നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക!
1 രണ്ടായിരത്തിമൂന്നാം ആണ്ടിലെ സ്മാരകം അടുത്തുവരുമ്പോൾ ‘നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കാൻ’ നമുക്കു നിരവധി കാരണങ്ങളുണ്ട്. (1 പത്രൊ. 3:13) അവയിൽ ഏറ്റവും പ്രധാനമായത്, യേശുക്രിസ്തുവിന്റെ മറുവിലയാഗമാണ്. (മത്താ. 20:28; യോഹ. 3:16) ഇതു സംബന്ധിച്ച് അപ്പൊസ്തലനായ പത്രൊസ് ഇപ്രകാരം എഴുതി: ‘വ്യർഥമായ നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ.’ (1 പത്രൊ. 1:18, 19) യേശു “നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു” എന്നു തിരിച്ചറിഞ്ഞുകൊണ്ട് നന്മ ചെയ്യുന്നതിൽ വ്യാപൃതരാകാൻ ഈ അസാധാരണ സ്നേഹപ്രകടനത്തോടുള്ള കൃതജ്ഞത നമ്മെ പ്രേരിപ്പിക്കുന്നു.—തീത്തൊ. 2:14; 2 കൊരി. 5:14, 15.
2 ദൈവത്തിനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് അവനുമായി നല്ല ഒരു ബന്ധവും അവന്റെ സ്നേഹനിർഭരമായ പരിപാലനവും ആസ്വദിക്കാനാകും. പത്രൊസ് കൂടുതലായി ഇങ്ങനെ പറഞ്ഞു: “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ . . . ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1 പത്രൊ. 3:10-12) വിപത്കരമായ ഈ നാളുകളിൽ, യഹോവ നമ്മെ പരിപാലിക്കുന്നുവെന്നും നമുക്കു വേണ്ടി പ്രവർത്തിക്കാൻ, തന്റെ ‘കണ്മണിപോലെ നമ്മെ സൂക്ഷിക്കാൻ’ സജ്ജനായിരിക്കുന്നുവെന്നും അറിയുന്നത് എത്ര സന്തോഷകരമാണ്.—ആവ. 32:10; 2 ദിന. 16:9.
3 പത്രൊസ് ആർക്ക് എഴുതിയോ ആ ആദിമ ക്രിസ്ത്യാനികൾക്ക് പരിശോധനകൾ ഉണ്ടായിരുന്നിട്ടും കെടുത്താനാവാത്ത തീക്ഷ്ണതയോടെ അവർ ജ്വലിക്കുകയും കഴിയുന്നത്ര വ്യാപകമായി സുവാർത്ത ഘോഷിക്കുകയും ചെയ്തു. (1 പത്രൊ. 1:6; 4:12) ഇക്കാലത്തെ ദൈവജനത്തെ സംബന്ധിച്ചും ഇതു സത്യമാണ്. ‘ദുർഘടസമയങ്ങളിലാണ്’ നാം ജീവിക്കുന്നതെങ്കിലും, യഹോവയുടെ നന്മയോടുള്ള വിലമതിപ്പ് ദൈവേഷ്ടം തീക്ഷ്ണതയോടെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. (2 തിമൊ. 3:1; സങ്കീ. 145:7) സ്മാരകകാലത്ത് ഏതെല്ലാം സത്പ്രവൃത്തികളിലായിരിക്കും നാം വ്യാപൃതരാകുക എന്നു നമുക്ക് പരിചിന്തിക്കാം.
4 മറ്റുള്ളവരെ സ്മാരകത്തിനു ക്ഷണിക്കുക: മറുവിലയെന്ന അസാധാരണ ദാനത്തോടുള്ള നമ്മുടെ വിലമതിപ്പ് പ്രകടിപ്പിക്കാനുള്ള ഒരു വിധം, ഈ വർഷം ഏപ്രിൽ 16 ബുധനാഴ്ച സൂര്യാസ്തമയ ശേഷം നടത്താനിരിക്കുന്ന യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിന് സന്നിഹിതരാകുക എന്നതാണ്. (ലൂക്കൊ. 22:19, 20) കഴിഞ്ഞ വർഷം 94,600 സഭകളിലായി സ്മാരകത്തിനു കൂടിവന്നവരുടെ എണ്ണം 1,55,97,746 ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2,20,000-ത്തിലധികം പേരുടെ വർധന!
