യഹോവയുടെ അത്ഭുതപ്രവൃത്തികളെ കുറിച്ചു പ്രസ്താവിച്ചുകൊണ്ടേയിരിക്കുക
1 നമ്മുടെ മഹാ ദൈവമായ യഹോവയെപ്പോലെ മറ്റാരുമില്ല! ദാവീദ് ഇങ്ങനെ എഴുതി: “എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ. 40:5) പ്രപഞ്ച സൃഷ്ടി, മിശിഹൈക രാജ്യം, തന്റെ ജനത്തോടുള്ള സ്നേഹദയ നിറഞ്ഞ പ്രവൃത്തികൾ, ലോകവ്യാപക പ്രസംഗപ്രവർത്തനം എന്നിവയെല്ലാം യഹോവയുടെ അത്ഭുതപ്രവൃത്തികളിൽ ഉൾപ്പെടുന്നു. (സങ്കീ. 17:7, 8, NW; 139:14; ദാനീ. 2:44; മത്താ. 24:14) യഹോവയോടുള്ള സ്നേഹവും അവൻ ചെയ്തിരിക്കുന്ന എല്ലാറ്റിനോടുമുള്ള വിലമതിപ്പും അവനെ കുറിച്ചു മറ്റുള്ളവരോടു പറയാൻ നമ്മെ പ്രേരിപ്പിക്കുന്നു. (സങ്കീ. 145:5-7) മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഇതു കൂടുതൽ പൂർണമായി ചെയ്യാൻ നമുക്ക് അവസരമുണ്ടായിരിക്കും.
2 ഒരു സഹായ പയനിയർ എന്ന നിലയിൽ: പ്രത്യേക പ്രവർത്തനം ലക്ഷ്യംവെച്ചിരിക്കുന്ന ഈ മാസങ്ങളിൽ, ഒന്നോ അതിലധികമോ മാസം ശുശ്രൂഷയിൽ 50 മണിക്കൂർ വിനിയോഗിക്കാൻ തക്കവണ്ണം കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ ചര്യയിൽ വരുത്തുന്ന ഏതു പൊരുത്തപ്പെടുത്തലുകൾക്കും തക്ക മൂല്യമുള്ളതുതന്നെ ആയിരിക്കും അത്. (എഫെ. 5:16) ശുശ്രൂഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായ പയനിയറിങ് തങ്ങളെ സഹായിക്കുന്നതായി അനേകർ കണ്ടെത്തിയിരിക്കുന്നു. അവർ വീട്ടുവാതിൽക്കൽ ബുദ്ധിമുട്ടു കൂടാതെ സംസാരിക്കാനുള്ള കഴിവ് ആർജിക്കുകയും കൂടുതൽ നന്നായി ബൈബിൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതു നിമിത്തം, കണ്ടെത്തുന്ന ഏതൊരു താത്പര്യവും പിന്തുടരുന്നത് എളുപ്പമായിരിക്കും. മുമ്പ് ബൈബിളധ്യയനങ്ങൾ നടത്തിയിട്ടില്ലാത്ത ചിലർക്ക്, സഹായ പയനിയറിങ് ചെയ്തപ്പോൾ അധ്യയനം തുടങ്ങാൻ സാധിച്ചിട്ടുണ്ട്. സഹായ പയനിയറിങ്ങിൽ മറ്റുള്ളവരെ സഹായിക്കാനായി നമ്മെത്തന്നെ വിട്ടുകൊടുക്കുന്നത് ഉൾപ്പെട്ടിരിക്കുന്നതിനാൽ അത് സന്തോഷദായകമായ ഒരു പ്രവർത്തനമാണ്.—പ്രവൃ. 20:35, NW.
