സംസാരിക്കാൻ അദ്ദേഹത്തെ എന്തുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൂടാ? (നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 97-9 പേജുകൾ കാണുക.) ഈ വിധത്തിൽ, യഹോവയെ സേവിക്കാനുള്ള ശ്രമത്തിൽ അവന്റെ സംഘടന തന്നെ എങ്ങനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന് അനുഭവിച്ചറിയാൻ കഴിയും.
13 ചില വിദ്യാർഥികൾ മറ്റുള്ളവരെപ്പോലെ വേഗത്തിൽ പുരോഗമിക്കുന്നില്ല. അതിനാൽ, 2000 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ 5-6 ഖണ്ഡികകളിലെ നിർദേശത്തിനു ചേർച്ചയിൽ അനേകർ, തുടക്കത്തിൽ താത്പര്യം കാണിച്ച എന്നാൽ സജീവമായി സഹവസിക്കുന്നതിനു കൂടുതലായ സഹായം ആവശ്യമുള്ള ആളുകൾക്ക് രണ്ടാമതൊരു പുസ്തകത്തിൽനിന്ന് അധ്യയനം തുടർന്നിരിക്കുന്നു. ഈ ആത്മാർഥ ഹൃദയർ “അൽപ്പകാലംകൊണ്ടോ ദീർഘകാലംകൊണ്ടോ” ക്രിസ്തുവിന്റെ യഥാർഥ ശിഷ്യരായിത്തീരുമെന്നു നാം പ്രത്യാശിക്കുന്നു. (പ്രവൃ. 26:29, NW) എന്നിരുന്നാലും, നിങ്ങൾ അവരെ പഠിപ്പിക്കാൻ “ദീർഘകാലം” ചെലവഴിച്ചിട്ടുണ്ടെങ്കിൽ, ക്രിസ്തുവിന്റെ മറുവിലയോടുള്ള വിലമതിപ്പിന്റെ ആഴം പ്രകടമാക്കാനുള്ള ഒരു നല്ല അവസരമായി ഈ സ്മാരകകാലത്തെ ഉപയോഗിക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാനാകുമോ?
14 പങ്കുപറ്റാൻ അവരെ സഹായിക്കാവുന്ന വിധം: യേശു മറ്റുള്ളവരെ പരിശീലിപ്പിച്ചത് എങ്ങനെയെന്നു പരിശോധിക്കുകവഴി, ശുശ്രൂഷയ്ക്കു യോഗ്യരായവരെ സഹായിക്കുന്നതിനെക്കുറിച്ച് നാം ഏറെ പഠിക്കുന്നു. ഒരു ജനക്കൂട്ടത്തെ കണ്ടെത്തി അവരോടു സംഭാഷണം തുടങ്ങാനല്ല അവൻ അപ്പൊസ്തലന്മാരോടു പറഞ്ഞത്. അവൻ ആദ്യം പ്രസംഗവേലയുടെ ആവശ്യം ഊന്നിപ്പറഞ്ഞു, പ്രാർഥനാപൂർവകമായ ഒരു മനോഭാവം ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിച്ചു, എന്നിട്ട് അവർക്കു മൂന്ന് അടിസ്ഥാന കരുതലുകൾ—ഒരു പങ്കാളി, ഒരു നിയമിത പ്രദേശം, ഒരു സന്ദേശം—പ്രദാനം ചെയ്തു. (മത്താ. 9:35-38; 10:5-7; മർക്കൊ. 6:7; ലൂക്കൊ. 9:2, 6) നിങ്ങൾക്കും അതുതന്നെ ചെയ്യാൻ കഴിയും. നിങ്ങളുടെ കുട്ടിയെയോ ഒരു പുതിയ വിദ്യാർഥിയെയോ കുറെ കാലത്തേക്ക് വയൽപ്രവർത്തനം റിപ്പോർട്ടു ചെയ്യാഞ്ഞ ഒരു വ്യക്തിയെയോ സഹായിക്കുമ്പോൾ പിൻവരുന്ന ലക്ഷ്യങ്ങൾ പിൻപറ്റാൻ ഒരു പ്രത്യേക ശ്രമം ചെയ്യുന്നത് ഉചിതമായിരിക്കും.