5 ഈ വർഷം എത്ര പേർ ഹാജരാകും? അധികവും, നമ്മോടൊപ്പം കൂടിവരാനായി മറ്റുള്ളവരെ നാം എത്രമാത്രം തീക്ഷ്ണതയോടെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. തുടക്കമെന്ന നിലയിൽ, ക്ഷണിക്കാൻ ഉദ്ദേശിക്കുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. മുൻഗണന നൽകേണ്ടത് നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങൾക്കാണ്. നിങ്ങളുടെ ഇണ അവിശ്വാസിയാണെങ്കിൽ അദ്ദേഹം അല്ലെങ്കിൽ അവൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാനുള്ള ഹൃദയംഗമമായ ആഗ്രഹം പ്രകടിപ്പിക്കുക. തന്റെ സാന്നിധ്യം ഭാര്യയ്ക്ക് എത്ര പ്രധാനമാണെന്നു തിരിച്ചറിഞ്ഞതു നിമിത്തമാണ് താൻ കഴിഞ്ഞവർഷം സ്മാരകത്തിനു ഹാജരായതെന്ന് അവിശ്വാസിയായ ഒരു ഭർത്താവ് അഭിപ്രായപ്പെടുകയുണ്ടായി. ലിസ്റ്റിൽ അടുത്തതായി ബന്ധുക്കളെയും അയൽക്കാരെയും സഹജോലിക്കാരെയും സഹപാഠികളെയും ഉൾപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെ ക്ഷണിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
6 ലിസ്റ്റ് തയ്യാറാക്കിയ ശേഷം ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് ക്ഷണിക്കാനുള്ള സമയം പട്ടികപ്പെടുത്തുക. അതിനായി അച്ചടിച്ച ക്ഷണക്കത്തുകൾ ഉപയോഗിക്കാവുന്നതാണ്. സ്മാരകം നടക്കുന്ന സ്ഥലവും സമയവും ആളുകൾക്ക് ഓർത്തിരിക്കാൻ കഴിയേണ്ടതിന് ക്ഷണക്കത്തിന്റെ അടിയിലായി അവ ടൈപ്പ് ചെയ്യുകയോ വ്യക്തമായി എഴുതുകയോ ചെയ്യുക. ഏപ്രിൽ 16-നോട് അടുക്കുമ്പോൾ ലിസ്റ്റിലുള്ളവരെ വ്യക്തിപരമായി കണ്ടോ ടെലിഫോണിൽ വിളിച്ചോ സ്മാരകത്തെ കുറിച്ച് ഓർമിപ്പിക്കുക. ഈ പരിപാവന വേളയിൽ സന്നിഹിതരാകാൻ കഴിയുന്നത്ര ആളുകളെ നമുക്കു സഹായിക്കാം.
7 സ്മാരകത്തിനു ഹാജരാകുന്നവരെ സഹായിക്കുക: സ്മാരക രാത്രി എല്ലായ്പോഴും ഉത്സാഹജനകമായ ഒരു വേളയാണ്. സാധാരണ നമ്മുടെ യോഗങ്ങൾക്ക് ഹാജരാകാത്തവരെ സ്വാഗതം ചെയ്യാനുള്ള അവസരം നമുക്കുണ്ട്. പ്രദേശത്തെ സാഹചര്യം അനുവദിക്കുന്നതനുസരിച്ച്, നേരത്തേ എത്തിച്ചേരാനും താമസിച്ച് പിരിഞ്ഞുപോകാനും ഉള്ള ക്രമീകരണങ്ങൾ ചെയ്യുക. ഹാജരായിരിക്കുന്ന പുതിയവരെ പരിചയപ്പെടാൻ മുൻകൈയെടുക്കുക. ഊഷ്മളതയും അതിഥിപ്രിയവും പ്രകടമാക്കുക.—റോമർ 12:13.
8 സ്മാരകത്തിനു ഹാജരാകുന്ന ചിലരെ ആത്മീയ പുരോഗതി വരുത്താനായി ഒരു ഭവന ബൈബിളധ്യയനത്തിലൂടെ സഹായിക്കാനാകുമോ? സ്മാരകത്തിനു ഹാജരാകുന്നവരിൽ ആരെയെങ്കിലും നിലവിൽ ആരും സന്ദർശിക്കുന്നില്ലെന്നു മനസ്സിലാക്കിയാൽ ആ വ്യക്തിയെ സഹായിക്കാനായി പേരും മേൽവിലാസവും കുറിച്ചെടുക്കുക. സ്നേഹപുരസ്സരമായ സഹായം നൽകിയാൽ അവരിൽ ചിലർ, അടുത്ത സ്മാരകത്തിനു മുമ്പായി സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായിത്തീരാനുള്ള അളവോളം യോഗ്യത പ്രാപിച്ചേക്കാം. സ്മാരകത്തിൽ സന്നിഹിതരായവരെ സന്ദർശിക്കുമ്പോൾ ഏപ്രിൽ 27-ാം തീയതി നടക്കാൻപോകുന്ന പ്രത്യേക പരസ്യപ്രസംഗത്തിനും അവരെ ക്ഷണിക്കുക.