3 ഈ വേലയിൽ പങ്കുപറ്റാൻ സാഹചര്യങ്ങൾ നിങ്ങളെ അനുവദിക്കുന്നില്ല എന്ന് പെട്ടെന്നു നിഗമനം ചെയ്യരുത്. കഴിഞ്ഞ വർഷം സഹായ പയനിയറിങ് ചെയ്ത ഒരു മൂപ്പന് രണ്ടു കുട്ടികളും മുഴുസമയ ലൗകിക ജോലിയുമുണ്ട്. വലിയ തിരക്കുള്ള ഈ സഹോദരൻ എങ്ങനെയാണ് അതു ചെയ്തത്? വാരത്തിൽ അഞ്ചു ദിവസവും ജോലിക്കു പോകേണ്ടതുള്ളതിനാൽ വാരാന്തത്തിൽ മുഴു ദിവസവും സേവനത്തിൽ ചെലവഴിക്കാൻ അദ്ദേഹം ആസൂത്രണം ചെയ്തു. ശനിയാഴ്ച രാവിലെ 7 മണിക്ക് തെരുവു സാക്ഷീകരണം ചെയ്തുകൊണ്ട് അദ്ദേഹം പ്രവർത്തനം ആരംഭിച്ചു. സമാനമായ സാഹചര്യങ്ങളുള്ള, സഭയിലെ മറ്റനേകരുംകൂടെ പയനിയറിങ് ചെയ്തു. അവർ അന്യോന്യം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വേറൊരു സഭയിൽ 99 വയസ്സുള്ള ഒരു സഹോദരി, തന്റെ പുത്രി ഒപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചതനുസരിച്ച് മേയിൽ പയനിയറിങ് ചെയ്യാൻ തീരുമാനിച്ചു. വീടുതോറുമുള്ള വേലയ്ക്കും അധ്യയനങ്ങൾക്കും ഈ പ്രായമുള്ള സഹോദരിയെ ഒരു ചക്രക്കസേരയിൽ ഇരുത്തി തള്ളിക്കൊണ്ടു പോകാൻ സഭയിലെ മറ്റുള്ളവർ സഹായിച്ചു. കൂടാതെ, സഹോദരി തെരുവു സാക്ഷീകരണത്തിൽ ഏർപ്പെടുകയും ടെലിഫോണിലൂടെയും കത്തുകൾ മുഖേനയും സാക്ഷ്യം നൽകുകയും ചെയ്തു. ഇതെല്ലാം ചെയ്യാൻ കഴിഞ്ഞത് തന്റെ ശക്തിയാലല്ല പിന്നെയോ യഹോവയുടെ സഹായത്താലാണ് എന്ന് സഹോദരിക്ക് ബോധ്യമുണ്ട്.—യെശ. 40:29-31.
4 നിങ്ങളുടെ സാഹചര്യങ്ങൾക്ക് ഏറ്റവും യോജിച്ച ഒരു പട്ടിക തയ്യാറാക്കാൻ ശ്രമിക്കുക. മാതൃകയെന്ന നിലയിൽ ഈ ലക്കത്തിൽ നൽകിയിരിക്കുന്ന പട്ടികകൾ സഹായകമായിരുന്നേക്കാം. നിങ്ങൾ മുഴുസമയ ജോലിയുള്ള വ്യക്തിയാണോ? അല്ലെങ്കിൽ സ്കൂളിൽ പോകുന്ന ഒരു വിദ്യാർഥിയാണോ? മുഖ്യമായും വാരാന്തങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു പട്ടികയായിരിക്കാം നിങ്ങൾക്ക് ഏറ്റവും പ്രായോഗികം. ആരോഗ്യപ്രശ്നങ്ങൾ നിമിത്തം മുഴുദിവസവും ശുശ്രൂഷയിൽ ചെലവഴിക്കാനുള്ള ഊർജം നിങ്ങൾക്കില്ലെങ്കിൽ എല്ലാ ദിവസവും അൽപ്പ സമയം ചെലവഴിക്കാൻ ആസൂത്രണം ചെയ്യുന്നതായിരിക്കാം അഭികാമ്യം. സഹായ പയനിയറിങ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറിച്ചു മറ്റുള്ളവരോടു പറയുക. ഒരുപക്ഷേ അവരും അതിനുള്ള ലക്ഷ്യം വെച്ചേക്കാം.