15 ആവശ്യം ഊന്നിപ്പറയുക: പ്രസംഗവേലയുടെ പ്രാധാന്യം മനസ്സിലാക്കാൻ വ്യക്തിയെ സഹായിക്കുക. അതേക്കുറിച്ചു ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കുക. ശുശ്രൂഷയിൽ സഭ കൈവരിക്കുന്ന നേട്ടങ്ങൾ വ്യക്തമാക്കുന്ന അനുഭവങ്ങൾ വിവരിക്കുക. മത്തായി 9:36-38-ൽ വിവരിച്ചിരിക്കുന്ന യേശുവിന്റെ മനോഭാവം പ്രകടമാക്കുക. ശുശ്രൂഷയിലെ വ്യക്തിപരമായ പങ്കുപറ്റലിനും അതുപോലെ ലോകവ്യാപക വേലയുടെ വിജയത്തിനും വേണ്ടി പ്രാർഥിക്കാൻ ഭാവി പ്രസാധകനെയോ നിഷ്ക്രിയനെയോ പ്രോത്സാഹിപ്പിക്കുക.
16 സാക്ഷ്യം നൽകാനുള്ള വ്യത്യസ്ത അവസരങ്ങളെക്കുറിച്ചു ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക: വീടുതോറുമുള്ള സാക്ഷീകരണത്തിന് പുസ്തകാധ്യയന കൂട്ടത്തോടൊപ്പം കൂടിവരുന്നതിനുള്ള സാധ്യതയെക്കുറിച്ചു സൂചിപ്പിക്കുക. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഉച്ചഭക്ഷണ സമയത്ത് സഹജോലിക്കാർ അല്ലെങ്കിൽ സഹപാഠികൾ എന്നിവരുമായി സുവാർത്ത പങ്കുവെക്കുന്നതിനെ കുറിച്ചു സംസാരിക്കുക. പൊതു വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ, സഹയാത്രികരിൽ വ്യക്തിപരമായ താത്പര്യമെടുത്തുകൊണ്ട് പലപ്പോഴും സംഭാഷണം തുടങ്ങാനാകും. നാം മുൻകൈ എടുക്കുമ്പോൾ, അതു പലപ്പോഴും നല്ല സാക്ഷ്യം കൊടുക്കുന്നതിന് അവസരമേകുന്നു. വാസ്തവത്തിൽ, “നാൾതോറും” നമ്മുടെ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാൻ ധാരാളം അവസരങ്ങളുണ്ട്.—സങ്കീ. 96:2, 3.
17 സാധ്യമെങ്കിൽ, പെട്ടെന്നുതന്നെ വീടുതോറുമുള്ള വേലയിൽ നിങ്ങളും പുതിയ പ്രസാധകനും ഒരുമിച്ചു പ്രവർത്തിക്കുന്നതു നന്നായിരിക്കും. ഏപ്രിലിൽ സേവനം വർധിപ്പിക്കാൻ നിങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിൽ, സൗകര്യപ്രദമായ ഒരു പ്രദേശം ലഭിക്കുമോ എന്ന് സഭാപ്രദേശത്തിന്റെ ചുമതല വഹിക്കുന്ന സഹോദരനോടു ചോദിക്കുക. അങ്ങനെയാകുമ്പോൾ, ആ പ്രദേശം സമഗ്രമായി പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾ വയൽസേവനം നിറുത്തി മടങ്ങിപ്പോരുമ്പോൾ അല്ലെങ്കിൽ യോഗങ്ങൾക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോകുമ്പോൾ മുമ്പ് പ്രവർത്തിച്ച സമയത്ത് ആളില്ലാതിരുന്നതോ താത്പര്യം കാണിച്ചതോ ആയ ഒരു വീട്ടിൽ ആരെയെങ്കിലും കണ്ടേക്കാം. ഉചിതമെന്നു തോന്നുന്നപക്ഷം, അവിടെ ഏറ്റവും ഫലപ്രദമായ സമയത്ത് ഒരു ഹ്രസ്വ സന്ദർശനം നടത്തുക. ഇത് ശുശ്രൂഷ നന്നായി നിർവഹിച്ചു എന്ന തോന്നൽ ഉണ്ടാകുന്നതിനും അതിൽ സന്തോഷം കണ്ടെത്തുന്നതിനും ഇടയാക്കും.