9 ഈ വേനൽക്കാലത്തു നിങ്ങൾക്ക് സഹായ പയനിയറിങ് ചെയ്യാനാകുമോ? പ്രത്യേക ദിവ്യാധിപത്യ പ്രവർത്തനങ്ങൾ നടക്കുന്ന മാസങ്ങളിൽ ശുശ്രൂഷയിൽ പൂർണമായി വ്യാപൃതരാകാൻ യഹോവയോടുള്ള തീക്ഷ്ണത ഓരോ വർഷവും നമ്മെ പ്രേരിപ്പിക്കുന്നു. സ്മാരകകാലത്ത് സതീക്ഷ്ണം സുവാർത്ത പ്രസംഗിക്കാനുള്ള സഭയിലെ മുഴു അംഗങ്ങളുടെയും കൂട്ടായ ശ്രമത്തിന് സത്ഫലങ്ങൾ ഉത്പാദിപ്പിക്കാനാകും.
10 കഴിഞ്ഞ ഏപ്രിൽ ഒരു “സവിശേഷ മാസ”മായിരുന്നു എന്നും ആ മാസത്തിൽ എല്ലാ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഉൾപ്പെടെ 53 പേർ സഹായ പയനിയർ സേവനത്തിൽ ഏർപ്പെട്ടെന്നും 107 പ്രസാധകരും 9 സാധാരണ പയനിയർമാരുമുള്ള ഒരു സഭ റിപ്പോർട്ടു ചെയ്യുന്നു. ആ മാസം സഹായ പയനിയറിങ്ങിനായി മൂപ്പന്മാർ എങ്ങനെയാണ് സഹോദരങ്ങളുടെ ഉത്സാഹം വർധിപ്പിച്ചത്? അവർ അതിനുള്ള ശ്രമം നേരത്തേതന്നെ ആരംഭിച്ചു. സാധിക്കുന്ന എല്ലാവരും സഹായ പയനിയർമാരായി പേർ ചാർത്താൻ അവർ പ്രോത്സാഹിപ്പിച്ചു. സഭയിലെ എല്ലാവരുടെയും സൗകര്യം കണക്കിലെടുത്തുകൊണ്ട് വയൽസേവന യോഗങ്ങൾ വിവിധ സമയങ്ങളിൽ നടത്തിയിരുന്നു. ടെലിഫോൺ സാക്ഷീകരണം നടത്താൻ എല്ലാവരെയും വിശേഷിച്ച്, രോഗികളെയും പ്രായാധിക്യം ഉള്ളവരെയും പ്രത്യേകം പ്രോത്സാഹിപ്പിച്ചു.
11 ആരോഗ്യപ്രശ്നങ്ങൾ നിമിത്തം നടക്കാൻ കഴിയാത്ത 86 വയസ്സുള്ള ഒരു സഹോദരി സഹായ പയനിയറിങ്ങിനായി പേർ ചാർത്തി. രാവിലെതന്നെ അവർ അടുക്കളയിലെ മേശയ്ക്കടുത്ത് ഇരുന്നുകൊണ്ട് ഏതാനും മണിക്കൂർ ടെലിഫോൺ സാക്ഷീകരണം നടത്തും. പിന്നെ അൽപ്പം വിശ്രമിച്ചശേഷം തിരിച്ചുവന്ന് കുറെ സമയംകൂടെ അതിനായി ചെലവഴിക്കും. ടെലിഫോണിലൂടെ അവർ ബന്ധപ്പെട്ട ഒരു സ്ത്രീയുടെ ഭർത്താവും കൗമാരപ്രായക്കാരായ രണ്ടു പുത്രന്മാരും കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്കു മരിച്ചുപോയിരുന്നു, എന്തുകൊണ്ടാണ് മോശമായ അത്തരം കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നതെന്ന് ആ സ്ത്രീക്കു മനസ്സിലാക്കാനായില്ല. സഹോദരി അവർക്കു നല്ല സാക്ഷ്യം കൊടുത്തു, ഒരു ബൈബിളധ്യയനവും തുടങ്ങി. നമുക്കു പ്രവേശനമില്ലാത്ത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും താമസിക്കുന്നവരുമായി ബന്ധപ്പെടാനുള്ള ഫലകരമായ ഒരു വിധമാണ് സായാഹ്നങ്ങളിലും മറ്റു സമയങ്ങളിലുമുള്ള ടെലിഫോൺ സാക്ഷീകരണം. പകൽ സമയത്ത് വീട്ടിൽ ഇല്ലാത്തവരെ കണ്ടെത്താനും ഇതു പ്രസാധകരെ സഹായിക്കുന്നു.