5 യുവജനങ്ങൾക്കു പങ്കെടുക്കാൻ കഴിയുന്ന വിധം: യുവജനങ്ങൾ തന്റെ അത്ഭുത പ്രവൃത്തികളെ കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ യഹോവ സന്തോഷിക്കുന്നു. (സങ്കീ. 71:17; മത്താ. 21:16) നിങ്ങൾ സ്നാപനമേറ്റ, യുവപ്രായത്തിലുള്ള ഒരു വ്യക്തിയാണെങ്കിൽ സ്കൂൾ അവധിക്കാലം ഉൾപ്പെട്ട ഒരു മാസം നിങ്ങൾക്ക് സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞേക്കും. സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്കു കഴിയില്ലെങ്കിൽ, ഈ മാസങ്ങളിൽ വേലയിൽ നിങ്ങളുടെ പങ്ക് വർധിപ്പിക്കാനും ശുശ്രൂഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും നിശ്ചിത ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങൾക്കു സാധിക്കുമോ? നിങ്ങൾ മാതാപിതാക്കളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീർന്നിട്ടില്ലെങ്കിൽ അതിനു ശ്രമിക്കുന്നതിനുള്ള ഒരു നല്ല അവസരമാണ് ഇത്. ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വിദഗ്ധനായിരിക്കണമെന്നോ സ്നാപനമേറ്റ മുതിർന്നവരുടെ അത്രയും അറിവുണ്ടായിരിക്കണമെന്നോ നിങ്ങൾ കരുതേണ്ടതില്ല. അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? നിങ്ങൾ ബൈബിളിന്റെ ധാർമിക നിലവാരത്തോടു പറ്റിനിൽക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതു സംബന്ധിച്ച് നിങ്ങളുടെ മാതാപിതാക്കളോടു സംസാരിക്കുക. നിങ്ങൾ യോഗ്യതകളിൽ എത്തിച്ചേരുന്നുണ്ടോ എന്നു കാണാൻ അവർക്ക് നിങ്ങളോടൊപ്പം മൂപ്പന്മാരെ സമീപിക്കുന്നതിനു ക്രമീകരിക്കാൻ കഴിയും.—നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 98-9 പേജുകൾ കാണുക.
6 പ്രസംഗവേലയിൽ ഏർപ്പെടാൻ മറ്റുള്ളവരെ സഹായിക്കൽ: പ്രത്യേക പ്രവർത്തനം ക്രമീകരിച്ചിരിക്കുന്ന വരുംമാസങ്ങളിൽ, പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ വിദ്യാർഥികൾ പ്രസാധകർ എന്ന നിലയിൽ നമ്മോടൊപ്പം ചേരാൻ യോഗ്യത നേടിയേക്കാം. നന്നായി പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്ന ഒരു ബൈബിൾ വിദ്യാർഥി നിങ്ങൾക്കുണ്ടെങ്കിൽ പുസ്തകാധ്യയന മേൽവിചാരകന്റെയോ സേവന മേൽവിചാരകന്റെയോ സഹായം ആവശ്യപ്പെടുക. വിദ്യാർഥിയുടെ പുരോഗതി വിലയിരുത്താനായി അവരിൽ ഒരാൾക്ക് നിങ്ങളോടൊപ്പം അധ്യയനത്തിന് ഇരിക്കാൻ കഴിയും. വിദ്യാർഥി യോഗ്യത പ്രാപിക്കുകയും പ്രസാധകനായിത്തീരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുമാണെങ്കിൽ, രണ്ടു മൂപ്പന്മാർ നിങ്ങളോടും വിദ്യാർഥിയോടുമൊപ്പം കൂടിവരാൻ അധ്യക്ഷ മേൽവിചാരകനു ക്രമീകരിക്കാവുന്നതാണ്. (1989 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജ് കാണുക.) വിദ്യാർഥിയെ മൂപ്പന്മാർ അംഗീകരിച്ചാലുടൻ, ആ വ്യക്തിയെ ശുശ്രൂഷയിൽ പരിശീലിപ്പിക്കാൻ ആരംഭിക്കുക.