18 ആകർഷകമായ ഒരു അവതരണം തയ്യാറാകുക: രാജ്യസന്ദേശം പങ്കുവെക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കുന്നതുകൊണ്ടു മാത്രം അതിൽ ആത്മവിശ്വാസം തോന്നണമെന്നില്ല, പ്രത്യേകിച്ചും പുതിയവരുടെയും ദീർഘകാലമായി സേവനത്തിനു പോകാത്തവരുടെയും കാര്യത്തിൽ. തയ്യാറാകാൻ പുതിയവരെയും നിഷ്ക്രിയരെയും സഹായിക്കുന്നത് ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. സേവനയോഗങ്ങളിൽനിന്നും വയൽസേവന യോഗങ്ങളിൽനിന്നും സഹായകമായ നിർദേശങ്ങൾ ലഭിച്ചേക്കാമെങ്കിലും, വ്യക്തിപരമായ തയ്യാറാകലിനു പകരം നിൽക്കാവുന്ന യാതൊന്നുമില്ല.
19 സേവനത്തിനായി നിങ്ങൾക്കു പുതിയവരെ എങ്ങനെ സജ്ജരാക്കാൻ കഴിയും? ആദ്യമൊക്കെ ലളിതവും ഹ്രസ്വവുമായ മാസികാ അവതരണം മതിയാകും. പ്രദേശത്തെ ആളുകളിൽ താത്പര്യമുണർത്തുന്ന വാർത്തകളെക്കുറിച്ചു ചിന്തിക്കാൻ അവരോടു പറയുക. എന്നിട്ട് അതിനോടു ബന്ധപ്പെട്ട ഒരു ആശയം പുതിയ മാസികയിൽനിന്നു കണ്ടെത്തുക. അവതരണം ഒരുമിച്ചു തയ്യാറാകുക, എന്നിട്ട് എത്രയും പെട്ടെന്ന് അതു ശുശ്രൂഷയിൽ ഉപയോഗിക്കുക.
20 പുരോഗതി വരുത്താൻ സ്മാരകത്തിനു ഹാജരായ പുതിയവരെ സഹായിക്കുക: കഴിഞ്ഞ വർഷം ലോകവ്യാപക സ്മാരക ഹാജർ 1 കോടി 48 ലക്ഷം കവിഞ്ഞു. റിപ്പോർട്ടു ചെയ്ത പ്രസാധകരാകട്ടെ കേവലം 60 ലക്ഷത്തിലധികവും. ഇത് അർഥമാക്കുന്നത് ഏകദേശം 88 ലക്ഷം പേർ ബൈബിളിന്റെ ഒരു സുപ്രധാന പഠിപ്പിക്കൽ വിശദീകരിച്ച ഈ പ്രത്യേക പരിപാടിക്കു വരാൻ താത്പര്യം കാട്ടി എന്നാണ്. അവർക്ക് നമ്മളിൽ ചിലരെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞു, അത് അവരിൽ മതിപ്പുളവാക്കിയിരിക്കാം. അവരിൽ അനേകർക്കും നമ്മെക്കുറിച്ചു നല്ല അഭിപ്രായമാണുള്ളത്. അവർ നമ്മുടെ ലോകവ്യാപക വേലയ്ക്കു സംഭാവന ചെയ്യുന്നു, മറ്റുള്ളവരുടെ മുമ്പാകെ നമുക്കുവേണ്ടി വാദിക്കുന്നു. ഈ വലിയ കൂട്ടത്തിലെ പലരും ഭാവിയിൽ സത്യം സ്വീകരിക്കാൻ സാധ്യതയുണ്ട്. കൂടുതലായ പുരോഗതി വരുത്താൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാനാകും?