12 ഇങ്ങനെ പറഞ്ഞുകൊണ്ട് മൂപ്പന്മാർ റിപ്പോർട്ട് ഉപസംഹരിച്ചു: “അത് വളരെ നല്ല ഒരു സമയമായിരുന്നു. യഹോവ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയ സേവനത്തിന്റെ പ്രത്യേക അവസരങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.” ഉചിതമായ ആസൂത്രണം ഉണ്ടെങ്കിൽ നിങ്ങളുടെ സഭയ്ക്കും അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും.
13 ശുശ്രൂഷയിൽ 100 ശതമാനം പങ്കുണ്ടായിരിക്കാൻ ശ്രമിക്കുക: സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് ഓരോ മാസവും സമയം വിലയ്ക്കുവാങ്ങാൻ ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ. 22:37-39) പുസ്തകാധ്യയന മേൽവിചാരകന്മാരും അവരുടെ സഹായികളും ഓരോ മാസവും വയൽ ശുശ്രൂഷയിൽ ഏർപ്പെടാനായി തങ്ങളുടെ കൂട്ടത്തിലുള്ളവരെ സഹായിക്കാൻ ശ്രമിക്കണം. ഇതു ചെയ്യാനുള്ള നല്ല ഒരു മാർഗം കൂട്ടത്തിലുള്ള ഏതാനും വ്യക്തികളോടൊപ്പം വയൽസേവനത്തിൽ പ്രവർത്തിക്കാനുള്ള ക്രമീകരണം മുന്നമേതന്നെ ചെയ്യുക എന്നതാണ്. അതിനായി മാസാവസാനം വരെ കാത്തുനിൽക്കാതെ അതു നേരത്തേതന്നെ ചെയ്യുക. സ്നേഹപുരസ്സരമുള്ള സഹായം നൽകാൻ ഇത് നിങ്ങൾക്കു കൂടുതൽ അവസരങ്ങളേകും.
14 ശുശ്രൂഷയിൽ ഏർപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള രോഗികളും പ്രായംചെന്നവരുമായ പ്രസാധകർ നിങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തിൽ ഉണ്ടോ? ചിലർ ആതുരാലയങ്ങളിൽ താമസിക്കുന്നവരോ വീട്ടിൽനിന്നു പുറത്തുപോകാൻ കഴിയാത്തവരോ ആണെങ്കിൽ സാക്ഷീകരിക്കാനുള്ള അവരുടെ അവസരങ്ങൾ പരിമിതമായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാനായി പരിമിതമായ ആ അവസരങ്ങൾ ഉപയോഗപ്പെടുത്തുകവഴി, അവരുടെ സത്പ്രവൃത്തികളെ കാണുന്ന മറ്റുള്ളവർക്ക് സത്യത്തിൽ യഥാർഥ താത്പര്യം ജനിച്ചേക്കാം. (മത്തായി 5:16) അവർക്ക് 15 മിനിട്ടിന്റെ ഗഡുക്കളായിപോലും വയൽസേവനം റിപ്പോർട്ടു ചെയ്യാമെന്ന കാര്യം അറിയാമെന്നു പുസ്തകാധ്യയന മേൽവിചാരകന്മാർ ഉറപ്പുവരുത്തണം. സാക്ഷീകരിക്കാനായി അവർ ചെലവഴിക്കുന്ന സമയം റിപ്പോർട്ട് ചെയ്യാനാകുന്നത് വിശ്വസ്തരായ ഈ പ്രസാധകരെ പ്രോത്സാഹിപ്പിക്കുകയും അവർക്കു സന്തോഷവും സംതൃപ്തിയും കൈവരുത്തുകയും ചെയ്യുന്നു. ദൈവജനത്തിന്റെ ലോകവ്യാപക റിപ്പോർട്ട് കൃത്യമാണെന്ന് ഉറപ്പുവരുത്താനും ഇതു സഹായിക്കുന്നു.
