പയനിയർ സേവനത്തിലേക്കുള്ള വാതിൽ നിങ്ങൾക്കായി ഇപ്പോൾ തുറന്നിരിക്കുന്നുവോ?
1 നാം ഇപ്പോഴും യഹോവയുടെ “രക്ഷാദിവസത്തിൽ” തന്നെയാണെന്ന് 1999-ലെ നമ്മുടെ വാർഷിക വാക്യം അനുസ്മരിപ്പിക്കുന്നു. (2 കൊരി. 6:2) എന്നാൽ അവന്റെ രക്ഷാദിവസം പെട്ടെന്നുതന്നെ പരിസമാപ്തിയിലേക്കു വരും. തുടർന്ന് അവന്റെ “ന്യായവിധിദിവസം” ആരംഭിക്കും. (2 പത്രൊ. 2:9, 10) യഹോവ തുടർന്നും മനുഷ്യവർഗത്തിന് രക്ഷയ്ക്കായുള്ള അവസരം പ്രദാനം ചെയ്തുകൊണ്ടിരിക്കെ ആയിരക്കണക്കിന് ആളുകൾ അനുകൂലമായി പ്രതികരിക്കുന്നതു കാണുന്നത് എത്ര പുളകപ്രദമാണ്!
2 സമയം തീരുന്നതിനു മുമ്പേ, അനുകൂലമായി പ്രതികരിക്കുന്നവരുടെ പക്കൽ എത്തിച്ചേരുക എന്ന വെല്ലുവിളി നേരിടാൻ യഹോവയുടെ ജനം കഠിന ശ്രമം ചെയ്യുന്നു. അതിനായി പല രാജ്യപ്രസാധകരും പയനിയർ സേവനത്തിൽ പ്രവേശിച്ചിരിക്കുന്നു. പയനിയർ സേവനത്തിലേക്കുള്ള വാതിൽ നിങ്ങൾക്കായി ഇപ്പോൾ തുറന്നിരിക്കുന്നുവോ? അങ്ങനെ ചോദിക്കാനുള്ള കാരണമെന്താണ്?
3 വിലമതിപ്പു പ്രകടമാക്കുന്നു: 1999 ജനുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ അറിയിച്ചിരുന്നതുപോലെ സാധാരണ പയനിയർമാർക്കും സഹായ പയനിയർമാർക്കും ഉള്ള മണിക്കൂർ വ്യവസ്ഥയിൽ ഇളവു വരുത്തിയിരിക്കുന്നു. പുതിയ വ്യവസ്ഥയിൽ എത്തിച്ചേരാൻ സാധാരണ പയനിയർമാർ മാസം 70 മണിക്കൂർ പ്രവർത്തിക്കണം, അതായത് ഒരു സേവനവർഷത്തിൽ മൊത്തം 840 മണിക്കൂർ. സഹായ പയനിയർമാരാകട്ടെ ഓരോ മാസവും 50 മണിക്കൂർ പ്രവർത്തിക്കും. ഈ പൊരുത്തപ്പെടുത്തലുകളുടെ ഫലമായി വിലമതിപ്പിന്റേതായ നിരവധി അഭിപ്രായപ്രകടനങ്ങൾ ലഭിക്കുകയുണ്ടായി. അവയിൽ ഏതാനും ചിലത് ഇതാ:
“നമ്മുടെ സ്വർഗീയ പിതാവിൽനിന്നുള്ള എത്ര വലിയ അനുഗ്രഹം!”
“ഈ കരുതൽ ഉളവാക്കിയ സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും കൃതജ്ഞതയുടേയും വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കുക അസാധ്യമാണ്!”
“ഇതു ഞങ്ങളുടെ പട്ടികയോടു പറ്റിനിൽക്കുന്നത് വളരെ എളുപ്പമാക്കിത്തീർക്കും!”
“ഇനിയും കൂടുതൽ ആളുകൾ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുകയും വലിയ അളവിൽ യഹോവയെ സേവിക്കുന്നതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്യണമേയെന്നാണു ഞങ്ങളുടെ പ്രാർഥന.”
4 ദൈവത്തിന്റെ രക്ഷാദിവസം അതിന്റെ പരിസമാപ്തിയോട് അടുക്കവെ, തന്റെ ജനം സ്തുതിയുടേതായ അന്തിമ ആരവം മുഴക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്നു സ്പഷ്ടമാണ്. പിൻവരുന്ന സംഗതികൾ ഈ സന്ദേശത്തിന്റെ മേന്മയും തീവ്രതയും വർധിപ്പിച്ചിരിക്കുന്നു: (1) രാജ്യപ്രസാധകരുടെ എണ്ണത്തിലെ സ്ഥിരമായ വർധനവ് (2) ഓരോ വ്യക്തിയും രാജ്യപ്രസംഗവേലയിൽ കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുന്നത്. ഈ രണ്ടു സംഗതികളും സാധ്യമാക്കിത്തീർത്തുകൊണ്ട് “വളരുമാറാ”ക്കുന്നവനായ യഹോവ, രക്ഷയെ സ്വീകരിച്ചിരിക്കുന്ന ഏവരുടെയും ഒരുക്കമുള്ള മനഃസ്ഥിതിയെ അനുഗ്രഹിച്ചിരിക്കുന്നു.—1 കൊരി. 3:6, 7; സങ്കീ. 110:3.