21 നമ്മിൽ ആരെങ്കിലും വ്യക്തിപരമായി ക്ഷണിച്ചതുകൊണ്ടാണ് പുതിയവരിൽ അനേകരും സ്മാരകത്തിനു ഹാജരായത്. അവർക്ക് വ്യക്തിപരമായി അറിയാവുന്ന ഒരാളെങ്കിലും സദസ്സിലുണ്ടെന്ന് അതു കാണിക്കുന്നു. നമ്മുടെ ക്ഷണം സ്വീകരിച്ച് ആരെങ്കിലും ഹാജരാകുന്നെങ്കിൽ, ആ വ്യക്തിയെ സ്വാഗതം ചെയ്യാനും പരിപാടിയിൽനിന്നു പൂർണ പ്രയോജനം നേടാൻ സഹായിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഹാൾ നിറഞ്ഞിരിക്കുമെന്നതിനാൽ ഒരു ഇരിപ്പിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുക. അദ്ദേഹത്തിന് ഒരു ബൈബിൾ കൊടുക്കുക, നിങ്ങളുടെ പാട്ടുപുസ്തകം അദ്ദേഹത്തിനുംകൂടെ കാണിച്ചുകൊടുക്കുക. അദ്ദേഹം ചോദിച്ചേക്കാവുന്ന ഏതൊരു ചോദ്യത്തിനും മറുപടി നൽകുക. നിങ്ങൾ നൽകുന്ന ഊഷ്മളമായ വ്യക്തിഗത ശ്രദ്ധ അദ്ദേഹത്തിന്റെ താത്പര്യം വളർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായ ഒരു മുഖ്യ ഘടകമാണ്. തീർച്ചയായും നമുക്കെല്ലാം അതിനുള്ള ഉത്തരവാദിത്വമുണ്ട്. പരിചയമില്ലാത്ത ഒരാളെ കണ്ടാൽ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യുക, പരിചയപ്പെടുക.
22 സ്മാരകത്തിനു ഹാജരാകുന്നത് ഒരു വ്യക്തിയുടെ ചിന്തയെ ശക്തമായി സ്വാധീനിച്ചേക്കാം. അദ്ദേഹം യോഗത്തിനു വരുന്നത്, താൻ തേടിക്കൊണ്ടിരുന്നത് മറ്റെവിടെയും കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നതിന്റെയും നാം പറയുന്ന കാര്യങ്ങൾ അടുത്തു പരിശോധിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം തിരിച്ചറിഞ്ഞതിന്റെയും സൂചന ആയിരിക്കാം. യഹോവയുടെ അതിരറ്റ സ്നേഹത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു വ്യക്തിക്ക്, മറുവില എന്ന അത്ഭുതകരമായ കരുതലിനെ കുറിച്ചുള്ള വിശദീകരണം ആഴമായ ഒരു വെളിപ്പെടുത്തൽ ആയിരുന്നേക്കാം. നാം വ്യത്യസ്തർ—ആത്മാർഥതയുള്ള, സൗഹൃദ മനസ്കരായ, സ്നേഹമുള്ള, ആദരവുള്ള ആളുകൾ—ആണെന്ന് അദ്ദേഹം പെട്ടെന്നുതന്നെ മനസ്സിലാക്കിയേക്കാം. അദ്ദേഹം പള്ളികളിലും മറ്റും കണ്ടിട്ടുള്ള വിഗ്രഹങ്ങളും അർഥശൂന്യമായ ആചാരക്രമങ്ങളുമൊന്നും നമ്മുടെ ഹാളിൽ കാണുകയില്ല. സദസ്യർ നാനാ ജീവിത തുറകളിൽനിന്ന് ഉള്ളവരാണെന്നും അവിടെ ധനാഭ്യർഥനകളൊന്നും നടത്തപ്പെടുന്നില്ലെന്നും പുതിയവർ ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല. ഈ തിരിച്ചറിവ് അവർക്കു മടങ്ങിവരുന്നതിനുള്ള ഒരു ശക്തമായ പ്രചോദനമായി ഉതകിയേക്കാം.