15 നന്മ ചെയ്യുന്നതിൽ വ്യാപൃതരായിരിക്കുന്ന യുവജനങ്ങൾ! ക്രിസ്തീയ യുവജനങ്ങൾ യഹോവയുടെ സേവനത്തിനായി തങ്ങളുടെ ശക്തിയും ഊർജ്ജവും ഉപയോഗിക്കുന്നതായി കാണാൻ കഴിയുന്നത് എത്ര നവോന്മേഷപ്രദമാണ്! (സദൃ. 20:29) നിങ്ങൾ ഒരു യുവവ്യക്തിയാണെങ്കിൽ പ്രവർത്തനത്തിന്റെ ഈ പ്രത്യേക മാസങ്ങളിൽ യഹോവയ്ക്കു വേണ്ടിയുള്ള നിങ്ങളുടെ തീക്ഷ്ണത എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും?
16 നിങ്ങൾ ഇതുവരെ സഭയിലെ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീർന്നിട്ടില്ലെങ്കിൽ ആ പദവി എത്തിപ്പിടിക്കാനാകുമോ? പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ബൈബിൾ സത്യം സംബന്ധിച്ച അടിസ്ഥാനപരമായ പരിജ്ഞാനം എനിക്കുണ്ടോ? രാജ്യ സേവനത്തിൽ പങ്കുപറ്റാൻ എനിക്ക് ആഗ്രഹമുണ്ടോ? എന്റെ നടത്ത മാതൃകായോഗ്യമാണോ? മറ്റുള്ളവരുമായി സുവാർത്ത പങ്കുവെച്ചുകൊണ്ട് എന്റെ വിശ്വാസത്തെ കുറിച്ചു വ്യക്തിപരമായി സംസാരിക്കാൻ എനിക്കാകുന്നുണ്ടോ? അങ്ങനെ ചെയ്യാൻ ഹൃദയത്തിൽനിന്നു ഞാൻ പ്രേരിതനാകുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉവ്വ് എന്ന് ഉത്തരം പറയാൻ കഴിയുമെങ്കിൽ ഒരു പ്രസാധകനായിത്തീരാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറിച്ച് മാതാപിതാക്കളോടു സംസാരിക്കുക. നിങ്ങളുടെ മാതാപിതാക്കൾക്ക് സേവനക്കമ്മിറ്റിയിലെ ഒരു മൂപ്പനെ സമീപിക്കാവുന്നതാണ്.
17 നിങ്ങൾ ഇപ്പോൾത്തന്നെ സുവാർത്തയുടെ ഒരു പ്രസാധകനാണെങ്കിൽ, ശുശ്രൂഷയിലെ പങ്ക് വർധിപ്പിക്കാനായി സ്കൂൾ അവധിക്കാലം നിങ്ങൾക്ക് ഉപയോഗിക്കാനാകുമോ? നല്ല ഒരു പട്ടികയും മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും സഹായവും നിമിത്തം സ്നാപനമേറ്റ നിരവധി പ്രസാധകർക്ക് സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുക സാധ്യമല്ലെങ്കിൽ വയൽ ശുശ്രൂഷയിലെ നിങ്ങളുടെ പങ്ക് വർധിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്യുക. സ്വന്തമായി ഒരു ലാക്കുവെക്കുക. നിശ്ചിത മണിക്കൂറിൽ എത്തിച്ചേരാനുള്ള ലക്ഷ്യത്തിനു പുറമേ, ശുശ്രൂഷയുടെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ലക്ഷ്യവുംകൂടെ വെക്കുക. ഒരുപക്ഷേ നിങ്ങൾക്ക് ഓരോ വീട്ടുവാതിൽക്കലും ഒരു തിരുവെഴുത്തു വായിക്കാനോ മടക്ക സന്ദർശനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനോ ഒരു ബൈബിളധ്യയനം തുടങ്ങാനോ ടെലിഫോൺ സാക്ഷീകരണമോ സേവനത്തിന്റെ മറ്റേതെങ്കിലും വശമോ ഉൾപ്പെടുത്തിക്കൊണ്ട് ശുശ്രൂഷ വികസിപ്പിക്കാനോ ശ്രമിക്കാവുന്നതാണ്. ഒരു അയൽക്കാരനെയോ സഹപാഠിയെയോ ബന്ധുവിനെയോ ഈ വർഷം സ്മാരകത്തിനു കൂട്ടിക്കൊണ്ടു വരിക എന്ന ലക്ഷ്യം വെക്കുന്നതിനെ കുറിച്ചെന്ത്? ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ ഒരു പൂർണ പങ്കുണ്ടായിരിക്കുന്നത് പ്രതിഫലദായകമാണ്, അത് തീർച്ചയായും സഭയിലെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.—1 തെസ്സ. 5:11.
