വയൽശുശ്രൂഷ—പൂർണ പങ്കുണ്ടായിരിക്കാൻ കുടുംബാംഗങ്ങൾക്കു സഹകരിക്കാവുന്ന വിധം
1 യഹോവയുടെ നാമത്തെ പരസ്യമായി പ്രകീർത്തിച്ചുകൊണ്ട് ഭാര്യമാരും ഭർത്താക്കന്മാരും, മാതാപിതാക്കളും മക്കളും ക്രിസ്തീയ ശുശ്രൂഷയിൽ കൈകോർത്തു പ്രവർത്തിക്കുന്നതു കാണുന്നതിനെക്കാൾ ഹൃദയോഷ്മളമായി എന്തുണ്ട്? (സങ്കീ. 148:12, 13) വയൽ സേവനത്തിൽ ക്രമമായി സംബന്ധിക്കുന്നതിന് എല്ലാ കുടുംബങ്ങൾക്കും ഒരു നല്ല ചര്യ ഉണ്ടായിരിക്കണം. ശുശ്രൂഷയിൽ പങ്കെടുക്കാനായി നിങ്ങളുടെ കുടുംബം ആഴ്ചയിൽ ഒരു നിശ്ചിത ദിവസം പട്ടികപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, കൃത്യമായും എന്തൊക്കെ ആസൂത്രണങ്ങൾ ചെയ്യണമെന്ന് എല്ലാവർക്കും അറിയാമായിരിക്കും; അങ്ങനെ ശുശ്രൂഷയിൽ പൂർണമായ ഒരു പങ്ക് ഉണ്ടായിരിക്കാൻ കഴിയും.—സദൃ. 21:5എ.
2 സേവനത്തിൽ പങ്കെടുക്കുന്ന ദിവസത്തിനു മുമ്പ്, നിങ്ങളുടെ കുടുംബം ഉപയോഗിക്കാൻ പോകുന്ന അവതരണങ്ങൾ നിങ്ങൾക്ക് ഒരുമിച്ചു തയ്യാറാകരുതോ? അവതരണങ്ങൾ പരിശീലിച്ചു നോക്കുന്നതു തികച്ചും സഹായകമാണ്, അതു കുടുംബ സഹകരണത്തിന്റെ യഥാർഥ ആത്മാവിനെ ഊട്ടിവളർത്തുന്നു. വയൽ ശുശ്രൂഷ ഒരു കുടുംബ പ്രവർത്തനം ആയിരിക്കുകയും എല്ലാ അംഗങ്ങളും നന്നായി തയ്യാറാകുകയും ചെയ്യുമ്പോൾ അത് എത്ര പ്രതിഫലദായകമാണ്!
3 ഒരു സഞ്ചാര മേൽവിചാരകൻ ഒരു കുടുംബത്തോടൊപ്പം മാസികാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. അദ്ദേഹം ആ കുടുംബത്തിലെ പെൺമക്കളിൽ ഒരാളോടൊപ്പം പ്രവർത്തിക്കുകയായിരുന്നു. “എന്നോടൊപ്പം സഹോദരൻ എത്ര നേരം പ്രവർത്തിക്കും?” എന്ന് ആ സഹോദരി സഞ്ചാര മേൽവിചാരകനോട് ചോദിച്ചു. അതിനുശേഷം താൻ തന്റെ പപ്പായോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ തുടർന്ന് വിശദീകരിച്ചു. ഇത്, അവളും പിതാവും സേവനത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നത് എത്രകണ്ട് ആസ്വദിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു. എത്ര നല്ല ഒരു കുടുംബാത്മാവ്!
4 ചില കുടുംബങ്ങളിൽ, വർഷത്തിൽ ഒരു മാസം എല്ലാ അംഗങ്ങൾക്കും ഒന്നിച്ചു സഹായ പയനിയറിങ് ചെയ്യാൻ സാധിച്ചേക്കും. അല്ലെങ്കിൽ, കുറഞ്ഞപക്ഷം കുടുംബത്തിലെ ഒരംഗത്തിന് തുടർച്ചയായി സഹായ പയനിയറിങ് ചെയ്യാനോ നിരന്തര പയനിയറായി പേർ ചാർത്താനോ കഴിഞ്ഞേക്കും. നല്ല ആസൂത്രണവും സഹകരണവും ഉണ്ടെങ്കിൽ, പയനിയറിങ് ചെയ്യുന്ന വ്യക്തിക്കു പിന്തുണയേകിക്കൊണ്ട് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സേവനത്തിലുള്ള തങ്ങളുടെ വ്യക്തിപരമായ പങ്കു വർധിപ്പിക്കാൻ സാധിക്കും. ഈ വർധിച്ച പ്രവർത്തനത്താലും ശുശ്രൂഷയിൽ ആസ്വദിക്കാൻ സാധിക്കുന്ന നല്ല അനുഭവങ്ങളാലും കുടുംബം അനുഗ്രഹിക്കപ്പെടും എന്നതു തീർച്ചയാണ്.—മലാ. 3:10.
5 സുവിശേഷ വേലയിൽ ഒരു പൂർണ പങ്ക് ഉണ്ടായിരിക്കുന്നത്, കുടുംബാംഗങ്ങളെ പരസ്പരം അടുപ്പിക്കുകയും യഹോവയുടെ സേവനത്തിൽ തീക്ഷ്ണത ഉള്ളവരും ഫലപ്രദരും സന്തുഷ്ടരും ആയിരിക്കുന്നതിനു സഹായിക്കുകയും ചെയ്യും!—ഫിലിപ്പിയർ 2:1, 2 താരതമ്യം ചെയ്യുക.