23 സ്മാരകത്തിനുശേഷം, ഹാജരായ എല്ലാ പുതിയവരെയും സഹായിക്കാൻ നാം ശ്രമം ചെയ്യേണ്ടതുണ്ട്. നിങ്ങളാണ് അവരെ ക്ഷണിച്ചതെങ്കിൽ നിങ്ങൾക്ക് ഒരു പ്രത്യേക ഉത്തരവാദിത്വമുണ്ട്. അവർ മടങ്ങിപ്പോകുന്നതിനു മുമ്പ്, രാജ്യഹാളിലെ മറ്റു യോഗങ്ങളെക്കുറിച്ച് അവരോടു പറയുക. അടുത്ത പരസ്യപ്രസംഗത്തിന്റെ വിഷയം അറിയിക്കുക. അവരുടെ വീടിന് അടുത്തുള്ള പുസ്തകാധ്യയന കൂട്ടത്തിന്റെ സ്ഥലവും സമയവും അവരെ അറിയിക്കുക. തുടർന്ന്, അവർക്ക് നോക്കൂ! ലഘുപത്രിക കൊടുത്തിട്ട് ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരത്തിൽ ചർച്ച ചെയ്യുന്നത് “യഹോവയുടെ സൃഷ്ടികളും അത്ഭുതങ്ങളും” എന്ന ഉപതലക്കെട്ടു മുതൽ ആണെന്നു പറയുക. സമീപ ഭാവിയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു സർക്കിട്ട് സമ്മേളനത്തിനോ പ്രത്യേക സമ്മേളന ദിനത്തിനോ ഹാജരാകാൻ മുഴു സഭയും ആസൂത്രണം ചെയ്യുന്നതിന്റെ കാരണവും വിശദീകരിക്കുക.
24 അവരുടെ ഭവനത്തിൽ ഒരു സൗഹൃദ സന്ദർശനം നടത്തുക. ബൈബിളിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും അവർക്കുണ്ടെന്ന് ഉറപ്പുവരുത്തുക. അവർക്ക് ഒരു ബൈബിൾ അധ്യയനം ഇല്ലെങ്കിൽ, ഒരു അധ്യയനം വാഗ്ദാനം ചെയ്യുക. ഒരു സംഘടനയെന്ന നിലയിൽ നാം എങ്ങനെ പ്രവർത്തിക്കുന്നു എന്നതു വ്യക്തമാക്കുന്ന യഹോവയുടെ സാക്ഷികൾ ലഘുപത്രിക വായിക്കാൻ അവരോടു നിർദേശിക്കുക. നമ്മുടെ മുഴു സഹോദരവർഗവും എന്നതുപോലുള്ള വീഡിയോകൾ കാണാൻ അവരെ ക്ഷണിക്കുക. സഭയിലെ മറ്റുള്ളവർക്ക് അവരെ പരിചയപ്പെടുത്തുക. വരുംമാസങ്ങളിൽ പുതിയവരുമായി സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുക. സന്ദർശന വാരത്തിലെ യോഗങ്ങൾക്കോ ഡിസ്ട്രിക്റ്റ് കൺവെൻഷനോ ഹാജരാകാൻ അവരെ ക്ഷണിക്കുക. തങ്ങൾ “നിത്യജീവനു ചേർന്ന ശരിയായ മനോനിലയുള്ളവർ” ആണെന്നു പ്രകടമാക്കാൻ അവർക്ക് എല്ലാ അവസരവും നൽകുക!—പ്രവൃ. 13:48, NW.