18 പുരോഗതി പ്രാപിക്കാൻ പുതിയവരെ സഹായിക്കുക: ഇന്ത്യയിൽ കഴിഞ്ഞ സേവനവർഷം ശരാശരി 14,896 ഭവന ബൈബിളധ്യയനങ്ങൾ ഓരോ മാസവും നടത്തപ്പെട്ടു. കാലക്രമത്തിൽ ഈ ബൈബിൾ വിദ്യാർഥികളിൽ അനേകർ സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ഘട്ടത്തോളം പുരോഗമിക്കും. എന്നിരുന്നാലും അവർ ആ ലക്ഷ്യത്തിൽ എത്തുന്നതിനുമുമ്പ്, സുവാർത്തയുടെ പ്രസാധകരായി യോഗ്യത പ്രാപിക്കാൻ നാം അവരെ സഹായിക്കേണ്ടതുണ്ട്. പുതിയവരെ യേശുക്രിസ്തുവിന്റെ അനുഗാമികളായിത്തീരാൻ പഠിപ്പിക്കുന്നതിലെ ഒരു സുപ്രധാന പടിയാണ് ഇത്. (മത്താ. 9:9; ലൂക്കൊ. 6:40) ആ പടി സ്വീകരിക്കാറായ ഒരു ബൈബിൾ വിദ്യാർഥി നിങ്ങൾക്കുണ്ടോ?
19 വിദ്യാർഥി വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ പുസ്തകാധ്യയന മേൽവിചാരകന്റെയോ സേവനമേൽവിചാരകന്റെയോ സഹായം തേടുക. അധ്യയനത്തിന് നിങ്ങളോടൊപ്പം വരാൻ അദ്ദേഹത്തെ ക്ഷണിക്കാവുന്നതാണ്. ഒരു വിദ്യാർഥിയുടെ ആത്മീയ പുരോഗതി അളക്കാനുതകുന്ന അമൂല്യമായ അനുഭവപരിചയം ഈ സഹോദരങ്ങൾക്കുണ്ട്. ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരാൻ വിദ്യാർഥിയെ സഹായിക്കുന്ന നിർദേശങ്ങൾ അവർ നൽകിയേക്കാം.
20 നിങ്ങളുടെ വിദ്യാർഥി സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ആ വ്യക്തിക്ക് അതിനുള്ള യോഗ്യതയുണ്ടെന്നു നിങ്ങൾ വിചാരിക്കുകയും ചെയ്യുന്നെങ്കിൽ അധ്യക്ഷമേൽവിചാരകനോട് അക്കാര്യം പറയുക. വിദ്യാർഥി യോഗ്യനാണോ എന്നു നിർണയിക്കാനായി നിങ്ങളെയും വിദ്യാർഥിയെയും സന്ദർശിക്കാൻ അദ്ദേഹം രണ്ടു മൂപ്പന്മാരെ ക്രമീകരിക്കും. നമ്മുടെ ശുശ്രൂഷ പുസ്തകത്തിലെ 98-9 പേജുകളിലെ വിവരങ്ങളാണ് അവർ ഉപയോഗിക്കുക. (1989 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജ് കാണുക.) ഒരു പ്രസാധകൻ ആയിത്തീരാനുള്ള അനുമതി വിദ്യാർഥിക്ക് ലഭിച്ചാൽ, നിങ്ങൾ ഉടനടി അദ്ദേഹത്തെ പരിശീലിപ്പിച്ചു തുടങ്ങണം. അയാൾ വയൽസേവന റിപ്പോർട്ട് ഇടുമ്പോൾ, ആ വിദ്യാർഥി സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ ആയിത്തീർന്നെന്ന് സഭയിൽ അറിയിപ്പു നടത്തും. പ്രവർത്തനത്തിന്റെ ഈ പ്രത്യേക മാസങ്ങളിൽ പ്രായഭേദമന്യേ ആയിരക്കണക്കിന് പുതിയ പ്രസാധകർക്ക് ഈ സുപ്രധാനമായ ആത്മീയ ലക്ഷ്യത്തിൽ എത്തിച്ചേരാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
21 ഏറ്റവുമധികം നന്മ ചെയ്യാൻ ആസൂത്രണം സഹായിക്കുന്നു: സ്മാരകകാലത്തെ നമ്മുടെ ദിവ്യാധിപത്യ പ്രവർത്തനങ്ങളുടെ വിജയത്തിന് മുന്നമേയുള്ള ആസൂത്രണം സുപ്രധാന പങ്കുവഹിക്കുന്നു. (സദൃ. 21:5, NW) മൂപ്പന്മാർ ശ്രദ്ധ നൽകേണ്ട നിരവധി കാര്യങ്ങളുണ്ട്.