7 പുസ്തകാധ്യയന കൂട്ടത്തിൽ ക്രമമില്ലാത്തവരോ നിഷ്ക്രിയരോ ആയ ആരെങ്കിലും ഉണ്ടെങ്കിൽ പുസ്തകാധ്യയന മേൽവിചാരകൻ അത്തരക്കാർക്കു പ്രത്യേക ശ്രദ്ധ നൽകേണ്ട ആവശ്യമുണ്ട്. നിങ്ങളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ അങ്ങനെയുള്ളവരെ വ്യക്തിപരമായി ക്ഷണിക്കുക. ദീർഘകാലമായി നിഷ്ക്രിയരായി തുടരുന്നവരുടെ കാര്യത്തിൽ അവർക്കു യോഗ്യതയുണ്ടോ എന്നു കാണുന്നതിന് ആദ്യം രണ്ടു മൂപ്പന്മാർ അവരോടു സംസാരിക്കാൻ ശുപാർശ ചെയ്യുന്നു. (2000 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.) പ്രത്യേക പ്രവർത്തനത്തിന്റെ ഈ മാസങ്ങളിൽ സഭ പ്രകടമാക്കുന്ന തീക്ഷ്ണത, ശുശ്രൂഷയെ വീണ്ടും തങ്ങളുടെ ജീവിതത്തിന്റെ ഒരു സ്ഥിരമായ ഭാഗമാക്കാൻ അവരെ പ്രചോദിപ്പിച്ചേക്കാം.
8 വർധിച്ച പ്രവർത്തനത്തിനായി ഇപ്പോൾത്തന്നെ ഒരുങ്ങുക: മൂപ്പന്മാരേ, സഹായ പയനിയറിങ്ങിനായി ഇപ്പോൾത്തന്നെ സഭയിൽ ഉത്സാഹം കെട്ടുപണിചെയ്യാൻ ആരംഭിക്കുക. പ്രോത്സാഹജനകമായ അഭിപ്രായങ്ങളാലും ഉത്തമ മാതൃകയാലും ഇക്കാര്യത്തിൽ നിങ്ങൾക്ക് വളരെയധികം ചെയ്യാൻ കഴിയും. (1 പത്രൊ. 5:3) സഭയിലെ സഹായ പയനിയർമാരുടെ കഴിഞ്ഞ അത്യുച്ചം എത്രയായിരുന്നു? ഇക്കൊല്ലം അതിനെ മറികടക്കാൻ സാധിക്കുമോ? പുസ്തകാധ്യയന മേൽവിചാരകനും അദ്ദേഹത്തിന്റെ സഹായിയും പ്രവർത്തനം വർധിപ്പിക്കാനായി തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങൾ ആരായണം. സേവന മേൽവിചാരകന് കൂടുതലായ വയൽസേവന യോഗങ്ങൾ പട്ടികപ്പെടുത്താവുന്നതാണ്. ക്രമീകരണങ്ങൾ സംബന്ധിച്ച് സഭയെ മുൻകൂട്ടി അറിയിക്കുക. നേതൃത്വമെടുക്കാൻ പ്രാപ്തരായ പ്രസാധകരെ നിയമിക്കുന്നു എന്നും വയൽസേവന യോഗങ്ങൾ കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു എന്നും ഉറപ്പുവരുത്തുക. (2001 സെപ്റ്റംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.) ആവശ്യത്തിനു പ്രദേശം, മാസിക, സാഹിത്യം എന്നിവ ഉണ്ടായിരിക്കാനും സേവന മേൽവിചാരകൻ ക്രമീകരിക്കണം.
