യഹോവയുടെ നീതി അനുകരിക്കുക
1 “യഹോവ ന്യായപ്രിയനാകുന്നു,” അവൻ നീതിയെ സ്നേഹിക്കുന്നു. (സങ്കീ. 37:28) അതുകൊണ്ട് അവൻ അനീതി നിറഞ്ഞ ഈ ലോകത്തെ നശിപ്പിക്കാനുള്ള ന്യായവിധി പുറപ്പെടുവിച്ചിരിക്കുകയാണെങ്കിലും അതിനുമുമ്പ് മുന്നറിയിപ്പു മുഴക്കാനുള്ള ക്രമീകരണവും ചെയ്തിരിക്കുന്നു. (മർക്കൊ. 13:10) ഇത് ആളുകൾക്ക് അനുതപിച്ചു രക്ഷപ്രാപിക്കാനുള്ള അവസരം നൽകുന്നു. (2 പത്രൊ. 3:9) യഹോവയുടെ നീതി അനുകരിക്കാൻ നാം പരിശ്രമിക്കുന്നുണ്ടോ? മനുഷ്യവർഗം അനുഭവിക്കുന്ന യാതനകളും കഷ്ടപ്പാടുകളും ആളുകളുമായി രാജ്യപ്രത്യാശ പങ്കുവെക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നുണ്ടോ? (സദൃ. 3:27) പ്രസംഗവേലയിൽ ഒരു സജീവ പങ്കുണ്ടായിരിക്കാൻ നീതിസ്നേഹം നമ്മെ പ്രചോദിപ്പിക്കും.
2 മുഖപക്ഷം കൂടാതെ പ്രസംഗിക്കുക: മുഖപക്ഷം കൂടാതെ സകലരോടും യഹോവയുടെ ഉദ്ദേശ്യത്തെപ്പറ്റി അറിയിച്ചുകൊണ്ട് നാം “ന്യായം പ്രവർത്തി”ക്കുന്നു. (മീഖാ 6:8) മറ്റുള്ളവർ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവരെ മുൻവിധിയോടെ വീക്ഷിക്കാനുള്ള അപൂർണ മാനുഷിക ചായ്വിനെ നാം ചെറുക്കണം. (യാക്കോ. 2:1-4, 9) “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” യഹോവ “ഇച്ഛിക്കുന്നു.” (1 തിമൊ. 2:4) ദൈവവചന സത്യത്തിന് ആളുകളുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ വരുത്താൻ കഴിയും. (എബ്രാ. 4:12) ഈ വസ്തുത തിരിച്ചറിയുന്നത് ആളുകളെ, മുൻകാലത്തു ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്നവരെ പോലും, ആത്മവിശ്വാസത്തോടെ സമീപിക്കാൻ നമ്മെ പ്രചോദിപ്പിക്കും.
3 ഒരു കടയിൽ ജോലിചെയ്തിരുന്ന ഒരു സഹോദരി അവിടെ സാധനങ്ങൾ വാങ്ങാൻ പതിവായി വരാറുണ്ടായിരുന്ന ഒരാളുടെ ആകാരം കണ്ട് ഭയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഉചിതമായ ഒരു സന്ദർഭം കിട്ടിയപ്പോൾ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസയെ കുറിച്ച് അദ്ദേഹത്തോടു സംസാരിക്കാൻ സഹോദരി ശ്രമിച്ചു. താൻ മുത്തശ്ശിക്കഥകളിൽ വിശ്വസിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരുക്കൻ മറുപടി. മാത്രമല്ല താൻ ഒരു ഹിപ്പിയും മയക്കുമരുന്നിന് അടിമയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും സഹോദരി നിരുത്സാഹിതയായില്ല. തന്റെ നീണ്ട മുടിയെ കുറിച്ച് എന്തു വിചാരിക്കുന്നു എന്ന് ഒരു ദിവസം അദ്ദേഹം സഹോദരിയോടു ചോദിച്ചു. ബൈബിൾ അതിനെ കുറിച്ച് എന്തു പറയുന്നുവെന്ന് സഹോദരി നയപൂർവം വിശദീകരിച്ചു. (1 കൊരി. 11:14) അടുത്ത ദിവസം ഷേവ് ചെയ്ത്, തലമുടി വെട്ടിച്ച് കടയിലെത്തിയ അദ്ദേഹത്തെ കണ്ട് സഹോദരി അതിശയിച്ചുപോയി! അദ്ദേഹം ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു. അധ്യയനം എടുക്കാൻ ഒരു സഹോദരനെ ക്രമീകരിച്ചു, സമർപ്പണത്തിലേക്കും സ്നാപനത്തിലേക്കും അതു പുരോഗമിക്കുകയും ചെയ്തു. ഈ വ്യക്തിയെപ്പോലെതന്നെ, ഇന്ന് യഹോവയെ സേവിക്കുന്ന അനേകർ തങ്ങളുടെ അടുക്കൽ രാജ്യസന്ദേശം എത്തിച്ച വ്യക്തികളുടെ മുഖപക്ഷം കൂടാതെയുള്ള നിരന്തര ശ്രമങ്ങളെപ്രതി അവരോടു നന്ദിയുള്ളവരാണ്.
4 പെട്ടെന്നുതന്നെ യഹോവ ഈ ഭൂമുഖത്തുനിന്ന് സകല അനീതിയും തുടച്ചുനീക്കും. (2 പത്രൊ. 3:10, 13) സാത്താന്റെ അനീതി നിറഞ്ഞ വ്യവസ്ഥിതിയുടെമേൽ വരാൻ പോകുന്ന നാശത്തെ അതിജീവിക്കാൻ എല്ലാവർക്കും ഒരു അവസരം നൽകിക്കൊണ്ട്, ശേഷിച്ചിരിക്കുന്ന ഈ അൽപ്പകാലത്ത് നമുക്ക് യഹോവയുടെ നീതി അനുകരിക്കാം.—1 യോഹ. 2:17.