25 മൂപ്പന്മാർക്കു ചെയ്യാൻ കഴിയുന്നത്: ഈ ഏപ്രിലിൽ ശുശ്രൂഷയിൽ നടത്തുന്ന തീവ്രശ്രമത്തിന്റെ വിജയം വലിയൊരു അളവുവരെ മൂപ്പന്മാരെ ആശ്രയിച്ചിരിക്കും. നിങ്ങൾ ഒരു പുസ്തകാധ്യയന നിർവാഹകൻ ആണെങ്കിൽ, നിങ്ങളുടെ കൂട്ടത്തിലെ എല്ലാവരെയും പ്രത്യേക പ്രവർത്തനങ്ങളിൽ പങ്കുപറ്റാൻ സഹായിക്കുന്നതിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിന്റെ ഒരു പട്ടിക ഉണ്ടാക്കുക. ചെറുപ്പക്കാരോ പുതിയവരോ ക്രമമില്ലാത്തവരോ നിഷ്ക്രിയരോ ആയ ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ? മാതാപിതാക്കളോ പയനിയർമാരോ മറ്റു പ്രസാധകരോ അവരെ സഹായിക്കാൻ മുൻകൈ എടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുക. നിങ്ങളാൽ കഴിയുന്നത്ര വ്യക്തിഗത സഹായം നൽകുക. രണ്ടു വർഷമായി വയൽസേവനത്തിൽ ക്രമമില്ലാതിരുന്ന ഒരു സഹോദരി കഴിഞ്ഞ ഏപ്രിലിൽ ശുശ്രൂഷയിൽ 50-ലധികം മണിക്കൂർ ചെലവഴിച്ചു. എന്തായിരുന്നു ആ മാറ്റത്തിനു കാരണം? മൂപ്പന്മാർ നടത്തിയ പരിപുഷ്ടിപ്പെടുത്തുന്ന ഇടയസന്ദർശനങ്ങൾ ആയിരുന്നു അതിനു കാരണമെന്ന് അവർ പറഞ്ഞു.
26 വരുന്ന മാസത്തേക്ക് വേണ്ടത്ര പ്രദേശവും മാസികകളും സാഹിത്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്താൻ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും സഹകരിച്ചു പ്രവർത്തിക്കണം. കൂടുതൽ വയൽസേവന യോഗങ്ങൾ ക്രമീകരിക്കാൻ കഴിയുമോ? എങ്കിൽ, അതിനുള്ള പ്രത്യേക ക്രമീകരണങ്ങളെക്കുറിച്ച് സഭയെ അറിയിക്കുക. എല്ലാറ്റിലുമുപരി, ഏപ്രിലിലെ നമ്മുടെ വർധിച്ച രാജ്യപ്രവർത്തനങ്ങളെ അനുഗ്രഹിക്കാൻ പരസ്യവും സ്വകാര്യവുമായ പ്രാർഥനകളിൽ യഹോവയോട് അപേക്ഷിക്കുക.—റോമ. 15:30, 31; 2 തെസ്സ. 3:1, 2.
27 കഴിഞ്ഞ ഏപ്രിലിൽ നോർത്ത് കരോളിനയിലെ ഒരു സഭയിൽ മൂപ്പന്മാർ ശുശ്രൂഷയിലെ വർധിച്ച പ്രവർത്തനത്തിന് ആത്മാർഥമായ പ്രോത്സാഹനം നൽകി. സഹായ പയനിയർമാരായി പ്രവർത്തിക്കാൻ കഴിയുമോ എന്നു പ്രാർഥനാപൂർവം ചിന്തിക്കാൻ ഓരോ വാരത്തിലെയും യോഗങ്ങളിൽ അവർ പ്രസാധകരെ പ്രോത്സാഹിപ്പിച്ചു. ഏപ്രിലിനെ ഏറ്റവും മെച്ചപ്പെട്ട മാസമാക്കുന്നതിനെക്കുറിച്ച് അവർ എല്ലാ അവസരത്തിലും ഉത്സാഹപൂർവം സംസാരിച്ചു. അതിന്റെ ഫലമായി, എല്ലാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഉൾപ്പെടെ പ്രസാധകരുടെ 58 ശതമാനം ആ മാസം പയനിയറിങ് ചെയ്തു!