9 കഴിഞ്ഞ വർഷം ഒരു സഭയിലെ മൂപ്പന്മാർ സഹായ പയനിയറിങ്ങിനായി വളരെ മുമ്പേതന്നെ ആസൂത്രണം ചെയ്യാനും പ്രോത്സാഹനം നൽകാനും ആരംഭിച്ചു, മൂപ്പന്മാരിൽ അനേകരുംതന്നെ അപേക്ഷ നൽകി. അവർ കൂടുതൽ വയൽസേവന യോഗങ്ങൾ ക്രമീകരിച്ചു—തെരുവു സാക്ഷീകരണത്തിനായി രാവിലെ 5:30-ന് ഒരെണ്ണം, സ്കൂൾ വിട്ട് വരുന്നവർക്കായി ഉച്ചകഴിഞ്ഞ് 3:00-ന് മറ്റൊന്ന്, ജോലി കഴിഞ്ഞ് വരുന്നവർക്കായി വൈകുന്നേരം 6:00 മണിക്ക് മൂന്നാമതൊരെണ്ണം. ഇതുകൂടാതെ, ശനിയാഴ്ചകളിലും മൂന്ന് വയൽസേവന യോഗങ്ങൾ ക്രമീകരിക്കപ്പെട്ടു. സഭ എങ്ങനെയാണു പ്രതികരിച്ചത്? ഏപ്രിൽ മാസത്തിൽ 66 പേർ സഹായ പയനിയറിങ് ചെയ്തു!
10 വരുംമാസങ്ങളിലേക്ക് യാഥാർഥ്യബോധത്തോടെയുള്ള ലാക്കുകൾ വെക്കുന്നതിന് നിങ്ങളുടെ അടുത്ത കുടുംബാധ്യയനത്തിൽ എന്തുകൊണ്ട് സമയം നീക്കിവെച്ചുകൂടാ? നല്ല സഹകരണവും ആസൂത്രണവും ഉണ്ടെങ്കിൽ ഏതാനും കുടുംബാംഗങ്ങൾക്കോ മുഴുകുടുംബത്തിനോ പോലും സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞേക്കും. അതു സാധ്യമല്ലെങ്കിൽ, സാധാരണയിൽ കൂടുതൽ സമയം സേവനത്തിൽ ചെലവഴിച്ചുകൊണ്ടോ കൂടുതൽ ദിവസം വയലിൽ പൊയ്ക്കൊണ്ടോ നിങ്ങളുടെ ശുശ്രൂഷ വർധിപ്പിക്കാൻ ലക്ഷ്യം വെക്കുക. ഒരു കുടുംബം എന്ന നിലയിൽ ഇത് ഒരു പ്രാർഥനാ വിഷയമാക്കുക. യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കും എന്ന് നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—1 യോഹ. 3:22.
11 ദൈവത്തിന്റെ ഏറ്റവും അത്ഭുതാവഹമായ പ്രവൃത്തി: യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും മുന്തിയ പ്രകടനം തന്റെ പുത്രനെ നമുക്കുവേണ്ടി ഒരു മറുവിലയായി തന്നതാണ്. (1 യോഹ. 4:9, 10) മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം മറുവിലയാഗം പ്രദാനം ചെയ്യുന്നു. (റോമ. 3:23, 24) യേശുവിന്റെ ചൊരിയപ്പെട്ട രക്തം പുതിയ ഉടമ്പടി പ്രാബല്യത്തിൽ കൊണ്ടുവന്നു. സ്വർഗീയ രാജ്യത്തിൽ വാഴുന്നതിനുള്ള പ്രത്യാശയോടെ അപൂർണ മനുഷ്യർ ദൈവത്തിന്റെ പുത്രന്മാരായി ദത്തെടുക്കപ്പെടുക ഇതു മുഖാന്തരം സാധ്യമായി. (യിരെ. 31:31-34; മർക്കൊ. 14:24) എല്ലാറ്റിലും ഉപരിയായി, പരിപൂർണ അനുസരണം പാലിച്ചുകൊണ്ടുള്ള യേശുവിന്റെ ജീവിതം യഹോവയുടെ നാമം വിശുദ്ധീകരിച്ചു. (ആവ. 32:4; സദൃ. 27:11) ഏപ്രിൽ 4 ഞായറാഴ്ച സൂര്യാസ്തമയശേഷം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ലോകവ്യാപകമായി ആചരിക്കും.