5 അതിന്റെ ഉദ്ദേശ്യം മറന്നുകളയരുത്: യഹോവയുടെ രക്ഷാദിവസത്തെ കുറിച്ചാണു പൗലൊസ് സഹക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചത്: “അവനോടൊപ്പം [യഹോവയോടൊപ്പം] വേല ചെയ്യവേ, ദൈവത്തിന്റെ അനർഹദയ സ്വീകരിക്കുകയും അതിന്റെ ഉദ്ദേശ്യം മറന്നുകളയുകയും ചെയ്യരുത് എന്നും ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു.” എല്ലാ അവസരങ്ങളിലും മറ്റുള്ളവരുടെ രക്ഷയ്ക്കായി പ്രവർത്തിക്കേണ്ട “വിശേഷാൽ സ്വീകാര്യമായ സമയ”മായി ഈ കാലത്തെ വീക്ഷിക്കുന്നെങ്കിൽ നാം “അതിന്റെ ഉദ്ദേശ്യം മറന്നുകള”യുകയില്ല. (2 കൊരി. 6:1, 2, NW) ഇന്ന് പൗലൊസിന്റെ ആ വാക്കുകൾ കൂടുതൽ അടിയന്തിരത അർഹിക്കുന്നു. യഹോവയോട് ഹൃദയംഗമമായ സ്നേഹം പ്രകടമാക്കുന്ന ക്രിസ്ത്യാനികൾ, അവൻ തങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി പങ്കെടുക്കുന്നത് ഒരു പദവിയായി കണക്കാക്കുന്നു. ഒരു സാധാരണ പയനിയറായി ശുശ്രൂഷയിൽ കൂടുതൽ തികവോടെ പങ്കെടുക്കാൻ നിങ്ങൾക്ക് ഇപ്പോൾ സാധിക്കുമോ?
6 അത് ന്യായമായ ഒരു ലക്ഷ്യമാണ്: ഇന്ത്യയിൽ, സെപ്റ്റംബർ 1-ഓടെ 1000 പേർ സാധാരണ പയനിയർമാരുടെ നിരയിലേക്കു വരണം എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ഇത് ന്യായമായതും എത്തിപ്പിടിക്കാൻ സാധിക്കുന്നതുമായ ലക്ഷ്യമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അത്രയ്ക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണ്? 1997 മാർച്ചിൽ 1,715 സഹോദരീസഹോദരന്മാർ സഹായ പയനിയർമാരായി പ്രവർത്തിച്ചു, ഏപ്രിലിലാകട്ടെ ഏതാണ്ട് 2,170 പേരും. അവരിൽ ഭൂരിഭാഗവും 60 മണിക്കൂർ—പുതിയ സാധാരണ പയനിയർ വ്യവസ്ഥയിൽനിന്ന് വെറും 10 മണിക്കൂർ കുറവ്—റിപ്പോർട്ടു ചെയ്തു! സഹായ പയനിയർമാരായി സേവിച്ചവരിൽ 200 പേരെങ്കിലും ഈ സേവനവർഷം അവസാനിക്കുന്നതിനു മുമ്പ് സാധാരണ പയനിയർമാരായി പേർ ചാർത്തുന്നപക്ഷം സെപ്റ്റംബറിൽ, അതായത് അടുത്ത സേവനവർഷത്തിന്റെ തുടക്കത്തിൽ, 1000-ഓ അതിലധികമോ മുഴുസമയ ശുശ്രൂഷകരുണ്ടായിരിക്കും!