22 വയൽ ശുശ്രൂഷയിൽ പരമാവധി ചെയ്യാനായി സഹോദരങ്ങളെ സഹായിക്കുന്നതിന്, ഇടദിവസങ്ങളിലും വാരാന്തങ്ങളിലും വയൽ സേവനയോഗങ്ങൾ നടത്താനുള്ള പ്രായോഗിക ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യണം. സേവനമേൽവിചാരകനാണ് ഈ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ മുൻകൈ എടുക്കേണ്ടത്. അതിരാവിലെയും ഉച്ചതിരിഞ്ഞും വൈകുന്നേരവും കൂടുതലായി യോഗങ്ങൾ നടത്താൻ കഴിയുമോ? ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ കുറിച്ച് സഭയെ അറിയിക്കേണ്ടതാണ്. അതു സംബന്ധിച്ച പട്ടിക നോട്ടീസ് ബോർഡിൽ ഇടുന്നത് സഹായകമായിരിക്കും.
23 സ്മാരക ക്രമീകരണങ്ങൾ ഏപ്രിൽ 16-ന് വളരെ മുമ്പുതന്നെ പൂർത്തിയാകുന്നുവെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തണം. രാജ്യഹാൾ മറ്റു സഭകളും ഉപയോഗിക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും സംബന്ധിച്ച് അവരുമായി ഒരു ധാരണയിലെത്തൽ, രാജ്യഹാൾ ശുചീകരിക്കൽ, സേവകന്മാരെയും ചിഹ്നങ്ങൾ വിതരണം ചെയ്യുന്നവരെയും തിരഞ്ഞെടുക്കൽ, ചിഹ്നങ്ങൾ തയ്യാറാക്കൽ എന്നിങ്ങനെയുള്ള സംഗതികൾ ഇതിൽ ഉൾപ്പെടുന്നു. സ്മാരകാചരണം നടക്കുന്ന സ്ഥലത്തെയും സമയത്തെയും കുറിച്ചും ആ വാരത്തിലെ യോഗക്രമീകരണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ചും സഭയെ അറിയിക്കേണ്ടതാണ്. ഈ കാര്യങ്ങളിലുള്ള ഉത്സാഹം സ്മാരകാചരണം ‘ഉചിതമായും ക്രമമായും നടക്കാൻ’ ഇടയാക്കും.—1 കൊരി. 14:40
24 സ്മാരകകാലത്ത് കുടുംബാംഗങ്ങൾക്ക് എങ്ങനെ ശുശ്രൂഷയിൽ വർധിച്ച പങ്കുണ്ടായിരിക്കാനാകും എന്നതിനെ കുറിച്ച് കുടുംബാധ്യയന വേളയിൽ ചർച്ച ചെയ്യാൻ കുടുംബനാഥന്മാർ ആഗ്രഹിച്ചേക്കാം. എല്ലാ കുടുംബാംഗങ്ങൾക്കും സഹായ പയനിയറിങ് ചെയ്യാനാകുമോ? അല്ലെങ്കിൽ സഹായ പയനിയിറിങ് ചെയ്യാൻ കുടുംബത്തിലെ ഒന്നോ അതിൽ കൂടുതലോ അംഗങ്ങളെ മറ്റുള്ളവർക്കു സഹായിക്കാനാകുമോ? അതു നടക്കില്ലെങ്കിൽ, ഒരു കുടുംബം എന്ന നിലയിൽ കൂടുതൽ സമയം ശുശ്രൂഷയിൽ ചെലവഴിക്കാൻ നിർദിഷ്ട ലക്ഷ്യങ്ങൾ വെക്കുക. അൽപ്പം പ്രോത്സാഹനവും സഹായവും ലഭിക്കുകയാണെങ്കിൽ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീരാനുള്ള യോഗ്യത പ്രാപിച്ചേക്കാവുന്ന പ്രായം കുറഞ്ഞ ഒരു അംഗം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടോ? ഈ വർഷം നിങ്ങളുടെ കുടുംബത്തിന് എത്ര പേരെ സ്മാരകത്തിന് ക്ഷണിക്കാനാകും? നല്ല ആസൂത്രണമുണ്ടെങ്കിൽ അനേകം അനുഗ്രഹങ്ങളും സന്തോഷവും ആസ്വദിക്കാൻ നിങ്ങളുടെ കുടുംബത്തിനു കഴിയും.