12 കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നത് യഹോവയുടെ അത്ഭുതപ്രവൃത്തികളെ മഹത്ത്വപ്പെടുത്തുന്നു. മറുവില പ്രദാനം ചെയ്തുകൊണ്ട് യഹോവ ചെയ്തിരിക്കുന്നതിനോട് സ്മാരക പ്രസംഗം വിലമതിപ്പു കെട്ടുപണി ചെയ്യുന്നു. ഹാജരാകുന്ന താത്പര്യക്കാർക്ക് ദൈവത്തിന്റെ മറ്റ് അത്ഭുതപ്രവൃത്തികൾ നിരീക്ഷിക്കാൻ സാധിക്കും. തന്റെ ജനം പ്രകടമാക്കാൻ യഹോവ അവരെ പഠിപ്പിച്ചിരിക്കുന്ന ഐക്യവും ഊഷ്മള സ്നേഹവും അവർക്കു കാണാൻ കഴിയും. (എഫെ. 4:16, 22-24; യാക്കോ. 3:17, 18) ഈ സുപ്രധാന അവസരത്തിൽ സന്നിഹിതനാകുന്നത് ഒരു വ്യക്തിയുടെ ചിന്താഗതിയിൽ ശക്തമായ പ്രഭാവം ചെലുത്തിയേക്കാം. തന്മൂലം സാധ്യമാകുന്നത്ര ആളുകൾ ഹാജരാകണമെന്ന് നാം ആഗ്രഹിക്കുന്നു.—2 കൊരി. 5:14, 15.
13 ഹാജരാകാൻ മറ്റുള്ളവരെ ക്ഷണിക്കൽ: ക്ഷണിക്കാനുള്ളവരുടെ ഒരു പട്ടിക ഇപ്പോൾത്തന്നെ തയ്യാറാക്കാൻ തുടങ്ങുക. വിശ്വാസത്തിലല്ലാത്ത കുടുംബാംഗങ്ങൾ, അയൽക്കാർ, സഹജോലിക്കാർ, സഹപാഠികൾ, മുമ്പ് നമ്മോടൊത്തു ബൈബിൾ പഠിച്ചിരുന്നവർ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവർ എന്നിവരെയും മടക്കസന്ദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്ന എല്ലാവരെയും നിങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം. നിഷ്ക്രിയരായ എല്ലാ പ്രസാധകരും തങ്ങളുടെ പട്ടികയിൽ ഉണ്ടെന്ന് പുസ്തകാധ്യയന മേൽവിചാരകന്മാർ ഉറപ്പുവരുത്തണം.
14 അച്ചടിച്ച സ്മാരക ക്ഷണക്കത്തുകൾ ഉപയോഗിക്കുക. സ്മാരകത്തിന്റെ സമയവും സ്ഥലവും അതിൽ ടൈപ്പ് ചെയ്യുകയോ വൃത്തിയായി എഴുതുകയോ ചെയ്തിരിക്കണം. അതുമല്ലെങ്കിൽ, 2004 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെയോ 2004 മാർച്ച് 22 ലക്കം ഉണരുക!യുടെയോ (ഇംഗ്ലീഷ്) അവസാന പേജിൽ നൽകിയിരിക്കുന്ന ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഏപ്രിൽ 4 അടുത്തുവരുമ്പോൾ നിങ്ങൾ ക്ഷണിച്ചിട്ടുള്ളവരെ നേരിൽക്കണ്ടോ ടെലിഫോണിലൂടെയോ വീണ്ടും ഓർമപ്പെടുത്തുക.