7 ഒരു പട്ടിക ആവശ്യം: മാസം 70 മണിക്കൂർ വയൽസേവനത്തിൽ ചെലവഴിക്കുക എന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ പ്രയാസമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ, പ്രസ്തുത ലക്ഷ്യത്തിൽ എത്താൻ ആഴ്ചയിൽ 17 മണിക്കൂർ പ്രവർത്തിച്ചാൽ മതി എന്നു ചിന്തിക്കുന്നതു സഹായകമായേക്കും. അടുത്ത പേജിൽ നൽകിയിരിക്കുന്ന മാതൃകാ പട്ടിക ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു സാധാരണ പയനിയർ പട്ടിക ഉണ്ടാക്കാൻ ശ്രമിക്കുക. അതു തയ്യാറാക്കുമ്പോൾ, അനുഭവപരിചയമുള്ള പയനിയർമാരുടെ ഉപദേശവും അഭിപ്രായവും തേടുക. പയനിയർ സേവനവും വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്വങ്ങളും എങ്ങനെയാണ് അവർ ഒത്തുകൊണ്ടുപോകുന്നത് എന്ന് ചോദിച്ചറിയുക. സർക്കിട്ടിലെ പയനിയർമാർ ഓരോ ആഴ്ചയും തങ്ങളുടെ സേവനപ്രവർത്തനം എങ്ങനെയാണു പട്ടികപ്പെടുത്തുന്നത് എന്ന് സർക്കിട്ട് മേൽവിചാരകനോടു ചോദിക്കുക. എന്നിട്ട് പയനിയറിങ് ചെയ്യാനുള്ള നിങ്ങളുടെ ആസൂത്രണങ്ങളെ അനുഗ്രഹിക്കാൻ യഹോവയിൽ ആശ്രയിക്കുക.—സദൃ. 16:3.
8 അത് ഒരു കുടുംബ പദ്ധതി ആക്കുക: പയനിയറിങ് ഒരു കുടുംബ പദ്ധതി ആക്കുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശ്രദ്ധാപൂർവകമായ ആസൂത്രണത്തോടെയും നല്ല സഹകരണത്തോടെയും കുടുംബത്തിലെ ഒന്നോ രണ്ടോ പേർക്ക് എങ്ങനെ പയനിയറിങ് ചെയ്യാൻ കഴിയും എന്ന് കുടുംബം ഒത്തൊരുമിച്ചു ചർച്ച ചെയ്യാവുന്നതാണ്. സാഹചര്യങ്ങൾ ആത്മാർഥമായി വിലയിരുത്തുമ്പോൾ ഇപ്പോൾ പയനിയറിങ് ചെയ്യാൻ സാധിക്കുകയില്ലെന്നു ചിലർ കണ്ടെത്തിയേക്കാം. അങ്ങനെയെങ്കിൽ പയനിയറിങ് ഒരു ഭാവി ലക്ഷ്യമാക്കി വെക്കാൻ കഴിയും. അപ്പോൾപോലും, പയനിയറിങ് തുടങ്ങാൻ ഒരു നിശ്ചിത തീയതി മനസ്സിൽ കണ്ടുകൊണ്ട് ആവശ്യമായ ആസൂത്രണങ്ങൾ ചെയ്യേണ്ടതാണ്. ഒരുപക്ഷേ വർഷത്തിൽ നിരവധി തവണ സഹായ പയനിയറിങ് ചെയ്തുകൊണ്ട് ക്രമേണ സാധാരണ പയനിയർ സേവനം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾക്കു സാധിച്ചേക്കും.
9 ഇപ്പോൾ 800-ലധികം വരുന്ന ഇന്ത്യയിലെ സാധാരണ പയനിയർമാർ വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവർ ആണ്. ഇവരിൽ 100 പേർ അവിവാഹിതരും 200-ഓളം പേർ 50-ലധികം വയസ്സുള്ളവരും ആണ്. ഏകദേശം 500 പേർ 20-നും 50-നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഇവരിൽ പലർക്കും കുടുംബപരവും സഭാപരവുമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്. ഇവരിൽ എല്ലാവരും പയനിയറിങ്ങിനായി ‘അവസരോചിത സമയം വിലയ്ക്കു വാങ്ങു’കയാണ്. അതിനായി പലർക്കും ലളിതമായ ജീവിതം നയിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അവർ അതിൽ സംതൃപ്തരാണ്.—കൊലൊ. 4:5, NW.
10 നിങ്ങളുടെ ജീവിതം ലളിതമാക്കേണ്ടതുണ്ടോ? നിങ്ങളുടെ ജീവിതം ലളിതമാക്കുന്നതായിരിക്കാം പയനിയർ സേവനത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടുന്നതിനുള്ള താക്കോൽ. അനാവശ്യമായ കുറേ മുറികളും സാധനസാമഗ്രികളും ഒക്കെയുള്ള, പരിപാലിക്കാൻ ഒട്ടേറെ സമയവും പണവും ശ്രമവും വേണ്ടിവരുന്ന വലിയ ഒരു വീടു പോലെയാണോ നിങ്ങളുടെ ജീവിതം? അങ്ങനെയെങ്കിൽ, ലളിതമായ ഒരു ജീവിതം നയിക്കാൻ പഠിക്കുന്നതുവഴി നിങ്ങൾക്കു പയനിയറിങ് ചെയ്യാൻ സാധിച്ചേക്കും. ലൗകിക ജോലിയിൽ ചെലവഴിക്കുന്ന സമയം വെട്ടിച്ചുരുക്കാൻ നിങ്ങൾക്കു കഴിയുമോ? അനിവാര്യമല്ലാത്ത പ്രവർത്തനങ്ങളിൽനിന്നു സമയം വിലയ്ക്കു വാങ്ങാൻ അല്ലെങ്കിൽ വിനോദപരിപാടികൾക്കായി ചെലവഴിക്കുന്ന സമയത്തിൽ കൂടുതൽ സമനില പുലർത്താൻ നിങ്ങൾക്കു കഴിയുമോ?