25 ശേഷിക്കുന്ന കാലം പൂർണമായി പ്രയോജനപ്പെടുത്തുക: ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ, അപ്പൊസ്തലനായ പത്രൊസ് അവരെ കാലത്തിന്റെ അടിയന്തിരത സംബന്ധിച്ച് ഓർമിപ്പിച്ചു. കാരണം, യഹൂദ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരുന്നു. (1 പത്രൊ. 4:7) ഈ ലോകവ്യവസ്ഥിതിയുടെ അന്ത്യവും സമീപിച്ചിരിക്കുന്നുവെന്ന് ഇന്നത്തെ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നു. ഓരോ ദിനവും നമ്മുടെ ജീവിതരീതി ആ ബോധ്യത്തെ പ്രതിഫലിപ്പിക്കണം. യഹോവയുടെ തീക്ഷ്ണരായ ദാസരെന്ന നിലയിൽ, സുവാർത്താ ഘോഷണമെന്ന അടിയന്തിര വേലയിൽ നാം ശ്രദ്ധ പതിപ്പിക്കണം.—തീത്തൊ. 2:13, 14.
26 ഊർജസ്വലതയോടെ പ്രവർത്തിക്കേണ്ട സമയമാണ് ഇപ്പോൾ! യഹോവ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സഭയ്ക്കും വേണ്ടി ചെയ്തിരിക്കുന്ന സംഗതികളെ കുറിച്ച് ധ്യാനിക്കുക. അവൻ നമുക്കായി ചെയ്തിരിക്കുന്ന ഉപകാരങ്ങൾ നിരവധിയാണ്. അവയ്ക്കെല്ലാംവേണ്ടി പൂർണമായി പകരം നൽകാൻ നമുക്ക് ഒരിക്കലുമാവില്ല. എങ്കിലും, നമുക്ക് അവനെ മുഴുഹൃദയത്തോടും ആത്മാവോടും മനസ്സോടും കൂടെ ആരാധിക്കാം. (സങ്കീ. 116:12-14) ശുഷ്കാന്തിയോടെയുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. (സദൃ. 10:22) വർധിച്ച പ്രവർത്തനത്തിന്റെ ഈ പ്രത്യേക സമയത്ത്, ‘എല്ലാററിലും ദൈവം യേശുക്രിസ്തു മൂലം മഹത്വപ്പെടേണ്ടതിന്’ നമുക്കേവർക്കും ‘നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ’ ആകാം.—1 പത്രൊ. 3:13; 4:11.
[3-ാം പേജിലെ ചതുരം]
ലോകവ്യാപക സ്മാരക ഹാജർ
1999 1,40,88,751
2000 1,48,72,086
2001 1,53,74,986
2002 1,55,97,746
[4-ാം പേജിലെ ചതുരം]
സ്മാരകത്തിന് നിങ്ങൾ ആരെയൊക്കെ ക്ഷണിക്കും?
□ അടുത്ത കുടുംബാംഗങ്ങളെയും ബന്ധുക്കളെയും
□ അയൽക്കാരെയും പരിചയക്കാരെയും
□ സഹജോലിക്കാരെയും സഹപാഠികളെയും
□ മടക്കസന്ദർശനങ്ങളിലുള്ളവരെയും ബൈബിൾ വിദ്യാർഥികളെയും
[5-ാം പേജിലെ ചതുരം]
സ്മാരകത്തിന് സന്നിഹിതരാകുന്നവരെ സഹായിക്കുക
□ ഊഷ്മളമായി സ്വാഗതം ചെയ്യുക
□ അവരെ വീണ്ടും സന്ദർശിക്കുക
□ ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക
□ പ്രത്യേക പരസ്യപ്രസംഗത്തിന് അവരെ ക്ഷണിക്കുക
[6-ാം പേജിലെ ചതുരം]
സ്മാരകകാലത്തേക്കുള്ള നിങ്ങളുടെ ലക്ഷ്യങ്ങൾ ഏവ?
□ നിങ്ങൾ ക്ഷണിച്ച ആരെയെങ്കിലും സ്മാരകത്തിന് കൊണ്ടുവരിക
□ സുവാർത്തയുടെ പ്രസാധകനായി യോഗ്യത പ്രാപിക്കുക
□ ശുശ്രൂഷയിൽ ഒരു നിശ്ചിത മണിക്കൂർ ചെലവഴിക്കുക
□ ശുശ്രൂഷയുടെ ഏതെങ്കിലുമൊരു മേഖലയിൽ പുരോഗതി വരുത്തുക
□ സഹായ പയനിയറിങ് ചെയ്യുക