15 സ്മാരക സമയത്ത്: സ്മാരകത്തിന് നേരത്തേ എത്തിച്ചേരാൻ ശ്രമിക്കുക. പുതിയവരെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് അതിഥിപ്രിയം കാട്ടുക. (റോമ. 12:13) നിങ്ങൾ ക്ഷണിച്ച അതിഥികളുടെ കാര്യത്തിൽ നിങ്ങൾ പ്രത്യേക താത്പര്യം എടുക്കേണ്ടതാണ്. തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നതായി അവർക്കു തോന്നാൻ ഇടയാക്കണം, അവരെ സഭയിലെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുക. ഒരുപക്ഷേ അവരെ നിങ്ങളോടൊപ്പം ഇരുത്താൻ കഴിയും. അവർക്ക് ബൈബിളോ പാട്ടുപുസ്തകമോ ഇല്ലെങ്കിൽ നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ കൈവശമുള്ള പ്രതികളിൽ നോക്കാൻ ക്രമീകരിക്കുക. സ്മാരകത്തിനു ശേഷം അവർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി നിങ്ങൾ അവിടെത്തന്നെ ഉണ്ടായിരിക്കുക. ആദ്യമായി വന്ന ആരെങ്കിലുമുണ്ടെങ്കിൽ ദൈവത്തിന്റെ വചനത്തെയും ഉദ്ദേശ്യത്തെയും കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുവോ എന്നു ചോദിക്കുക. ഭവന ബൈബിളധ്യയന ക്രമീകരണം സംബന്ധിച്ച് അവരോടു പറയുക.
16 ഹാജരായവരെ തുടർന്നും സഹായിക്കുക: സ്മാരകത്തെ തുടർന്നുള്ള ആഴ്ചകളിൽ ഹാജരായ വ്യക്തികൾക്കു കൂടുതലായ സഹായം ആവശ്യമായി വന്നേക്കും. ഒരിക്കൽ സഭായോഗങ്ങൾക്കു ക്രമമായി ഹാജരായിരുന്നവരെങ്കിലും ഇപ്പോൾ സഭയുമായി പരിമിതമായ ബന്ധം മാത്രമുള്ള വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. അത്തരം വ്യക്തികൾക്കു ശ്രദ്ധ ലഭിക്കുന്നുവെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തുകയും അവർ ആത്മീയമായി പുരോഗമിക്കുന്നത് നിറുത്തിക്കളഞ്ഞത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചു മനസ്സിലാക്കുകയും വേണം. കാലത്തിന്റെ അടിയന്തിരത സംബന്ധിച്ച് അവരെ ബോധവാന്മാരാക്കുക. (1 പത്രൊ. 4:7) ദൈവജനത്തോടൊപ്പം ക്രമമായി കൂടിവരാനുള്ള തിരുവെഴുത്ത് ആഹ്വാനം അനുസരിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രയോജനം കാണാൻ എല്ലാവരെയും സഹായിക്കുക.—എബ്രാ. 10:24, 25.
17 നാം എന്നേക്കും ജീവിച്ചിരുന്നാൽ പോലും പൂർണമായി ഗ്രഹിക്കാനാവാത്തത്ര അത്ഭുതാവഹമാണ് യഹോവയുടെ പ്രവൃത്തികൾ. (ഇയ്യോ. 42:2, 3; സഭാ. 3:11) തന്നിമിത്തം, അവനെ സ്തുതിക്കാൻ നമുക്ക് ഒരിക്കലും കാരണമില്ലാതെ വരികയില്ല. ഈ സ്മാരക കാലത്ത് ശുശ്രൂഷ വിപുലപ്പെടുത്താൻ ഒരു പ്രത്യേക ശ്രമം ചെയ്തുകൊണ്ട് യഹോവയുടെ അത്ഭുതപ്രവൃത്തികളോടുള്ള നമ്മുടെ വിലമതിപ്പ് നമുക്കു പ്രകടിപ്പിക്കാൻ കഴിയും.
[അധ്യയന ചോദ്യങ്ങൾ]
1. യഹോവയുടെ അത്ഭുതപ്രവൃത്തികളിൽ നിങ്ങൾ വിശേഷാൽ വിലമതിക്കുന്ന ചിലത് ഏവ?
2. സഹായ പയനിയറിങ് ചെയ്യുന്നതു മുഖാന്തരം നാം വ്യക്തിപരമായി പ്രയോജനം നേടുന്നത് എങ്ങനെ?
3. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും സഹായ പയനിയറിങ് ചെയ്യാൻ ചിലർക്ക് എങ്ങനെ സാധിച്ചിരിക്കുന്നു?
4. സഹായ പയനിയറിങ് ചെയ്യാനായി ഒരു പട്ടിക തയ്യാറാക്കുമ്പോൾ ഏതെല്ലാം ഘടകങ്ങൾ നമുക്കു പരിചിന്തിക്കാൻ കഴിയും?