11 1 തിമൊഥെയൊസ് 6:8-ൽ ബൈബിൾ നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകയെന്നത് യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. (മത്താ. 6:22, 33) 1998 വാർഷിക പുസ്തകത്തിലെ 104-ാം പേജിൽ നൽകിയിരിക്കുന്ന ജപ്പാനെ കുറിച്ചുള്ള റിപ്പോർട്ടിൽ അവിടെ നല്ലൊരു പയനിയർ മനോഭാവം നിലനിൽക്കുന്നതിനുള്ള നിരവധി കാരണങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഒരെണ്ണം ഇതാണ്: “പൊതുവെ ജപ്പാനിലെ ഭവനങ്ങൾ വളരെ ലളിതമാണെന്നതു സത്യമാണ്. അതിനാൽ, അതിന്റെ പരിപാലനത്തിന് അധികം സമയം വേണ്ടിവരുന്നില്ല. മിക്കവരും പരമ്പരാഗതമായി ലളിത ജീവിതം നയിക്കുന്നു.” 1 തിമൊഥെയൊസ് 6:8-ലെ സാരാംശവും അതുതന്നെയല്ലേ?
12 യഹോവയുടെ രക്ഷാദിവസം പരിസമാപ്തിയിലേക്കു വരുന്നതിനു മുമ്പ് ദൈവത്തിന്റെ ദാസന്മാർ ഗോളവ്യാപകമായി, സദാ പൂർവാധികം തീവ്രതയോടെ സുവാർത്ത പ്രസംഗിക്കുന്നു. കഴിഞ്ഞ വർഷം ഓരോ മാസവും ശരാശരി 7,00,000-ത്തോളം പേർ പയനിയറിങ്ങിന്റെ വിവിധ വശങ്ങളിൽ ഏർപ്പെട്ടു എന്നത് അഭിനന്ദനാർഹമാണ്. ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് നിങ്ങൾക്ക് അവരോടൊപ്പം ചേരാൻ കഴിയുമോ? “പയനിയർ സേവനത്തിലേക്കുള്ള വാതിൽ നിങ്ങൾക്കായി ഇപ്പോൾ തുറന്നിരിക്കുന്നുവോ?” എന്ന ചോദ്യത്തിന് ഉത്തരം നൽകവെ നിങ്ങളുടെ സാഹചര്യത്തെ പ്രാർഥനയോടെ ശ്രദ്ധാപൂർവം വിലയിരുത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[3-ാം പേജിലെ ആകർഷകവാക്യം]
ലക്ഷ്യം: 1000 സാധാരണ പയനിയർമാർ!
[4-ാം പേജിലെ ചതുരം]
മാതൃകാ സാധാരണ പയനിയർ പട്ടികകൾ
ആവശ്യമായിരിക്കുന്നത്: ആഴ്ചയിൽ 17 മണിക്കൂർ
ഒരു ഇടദിവസവും വാരാന്ത്യവും
ദിവസം മണിക്കൂർ
വെള്ളി 8
ശനി 6
ഞായർ 3
മൊത്തം മണിക്കൂർ: 17
രണ്ട് ഇടദിവസവും ശനിയും
ദിവസം മണിക്കൂർ
ചൊവ്വ 7
വ്യാഴം 7
ശനി 3
മൊത്തം മണിക്കൂർ: 17
മൂന്ന് ഇടദിവസവും ഞായറും
ദിവസം മണിക്കൂർ
തിങ്കൾ 5
ബുധൻ 5
വെള്ളി 5
ഞായർ 2
മൊത്തം മണിക്കൂർ: 17
രണ്ട് സായാഹ്നവും വാരാന്ത്യവും
ദിവസം മണിക്കൂർ
തിങ്കൾ 3
ബുധൻ 3
ശനി 8
ഞായർ 3
മൊത്തം മണിക്കൂർ: 17
സ്വന്തം സാധാരണ പയനിയർ പട്ടിക തയ്യാറാക്കുക
ദിവസം മണിക്കൂർ
തിങ്കൾ
ചൊവ്വ
ബുധൻ
വ്യാഴം
വെള്ളി
ശനി
ഞായർ
മൊത്തം മണിക്കൂർ: 17