നിങ്ങൾ കാണുന്നത് ബാഹ്യാകാരം മാത്രമോ?
1 പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ കണ്ടുമുട്ടുന്ന ചില ആളുകളുടെ ബാഹ്യാകാരം നിമിത്തം അവരുമായി സുവാർത്ത പങ്കുവെക്കാൻ നമുക്കു മടി തോന്നിയേക്കാം. ഉദാഹരണത്തിന്, സത്യത്തിൽ താത്പര്യം കാണിച്ച ഒരു വ്യക്തിയെ സന്ദർശിക്കുമ്പോൾ, ഭയപ്പെടുത്തുന്ന ആകാരത്തോടു കൂടിയ, അദ്ദേഹത്തിന്റെ ഒരു അയൽക്കാരൻ നിങ്ങളെ സംശയദൃഷ്ടിയോടെ എപ്പോഴും നോക്കുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അത്തരം ഒരു സാഹചര്യം അഭിമുഖീകരിച്ച ഒരു പയനിയർ സഹോദരി ആ വ്യക്തിയെ സമീപിച്ച് സംസാരിക്കാൻ തീരുമാനിച്ചു. പരുക്കൻ മട്ടിലുള്ള സ്വീകരണമാണ് സഹോദരിക്കു ലഭിച്ചതെങ്കിലും, അത്ഭുതകരമെന്നു പറയട്ടെ, അയാൾ ബൈബിൾ സന്ദേശം ശ്രദ്ധിക്കുകയും സാമാന്യം ഉത്സാഹത്തോടെ, ബൈബിൾ പഠിക്കാൻ സമ്മതം മൂളുകയും ചെയ്തു. പയനിയർ സഹോദരി ബാഹ്യാകാരത്താൽ വിധിക്കാതിരുന്നത് ആ വ്യക്തിയും ഭാര്യയും സത്യം പഠിക്കുന്നതിനു വഴി തുറന്നു.
2 മറ്റൊരു സഹോദരി, തലമുടി നീട്ടിവളർത്തിയ ഒരു ചെറുപ്പക്കാരനെ കണ്ടപ്പോൾ ആദ്യം ഭയന്നുപോയി. എന്നാൽ താൻ ജോലി ചെയ്തിരുന്ന കടയിൽ ആ യുവാവ് വന്നപ്പോഴൊക്കെ അയാളോടു ഹ്രസ്വമായി സാക്ഷീകരിക്കുന്നതിൽ സഹോദരി സ്ഥിരോത്സാഹം പ്രകടമാക്കി. അവരുടെ ശ്രമങ്ങൾക്കു ഫലമുണ്ടായി. ഇപ്പോൾ ആ യുവാവ് സ്നാപനമേറ്റ സാക്ഷിയാണ്. അത്തരം ആളുകൾ പ്രതികരിക്കുകയില്ല എന്ന് എടുത്തുചാടി നിഗമനം ചെയ്യാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?
3 യേശുവിന്റെ മാതൃക അനുകരിക്കുക: സ്വന്തം ജീവൻ താൻ സകലർക്കും വേണ്ടിയാണ് അർപ്പിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ ബാഹ്യാകാരം അവനെ പിന്തിരിപ്പിച്ചില്ല. ഉചിതമായ സഹായവും പ്രചോദനവും ലഭിക്കുന്നപക്ഷം, ദുഷ്പേരുള്ള വ്യക്തികൾപോലും മാറ്റം വരുത്താൻ മനസ്സൊരുക്കം പ്രകടിപ്പിച്ചേക്കാം എന്ന് അവൻ തിരിച്ചറിഞ്ഞു. (മത്താ. 9:9-13) പണക്കാരെയും പാവങ്ങളെയും യാതൊരു വ്യത്യാസവും കൂടാതെ സഹായിക്കാൻ അവൻ ശ്രമിച്ചു. (മത്താ. 11:5; മർക്കൊ. 10:17-22) ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളെ അവരുടെ ബാഹ്യാകാരത്താൽ നമുക്ക് വിധിക്കാതിരിക്കാം. കാരണം, അവർ ചിലപ്പോൾ നല്ല ഹൃദയനിലയുള്ളവർ ആയിരിക്കാം. (മത്താ. 7:1; യോഹ. 7:24) യേശുവിന്റെ ഉത്കൃഷ്ട മാതൃക അനുകരിക്കാൻ നമ്മെ എന്തു സഹായിക്കും?
4 ആളുകളുടെ ചിന്തയെയും നടത്തയെയും വ്യക്തിത്വത്തെയും മാറ്റിയെടുക്കാനുള്ള ശക്തി ദൈവവചനത്തിന് ഉണ്ടെന്ന് ബൈബിൾ പഠനത്തിലൂടെ നാം മനസ്സിലാക്കിയിരിക്കുന്നു. (എഫെ. 4:22-24; എബ്രാ. 4:12) അതുകൊണ്ട്, ജാഗ്രത ഉള്ളവർ ആയിരിക്കുമ്പോൾത്തന്നെ, മറ്റുള്ളവരെ കുറിച്ച് ഒരു ക്രിയാത്മക മനോഭാവം വെച്ചുപുലർത്തുക. ബാക്കിയുള്ള കാര്യങ്ങൾ, മനുഷ്യ ഹൃദയങ്ങളെ അറിയുന്ന യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുക.—1 ശമൂ. 16:7; പ്രവൃ 10:34, 35.
5 ബാഹ്യാകാരം ഗണ്യമാക്കാതെ, എല്ലാത്തരം ആളുകളോടും പക്ഷപാതരഹിതമായി നാം സുവാർത്ത പങ്കുവെക്കുന്നത് ഈ അന്ത്യനാളുകളിലെ വലിയ കൊയ്ത്തു വേലയ്ക്ക് ഒരു സംഭാവനയായി ഉതകട്ടെ.—1 തിമൊ. 2:3, 4.