5. യുവജനങ്ങൾക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് എന്തു ലക്ഷ്യങ്ങൾ വെക്കാൻ കഴിയും?
6. സുവാർത്തയുടെ പ്രസാധകരായിത്തീരാൻ ബൈബിൾ വിദ്യാർഥികളെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
7. ക്രമമില്ലാത്തവരും നിഷ്ക്രിയരുമായ പ്രസാധകരെ എങ്ങനെ സഹായിക്കാൻ കഴിഞ്ഞേക്കും?
8, 9. പ്രത്യേക പ്രവർത്തനത്തിനായി ഉത്സാഹം കെട്ടുപണിചെയ്യാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
10. കുടുംബങ്ങൾക്ക് തങ്ങളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിന് എങ്ങനെ ആസൂത്രണംചെയ്യാൻ കഴിയും?
11. (എ) ക്രിസ്തുവിന്റെ യാഗം ഏത് അത്ഭുതാവഹമായ സംഗതികൾ സാധ്യമാക്കി? (ബി) നിങ്ങളുടെ പ്രദേശത്ത് എവിടെ, ഏതു സമയത്ത് സ്മാരകാചരണം ക്രമീകരിച്ചിരിക്കുന്നു?
12. കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആചരണത്തിനു ഹാജരാകുന്നത് താത്പര്യക്കാരായ വ്യക്തികളെ എങ്ങനെ സഹായിച്ചേക്കാം?
13, 14. നാം സ്മാരകത്തിന് ആരെയൊക്കെ ക്ഷണിക്കണം, അത് എങ്ങനെ ചെയ്യാം?
15. സ്മാരകത്തിനു കൂടിവരുമ്പോൾ നമുക്ക് എങ്ങനെ അതിഥിപ്രിയം പ്രകടിപ്പിക്കാൻ കഴിയും?
16. സ്മാരകത്തിനു ഹാജരായവരെ ആത്മീയമായി പുരോഗമിക്കാൻ സഹായിക്കുന്നതിന് എന്തു ചെയ്യാവുന്നതാണ്?
17. യഹോവയുടെ അത്ഭുതപ്രവൃത്തികളെ കുറിച്ച് നാം പ്രസ്താവിച്ചുകൊണ്ടേയിരിക്കേണ്ടത് എന്തുകൊണ്ട്?
[5-ാം പേജിലെ ചാർട്ട്]
ഈ പട്ടികകളിൽ ഒന്ന് ഉപയോഗിച്ച് നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാൻ കഴിയുമോ?
മാർച്ച് ഞാ തി* ചൊ* ബു* വ്യാ വെ ശ മാസം മൊത്തം
എല്ലാ ദിവസവും 2 1 1 1 1 1 5 51
രണ്ടു ദിവസം 0 5 0 5 0 0 0 50
വാരാന്തം മാത്രം 5 0 0 0 0 0 8 52
വാരാന്തവും
മറ്റു രണ്ടു ദിവസവും 2 0 0 2 0 2 6 50
ഏപ്രിൽ ഞാ തി ചൊ ബു വ്യാ* വെ* ശ മാസം മൊത്തം
എല്ലാ ദിവസവും 2 1 1 1 1 1 5 50
രണ്ടു ദിവസം 0 0 0 0 5 5 0 50
വാരാന്തം മാത്രം 5 0 0 0 0 0 8 52
വാരാന്തവും
മറ്റു രണ്ടു ദിവസവും 2 0 0 2 0 2 6 50
മേയ് ഞാ* തി* ചൊ ബു വ്യാ വെ ശ* മാസം മൊത്തം
എല്ലാ ദിവസവും 2 1 1 1 1 1 4 51
രണ്ടു ദിവസം 0 5 0 0 0 0 5 50
വാരാന്തം മാത്രം 3 0 0 0 0 0 7 50
വാരാന്തവും
മറ്റു രണ്ടു ദിവസവും 2 0 0 2 0 2 5 51
*പ്രസ്തുത മാസം അഞ്ചെണ്ണം