28 പൂർണ പങ്ക് ഉണ്ടായിരിക്കുന്നതിന്റെ സന്തോഷം: ശുശ്രൂഷയിലെ ‘കഠിനാധ്വാനത്തിന്റെയും തീവ്രശ്രമത്തിന്റെയും’ അനുഗ്രഹങ്ങൾ എന്തൊക്കെയാണ്? (1 തിമൊ. 4:10) തങ്ങളുടെ സഭയുടെ കഴിഞ്ഞ ഏപ്രിലിലെ തീക്ഷ്ണമായ പ്രവർത്തനത്തെക്കുറിച്ച് മേൽപ്പറഞ്ഞ മൂപ്പന്മാർ എഴുതി: “വയൽശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് അന്യോന്യം എത്രയധികം സ്നേഹവും അടുപ്പവും തോന്നുന്നുവെന്ന് സഹോദരങ്ങൾ പലപ്പോഴും പറയുന്നു.”
29 നടക്കാൻ ബുദ്ധിമുട്ടുള്ള ഒരു യുവ സഹോദരൻ, കഴിഞ്ഞ ഏപ്രിലിലെ പ്രത്യേക പ്രവർത്തനത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ അതിയായി ആഗ്രഹിച്ചു. കാര്യങ്ങൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്തതിനാലും അമ്മയുടെയും ആത്മീയ സഹോദരങ്ങളുടെയും സഹായത്താലും ആ മാസം സഹായപയനിയറിങ് ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിനെക്കുറിച്ച് അദ്ദേഹത്തിന് എന്തു തോന്നി? “ജീവിതത്തിൽ ആദ്യമായി, ശാരീരികമായി കുറവുകളൊന്നുമില്ലാത്ത ഒരു വ്യക്തിയാണു ഞാനെന്ന് എനിക്കു തോന്നി,” അദ്ദേഹം പറഞ്ഞു.
30 യഹോവയുടെ രാജത്വത്തെക്കുറിച്ചു സംസാരിക്കുകയെന്ന പദവിയെ അമൂല്യമായി വീക്ഷിക്കുന്നവരെ അവൻ സമൃദ്ധമായി അനുഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. (സങ്കീ. 145:11, 12) നമ്മുടെ കർത്താവിന്റെ മരണം അനുസ്മരിക്കവേ, ദൈവിക ഭക്തി പ്രകടമാക്കുന്നത് ഭാവിയിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുമെന്നു നാം തിരിച്ചറിയുന്നു. നിത്യജീവനാകുന്ന പ്രതിഫലത്തിനായി അപ്പൊസ്തലനായ പൗലൊസ് അതിയായി വാഞ്ഛിച്ചു. എന്നാൽ, കയ്യുംകെട്ടി വെറുതെ ഇരുന്ന് ആഗ്രഹിച്ചാൽ ലഭിക്കുന്ന ഒന്നല്ല അതെന്ന് അവന് അറിയാമായിരുന്നു. അവൻ എഴുതി: “അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.” (കൊലൊ. 1:29) ജീവരക്ഷാകരമായ ശുശ്രൂഷ നിവർത്തിക്കാൻ യഹോവ യേശു മുഖാന്തരം പൗലൊസിനെ ശക്തീകരിച്ചു. ഇന്ന് നമുക്കുവേണ്ടിയും അവന് അതുതന്നെ ചെയ്യാൻ കഴിയും. ഈ ഏപ്രിലിൽ നിങ്ങളുടെ വ്യക്തിപരമായ അനുഭവം അതായിരിക്കുമോ?
[3-ാം പേജിലെ ചതുരം]
ഏപ്രിലിൽ പ്രസാധകനാകാൻ നിങ്ങൾക്ക് ആരെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
നിങ്ങളുടെ കുട്ടിയെ?
ബൈബിൾ വിദ്യാർഥിയെ?
നിഷ്ക്രിയനായ ഒരു വ്യക്തിയെ?