നിങ്ങൾക്കു സഹായിക്കാനാകുമോ?
1 അപ്പൊസ്തലനായ പൗലൊസ് ‘അന്യോന്യം ഒരുപോലെ കരുതാൻ’ സഭാംഗങ്ങളെ അനുശാസിച്ചു. (1 കൊരി. 12:25) അതുകൊണ്ട്, നാം പരസ്പരം വ്യക്തിപരമായ താത്പര്യം കാണിക്കുകയും ആവശ്യമുള്ളപ്പോൾ സ്നേഹപുരസ്സരം സഹായം പ്രദാനം ചെയ്യാൻ മനസ്സൊരുക്കം ഉള്ളവർ ആയിരിക്കുകയും വേണം. ഉദാഹരണത്തിന്, നമ്മുടെ ഇടയിലെ ചില ആത്മീയ സഹോദരിമാർ ഒറ്റയ്ക്കാണ് തങ്ങളുടെ കുട്ടികളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരുന്നത്. തങ്ങളുടെ മക്കളുടെ ആത്മീയ പരിശീലനത്തിന്റെ മുഴു ഉത്തരവാദിത്വവും ഈ സഹോദരിമാർ തന്നെയാണ് തോളിലേറ്റുന്നത്. ദയാപുരസ്സരമായ പ്രോത്സാഹനവും “ആവശ്യങ്ങൾ അനുസരിച്ചുള്ള” പ്രായോഗിക സഹായവും തീർച്ചയായും അവർ അർഹിക്കുന്നു. (റോമ. 12:13എ, NW) അവർക്കു സഹായമേകാൻ നിങ്ങൾക്കു സാധിക്കുമോ?
2 സഹായിക്കാവുന്ന വിധങ്ങൾ: യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും പോകാൻ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരെ നിങ്ങളുടെ വാഹനത്തിൽ കൊണ്ടുപോകുന്നത് അവർക്കു സാമ്പത്തികമായി വലിയൊരു സഹായം ആയിരുന്നേക്കാം. യോഗ സമയത്ത് തന്റെ കൊച്ചുകുട്ടികളെ നോക്കാൻ ഒരു മാതാവിനെ സഹായിക്കുന്നത് പരിപാടിയിൽ നിന്നു കൂടുതൽ മെച്ചമായി പ്രയോജനം നേടാൻ അവരെ സഹായിച്ചേക്കാം. അതുപോലെതന്നെ കുട്ടികളുമൊത്ത് വയൽ സേവനത്തിനു വരുമ്പോൾ സഹായമേകുന്നത് തീർച്ചയായും അവർക്ക് ആശ്വാസം പകരും. നാം ആ കുട്ടികളുമായി സൗഹൃദത്തിൽ ആകുന്നതും അവരിൽ ആത്മാർഥമായ താത്പര്യം എടുക്കുന്നതും ഒരു ക്രിയാത്മക വിധത്തിൽ അവരെ സ്വാധീനിച്ചേക്കാം. മാതാവോ പിതാവോ മാത്രമുളള ഒരു കുടുംബത്തെ ഇടയ്ക്കൊക്കെ നിങ്ങളുടെ കുടുംബ അധ്യയനത്തിനു ക്ഷണിക്കുന്നത് അവർക്ക് ആത്മീയ നവോന്മേഷം കൈവരുത്തിയേക്കാം.
3 വിവേകമുള്ളവർ ആയിരിക്കുക: നമ്മുടെ സഹായം ആവശ്യമില്ലാത്തവരെ സഹായിച്ചു ബുദ്ധിമുട്ടിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. അതുപോലെതന്നെ, ആവശ്യമായ സഹായം കൊടുക്കുമ്പോൾ മറ്റുള്ളവരുടെ കുടുംബ കാര്യങ്ങളിൽ തലയിടാനും നാം ആഗ്രഹിക്കുന്നില്ല. സഹായം ആവശ്യമായിരിക്കുന്ന ഒരു സഹോദരിക്ക് അതു നൽകാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നത് സഹോദരിമാരും ദമ്പതികളുമാണ്.
4 അന്യോന്യം “അതിഥിസല്ക്കാരം” കാട്ടാൻ എല്ലാ ക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു. (റോമ. 12:13ബി) നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാർക്ക് സഹായഹസ്തം നീട്ടിക്കൊടുക്കുന്നത് നമ്മുടെ ഇടയിലെ ക്രിസ്തുതുല്യ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്.—യോഹ. 13:35.